Wednesday, August 28, 2019

സെർബിയൻ വംശീയത ഉയർത്തെഴുനേൽക്കുന്നു 
ഭാഗം .2


ജനിച്ച മതത്തിന്റെയും ജാതിയുടെയും മഹത്വത്തിലും രാജ്യത്തിന്റെ ദേശീയതയിലും അഭിമാനം കൊള്ളുന്നവരാണോ നിങ്ങൾ ? അല്ലെങ്കിൽ ഏത് മതത്തിൽ ഏത് ദേശത്ത് ജനിക്കണമെന്നത് നിങ്ങളുടെ ചോയ്സ് ആയിരുന്നോ? നിങ്ങൾക്ക് മുന്നിൽ അത്തരമൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. അതുകൊണ്ട് ഇന്ന രാജ്യത്തു ജനിച്ചതിൽ അഭിമാനമോ ഇന്ന മതത്തിൽ ജനിച്ചതിന്റെ ആഭിജാത്യത്തിൽ അമിതമായി സന്തോഷിക്കുകയോ അഹങ്കരിക്കുകയോ വേണ്ടതില്ല. ദേശീയതയും, വംശീയതയും എത്രമാത്രം അപകടകരമെന്നതിന് നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിൽ കണ്ടെത്താൻ കഴിയും. അറബ് ദേശീയതയുടെ വക്താവാകാൻ അല്ലെങ്കിൽ നേതൃസ്ഥാനം അലങ്കരിക്കാൻ സദ്ദാം ഹുസൈൻ ആഗ്രഹിച്ചു. ആര്യൻ വംശശുദ്ധിയിൽ അഡോൾഫ് ഹിറ്റ്ലർ വിശ്വസിച്ചു. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്.
ഒരു കാര്യം കൂടി സാന്ദർഭികമായി സൂചിപ്പിച്ചതിന് ശേഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രവഴിയിലേക്ക് പോകാം. രവീന്ദ്രനാഥ ടാഗോർ ദേശീയതയ്ക്കും വംശീയതയ്ക്കും ഒരേപോലെ എതിരായിരുന്നു. അദ്ദേഹം ഒരു സർവ്വകലാശാല സ്ഥാപിച്ചപ്പോൾ അതിന്റെ ലക്ഷ്യമായി എടുത്തത് യജൂർവേദത്തിലെ ഒരു മന്ത്രമാണ്. "യത്ര വിശ്വം ഏക നീഡം" - ഈ ലോകം ഒരു പക്ഷിക്കൂടായി തീരട്ടെ..., ഒരു പക്ഷികൂട് പോലെ വാത്സല്യനിർഭരമായി, സ്നേഹമസൃണമായി, കാലുഷ്യമില്ലാതെ, വിദ്വേഷമില്ലാതെ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ ലോകം, കിളിക്കൂട് പോലെ ഒന്നായിത്തീരണം. അതായിരുന്നു അദ്ദേഹത്തിന്റെ മതം. ടാഗോറിന് മുന്നിൽ വംശീയതയുടെ വെറുപ്പോ, ദേശീയതയോട് ആരാധനയോ ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ത്യക്കാരായ നമ്മൾ അദ്ദേഹത്തോട് പ്രതികാരം ചെയ്തു , അദ്ദേഹത്തെ ദേശീയ മഹാകവി ആക്കികൊണ്ട്. ലോകത്തെല്ലായിടത്തും അന്നും ഇന്നും വംശീയതയും ദേശീയതയും വരുത്തിവെച്ച ദുരന്തങ്ങൾക്ക് കയ്യും കണക്കും ഇല്ല. ഒന്നും രണ്ടും ലോകമഹായുദ്ധവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല.
സെർബിയയുടെ രാഞ്ജിയായ ഡ്രാഗയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന എല്ലാവരും രാജാവിനെയും രാഞ്ജിയെയും പ്രതീക്ഷിച്ച് അക്ഷമയോടെ കാത്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കടന്നുവന്ന പട്ടാളവേഷധാരിയായ യുവാവിനെ കണ്ട് അവിടെ കൂടിയിരുന്ന എല്ലാവരുടെയും മുഖം കറുത്തു. മുതിർന്ന സൈനികർ ഇളമുറക്കാരനായ ആ സൈനിക ഉദ്യോഗസ്ഥന് അഭിവാദ്യം നൽകി. മദ്യലഹരിയിൽ അയാളുടെ മുഖം ചുവന്നു തുടുത്തിരുന്നു. തന്നെ അഭിവാദ്യം ചെയ്ത സൈനികരെ പുച്ഛഭാവത്തിൽ നോക്കി ദർബാർ ഹാളിന്റെ മുൻപിൽ രാജ്യസഭാംഗങ്ങൾക്കായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിൽ അയാളിരുന്നു. നിക്കോളായ് ലാഞ്ചിക്ക എന്ന സൈനികോദ്യോഗസ്ഥാന്റെ പരാക്രമങ്ങൾ കണ്ടുനില്ക്കാനേ മറ്റുള്ളവർക്ക് കഴിഞ്ഞുള്ളു. കാരണം അവൻ സെർബിയയുടെ രാഞ്ജി ഡ്രാഗയുടെ സഹോദരനായിരുന്നു.
നിക്കോളായ് ലാഞ്ചിക്ക കാട്ടികൂട്ടുന്ന തോന്നിയവാസങ്ങൾക്ക് കണക്കുണ്ടായിരുന്നില്ല. ഒരു സൈനികനിൽ നിന്നും രാജ്യം പ്രതീക്ഷിക്കുന്നതിന്റെ നേർ വിപരീതമായിരുന്നു നിക്കോളായിയുടെ പെരുമാറ്റം. ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു പോലീസുകാരനെ മദ്യലഹരിയിൽ തലയ്ക്കടിച്ചു കൊന്നു. മഹാറാണിയുടെ സഹോദരനായത് കൊണ്ട് ശിക്ഷാ നടപടികൾ ഉണ്ടായില്ല. ഡ്രാഗയ്ക്ക് വൈഷമ്യം ഉണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാവരുതെന്നായിരുന്നു രാജകല്പന. എത്ര വലിയ സൈനിക ഉദ്യോഗസ്ഥാൻ ആയാലും തന്നെ അഭിവാദ്യം ചെയ്യണം എന്നായിരുന്നു നിക്കോളയുടെ അലിഖിത നിയമം. മഹാറാണിയുടെ പ്രലോഭനത്തിന് വശംവദനായി സെർബിയയുടെ ചെങ്കോലും കിരീടവും രാജാവ്, നിക്കോളായിയെ ഏൽപിപ്പിച്ചേക്കും എന്നൊരു അഭ്യൂഹം വ്യാപകമായി പ്രചരിച്ചിരുന്നു.
സെർബിയൻ സൈനികരുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കുന്ന നിക്കോളായിയുടെ പ്രവർത്തിയിൽ ദർബാർ ഹാളിൽ ഉണ്ടായിരുന്നവർക്ക് അതൃപ്‌തി ഉണ്ടായിരുന്നെങ്കിലും അതാരും പുറമെ കാണിച്ചില്ല. നിക്കോളായിയുടെ കലാപരിപാടികൾ കണ്ടപ്പോൾ ട്രബുട്ടിൻ ഡ്യൂലിച്ചിന് ഇയാൾ കാരണം തങ്ങളുടെ ഗൂഡ പദ്ധതികൾ അവതാളത്തിലാകുമോ എന്ന് പോലും സംശയിച്ചുപോയി. ദർബാർ ഹാളിൽ മദ്യപാനവും കൊഴുപ്പേകാൻ നൃത്തവും തുടങ്ങി. രാജാവും രാഞ്ജിയും ഉടനെ എത്തും എന്ന അറിയിപ്പ് ലഭിച്ചതോടെ, അവരെ സ്വീകരിക്കാനായി മന്ത്രിസഭാംഗങ്ങൾ തയ്യാറായി നിന്നു. ട്രെബുട്ടിൻ ഡ്യൂലിച്ചും മിലാൻ മാറിൻകോവിച്ചും ജാഗരൂകരായി നിന്നു.
ഇതേ സമയം ഡ്രാഗയുടെ അന്തപുരത്തിൽ ചില കാര്യങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു. പിറന്നാൾ ആഘോഷത്തിൽ രാഞ്ജി പങ്കെടുക്കുന്നത് അപകടകരമാണെന്ന് വിശ്വസ്തരായ ചില സൈനിക മേധാവികൾ ഡ്രാഗയെ അറിയിച്ചു. സഹോദരൻ നിക്കോളായ് ദർബാർ ഹാളിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ കൂടി അറിഞ്ഞതോടെ ആഘോഷങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് ഡ്രാഗയ്ക്ക് തോന്നി.
സയനൈഡ് ലായനിയിൽ മുക്കിയ കത്തിയുമായി രാജദമ്പതികളെ പ്രതീക്ഷിച്ചു നിന്ന ട്രെബുട്ടിൻ ഡ്യൂലിച്ച് അവിടെ നിന്ന് നിരാശനായി മടങ്ങി. അവർ എത്തിയിരുന്നെങ്കിൽ അവരെ കൊലപ്പെടുത്തി അവിടെ നിന്ന് രക്ഷപ്പെടാനായിരുന്നു പ്ലാൻ. സെർബിയയ്ക്ക് വേണ്ടി മഹത്തായ ആ കാര്യം നിർവഹിച്ചിരുന്നെങ്കിൽ പിതൃരാജ്യത്തെ രക്ഷിക്കാൻ നടത്തിയ ധീരകർമ്മത്തിന്റെ പേരിൽ മരണമില്ലാത്തവനായി സെർബിയയുടെ ചരിത്രത്തിൽ താൻ അടയാളപ്പെടുത്തുമായിരുന്നു. എല്ലാം വൃഥാവിലായി.
മരവിക്കുന്ന കടുത്ത തണുപ്പിനെ വകവെക്കാതെ ബെൽഗ്രേഡിലെ 27-ആം നമ്പർ തെരുവും പിന്നിട്ട് കുതിരപ്പട്ടാളത്തിന്റെ രഹസ്യകേന്ദ്രമായ ആന്റിച്ചിന്റെ വസതിക്ക് മുൻപിൽ ഡ്യൂളിച്ച് എത്തിച്ചേർന്നു. അവിടെ എല്ലാവരും സന്നിഹിതരായിരുന്നു. മുറിയുടെ ഒരുവശത്ത് തണുപ്പിനെ പ്രതിരോധിക്കാനായി നെരിപ്പോട് എരിയുന്നുണ്ടായിരുന്നു. ദിമിത്രിയോവിച്ച് എല്ലാവരുടെയും മുഖത്തേക്ക് നോക്കി. നിരാശയായിരുന്നു എല്ലാവരുടെയും മുഖത്ത്. അദ്ദേഹം അവരെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.., "ഇത് നമ്മുടെ പിഴവല്ല. ഇനിയും അവസരമുണ്ടാകും. പിതൃരാജ്യത്തെയും സെർബുകളെയും നമ്മൾ മോചിപ്പിക്കുക തന്നെ ചെയ്യും. ഒരു ആഭ്യന്തരയുദ്ധത്തിലൂടെ രാജ്യത്തെ മോചിപ്പിക്കുന്നതിനേക്കാൾ അനായാസകരായി അത് നമുക്ക് നിർവഹിക്കാൻ കഴിയും. അതിനുള്ള വഴിയാണ് നാം തേടേണ്ടത് ".
ദിമിത്രിയെവിച്ച് എല്ലാവരെയും ഒന്ന് നോക്കി. പിന്നീട് തുടർന്നു.. ചരിത്രം തിരിച്ചറിവും ആയുധവുമാണ്. ലോകം കീഴടക്കാനായി ഓട്ടോമൻ രാജാക്കന്മാർ യൂറോപ്പ് മുഴുവനായി നടത്തിയ പടയോട്ടങ്ങളെ ചെറുക്കാൻ സെർബുകൾക്കായില്ല., 1389-ലെ കൊസാവോ യുദ്ധത്തിൽ സെർബിയൻ സാമ്രജ്യം തുർക്കികൾക്ക് മുൻപിൽ അടിയറവ് പറഞ്ഞു. ഫലമോ? സെർബുകൾ അടക്കമുള്ള യൂറോപ്യന്മാർ തുർക്കികളുടെ അടിമയായി തീർന്നു. കാര്യമാത്ര പ്രസക്തമായി സംസാരിക്കാറുള്ള ദിമിത്രിയെവിച്ച് നൂറ്റാണ്ടുകൾക്ക് മുൻപുള്ള ചരിത്രം പറയുന്നതിന്റെ അർത്ഥം അവിടെ കൂടിയിരുന്നവർക്ക് പിടികിട്ടിയില്ല.
ദിമിത്രിയെവിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പറഞ്ഞു തുടങ്ങി. ബാൽക്കൺ സ്ലാവ് മേഖലകൾ മുഴുവൻ കയ്യടക്കിയ ഓട്ടോമൻ തുർക്കികൾ സെർബുകളെ തങ്ങളുടെ സ്വകാര്യ ലാഭങ്ങൾക്ക് ഉപയോഗിച്ചു. തുർക്കികൾ യൂറോപ്പിൽ നടത്തിയ യുദ്ധങ്ങളിൽ പോരടിച്ചതും കൊല്ലപ്പെട്ടതും സെർബുകളായിരുന്നു. ക്രൂരമായ പീഡനത്തിലൂടെ തുർക്കികൾ നമ്മുടെ പൂർവികരെ ഇസ്ലാമിലേക്ക് പരിവർത്തനം നടത്തി. ഓട്ടോമാൻമാർ ഭൂമിയുടെ അവകാശികളും സെർബുകൾ അവരുടെ അടിമകളും ആയിരുന്ന കാലത്ത് കൊടിയ പീഡനങ്ങളായിരുന്നു അവർക്ക് നേരിടേണ്ടി വന്നത്. തുർക്കികൾ സെർബുകളോട് കാണിച്ച അപരാധങ്ങളെ കുറിച്ച് പറയുമ്പോൾ ദിമിത്രിയെവിച്ചിന്റെ കണ്ണുകളിൽ പക തിളച്ചു മറിയുകയായിരുന്നു.
തുർക്കികളുടെ വിശപ്പടക്കാൻ ഒട്ടിയ വയറുമായി സെർബിയൻ ബാല്യങ്ങൾ മോറോവയുടെ തീരങ്ങളിലെ ഗോതമ്പ് പാടങ്ങളിൽ രാവന്തിയോളം ജോലി ചെയ്തു. പെൺകുട്ടികളെ വേശ്യാവൃത്തിക്കായി തുർക്കികൾ പിടിച്ചുകൊണ്ടു പോയി. തുർക്കികളുടെ ശല്യം സഹിക്കാനാവാതെ സെർബുകൾ വടക്കൻ നാടുകളിലേക്ക് പലായനം തുടങ്ങി. ഓയോദിനയിൽ എത്തിപ്പെട്ട നമ്മുടെ പൂർവികർ ഹങ്കേറിയൻ സാമ്രജ്യത്വവാദികളാൽ ചവിട്ടിമെതിക്കപ്പെട്ടു. അവർക്ക് വേണ്ടിയും നമ്മൾ യുദ്ധം ചെയ്യണം. ഇത്രയും വികാരതീവ്രയ് ദിമിത്രിയെവിച്ച് സംസാരിക്കുന്നത് ആന്റിച്ചിന്റെ വസതിയിൽ കൂടിയിരുന്നവർക്ക് പുതിയ അനുഭവമായിരുന്നു.
വീണ്ടും പറയാൻ തുടങ്ങിയ കാര്യങ്ങൾ അവർക്കെല്ലാം അറിയാവുന്നതായിരുന്നു. 19- ആം നൂറ്റാണ്ടിന്റെ ആരംഭത്തോട് കൂടി ഓട്ടോമൻ സാമ്രാജ്യത്തിന്റെ പ്രതാപം ക്ഷയിച്ചു തുടങ്ങി. സെർബുകൾ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടി ശത്രുക്കളുടെ ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ചു. അവരുടെ സ്വാതന്ത്ര്യമോഹത്തിന് തുർക്കികൾക്കെതിരെ അവരെ അണിനിരത്തിയത് ബ്രോനോവിച്ച്, കാരാജോർജ് വിച്ച് വംശങ്ങളായിരുന്നു. ഓട്ടോമൻ സാമ്രാജ്യത്തിന്റെ സാമന്തന്മാരായി സെർബിയയുടെ ഭരണം മാറി മാറി കയ്യാളിയിരുന്ന അവർ ഒരിക്കൽ പോലും ഓട്ടോമൻ സാമ്രജ്യത്തെ പുറത്താക്കുന്ന കാര്യത്തിൽ ഒന്നിച്ചു നിൽക്കാൻ തയ്യാറായില്ല. ആരാണ് വലിയവൻ എന്ന മൂപ്പിള തർക്കം തന്നെയായിരുന്നു വില്ലൻ. ഓസ്ട്രിയൻ പക്ഷപതിത്വം പുലർത്തിയിരുന്ന ഒബ്രണോവിച്ചുകളും റഷ്യൻ പക്ഷപാതിത്വം പുലർത്തിയിരുന്ന കാരാജോർജ് വിച്ചുകളും സെർബിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വിപ്ലവം നയിച്ചു.
തുർക്കികൾ സെർബിയയ്ക്ക് പുത്രികാരാജ്യ പദവി അനുവദിച്ചതോടെ ഇരു രാജവംശങ്ങൾക്കിടയിലെ തർക്കം അതിന്റെ പാരമ്യതയിൽ എത്തി. അധികാരത്തിനായുള്ള ആദ്യ മത്സരത്തിൽ വിജയം ബ്രോനോവിച്ചുകൾക്കായിരുന്നു. പരാജിതനായ കാരാജോർജിനെ മിലാനോ ഒബ്രോനോവിച്ച് തന്റെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി. യുദ്ധത്തിന്റെ ധർമവും നീതിയും തീരുമാനിക്കുന്നത് വിജയി മാത്രമാണ്. ഇവിടെയും അത് തന്നെ സംഭവിച്ചു.
കാരാജോർജ് രാജ്യദ്രോഹിയാണെന്ന് മിലാനോ ഒബ്രനോവിച്ച് വിധിയെഴുതി. കാരാജോർജിന്റെ തല കൊയ്തു മാറ്റിയ ഒബ്രനോവിച്ച്, ആ തല കോൺസ്റ്റാന്റിനേപ്പിളിന്റെ സുൽത്താന് കൊടുത്തയച്ചു. അതോടെ രണ്ട് രാജവംശങ്ങൾ തമ്മിലുള്ള കുടിപ്പക കാലത്തിനൊപ്പം വളർന്നു. ദിമിത്രിയെവിച്ച് തന്റെ സഹപ്രവർത്തകരെ ചരിത്രം ഓർമിപ്പിച്ചതും അതുകൊണ്ടാണ്. മിലാനോ ഒബ്രനോവിച്ചിന്റെ പിന്മുറക്കാരായ അലക്‌സാണ്ടർ ഒബ്രനോവിച്ചിനെയും പത്നിയെയും കൊലപ്പെടുത്താൻ കാരാജോർജ് പക്ഷക്കാരുടെ പിന്തുണ നേടുക. സെർബിയയുടെ അധികാരം നേടിയെടുത്തതിന് ശേഷം വിശാല സെർബിയക്ക് വേണ്ടിയുള്ള യുദ്ധം തുടങ്ങുക. ദിമിത്രിയെവിച്ച് അസന്നിഗ്ധമായി തന്റെ നിലപാട് പ്രഖ്യാപിച്ചു.
ആന്റിച്ചിന്റെ വസതിയിൽ പല പ്രാവശ്യം ചേർന്ന ഗൂഢാലോചന യോഗത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വന്നു. രാജാവിനെ വധിക്കേണ്ടതില്ലെന്നും അധികാര ഭ്രഷ്ടനാക്കി നാട് കടത്തുകയാണ് വേണ്ടതെന്ന വാദമാണ് മിലാൻ പെട്രോവിച്ച് മുന്നോട്ടു വെച്ചത്. കാരാജോർജുകൾക്കും, ഒബ്രനോവിച്ചുകൾക്കും വേണ്ടി പരസ്പരം പോരടിക്കുന്ന സെർബുകളെയല്ല മറിച്ച് ഒന്നിച്ചു നിൽക്കുന്നവരെയാണ് നാടിനാവശ്യമെന്നും ട്രബുട്ടിൻ ദിമിത്രിയെവിച്ച് പറഞ്ഞു. സെർബിയയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളെ പിണക്കി കൊണ്ടുള്ള ഒരു പട്ടാള അട്ടിമറി സാധ്യമല്ലെന്നും അവിടെ കൂടിയിരിന്നവർക്ക് ബോധ്യമായി. രാജാവിനെതിരായ പൊതുവികാരം ഉയർത്തികൊണ്ട് വരിക, അതുവഴി രാജാവിനെ ഒറ്റപ്പെടുത്താമെന്നും പിന്നീട് ആഭ്യന്തരകലഹം പൊട്ടിപുറപ്പെടാത്ത വിധം രാജാവിനെയും രാഞ്ജിയെയും വധിക്കാമെന്നും ദിമിത്രിയെവിച്ച് അഭിപ്രായപ്പെട്ടു. അത്തരമൊരു സാഹചര്യം സൃഷ്ട്ടിക്കാൻ തങ്ങൾക്ക് മാത്രം സാധ്യമല്ലെന്നും അവർ കരുതി.സൈന്യത്തിലും രാഷ്ട്രീയത്തിലും സമാന ചിന്താഗതിയുള്ളവരെ കൂടെ കൂട്ടാൻ തീരുമാനിച്ചു.
സെർബ് രാഷ്ട്രീയത്തിലെ അതികായനും ബുദ്ധിജീവിയുമായി അറിയപ്പെട്ടിരുന്ന ഡോർട്ട് ജൻസിച്ചിനെ അധികം വൈകാതെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ അവർക്ക് കഴിഞ്ഞു. യുവസൈനികരൊപ്പം ചേർന്ന് പ്രവർത്തിച്ചാൽ നേട്ടം പലതുണ്ടെന്ന് അധികാര മോഹി കൂടിയായ അദ്ദേഹത്തിന് തോന്നി. സെർബിയയിൽ ഒരു പട്ടാള വിപ്ലവം ഉണ്ടായാൽ, ആ വിപ്ലവത്തിൽ രാജാവ് കൊല്ലപ്പെട്ടാൽ പകരം ഉണ്ടാവേണ്ട ഭരണകൂടത്തിന് മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ദിമിത്രിയെവിച്ചിന് അറിയാം. ആ ഉത്തരവാദിത്തം ഏറ്റെടുത്ത ജൻസിച്ചിന്റെ മനസ്സിൽ മറ്റു പല കണക്കു കൂട്ടലുകളും ഉണ്ടായിരുന്നു. സെർബിയയിൽ പകരം വരുന്ന ഗവൺമെന്റിലെ പ്രധാമന്ത്രി പദത്തിന് അവകാശമുന്നയിച്ചാൽ അതിൽ മറ്റാരും എതിർക്കില്ലെന്ന് അദ്ദേഹം കരുതി.
ബെൽഗ്രേഡിലെ ആറാം നമ്പർ തെരുവിലുളള ഓസ്ട്രിയൻ നയതന്ത്ര കാര്യാലയത്തിലെ മേധാവി ചാൾസ് റെമിയെ കണ്ട് ഓസ്ട്രിയയുടെ പിന്തുണ ഉറപ്പിക്കാൻ പോകുമ്പോൾ ജൻസിച്ചിന്റെ മനസ്സിൽ പല കാര്യങ്ങളും മിന്നിമറഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ വംശീയ സമൂഹമാണ് സ്ലാവുകൾ. സ്ലാവുകളിൽ ഇപ്പോഴും സ്ലാവ് ആചാരങ്ങൾ മുറുകെ പിടിക്കുന്നത് സെർബുകൾ മാത്രമാണ്. ഓരോ കുടുംബശാഖയ്ക്കും രക്ഷകനായി ഒരു പുണ്യാളൻ ഉണ്ടായിരിക്കും. കുടുംബത്തിലെ ആൺപ്രജകൾ വഴിയാണ് പാരമ്പര്യം തുടർന്ന് പോകുന്നത്. മക്കൾ ഇല്ലാത്ത അലക്‌സാണ്ടർ കൊല്ലപ്പെട്ടാൽ ആരായിരിക്കും സ്ലാവ് പാരമ്പര്യം കയ്യേൽക്കുക...? ഓസ്ട്രിയൻ നയതന്ത്ര പ്രധിനിധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മടങ്ങുമ്പോൾ അദ്ദേഹം ആഗ്രഹിച്ച മറുപടി ആയിരുന്നില്ല ജൻസിച്ചിന് ലഭിച്ചത്. സെർബിയയുടെ ആഭ്യന്തര പ്രശനത്തിൽ ഞങ്ങൾക്കെന്ത് കാര്യം എന്ന ഒഴുക്കൻ മറുപടി പറഞ്ഞ് ഒഴിയാനാണ് ചാൾസ് റെമി ശ്രമിച്ചത്.
സെർബിയൻ വംശീയതയോട് ആഭിമുഖ്യം പുലർത്തുന്ന രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ ഒന്നൊന്നായി ജൻസിച്ച് കയറിയിറങ്ങി. മറുഭാഗത്ത് സർ ചക്രവർത്തിയുടെ റഷ്യൻ പിന്തുണ ഒബ്രനോവിച്ചിന് ഉണ്ടെന്ന് ജൻസിച്ചിന് നന്നായി അറിയാം. ഒബ്രനോവിച്ചിനെതിരെയുള്ള അട്ടിമറി റഷ്യ ഒരിക്കലും അംഗീകരിക്കില്ലെന്ന്‌ ഗൂഢാലോചന സംഘം കരുതി. ഇത് സെർബിയയുടെ ആഭ്യന്തര കാര്യമാണ് ആര് പിന്തുണച്ചാലും ഇല്ലെങ്കിലും അലക്‌സാണ്ടറും രാഞ്ജിയും കൊല്ലപ്പെടണം എന്ന കാര്യത്തിൽ ദിമിത്രിയെവിച്ച് ഉറച്ചു നിന്നു.
രാജാവിന്റെയും രാഞ്ജിയുടെയും അന്ത്യവിധി കുറിക്കാനുള്ള യോഗം പുതുതായി ഗൂഢസംഘത്തോടപ്പം ചേർന്ന ജനറൽ ജൊവാൻ അറ്റണക്കോവിച്ചിന്റെ വസതിയിലാണ് ചേർന്നത്. അവിടെ ചേർന്ന യോഗത്തിൽ മറ്റൊരു അതിഥി കൂടിയുണ്ടായിരുന്നു. രാജാവിന്റെ അംഗരക്ഷകരുടെ ചുമതലയുണ്ടായിരുന്നു ലെഫ്റ്റനന്റ് കേണൽ മിഖായേലിൻ നോമോവിച്ച് ആയിരുന്നു അത്. രണ്ടുപേരുടെയും സാന്നിധ്യം ഗൂഢസംഘത്തെ ആവേശം കൊള്ളിച്ചു. രാജകൊട്ടാരത്തിനകത്ത് വെച്ച് രാജാവിനെയും പത്നിയെയും കൊലപ്പെടുത്താൻ നോമോവിച്ച് സഹായം വാഗ്ദാനം ചെയ്തു. ആ സഹായ വാഗ്ദാനത്തിന് പിറകിൽ ഒരു പ്രതികാര ദാഹം കൂടിയുണ്ടായിരുന്നു.
തുർക്കികളുടെ സാമന്ത പദവിക്കായി ബ്രൊനോവിച്ചുകളും കാരാവിച്ചുകളും പരസ്പരം പോരടിക്കുന്ന സമയത്ത് നോമോവിച്ചിന്റെ കുടുംബം കാരാവിച്ചിന്റെ പടയാളികൾ ആയിരുന്നു. സംഘർഷത്തിനൊടുവിൽ കാരാജോർജിന്റെ തല വെട്ടിമാറ്റിയ മിലോസ് ഒബ്രനോവിച്ച് മറ്റൊന്ന് കൂടി ചെയ്തിരുന്നു. കാരാജോർജിന്റെ വലം കൈ ആയിരുന്ന നൗമിന്റെ തലവെട്ടി ഡാന്യൂബ് നദിയിലേക്ക് വലിച്ചെറിഞ്ഞു. തന്റെ മുത്തച്ഛന്റെ തല വെട്ടിയെടുത്ത ബ്രോനോവിച്ചുകളോട് പ്രതികാരം ചെയ്യാനുള്ള അവസരം ഇതാണെന്ന് കരുതിയ നോമോവിച്ചിന്റെ കണ്ണുകളിൽ പ്രതികാരദാഹം അലയടിച്ചു.
Dragutin dimithrijevic 
തലമുറകളിലൂടെ പങ്കുവെയ്ക്കപ്പെട്ട കുടിപ്പകകളുടെ കഥയ്ക്ക് നൗമോവിച്ചിന്റെ വരവോടെ പുതിയ മാനം കൈവന്നു. ജനറൽ ജൊവാൻ അറ്റണകോവിച്ച്‌ പുതിയൊരു നിർദ്ദേശം അവിടെ വെച്ചു. ജനീവയിൽ ഒരു സാധാരണ പൗരനായി കഴിഞ്ഞു കൂടുന്ന പീറ്റർ കാരാജോർജ് വിച്ചിനെ അലക്‌സാണ്ടറിന് ശേഷം രാജാവായി വാഴിക്കണം. ആ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു. കത്തിച്ചുവെച്ച മെഴുകുതിരിയും വേദപുസ്തകവും സാക്ഷിയാക്കി ദിമിത്രിയെവിച്ചിന്റെ സംഘം അലക്‌സാണ്ടറുടെയും ഡ്രാഗായുടെയും അന്ത്യവിധി കുറിച്ചു. മരിക്കേണ്ടിവന്നാലും ഒറ്റുകൊടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു. അതിന് ശേഷം ആ സംഘം ഇരുളിന്റെ മറവിലേക്ക് ഓരോരുത്തരായി അലിഞ്ഞു ചേർന്നു.
രാജാവ് അലക്‌സാണ്ടർ തന്റെ മന്ത്രി സഭാംഗങ്ങൾക്കായി വിളിച്ചു ചേർത്ത വിരുന്നു സൽക്കാരം നടക്കുകയാണ്. ഇടയ്ക്കിടെ വിളിച്ചു ചേർക്കാറുള്ള വിരുന്നിൽ രാജാവും രഞ്ജിയും വളരെ സന്തുഷ്ടരായിരുന്നു. രാജ്യം കൂടുതൽ ജനാധിപത്യവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആ സൽക്കാരത്തിനിടയിൽ ഒബ്രനോവിച്ച് ഓർമിപ്പിച്ചു. യൂറോപ്പിലെ മറ്റു രാജ്യങ്ങൾക്കൊപ്പം വളരാൻ കൈക്കൊള്ളേണ്ട സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും മന്ത്രിമാരെ ഓർമപ്പെടുത്തി. പ്രധാമന്ത്രി ജനറൽ ദിമിത്രി സിംഗാർ മാർക്കോവിച്ച് താൻ നടപ്പിലാക്കാൻ പോകുന്ന സാമ്പത്തിക പദ്ധതികൾ വിവരിച്ചു കൊണ്ടിരുന്നു. രാവേറെ നീണ്ടുനിന്ന സൽക്കാരം അവസാനിച്ചു.
പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു. മന്ത്രിസഭാംഗങ്ങൾ ഓരോരുത്തരായി മടങ്ങി. കൊട്ടാരത്തിന്റെ കാവൽ ചുമതല ഉണ്ടായിരുന്ന നൗമോവിച്ച് തന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങി, പാറാവിലുണ്ടായിരുന്ന സൈനികന്റെ കൈകളിൽ മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്ന ഒരു കുറിപ്പ് അദ്ദേഹം കൈമാറി, ചെവിയിൽ എന്തോ പറഞ്ഞു. നൗമോവിച്ചിനെ സൈനികൻ അഭിവാദ്യം ചെയ്തതിന് ശേഷം അയാൾ പുറത്തേക്ക് പോയി. തന്റെ ദൗത്യം പൂർത്തിയാക്കിയ നൗമോവിച്ച് ഓഫീസിനുള്ളിലേക്ക് കയറി വാതിലടച്ചു.
ഏതാനും നാഴികകൾ കടന്നുപോയി. ഒരു സായുധ സംഘം കാവൽപ്പുരകളും കടന്ന് കൊട്ടാരമുറ്റത്തേക്ക് ഇരമ്പിയെത്തി. ദ്വാരപാലകർ അവർക്ക് വഴികാട്ടിയായി നിന്നു. കൊട്ടാരത്തിന്റെ പ്രധാനകവാടവും കടന്ന ദിമിത്രിയെവിച്ച് നേതൃത്വം നൽകിയ സൈനികസംഘം അലക്‌സാണ്ടർ ഒബ്രനോവിച്ചിന്റെ ഉറക്കറ ലക്ഷ്യമാക്കി നീങ്ങി. കൊട്ടാരത്തിലെ കാവൽപ്പുരകളിൽ എരിഞ്ഞു കൊണ്ടിരുന്ന വിളക്കുകൾ ഒരു നിമിഷം മിഴിയടച്ചു. ആ സമയം ഇരുളിനെ ഭേദിച്ചു കൊണ്ട് ഒരു വെടിയുണ്ട ചീറിപ്പാഞ്ഞു. അസ്ഥികൾ നുറുങ്ങുന്ന തണുപ്പിൽ നിശബ്ദതയെ സാക്ഷിയാക്കി ആരുടെയോ ഒരാർത്തനാദം അവിടെ മുഴങ്ങി..... 

No comments:

Post a Comment