സീലാൻഡ് : ലോകത്തിലെ ഏറ്റവും ചെറു രാഷ്ട്രം...??
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണെന്ന് ചോദിച്ചാൽ ആദ്യം മനസിലേക്ക് വരിക ഹോളി സീ എന്നറിയപ്പെടുന്ന 0.44 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള വത്തിക്കാൻ സിറ്റിയായിരിക്കും. എന്നാൽ ഏറ്റവും ചെറുരാഷ്ട്രമെന്ന പദവി സീലൻഡ് എന്ന രാജ്യത്തിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും ! അങ്ങനെയും ചില ചെറു രാജ്യങ്ങൾ ഈ ഭൂമുഖത്തുണ്ട്.
![]() |
| സീലാൻഡ് |
ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഫെലിക്സ് ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെ കടലിൽ രണ്ട് പടുകൂറ്റൻ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള ഒരു പ്ലാറ്റ്‌ഫോം ആണ് സീലൻഡ് എന്ന സൂക്ഷ്മരാഷ്ട്രം. റഫ്‌സ് ടവർ എന്നും ഫോർട്ട് റഫ്‌സ് (Fort Roughs ) എന്നും പേരുള്ള ഈ തട്ടിൻപ്പുറ രാജ്യത്തിന് 550 ചതുരശ്ര മീറ്റർ (550 m.sq) മാത്രമാണ് വലിപ്പം.
![]() |
| പാഡി ബേറ്റ്സ് |
1965-ൽ റോയൽ നേവി ഡി കമ്മിഷൻ ചെയ്ത കടൽക്കോട്ട ജാക്ക് മൂർ, മകൾ ജെയിൻ എന്നിവർ പൈറേറ്റ് റേഡിയോ പ്രക്ഷേപണത്തിനായി സ്വന്തമാക്കുകയായിരുന്നു. അനധികൃതമായി റേഡിയോ പ്രക്ഷേപണം നടത്തുന്നതിന് വേണ്ടി പാഡി റോയ് ബെയ്റ്റ്സ് (Paddy Roy Bates ) എന്നയാളും കുടുംബവും1967-ൽ ജാക്ക് മൂറിനെ തല്ലിയോടിച്ച് കടൽത്തട്ടിനെ സ്വന്തമാക്കുകയും, തങ്ങളുടെ റേഡിയോ പ്രക്ഷേപണത്തിന്റെ ആസ്ഥാനമാക്കാൻ തീരുമാനിക്കുകയും ചെയ്തു. പ്രിൻസ് റോയ് ഒന്നാമൻ എന്ന് സ്വന്തം പേര് പരിഷ്കരിച്ച ബെയ്റ്റ്സ്, ഫോർട്ട് റഫ്സിനെ ഒരു സ്വതന്ത്ര പ്രിസിപ്പാലിറ്റിയായും പുത്രൻ മൈക്കേലിനെ പ്രിൻസ് റീജന്റ് മൈക്കേൽ എന്ന യുവരാജാവായും പ്രഖ്യാപിച്ചു.
![]() |
| സീലാൻഡ് നാണയം |
1978-ൽ ഒരു ജർമ്മൻ കോടതിയും 1990-ൽ അമേരിക്കയിലെ ഒരു കോടതിയും സീലാൻഡ് ഒരു രാജ്യമല്ലെന്ന് വിധിക്കുകയുണ്ടായി. എന്നാൽ ഈ കോടതി വിധികളൊന്നും ബെയ്റ്റ്സ് അംഗീകരിച്ചില്ല. മാത്രമല്ല, 2004 നവംബർ 25 - ന് ബ്രിട്ടനിലെ സണ്ടർലൻഡ് യൂണിവേഴ്സിറ്റി നടത്തിയ മൈക്രോനേഷൻസ് കോൺഫെറൻസിൽ സീലാൻഡിനെ പ്രതിനിധികരിച്ച് അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. രാജാവാണെന്ന് അവകാശപ്പെട്ട് തന്റെ രാജ്യത്തെ അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യർഥിക്കുകയുണ്ടായി. പാഡി ബെയ്റ്റ്സും കുടുംബവും ലോകയാത്രയ്ക്ക് ബ്രിട്ടീഷ് പാസ്പോർട്ടാണ് ഉപയോഗിക്കുന്നത്.
1978-ൽ ജർമൻകാരനായ അച്ചൻ ബാക് കൂലിപട്ടാളക്കാരെ ഉപയോഗിച്ച് സീലാൻഡ് ആക്രമിച്ചു. പാടി ബെറ്റ്സും ഭാര്യയും അക്രമണസമയത്ത് ഇംഗ്ലണ്ടിലായിരുന്നു. അവരുടെ മകൻ മൈക്കിൾ തടവിലാക്കപ്പെട്ടു. എന്നാൽ പിന്നീട് നടന്ന തിരിച്ചടിയിൽ സീലാൻഡ് തിരിച്ചു പിടിക്കുകയും അച്ചൻ ബാക്കിനെയും കൂട്ടാളികളെയും രാജ്യദ്രോഹ കുറ്റം ചുമത്തി തടവിലാക്കി. തുടർന്ന്, നെതർലാൻഡ്, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അട്ടിമറിയിൽ പങ്കെടുത്ത തങ്ങളുടെ പൗരന്മാരുടെ മോചനത്തിനായി ബ്രിട്ടനുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു. ഒടുവിൽ ജർമ്മനി സീലാൻഡുമായി നടത്തിയ ചർച്ചയെത്തുടർന്ന് തടവിലാക്കപ്പെട്ടവർ മോചിപ്പിക്കപ്പെട്ടു. 35000 അമേരിക്കൻ ഡോളർ പിഴയടക്കേണ്ടിയും വന്നു. അച്ചൻ ബാക്കിന് സീലാൻഡ് പൗരത്വം ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അദ്ദേഹം ജർമനിയിൽ ഇരുന്നുകൊണ്ട് സീലാൻഡിനെതിരായ വിമത നീക്കത്തിന് നേതൃത്വം നൽകി. അദ്ദേഹം തന്റെ പിൻഗാമിയായി യോഹന്നാസ് സൈഗറെ പ്രഖ്യാപിച്ചു.
![]() |
| മൈക്കേൽ ബേറ്റ്സ് |
രാജ്യത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചതായി പറയപ്പെടുന്നു. സ്വയം പ്രഖ്യാപിത രാജാവായ റോയ് ബെയ്റ്റ്സിന്റെ മകൻ മിഷേൽ ബെയ്റ്റസാണ് നിലവിലെ രാജാവ്. ജെയിംസ് രാജകുമാരനാണ് അടുത്ത കിരീടാവകാശി. 2002-ലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 27 ആണ്. നാല് പേർ സ്ഥിരതാമസക്കാരായി സീലാൻഡിൽ ഉണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്ക ആണെങ്കിലും സീലാൻഡിന്റെ കൂറ്റൻ തൂണുകൾ നിൽക്കുന്ന കടലും അതുവഴി സീലാൻഡിന്റെ കരയായ ആ ചെറിയ പ്ലാറ്റ്‌ഫോമും ബ്രിട്ടന്റെ വകയാണ്..






No comments:
Post a Comment