ആഷസിന് ഇന്ന് തുടക്കം.
ക്രിക്കറ്റിന് ഒരു സൗന്ദര്യമുണ്ട്., അത് അതിന്റ അനിശ്ചിതത്വം ആണ്. അവസാന പന്ത് വരെ നീണ്ടുനിൽക്കുന്ന അനിശ്ചിതത്വം. ക്രിക്കറ്റ് എത്ര മനോഹരമാണെന്ന് കാണിച്ചു തന്ന മത്സരമായിരുന്നു ഇക്കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ. ഇന്ത്യയുണ്ടായിരുന്നില്ല അവിടെ. എന്നിട്ടും... വീറും വാശിയും അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ കളി..., ഒടുവിൽ ടൈ... പിന്നെ സൂപ്പർ ഓവർ...! ശ്വാസം വരെ നിലച്ചുപോകുന്ന ആറ് ബോളുകൾ? അവസാന പന്തെറിയുമ്പോൾ അറിയാതെ വിളിച്ചുപോയി "എന്റെ ദൈവമേ.." വീണ്ടും ടൈ... എന്തൊരു ക്രിക്കറ്റയിരുന്നു അത്!! അവസാനം ന്യൂസീലൻഡ് തോറ്റു. അല്ല... തോറ്റത് ക്രിക്കറ്റ് നിയമങ്ങളാണ്. പറഞ്ഞതിനർത്ഥം ഇംഗ്ലണ്ട് തോൾക്കേണ്ടവർ ആയിരുന്നു എന്നല്ല, വിജയിച്ചത് ക്രിക്കറ്റാണ്, അതാണ് കെയ്ൻ വില്യംസിന്റെ ശരീരഭാഷയും വാക്കുകളും കേട്ടപ്പോൾ തോന്നിയത്.
ഇന്ന് ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണിൽ ആഷസിലെ ആദ്യ പന്തെറിയുമ്പോൾ നമ്മുടെ മനസ്സിൽ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ആഷസിന്റ ഒന്നര നൂറ്റാണ്ട് ചരിത്രം തന്നെ വീറും വാശിയും എന്നത് പോലെ അപമാനവും പ്രതികാരവും നിറഞ്ഞതാണ്.
1882-ലാണ് ആഷസിന്റ തുടക്കം. അന്നത്തെ ഓസ്ട്രേലിയയുടെ ഇംഗ്ലീഷ് പര്യടനത്തിൽ ഒരേയൊരു ടെസ്റ്റാണ് ഉണ്ടായിരുന്നത്. ബ്രിറ്റ് ഓവലിൽ നടന്ന കളി ഇംഗ്ലണ്ടിന് അനായാസം ജയിക്കാമായിരുന്നു. എന്നാൽ ഇംഗ്ലണ്ടിന്റെ അലസത ഓസ്ട്രേലിയ മുതലെടുത്തു. ഇംഗ്ലണ്ട് ഏഴ് റൺസിന് പരാജയപ്പെട്ടു. ജയിക്കാമായിരുന്ന കളി തോറ്റതിൽ ടീമിനെതിരെ പ്രതിഷേധവും പരിഹാസവുമുണ്ടായി ഉണ്ടായി. സ്പോർട്ടിങ് ടൈംസ് എന്ന ടാബ്ലോയിഡ് പത്രം, അവരുടെ ചരമകോളത്തിൽ ഷേർലി ബ്രൂക്ക്സ് എന്ന റിപ്പോർട്ടർ ഇങ്ങനെ എഴുതി :- "ഓഗസ്റ്റ് 29-ന് ഓവലിൽ മരിച്ച ഇംഗ്ലീഷ് ക്രിക്കറ്റിന്റെ പാവന സ്മരണയ്ക്ക് മുന്നിൽ ആദരവോടെ സുഹൃത്തുക്കളും ബന്ധുക്കളും.... RIP. ശരീരം ദഹിപ്പിച്ച് ചാരം ( ആഷസ് - ashes) ഓസ്ട്രേലിയയ്ക്ക് കൊണ്ട് പോകും."
പരിഹാസവും കുറ്റപ്പെടുത്തലുകൾ കൊണ്ടും അപമാനിതനായി തീർന്നു അഭിജാതരായ ഇംഗ്ലണ്ട് ടീം. പുതിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇവോ ബ്ലൈ എന്ന ലോർഡ് ഡാൻലി അടുത്ത ശൈത്യകാലത്ത് ആഷസിന് ഓസ്ട്രേലിയയിലേക്ക് തിരിക്കും മുൻപ്, ഇംഗ്ലീഷ് ടീമിന്റെ ചാരം വീണ്ടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്തു. മാധ്യമങ്ങൾ ഡാൻലിയുടെ വാക്കുകൾ ഏറ്റെടുത്തു. ഇംഗ്ലണ്ട് ടീമിന്റെ ചിതാഭസ്മം വീണ്ടെടുക്കാനുള്ള പോരാട്ടമായി മൂന്ന് മത്സരങ്ങളുള്ള പരമ്പരയെ അവർ വിലയിരുത്തി. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്ക് മുന്നിൽ അടിയറ വെച്ചതോടെ അവർക്ക് സമ്മർദ്ദമേറി. പരമ്പര തോറ്റ് നാട്ടിലേക്ക് പോയാലുള്ള നാണക്കേട് ഓർത്തപ്പോൾ.. പിന്നൊന്നും അവർ ചിന്തിച്ചില്ല. വർദ്ധിത വീര്യത്തോടെ ആഞ്ഞടിച്ച ഇംഗ്ലണ്ടിന് മുന്നിൽ ഓസ്ട്രേലിയ കീഴടങ്ങി. 2- 1 ന് ഇംഗ്ലണ്ട് പരമ്പര നേടി. അതോടെ "ആഷസ് " വീണ്ടെടുത്തതായി മാധ്യമങ്ങൾ വാഴ്ത്തുകയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയും ചെയ്തു.
ഇംഗ്ലണ്ടിന്റെ വിജയത്തിൽ ആവേശം കൊണ്ട മെൽബണിലെ ഏതാനും ഇംഗ്ലീഷ് വനിതകൾ മൂന്നാം ടെസ്റ്റിന് ഉപയോഗിച്ച ബെയിൽസുകൾ കത്തിച്ച് ചാരമാക്കി ചൂണ്ട് വിരലോളം വലിപ്പമുള്ള ചെപ്പിലടച്ച് "ഓസ്ട്രേലിയൻ ടീമിന്റെ ചിതാഭസ്മം " എന്ന് സങ്കൽപ്പിച്ച് ഇംഗ്ലീഷ് നായകന് സമ്മാനിച്ചു. (ആ വനിതകളിൽ ഒരാളെ ഇംഗ്ലണ്ട് ക്യാപ്റ്റൻ വിവാഹം ചെയ്തു ). അന്നുമുതലാണ് ഇംഗ്ലണ്ട് - ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങൾ ആഷസ് പരമ്പരയെന്ന പേരിൽ പ്രശസ്തമായി തീർന്നത്. ഓരോ രണ്ട് വർഷത്തേക്കും നടക്കുന്ന മത്സരങ്ങൾ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും മാറിമാറി നടത്തപ്പെടുന്നു.
ഇവോ ബ്ലിങ്ങിന്റെ മരണശേഷം, 1927-ൽ അദ്ദേഹത്തിന്റെ ഭാര്യ ഫ്‌ളോറിൻസ് ചരിത്രപ്രാധാനമായ ചിതാഭസ്‌മച്ചെപ്പ് MCC (marylebone cricket club) ക്ക് കൈമാറി. ഈ ചെപ്പ് 1953 മുതൽ ലണ്ടനിലുള്ള ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ imperiyal ക്രിക്കറ്റ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. കൂടെ 1882-ൽ നടന്ന ടെസ്റ്റ് മാച്ചിലെ സ്കോർ കാർഡും ഉണ്ട്. അവിടെയുള്ള ചിതാഭസ്‌മച്ചെപ്പിൽ ഏതാനും വരികൾ ആലേഖനം ചെയ്തിട്ടുണ്ട്.:-
When lvo goes back with the urn, the urn.,
Studds, steel, Read and Tyecote, return.,
The welkin will ring loud,
The great crowd will feel proud,
Seeing Barlow and bates with the urn,the urn.,
And the rest coming home with the urn.
Studds, steel, Read and Tyecote, return.,
The welkin will ring loud,
The great crowd will feel proud,
Seeing Barlow and bates with the urn,the urn.,
And the rest coming home with the urn.
ഇതാണ് ആലേഖനം ചെയ്യപ്പെട്ട ആ വരികൾ. ഇംഗ്ലണ്ടുകാർ എത്ര വൈകാരികതയോടെയാണ് ഓസ്ട്രേലിയയുമായുള്ള ക്രിക്കറ്റിനെ കാണുന്നതെന്ന് ഈ വരികൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റുകളിൽ ഒന്നായ ആഷസ് ക്രിക്കറ്റിൽ, വീറും വാശിയും എന്നത് പോലെ മനോഹരമായ, അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് കണ്ണും കാതും കൂർപ്പിച്ച് നമുക്ക് കാത്തിരിക്കാം.......
അടിക്കുറിപ്പ് :
ലണ്ടനിലെ ലോർഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ബെയ്‌ൽസ് ചാരം ഉൾക്കൊള്ളുന്ന യഥാർത്ഥ ആഷസ് ട്രോഫിയുടെ പ്രതീകമായി നിർമ്മിച്ച ട്രോഫിയാണ് ഇപ്പോൾ ജേതാക്കൾക്ക് നൽകുന്നത്.
ലണ്ടനിലെ ലോർഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ബെയ്‌ൽസ് ചാരം ഉൾക്കൊള്ളുന്ന യഥാർത്ഥ ആഷസ് ട്രോഫിയുടെ പ്രതീകമായി നിർമ്മിച്ച ട്രോഫിയാണ് ഇപ്പോൾ ജേതാക്കൾക്ക് നൽകുന്നത്.


No comments:
Post a Comment