Wednesday, August 28, 2019

രണ്ടാം ലോകമഹായുദ്ധം. 
ഭാഗം .1 

ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും ഇലിയഡും പുരാണങ്ങളും യുദ്ധങ്ങളുടെ കഥയാണ്. ലോകചരിത്രം തന്നെ യുദ്ധങ്ങളുടെ ചരിത്രവുമാണ്. അതുകൊണ്ട് തന്നെ ഒന്നും രണ്ടും ലോകമഹായുദ്ധത്തിന് ഒരാമുഖത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇരുപതാം നൂറ്റാണ്ടിൽ മാനവരാശി നേരിട്ട രണ്ട് മഹായുദ്ധങ്ങളായിരുന്നു ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ. മനുഷ്യൻ സ്വയം വരുത്തിവെച്ച രണ്ട് ആഗോളയുദ്ധങ്ങൾ. "യുദ്ധങ്ങൾക്ക് വിരാമമിടാനുള്ള യുദ്ധം " എന്ന് ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത സഖ്യശക്തികൾ അതിനെ വിശഷിപ്പിച്ചെങ്കിലും ഇരുപത് വർഷത്തിന് ശേഷം മറ്റൊരു യുദ്ധത്തെ ഒഴിവാക്കുവാൻ ലോകത്തിന് കഴിഞ്ഞില്ല. അങ്ങനെ 1918-'39 കാലഘട്ടം ഒരു യുദ്ധവിരാമകാലമായി മാത്രം പരിണമിച്ചു. ഒന്നും രണ്ടും മഹായുദ്ധങ്ങൾ രണ്ട് യുദ്ധങ്ങൾ അല്ലെന്നും ഒരേ യുദ്ധത്തിന്റെ രണ്ട് ഘട്ടങ്ങൾ മാത്രമായിരുന്നുവെന്നും അഭിപ്രായമാണ് രണ്ടിലും സുപ്രധാനമായ പങ്ക് വഹിച്ച സർ വിൻസ്റ്റൺ ചർച്ചിൽ പറയുന്നത്. 1918- നും 1939- നും ഇടയ്ക്ക് 21 വർഷത്തേക്ക് താൽകാലികമായി യുദ്ധം നിർത്തിവെച്ചിരുന്നുവെന്നേയുള്ളു. രണ്ട് യുദ്ധങ്ങളിലും പ്രകടമായ ചേരിതിരിവിന്റെ സ്വഭാവവും യുദ്ധങ്ങൾക്ക് കാരണമായിത്തീർന്ന ദേശീയ പ്രശനങ്ങളും പരിശോധിച്ചാൽ ഈ നിഗമനത്തിലേക്ക് നമ്മളും എത്തിച്ചേരും.
ഒന്നാം ലോകായുദ്ധത്തിൽ മുപ്പത് രാഷ്ട്രങ്ങളാണ് പങ്കെടുത്തതെങ്കിൽ, 1939-ൽ രണ്ടാം ലോകയുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ ഒരു രാജ്യത്തിനും അതിൽ ഭാഗഭാക്കാകാതിക്കാൻ കഴിഞ്ഞില്ല. ലോകം ദർശിച്ച ഏറ്റവും വിനാശകാരിയായ യുദ്ധമായി അത് മാറി. ലോകരാഷ്ട്രങ്ങൾ രണ്ട് ചേരികളായി തിരിഞ്ഞ് പൊരുതി. ഫലമോ? 350 ലക്ഷം ജനങ്ങളുടെ ജീവൻ പൊലിഞ്ഞു. രണ്ട് ലക്ഷം കോടി ഡോളറിന് മേൽ വിലമതിക്കുന്ന നാശനഷ്ടങ്ങളുണ്ടായി. യുദ്ധാവശ്യങ്ങൾക്ക് മാത്രം ഒരു ലക്ഷം കോടി ഡോളർ ചിലവായത്രെ ! തകർന്നടിഞ്ഞ രാഷ്ട്രങ്ങളുടെ പുനർനിർമ്മാണം വെല്ലുവിളിയായി. മനുഷ്യ ജീവന് യാതൊരു വിലയും ഇല്ലാതാക്കിയ യുദ്ധം. പലരും അനാഥരായി തെരുവിലേക്ക് എറിയപ്പെട്ടു. വെറുപ്പും, വിദ്വേഷവും പകയും നിസ്സഹായാവസ്ഥയും അവനെ വേട്ടയാടിയപ്പോൾ, അന്യതാബോധം മനുഷ്യ മനസ്സിൽ സൃഷ്ട്ടിച്ച പ്രതിസന്ധി വളരെ വലുതുമായിരുന്നു.
യുദ്ധമാരംഭിക്കുന്നത് മനുഷ്യ മനസിലാണെന്ന് വേദങ്ങൾ പറയുന്നു. ഇന്നും തിരുത്തപ്പെടാത്ത ഈ പ്രാചീന സിദ്ധാന്തത്തിന് ചരിത്രത്തെക്കുറിച്ചുള്ള അഗാധമായ അറിവാണ് ഉൾക്കാമ്പ്. പ്രകൃതിയോട് മല്ലിട്ടും സമരസപ്പെട്ടും ജീവിതം ആരംഭിച്ച മനുഷ്യൻ ഗോത്രജീവിതം ആരംഭിച്ചത് മുതൽ അവൻ നിലനില്പിനായും പിന്നീട് മണ്ണിനും പെണ്ണിനും വേണ്ടി നിരന്തരം യുദ്ധം ചെയ്തുകൊണ്ടിരുന്നു. കൊന്നും കുലം മുടിച്ചും പരാജയപ്പെട്ടും പരാജയപ്പെടുത്തിയും ചെറുതും വലുതുമായ നിരവധി യുദ്ധങ്ങൾ. മനുഷ്യരക്തം കൊണ്ട് ഭൂപടങ്ങൾ പലതവണ മാറ്റിയെഴുതപ്പെട്ടപ്പോൾ ചരിത്രത്തിൽ യുദ്ധങ്ങൾ നിറഞ്ഞു നിന്നു. പലപ്പോഴും ചരിത്രം തന്നെ യുദ്ധമായി അടയാളപ്പെടുത്തപ്പെട്ടു. കാലഘട്ടങ്ങളും കാരണങ്ങളും മാറിയപ്പോഴും യുദ്ധങ്ങൾ അനസ്യൂതം തുടർന്ന് കൊണ്ടിരുന്നു. അവയുടെ നിയമവും നൈതികതയും കാരണങ്ങളും അന്വേഷിച്ചിറങ്ങിയാൽ നാം വേദങ്ങളിൽ പറഞ്ഞ പുതുമ ചോരാത്ത ആ വാചകത്തിലേക്ക് തന്നെ തിരികെ എത്തും... രണ്ടാം ലോകമഹായുദ്ധത്തിന്റെ രക്തം കിനിഞ്ഞിറങ്ങുന്ന കനൽ വഴികൾ നമ്മെ നയിക്കുന്നതും ആ സത്യത്തിലേക്കാണ്. 1939 സെപ്റ്റംബർ 1- ന് ആരംഭിച്ച് 1945 ഓഗസ്റ്റ് 14- ന് ജപ്പാൻ സഖ്യകക്ഷികൾക്ക് മുൻപിൽ ഉപാധികൾക്ക് കീഴടങ്ങുന്നത് വരെയുള്ള കാര്യകാരണങ്ങളും സാഹചര്യങ്ങളും അനാവരണം ചെയ്യപ്പെടുന്നു. അതോടപ്പം ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ഈ യുദ്ധം ജീവിതത്തെയും സംസ്കാരത്തെയും എങ്ങനെ ഉഴുതുമറിച്ചെന്നും അന്വേഷിക്കുകയും ചെയ്യുന്നു. ഒരു കാര്യം ആദ്യം തന്നെ സൂചിപ്പിക്കുന്നു. ചില സാഹചര്യങ്ങൾ ഈ എഴുത്തിന് തടസ്സം സൃഷ്ട്ടിക്കാൻ സാധ്യതയുണ്ട്. അവിടെ അത് അവസാനിപ്പിക്കേണ്ടി വന്നേക്കാം. ദയവായി ക്ഷമിക്കുക.
ഒന്നാം ലോകമഹായുദ്ധം ഒരു സുപ്രഭാതത്തിൽ പൊട്ടിപുറപ്പെട്ടതല്ല. ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടർച്ച എന്നത് പോലെ അതിന് മുൻപ് നടന്ന മറ്റു ചില യുദ്ധങ്ങളും മാനവരാശിയെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് എത്തിക്കുകയായിരുന്നു. അധികാരക്കൊതിയും വംശവെറിയുമെല്ലാം അതിന് കാരണമായി എന്ന് പറയാം. ഈ കഥ അല്ലെങ്കിൽ ചരിത്രം ആരംഭിക്കുന്നത് 1901-ൽ സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിൽ അരങ്ങേറിയ ഒരു കൊട്ടാരവിപ്ലവത്തിൽ നിന്നാണ്.
സെർബിയൻ കുതിരപ്പട്ടാളത്തിലെ ലെഫ്റ്റനന്റ് അന്റോണിയോ ആന്റിച്ചിന്റെ വസതിയിൽ യുവസൈനികരായ ലെഫ്റ്റനെന്റ് റബൂട്ടിൻ ഡുലിച്ച്, ക്യാപ്റ്റൻ റാഡോ വിറിനോവ്, ആരാന്റ ലോവിച്ച്, മിലാൻ പെട്രോവിച്ച്, ലെഫ്റ്റനന്റ് റബുട്ടിൻ ദിമിത്രിയോവിച്ച് തുടങ്ങിയവർ ഒത്തുകൂടിയിരിക്കുന്നു. അവർ ചർച്ച ചെയ്തുകൊണ്ടിരുന്ന വിഷയത്തിന്റെ ഗൗരവം അവരുടെയെല്ലാം മുഖത്തുണ്ടായിരുന്നു. പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു. നിശബ്ദതയെ കീറിമുറിച്ചു ദിമിത്രിയോവിച്ച് തുടക്കമിട്ട ചർച്ച രാവേറെ നീണ്ടുനിന്നു. ആ ചർച്ചയുടെ രത്നച്ചുരുക്കം ഇതാണ്.,
റോമക്കാരും തുർക്കികളും ആക്രമിച്ചു നശിപ്പിച്ച ബെൽഗ്രേഡ് ഇന്നത്തെ നിലയിലേക്കെത്തിച്ചത് സെർബുകളുടെ പോരാട്ടവീര്യം ഒന്നുകൊണ്ട് മാത്രമാണ്. സെർബുകൾ ഭരിക്കാനായി പിറന്നവരാണ് പക്ഷെ പലപ്പോഴും ഭരിക്കപ്പെടുന്നവരായി മാറുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ സെർബുകളെ അടിമത്തത്തിലേക്ക് തള്ളിവിടുക മാത്രമാണ് ചെയ്യുക. ഇന്നലെവരെ സാവാ നദിയും ഡാന്യൂബും ഒഴികിയിരുന്നത് സെർബുകൾക്ക് വേണ്ടിയായിരുന്നു. നാളെ ആ നദികൾ കൊസ്സാക്കുകളുടെ കൊലക്കത്തിക്ക് ഇരയായി സെർബുകളുടെ രക്തം കൊണ്ട് ചുവക്കുമെന്നും അവരുടെ മാംസം ഡാന്യുബിലെ മത്സ്യങ്ങൾക്ക് ഭക്ഷണമായി തീരുമെന്നും അവർ ഭയക്കുന്നു. ചുറ്റിലും കോട്ടപോലെ ഉയർന്ന്‌ നിൽക്കുന്ന മലനിരകൾ ബെൽഗ്രേഡിന് നൽകുന്ന സുരക്ഷിതത്വം കൊസ്സാക്കുകളുടെ ആയുധകരുത്തിന് മുൻപിൽ നിഷ്പ്രഭമാകുമെന്ന് സെർബിയൻ വംശജർ ഭയക്കുകയാണ്.
മറ്റൊരു വശത്ത് ഓസ്ട്രിയ കൈവശപ്പെടുത്തിയിരിക്കുന്ന വോയ്ബുദീന അടക്കമുള്ള പ്രദേശങ്ങൾ വിശാല സെർബിയയുടെ ഭാഗമാകാൻ കൊതിക്കുന്നു. അവിടുത്തെ സെർബ് വംശജർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ദുരിതവും വളരെ വലുതാണ്. സ്ത്രീകൾ ഓസ്ട്രിയക്കാരുടെ ലൈംഗിക ആക്രമണങ്ങൾക്കും ക്രൂര വിനോദങ്ങൾക്കും ഇരയാവുന്നു. യൂറോപ്പിലെ ഏറ്റവും വലിയ വംശീയ സമൂഹമായ സ്ലാവുകളുടെ പിന്മുറക്കാർ തന്നെയാണ് സെർബുകളെങ്കിലും, ഓസ്ട്രിയ അതിക്രമം തുടർന്ന് കൊണ്ടിരിക്കുകയാണ്. അവരുടെ ആത്മാഭിമാനം സംരക്ഷിക്കാൻ ജീവൻ കൊടുക്കാൻ വരെ അവിടുത്തെ സെർബുകൾ തയ്യാറാണെങ്കിലും അവർക്ക് വേണ്ടി സംസാരിക്കാനും നേതൃത്വം കൊടുക്കാനും ആരുമില്ല.
സെർബുകളെ വിഘടനവാദികളെന്ന് മുദ്രകുത്തി ഓസ്ട്രിയൻ ഭരണകൂടം അവരുടെ ആത്മവിശ്വാസത്തെയും സമരവീര്യത്തെയും തല്ലികെടുത്തിയിരിക്കുന്നു. സെർബുകൾ എവിടെയായിരുന്നാലും അവരുടെ രക്ഷാകർതൃത്വം ഏറ്റെടുക്കാൻ സെർബിയൻ ഭരണകൂടത്തിന് അവകാശം ഉണ്ട്. സെർബുകളെ സഹായിക്കാനും അവരുടെയൊപ്പം ചേർന്ന് പോരാടി ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനും ബാധ്യതയുള്ള സെർബിയൻ ഭരണകൂടത്തിനും രാജാവിനും ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല. രാജാവായ അലക്സാണ്ടർ ഒബ്രനോവിച്ച് തന്റെ മധ്യവയസ്കയായ കാമുകിയും പത്നിയുമായ ഡ്രാഗയുമായി രമിച്ചു നടക്കുകയാണ്. കുലീനയായ സ്വന്തം മാതാവായ നതാലിയയെ പോലും ആ വിധവയ്ക്ക് വേണ്ടി നാട് കടത്തിയ രാജാവിൽ നിന്ന് നീതി കിട്ടുമെന്ന് ആന്റിച്ചിന്റെ വസതിയിൽ കൂടിയ യുവസൈനികർ കരുതുന്നില്ല. കൂടാതെ കൊസ്സാക്കുകളുടെ പിന്തുണ രാജാവിനെ കൂടുതൽ അഹങ്കാരിയും ദുർനടത്തിപ്പുകാരനുമാക്കി തീർക്കുന്നുവെന്നും ഗൂഢാലോചനക്കാർ വിലയിരുത്തി. ഇനിയും ഇത് അനുവദിക്കാൻ കഴിയില്ല. വേണ്ടിവന്നാൽ ആഭ്യന്തര കലാപത്തിലൂടെ അലക്‌സാണ്ടർ ഒബ്രനോവിച്ച് നേതൃത്വം നല്കുന്ന സെർബിയൻ ഭരണത്തെ അട്ടിമറിക്കണം. അവിടെ കൂടിയിരുന്നവരിൽ രോഷം അണപൊട്ടി.
സെർബിയൻ ഭരണത്തെ അട്ടിമറിച്ച് സെർബിയൻ വംശജർക്ക് നീതി ലഭ്യമാക്കണം എന്ന കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. പക്ഷെ കലാപത്തിന്റെ പ്രയോഗ സാധ്യതയെ കുറിച്ചുള്ള ആശങ്ക, സൈന്യത്തിൽ പുതുമുഖമായ അവർക്കുണ്ടായി. ഒടുവിൽ രാജ്യത്തിന്‌ വേണ്ടി, പീഡിപ്പിക്കപ്പെടുന്ന സെർബുകൾക്ക് വേണ്ടി ആ ദൗത്യം ഏറ്റെടുക്കാൻ തണുത്തു വിറങ്ങലിക്കുന്ന ആ രാത്രിയിൽ അവർ തീരുമാനിച്ചു. അതിന് വേണ്ടി ഒരു പദ്ധതിയും അവർ തയ്യാറാക്കി.
സെപ്റ്റംബർ 11-ന് അലക്‌സാണ്ടർ ഒബ്രനോവിച്ചിന്റെ പ്രണയിനിയും രാഞ്ജിയുമായ ഡ്രാഗയുടെ പിറന്നാളാണ്. അന്നേ ദിവസം രാജാവും രാഞ്ജിയും പിറന്നാൾ ആഘോഷങ്ങൾക്ക് കൊളറാക്കിൽ എത്തും. അവിടെ വെച്ച് രണ്ടുപേരെയും വിഷം പുരട്ടിയ കത്തിയുപയോഗിച്ച് കുത്തി വീഴ്ത്തുക, അതായിരുന്നു പദ്ധതി.
young alalexander with his father king milan in 1888 
അലക്‌സാണ്ടർ രാജാവിന്റെ പിതാവ് മിലാൻ സെർബിയയുടെ രാജാവായിരുന്നു. വിഷയലമ്പടനായിരുന്ന മിലാന് നൃത്തശാലകളിൽ നിന്ന് അരമനകളിലേക്ക് എത്തിച്ചേരുന്ന സ്ത്രികളിലായിരുന്നു താല്പര്യം. അദ്ദേഹത്തിന് ഒരിക്കലും ഭാര്യയായ നതാലിയയോട് വിശ്വസ്തത പുലർത്താൻ കഴിഞ്ഞിരുന്നില്ല. അന്തപുരത്തിലെ സ്ത്രീകളെക്കാൾ താഴെയാണ് തന്റെ സ്ഥാനമെന്ന് കരുതിയ നതാലിയ റഷ്യയിലെ സർ ചക്രവർത്തിയുമായി സഖ്യമുണ്ടാക്കി മകനുമായ അലക്‌സാണ്ടറുമൊത്ത് ബെയ്സാവാടർ കൊട്ടാരത്തിലേക്ക് താമസം മാറ്റി.
സെർബിയയുടെ യുവരാജാവായ അലക്‌സാണ്ടറെ ഒരു നിയമപോരാട്ടത്തിലൂടെ തന്റെ അടുക്കലേക്ക് എത്തിച്ച മിലാൻ മകനെ രാജാവായി വാഴിച്ച് വിശ്രമജീവിതം നയിക്കാൻ തീരുമാനിച്ചു. പന്ത്രണ്ട് വയസ് പോലും പ്രായമില്ലാത്ത മകന് പ്രായപൂർത്തിയാവുന്നത് വരെ ഭരണം നടത്തുന്നതിന് രണ്ട് ജനറൽമാരെ റീജിയന്റ്മാരായി നിയമിക്കുകയും ചെയ്തു.
അലക്‌സാണ്ടറിനായി രാജ്യം ഭരിച്ച ജനറൽമാർ തടവിലാക്കിയിരുന്ന വിപ്ലവകാരികളെ മോചിപ്പിച്ചു കൊണ്ട് പുതിയ ഭരണത്തിന് തുടക്കം കുറിച്ചു. അങ്ങനെ പൊതുജീവിതത്തിൽ സജീവമായ വിപ്ലവകാരികൾക്ക് രാജ്യഭരണത്തിൽ മേൽകൈ നേടാൻ അധികകാലം വേണ്ടിവന്നില്ല. ഓസ്ട്രിയൻ പക്ഷപാതിത്വം ഉണ്ടായിരുന്ന മിലാന്റെ വിദേശ നയത്തോട് അവർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. വിപ്ലവകാരികൾക്ക് റഷ്യയുമായി സൗഹൃദം സ്ഥാപിക്കാനായിരുന്നു ആഗ്രഹം. റഷ്യയുമായി ബന്ധം ഊട്ടിയുറപ്പിക്കാൻ സെർബിയൻ രാജകുമാരനെ സർ അലക്‌സാണ്ടർ മൂന്നാമന്റെ അരികിലേക്ക് പറഞ്ഞയച്ചു. ബോസ്നിയയയിലും ഹെർസിഗോവിനയിലും ഹംഗറിക്കുള്ള താല്പര്യം റഷ്യ തടയും എന്നുള്ള ഉറപ്പും വാങ്ങിയാണ് രാജകുമാരൻ റഷ്യയിൽ നിന്നും മടങ്ങിയത്.
അച്ഛൻ മിലാനുമായും അകന്ന് കഴിയുകയായിരുന്ന മാതാവ് നതാലിയയെ ബിയാറിറ്റ്സ് നഗരത്തിലേക്ക് അലക്‌സാണ്ടർ കൂട്ടികൊണ്ട് വന്നു. നതാലിയയുടെ സഹായിയായി കൂടെയുണ്ടായിരുന്ന യുവതിയിൽ കൗമാരക്കാരനായ അലക്‌സാണ്ടറുടെ കണ്ണുകളുടക്കാൻ ഏറെ കഴിയേണ്ടി വന്നില്ല.
alaexander and his wife queen draga 
ഡ്രാഗ.. ആരെയും ആകർഷിക്കുന്ന നീലക്കണ്ണുകളുള്ള വശ്യസുന്ദരി. തന്നെക്കാൾ പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള യുവതിയും മാതാവിന്റെ വാല്യക്കാരിയുമായ ഡ്രാഗയെ കൗമാരക്കാരനായ അലക്‌സാണ്ടർ തീവ്രമായി പ്രണയിച്ചു തുടങ്ങി. പ്രതിബന്ധങ്ങൾ ഉണ്ടാകുമെന്ന് അറിയാം, എങ്കിലും അവളെ ജീവിതസഖി ആക്കാൻ അലക്‌സാണ്ടർ തീരുമാനിച്ചു. സ്വയം തീരുമാനങ്ങൾ കൈകൊള്ളേണ്ടി വരും. അതിനുവേണ്ടി ആദ്യം ചെയ്തത് റീജിയൻറെ ഭരണം അവസാനിപ്പിക്കുക എന്നതായിരുന്നു.
പതിനാറാം വയസ്സിൽ താൻ രാജ്യഭരണം നോക്കി നടത്താൻ പ്രാപ്തനാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് റീജ്യൻറ് ഭരണം അവസാനിപ്പിച്ചു. ഡ്രാഗയോടുള്ള പ്രണയവും, വിവാഹവും വലിയ വിവാദമാണ് കൊട്ടാരത്തിനകത്തും പുറത്തും ഉണ്ടാക്കിയത്. രാജ്യാധികാരം ഒഴിഞ്ഞിരുന്നുവെങ്കിലും മന്ത്രിസഭയുടെ തീരുമാനപ്രകാരം മുഖ്യ സൈന്യാധിപന്റെ ചുമതല വഹിച്ചിരുന്ന പിതാവ് മിലാന് മകന്റെ എടുത്തുചാട്ടം ഇഷ്ടപ്പെട്ടിരുന്നില്ല. പിതാവും മാതാവും ആവശ്യപ്പെട്ടിട്ടും തന്റെ പ്രണയത്തിൽ നിന്നും പിന്മാറാൻ അലക്‌സാണ്ടർ തയ്യാറായില്ല. നതാലിയ മകനെ വീട്ടു പോയി. മന്ത്രിസഭാംഗങ്ങൾ രാജിവെച്ചു. എന്നാൽ ഡ്രാഗയോടുള്ള പ്രണയം അസ്ഥികളിൽ പിടിച്ച അലക്‌സാണ്ടർക്ക് ഇത്തരം കൊട്ടാരവിപ്ലവങ്ങൾക്ക് മുന്നിൽ അടിയറവ് വെയ്ക്കാനുള്ളതല്ല തന്റെ പ്രണയമെന്ന് പ്രഖ്യാപിച്ചു. സത്യം പറഞ്ഞാൽ സെർബിയയുടെ സിംഹാസനത്തെക്കാൾ ഡ്രാഗയുടെ പ്രണയത്തെ രാജകുമാരൻ വിലമതിച്ചിരുന്നു. തന്നെക്കാൾ പ്രായം കൂടിയ സ്ത്രീകളോട് തോന്നുന്ന ഒരുതരം ആരാധന അലക്‌സാണ്ടറുടെ മനസ്സിനെ ഭരിക്കുകയും ചെയ്തിരുന്നു.
റഷ്യൻ ചക്രവർത്തിയായിരുന്ന നിക്കോളാസ് രണ്ടാമന്റെ പിന്തുണയോടെ അലക്‌സാണ്ടർ ഡ്രാഗയെ വിവാഹം കഴിച്ചു. ഡ്രാഗയോടുള്ള പ്രണയത്തിന്റെ പേരിൽ ഇടഞ്ഞു നിന്ന മന്ത്രിസഭാംഗങ്ങൾക്കു കൂടുതൽ അധികാരങ്ങൾ നൽകി പ്രതിഷേധങ്ങളുടെ മുനയൊടിച്ചു. രാഷ്ട്രീയക്കാരെ മെരുക്കുന്നത് പോലെ എളുപ്പമല്ല സൈന്യത്തിലെ തീവ്ര ദേശീയവാദികളെ നേരിടുകയെന്നത് അലക്‌സാണ്ടർ രാജകുമാരൻ കരുതി. ഡ്രാഗയെ ഒഴിവാക്കി കുലീനയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കണം എന്നതായിരുന്നു അവരുടെ നിലപാട്. സൈന്യത്തിലെ ചിലർ മദ്യത്തിന് അടിമയായി കഴിഞ്ഞിരുന്ന അവളുടെ മാതാവിന്റെയും, ഭ്രാന്താലയത്തിൽ കിടന്നു മരിച്ച പിതാവിന്റെയും കഥകൾ മെനഞ്ഞു ഡ്രാഗയെ അപമാനിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിതീവ്ര ദേശീയ ബോധവും, സംഘബോധമുള്ള സെർബിയൻ ജനത എതിരാവുന്നതിലെ അപകടത്തെക്കുറിച്ച് അലക്‌സാണ്ടർക്ക് നന്നായി അറിയാം. അവൾക്ക് കുലമഹിമ അവകാശപ്പെടാൻ ഒന്നുമില്ലയായിരിക്കാം, അതുകൊണ്ട് വ്യാജപ്രചരണങ്ങൾ എന്തുമായിക്കൊള്ളട്ടെ മാതാപിതാക്കളുടെ അസ്വാരസ്യങ്ങൾക്കിടയിൽ വളർന്ന തനിക്ക് സ്നേഹം എന്താണെന്ന് പകർന്നു നൽകിയത് അവളായിരുന്നു. അതുകൊണ്ട് അധികാരവും പ്രാണനും ഉപേക്ഷിക്കേണ്ടി വന്നാലും ഡ്രാഗയെ ഉപേക്ഷിക്കാൻ താൻ പോകുന്നില്ല. അവൾക്ക് വേണ്ടി അഞ്ചിലധികം മനോഹര സൗധങ്ങൾ പണിതുയർത്തിയർത്തി അവളോടുള്ള അഗാധ പ്രണയം അയാൾ വെളിപ്പെടുത്തി.
ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂ ഡ്രാഗയുടെ പിറന്നാൾ ആഘോഷത്തിന്. ആഘോഷം കെങ്കേമമാക്കാൻ അലക്‌സാണ്ടർ ചക്രവർത്തി തീരുമാനിച്ചു. അതേസമയം രാജാവിനെയും രാഞ്ജിയെയും വധിക്കാനുള്ള ആയുധങ്ങൾക്ക് ആലയിൽ മൂർച്ച കൂട്ടുകയായിരുന്നു കുതിരപ്പട്ടാളത്തിലെ ഗൂഢസംഘം. സെർബിയൻ വംശജരുടെ ആത്മാഭിമാനം സംരക്ഷിക്കാനും വിശാല സെർബിയ എന്ന ആശയം പ്രാവർത്തികമാക്കാനും അവർ സൈന്യത്തിലെ തങ്ങളുടെ സുഹൃത്തുക്കളെ കൂടി ഗൂഢസംഘത്തിൽ ഉൾപ്പെടുത്തി.
അതീവരഹസ്യമായി ശത്രുവിനെ നിഗ്രഹിക്കാൻ കഴിവുള്ള ലെഫ്റ്റനന്റ്മാരായ മാറിൻ കോവിച്ചിനെയും നാക്കോഡിയ പാപ്പോവിച്ചിനെയും കൃത്യനിർവഹണത്തിന് നിയോഗിച്ചു. റബൂടിൻ ഡൂലിച്ച് രാജവിനെയും രാഞ്ജിയെയും വധിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്തു. മുൻപ് ഡ്രാഗ തന്റെ സഹോദര പത്നിയായിരുന്നു എന്ന ചിന്തയൊന്നും ഡൂലിച്ചിനെ അലട്ടിയിരുന്നില്ല.
റെബൂട്ടിങ് ഡൂലിച്ചിനെ പറഞ്ഞയച്ചതിന് ശേഷം യുവസൈനികർ ഗൂഢാലോചനയുടെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി. പിറന്നാൾ ആഘോഷത്തിനിടയിൽ എല്ലാവരും മദ്യത്തിന്റെ ലഹരിയിൽ നൃത്തം ചെയ്യാൻ തുടങ്ങുമ്പോൾ സ്ഫടികകൂട്ടിൽ കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം മിലാൻ പെട്രോവിച്ച് കെടുത്തും, ആ സമയം രാജാവിനെയും രാഞജിയെയും ഡ്യൂലിച്ച് മുറിവേല്പിക്കും. അതായിരുന്നു പദ്ധതി. പക്ഷെ ഡൂലിച്ച് രാജപക്ഷക്കാരുടെ പിടിയിലായാൽ എല്ലാ പദ്ധതികളും തകരും. അതിലെ അപകടം എല്ലാവരെയും ഞെട്ടിപ്പിച്ചു. ഗൂഢാലോചനയിൽ പങ്കെടുത്തവർ ഒന്നിനു പുറകെ ഒന്നായി എല്ലാവരും പിടിക്കപ്പെടും. മരണത്തെ ഭയമില്ല. എന്നാൽ എന്തിന് വേണ്ടിയാണോ ഈ സാഹസ കൃത്യത്തിന് ഇറങ്ങിത്തിരിച്ചത് അത് ലക്ഷ്യം കാണാതെ അവസാനിക്കും. രാജാവിനെയും രാഞ്ജിയെയും കൊലപ്പെടുത്തുകയല്ല ലക്ഷ്യം, വിശാല സെർബിയ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കൊസ്സാക്കുകളുടെ ഇച്ഛയ്ക്കൊത്ത് ചലിക്കുന്ന രാജാവിനെ വധിക്കുയല്ലാതെ മറ്റൊരു മാർഗം ഇല്ലെന്ന് അവർ കരുതി. യുവ സൈനികരുടെ ആശങ്കയ്ക്ക് പരിഹാരമായി ദിമിത്രിയോവിച്ച് മുൻകൂട്ടി തയ്യാറാക്കിയ മറ്റൊരു പദ്ധതി വെളിപ്പെടുത്തി.
1901 സെപ്റ്റംബർ 11, ബെൽഗ്രേഡിലേ രാജകീയ ദർബാർ ഹാൾ രാഞ്ജിയുടെ പിറന്നാൾ ആഘോഷത്തിന് അണിഞ്ഞൊരുങ്ങി. അതിശൈത്യമായിരുന്നു പുറത്തെങ്ങും. അതൊന്നും ആഘോഷത്തിന്റെ മാറ്റ് കുറയ്ക്കാൻ പോന്നതായിരുന്നില്ല. രാജപ്രമുഖരും, മന്ത്രിമാരും, പൗരപ്രമുഖരും, ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന വലിയൊരു നിര ദർബാർ ഹാളിൽ സ്ഥാനം പിടിച്ചു.
ഏറെ വൈകാതെ വിഷം പുരട്ടിയ കത്തികൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് റെബൂട്ടിൻ ഡൂലിച്ചും അധികം വൈകാതെ മിലാൻ മാരികോവിച്ചും കടന്ന് വന്നു. തങ്ങൾക്ക് ഓരോരുത്തരും അവർ നിശ്ചയിച്ച അകലത്തിൽ നിലയുറപ്പിച്ചു. രാജ്യത്തിന്‌ വേണ്ടി, വിശാല സെർബിയയ്ക്ക് വേണ്ടി തങ്ങളുടെ കടമകൾ നിറവേറ്റാൻ അഭിമാനത്തോടെ അവർ തയ്യാറായി നിന്നു. ആ ദർബാർ ഹാൽ മുഴുവൻ രാജാവിന്റെയും രാഞ്ജിയുടെയും വരവിനായി കാത്തിരുന്നു...


Like
CommentShare
Comments
Write a comment...

No comments:

Post a Comment