മമ്മിഫിക്കേഷൻ.
(ഈജിപ്ത് ചരിത്രം. 6 )
ഈ മമ്മികരണത്തിന് പ്രധാനമായും രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, പ്രത്യേക രാസവസ്തുക്കൾ ഉപയോഗിച്ച് മൃതശരീരത്തെ തയ്യാറാക്കുന്നത്. ഇതിനെ എംബാം എന്ന് വിളിക്കുന്നു. രണ്ടാമത്തേത്, ലിനൻ തുണി കൊണ്ട് മൃതദേഹത്തെ പൊതിയുന്നത്.
മരിച്ചു കഴിഞ്ഞാൽ ആദ്യമായി അയാളുടെ ശരീരം ഇബു എന്ന് വിളിക്കുന്ന കൂടാരത്തിലേക്ക് കൊണ്ട് പോകുന്നു. ഇവിടെ വെച്ച് ഉത്തരവാദിത്വമുള്ള സംശോധകന്മാർ ശുദ്ധികർമ്മം നടത്തുന്നു. ആദ്യം ശരീരം സുഗന്ധദ്രവ്യങ്ങൾ ചേർത്ത പനങ്കള്ളു ഉപയോഗിച്ച് കഴുകുമത്രേ. പിന്നീട് നൈൽജലം ഉപയോഗിച്ച് ശുചീകരിക്കുകയും, അങ്ങനെ വിശുദ്ധമാക്കപ്പെട്ട ശരീരത്തിന്റെ ആന്തരാവയവങ്ങൾ നീക്കം ചെയ്യലാണ് അടുത്ത ഘട്ടം. പണ്ട് കാലത്ത് തന്നെ ശരീരത്തിലെ ചില അവയവങ്ങളിൽ നിന്നാണ് ചീഞ്ഞഴുകാൻ തുടങ്ങുകയെന്ന് പുരാതന ഈജിപ്തുകാർക്ക് അറിയാമായിരുന്നു. ഇന്ന് നമുക്ക് അറിയാവുന്നത് പോലെ കുടലൽമാലകളാണ് ആദ്യം അഴുകാൻ തുടങ്ങുക. അതിന് കാരണം കുടലുകൾക്കത്തെ സൂക്ഷ്മാണുക്കളുടെ അതിസാന്ദ്രമായ സാന്നിധ്യമാണ്. ഒരു ശസ്ത്രക്രിയാ വിദഗ്ധന്റെ കരവിരുതോടെ ശരീരത്തിന്റെ ഇടതുഭാഗത്തായി മൂർച്ചയുള്ള ആയുധം കൊണ്ട് സൃഷ്ടിക്കുന്ന ആഴത്തിലുള്ള മുറിവിലൂടെയാണ് ആന്തരായവയവങ്ങൾ നീക്കം ചെയ്യുന്നത്. ശ്വാസകോശങ്ങൾ, കരൾ, പ്ലീഹ, ആമാശയം, കുടലുകൾ ഒന്നൊന്നായി പുറത്തെടുക്കുന്നു. ഹൃദയം അവിടെ ബാക്കിയാവുന്നു. അക്കാലത്ത് ഹൃദയത്തിനായിരുന്നു കൂടുതൽ പ്രാധാന്യം. ബുദ്‌ധിശക്തിയുടെയും വികാരഭാവങ്ങളുടെയും ഇരിപ്പിടം ഹൃദയമെന്നായിരുന്നു പൊതുവെയുള്ള ധാരണ. മരണാനന്തര ജീവിതത്തിന് ഹൃദയം ആവശ്യവുമായിരുന്നു. ഇന്നും അതിന് മാറ്റമുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. ഹൃദയം കൊണ്ട് കവിത എഴുതാം, പിന്നെ ഹൃദയമില്ലാത്ത പ്രേമത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല. 😍
യഥാർത്ഥ വിജ്ജാനതിന്റെ കേന്ദ്രമായ മസ്തിഷ്കമാണ് അവസാനമായി പുറത്തെടുക്കുക. അത് പുറത്തെടുക്കുന്നതിന് ശരീരശാസ്ത്രത്തിന്റെ ഏറ്റവും ഉന്നതമായ അറിവും പ്രയോഗത്തിലെ കൈമിടുക്കും ഇവിടെ നമുക്ക് ദർശിക്കാം. നാസാരന്ധ്രങ്ങളിലൂടെ തലച്ചോറിലേക്കുള്ള വഴി അന്നേ ഈജിപ്തുകാർക്ക് അറിയാമായിരുന്നു. ഇന്ന് അങ്ങേയറ്റം സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയകൾ ചെയ്യാനായി ഉപയോഗിക്കുന്ന ഈ മെത്തേഡിനെ ട്രാൻസ്സ്ഫീനോയ്ഡൽ (Transsphenoidal) മാർഗ്ഗമെന്നാണ് വിളിക്കുന്നത്. നാസികാമൂലത്തിന് മുകളിലുള്ള സ്ഫിനോയിഡ് എന്ന ആസ്തിയിലൂടെയാണ് ഇത് സാധിക്കുന്നത്. സ്ഫീനോയ്ഡ് എന്നാൽ ആപ്പിന്റെ രൂപത്തിലുള്ളത് എന്നാണർത്ഥം. എന്നാൽ ഈ അസ്ഥിക്ക് ഒരു ചിത്രശലഭത്തിന്റെയോ വവ്വാലിന്റെയോ രൂപമാണ്. അറ്റം വളഞ്ഞ ഒരു രോമകമ്പി മൂക്കിലൂടെ കടത്തി അതിലോലമായ സ്ഫീനോയ്ഡ് അസ്ഥിയുടെ ഭാഗങ്ങൾ തുരന്നോ അല്ലെങ്കിൽ സ്ഫീനോയ്ഡിന് തൊട്ടുള്ള എത്മോയ്ഡ് അസ്ഥിയിലെ അരിപ്പ പോലുള്ള പരന്ന ഭാഗം ലോകകമ്പി കൊണ്ട് തകർത്തോ ആണ് തലയോട്ടിക്കുള്ളിൽ പ്രവേശിക്കുന്നത്. പിന്നീട് അതെ ലോകകമ്പി ഉപയോഗിച്ച് തന്നെ മസ്തിഷ്‌കം പൂർണമായും വലിച്ചെടുക്കുകയും ചെയ്യും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവുകൾ ഇവിടെ ഈജിപ്തിലെ പ്രാചീനരുടെ മുൻപിൽ തകർന്ന് വീഴുന്നു എന്ന് പറയാതെ വയ്യ.
പുറത്തേക്കെടുക്കുന്ന ആന്തരാവയവങ്ങൾ ഓരോന്നായി പ്രത്യേകം ശുചീകരിച്ച് നാട്രോൺ എന്ന് വിളിക്കുന്ന സോഡാക്കാരത്തിൽ ആഴ്ത്തി, അകം നിറച്ചു പൊതിയുന്നു. നാട്രോൺ എന്നാൽ സോഡിയം കാർബണേറ്റ് ഡെക്കാഹൈഡ്രേറ്റും, 17% സോഡിയം ബൈകാർബണേറ്റും, അല്പം കറിയുപ്പും, സോഡിയം സൾഫേറ്റും ചേർന്ന ഒരു മിശ്രിതമാണ്. പ്രകൃത്യാ കണ്ട് വരുന്ന ലവണങ്ങളാണ് ഇവ. നാട്രോൺ കൂടാതെ വേറെയും ചില രാസവസ്തുക്കൾ ഇതിനോടപ്പം ചേർക്കുന്നു. അവയുടെ യഥാർത്ഥ ഘടനയും മിശ്രിതത്തിലെ അനുപാതവും ഇന്നും നമുക്ക് ആഞ്ജാതമാണ്. പ്രാചീന ഈജിപ്തിലെ വറ്റിവരണ്ട ജലാശയങ്ങളുടെ അടിത്തട്ടിൽ നിന്നാണ് നാട്രോൺ ശേഖരിക്കുന്നത്. അന്ന് ഇതിനെ വിളിച്ചിരുന്നത് നെതെരി എന്നായിരുന്നു. ഗ്രീക്കുകാർ ഇതിനെ നൈട്രോണും, ഇംഗ്ലീഷുകാർ നാട്രോണും ആക്കിമാറ്റി.
മരുഭൂമിയിലെ വരണ്ട താഴ് വരയായ വാദി നാട്രൂണിൽ (Wadi Natrun ) നിന്നായിരുന്നുവത്രെ ഏറ്റവും കൂടുതൽ നാട്രോൺ അക്കാലത്ത് സംഭരിച്ചിരുന്നത്. ജലാംശത്തെ അങ്ങേയറ്റം വറ്റിച്ചു കളയുന്ന സ്വഭാവമുള്ളത് കൊണ്ട് നാട്രോണിനെ മമ്മികരണത്തിന് ഉപയോഗിച്ചു. ഇനി അൽപ്പം ഈർപ്പം അവശേഷിച്ചിട്ടുണ്ടെങ്കിൽ നാട്രോണിലെ കാർബണേറ്റ് അതുമായി പ്രവർത്തിച്ച് ക്ഷാരത്തിന്റെ അളവ് വർധിപ്പിക്കുന്നു. ഈ അവസ്ഥയിൽ ശരീരം കേട് വരുന്നതിന് കാരണമായ സൂക്ഷ്മാണുക്കൾക്ക് നിലനിൽക്കാൻ അസാധ്യമായി തീരുന്നു.
![]() |
| കനോപ്പിക് ഭരണികൾ |
ആവയവങ്ങൾ നീക്കം ചെയ്ത ഒഴിഞ്ഞ ശരീരാന്തർഭാഗത്ത് താത്കാലികമായി ചില വസ്തുക്കൾ നിറച്ചുവെക്കുന്നു. തുടർന്ന്, ശരീരം മുഴുവനായും നാട്രോൺ അടങ്ങിയ രാസവസ്തുക്കളാൽ മൂടും. ശരീരത്ത് നിന്ന് അവസാനത്തുള്ളി ജലാംശവും ഇല്ലാതാക്കുന്നതിന് വേണ്ടി നാൽപ്പത് ദിവസം കിടത്തും. മധ്യകാലരാജവംശകാലത്ത് നാട്രോൺ ലായനിയാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്ത് ശരീരത്തിലെ ജലാംശം ഇല്ലാതാക്കുന്നതിന് 280 ദിവസത്തിലേറെ വേണ്ടിവരുമായിരുന്നത്രെ. നാട്രോൺ പൊടി ഉപയോഗിച്ച് തുടങ്ങിയതോടെ ദിവസങ്ങളുടെ എണ്ണം കുറഞ്ഞു വന്നു. നവീനരാജവംശ കാലത്താണ് മമ്മികരണവിദ്യ അതിന്റെ ഏറ്റവും മെച്ചപ്പെട്ട നിലയിൽ എത്തിയത്. നാല്പത് ദിവസത്തെ നാട്രോൺ പ്രവർത്തനത്തിന് ശേഷം ശരീരം ഒന്നുകൂടി നൈൽ ജലം കൊണ്ട് കുളിപ്പിക്കും. പിന്നെ നേരത്തെ മാറ്റി ഉണക്കി വെച്ചിരുന്ന ആന്തരികാവയങ്ങൾ ഓരോന്നായി ലിനൻ തുണിയിൽ പൊതിഞ്ഞു ശരീരത്തിനുള്ളിലേക്ക് മാറ്റും. ശരീരത്തിന് ജീവസുറ്റ ആകൃതി കൊടുക്കുന്നതിനായി വേറെയും വസ്തുക്കൾ നിറയ്ക്കുന്നു. അറക്കപ്പൊടി, പരുത്തിത്തുണി എന്നിവയൊക്കെ ഇതിന് ഉപയോഗിക്കുന്നു.
ആദ്യകാലത്ത്, അതായത് നീക്കം ചെയ്ത ആന്തരികാവയവങ്ങൾ തിരിച്ച് മമ്മിയിൽ തന്നെ നിക്ഷേപിച്ചിരുന്നതിന് മുൻപുള്ള കാലത്ത്, ആന്തരികാവയവങ്ങൾ പ്രത്യേകം നിർമ്മിച്ച കനോപ്പിക് ഭരണികളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ആ ഭരണികളെ മമ്മിയുടെ സമീപത്തു തന്നെ വെക്കും. മമ്മികരണവിദ്യ പുരോഗമിച്ചതോട്ട് അവയവങ്ങൾ വെക്കാൻ കനോപ്പിക് ഭരണികൾ ആവശ്യമില്ലാതെ വന്നു. എങ്കിലും ഈ വിചിത്രഭരണികൾ പ്രതീകാത്മകമായി ശവസംസ്കാര ചടങ്ങുകളിൽ ഉപയോഗിച്ചു പോന്നു. ഓരോ അവയവങ്ങളുടെയും സുരക്ഷ ഓരോ ദേവകളുടെ കയ്യിലായിരുന്നു എന്ന വിശ്വാസം രസകരമായി തോന്നാം. കരളിനെ ഇംസെതി ദേവനും ശ്വാസകോശങ്ങളെ നൈൽ ദേവതയായ ഹാപി എന്നിവരും സംരക്ഷിക്കുന്നു. ഹാപിയെ പ്രതിനിധികരിക്കുന്ന ബബൂണിന്റെ രൂപത്തിലായിരുന്നു ശ്വാസകോശങ്ങൾ സൂക്ഷിക്കാനും സംരക്ഷിക്കാനുള്ള ഭരണികൾ നിർമ്മിച്ചിരുന്നത്. ചെന്നായ്മുഖനായ ദുവാമുതേഫ് ആമാശയത്തിന്റെയും ഖെബഹ്സെന്വേഫ് കുടൽ ദേവനുമായിരുന്നു.
ആന്തരാവയവങ്ങൾ പുനഃസ്ഥാപിച്ചതിന് ശേഷം ലേപനക്രിയയാണ്.ശരീരത്തെ പ്രത്യേകം നിർമ്മിച്ച എണ്ണപ്പാത്തിയിൽ കിടത്തി വിശിഷ്ടമായ സുഗന്ധ എണ്ണകൾ പുരട്ടുന്നു. ദേഹത്തിന് പുറത്തെന്ന പോലെ ഇടതുവശത്തെ മുറിവിലൂടെ അകവും സുഗന്ധദ്രവ്യങ്ങളാൽ നല്ലപോലെ നിറയ്ക്കും. മീറ, ലവംഗം... തുടിയവ ഇതിന് ഉപയോഗിക്കും. പിന്നീട് മുറിവുകൾ തുന്നിക്കെട്ടി, നാസാദ്വാരങ്ങൾ ഔഷധത്തിൽ മുക്കിയ പരുത്തി വെച്ച്, അണുക്കളൊന്നും കയറാത്തവിധം അടയ്ക്കും. ഇത്തരത്തിൽ നീണ്ടുനിൽക്കുന്ന സംസ്കാരക്രിയകൾക്ക് ശേഷമാണ് പൊതുവെ ശവശരീരത്തെ മമ്മിയെന്നു വിളിക്കുന്നത്. മമ്മി എന്ന വാക്കിന്റെ ഉത്ഭവം പേഷ്യയിൽ നിന്നോ അറബിയിൽ നിന്നോ ആണ്. ഈ ഭാഷകളിൽ മമിയ എന്ന പദം കന്മദമെന്നും കീല് എന്നുമുള്ള അർത്ഥത്തിൽ ഉപയോഗിച്ച് കാണാറുണ്ട്. പേഷ്യയിലെ മമ്മിപർവതത്തിലെ പാറകളിൽ നിന്നും ഉരുത്തിരിയുന്ന ഈ വസ്തുവിന് നിരവധി ഔഷധഗുണങ്ങൾ ഉള്ളതായി വിവരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ഈജിപ്തിലെ മമ്മികളിൽ ഇതേ പോലുള്ള വസ്തുക്കൾ കണ്ടപ്പോൾ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് പ്രാചീന ഈജിപ്ഷ്യൻ മൃതദേഹങ്ങളെ മമ്മികൾ എന്ന് വിളിച്ചു തുടങ്ങിയത്.
അടുത്ത സ്റ്റെപ്, മമ്മിയെ ലിനൻ തുണികളാൽ പൊതിയുന്ന പ്രക്രിയയാണ്. നേർത്ത തുണികൾ ഉപയോഗിച്ച് ആദ്യം ശിരസ്സും കഴുത്തും പിന്നീട് കാലിലെയും കൈകളിലെയും വിരലുകൾ ഓരോന്നായും, മൊത്തമായും ചുറ്റിവരിയും. ഓരോ പ്രാവശ്യം ചുറ്റുമ്പോഴും അതിനടിയിൽ എംബാം ചെയ്യുന്നവർ ഏലസ്സുകൾ വെയ്ക്കും. പരലോക യാത്രയിൽ ആത്മാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണതെന്നാണ് വിശ്വാസം. ഇസിസ് ദേവിയുടെതായ ഏലസ്സുകളാണ് ഇതിൽ പ്രധാനമെന്ന് കരുതുന്നു. ലിനൻ കൊണ്ടുള്ള പൊതിയലുകൾ നടന്നു കൊണ്ടിരിക്കെ പുരോഹിതൻ ഉറക്കെ മന്ത്രങ്ങൾ ഉച്ചരിച്ചു കൊണ്ടിരിക്കും. ആത്മാവിന്റെ സുഖമപാതയാണ് ഈ പ്രാർത്ഥനയിലൂടെ എല്ലാവരും ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാം. മരിച്ചവരുടെ പുസ്തകത്തിലെ (Book of the dead ) വരികളെഴുതിചേർത്ത ഒരു പാപ്പിറസ് ചുരുളും പരേതന്റെ കൈകളിലോ അതിനടുത്തോ ആയി സൂക്ഷിച്ചിട്ടുണ്ടാവും. പരലോകയാത്രയിൽ സംശയങ്ങൾ വന്നാൽ സംശയനിവാരണത്തിനായിരിക്കണം അത്.
ശരീര ഭാഗങ്ങളെല്ലാം പൊതിഞ്ഞു കഴിഞ്ഞാലും ലിനൻ തുണികൾ പൊതിഞ്ഞുകൊണ്ടിരിക്കും. ഓരോ ചുറ്റു കഴിയുമ്പോഴും സുഗന്ധപശ അതിന്മേൽ വാരിയൊഴിക്കുകയും ചെയ്യും. ഇത് ലിനൻചുരുട്ടുകളെ ഭദ്രമാക്കുന്നു. ഒടുവിൽ അതിന് മീതെ ഒസിരിസ് ദേവന്റെ വർണചിത്രമുള്ള ഒരു ശുഭ്രവസ്ത്രം കൂടി വിരിക്കുന്നു. അവസാനം വലിയൊരു ലിനൻ വസ്ത്രം ഉപയോഗിച്ച് ഒരു ചുറ്റുകൂടി നടത്തിയാൽ മമ്മികരണം ഏതാണ്ട് പൂർത്തിയായി എന്ന് പറയാം. അതിന് ശേഷം നീണ്ട നാടകൾ ഉപയോഗിച്ച് മമ്മിക്ക് ചുറ്റും കുറുകെയും വിലങ്ങനെയുമെല്ലാം പലവട്ടം കെട്ടുന്നു. പിന്നീട് മമ്മിയെ ശവപേടകത്തിലേക്ക് മാറ്റുന്നു.
ഫറവോയാണ് പരേതൻ എങ്കിൽ അങ്ങേയറ്റം വിപുലമായിരിക്കും ശവസംസ്കാര ചടങ്ങുകൾ. ഏതാണ്ട് രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന മമ്മികരണ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നിടത്തോളം കാലം ഈജിപ്തിന് നാഥനില്ലാത്ത അവസ്ഥയാണ്. എങ്ങും ദുഃഖാചരണം മാത്രം. അടുത്ത രാജ്യാവകാശിയോ രാഞ്ജിയോ അത്യാവശ്യ കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന പ്രതിപുരുഷനായി പ്രവർത്തിക്കും.
ശവശരീരം പേടകത്തിലേക്ക് മാറ്റിക്കഴിഞ്ഞാൽ മാത്രമേ മമ്മിയെ ബന്ധുമിത്രാദികൾക്ക് പോലും വിട്ടു കൊടുക്കുകയുള്ളൂ. പിന്നെ മരണാന്തര ആചാരങ്ങളും പ്രത്യക്ഷമായ ശോകപ്രകടനങ്ങളും ആരംഭിക്കുകയായി. അടുത്ത ലോകത്തിലേക്കുള്ള യാത്രയ്ക്കായി തയ്യാറായ മമ്മിയെ നേരത്തെ പണി കഴിപ്പിച്ചിട്ടുള്ള ഭൂഗർഭ കുടീരത്തിലേക്കോ പിരമിഡിലേക്കോ എത്തിക്കുന്നതാണ് ഇനിയുള്ള ചടങ്ങ്. നീണ്ട ഘോഷയാത്ര തന്നെയായിരിക്കും അത്. പലപ്പോഴും മമ്മിയെ വഹിക്കുന്ന പേടകം ഉരുളൻ മരത്തടികളിലൂടെ വലിച്ചു കൊണ്ട് വരികയാണ് പതിവ്. മരണാനന്തര ലോകത്തിലേക്ക് കരുതിവെക്കുന്ന ഭക്ഷണവും വെള്ളവും നിറച്ച പാത്രങ്ങളും ഭരണികളും പരേതന് പ്രിയപ്പെട്ട ഗൃഹോപകരണങ്ങളുമെല്ലാം ആ ഘോഷയാത്രയുടെ ഭാഗമായിരിക്കും. അവയെല്ലാം ശവകുടീരത്തിൽ "ബാ" യുടെ ആവശ്യത്തിന് കരുതി വെക്കാനുള്ളതാണ്. അലമുറയിട്ടുകരയുന്ന സ്ത്രീകളെയും ആ ഘോഷയാത്രയിൽ കാണാം. പ്രിയ വായനക്കാരെ ഞാനീ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോൾ അത്തരമൊരു ഘോഷയാത്ര എന്റെ മനസ്സിലൂടെ കടന്നുപോകുകയാണ്. ആ രാജകീയ ഘോഷയാത്ര നൈൽ നദിയും മുറിച്ചു കടന്ന് ഉണങ്ങി വരണ്ട തീബൻ മരുപ്പരപ്പിന് കുറുകെ മൃത്യുതാഴ്വരയിലേക്ക് (valley of king ) മന്ദം മന്ദം നടന്നുപോകുന്നത് ഞാനെന്റെ അകക്കണ്ണിലൂടെ കാണുന്നു. ആ ഘോഷയാത്രയുടെ മുൻനിരയിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി ഒരു രാജകുമാരി ഇരുപത് വയസ് പോലും പ്രായമാകാത്ത തന്റെ പ്രിയതമന്റെ അവസാനയാത്രയെ അനുഗമിക്കുകയാണ്. ഞാൻ ഏറ്റവും വൈകാരികമായി എഴുതിയ ലേഖനത്തിൽ അവരുടെ ജീവിത കഥയെ കുറിച്ച് എഴുതിയിരുന്നു. ലോകത്തെ വിസ്മയിപ്പിക്കുകയും അത്ഭുതപെടുത്തുകയും ചെയ്ത ബാലഫറവോ തൂതൻ ഖാമുനും അദ്ദേഹത്തിൻറെ നിര്ഭാഗ്യവതിയായ പ്രിയ പത്നി അനെക്സേന മൂണും ആയിരുന്നു അവർ...
ശവകുടീരത്തിൽ പ്രവേശനദ്വാരത്തിൽ മമ്മിയെ കുറച്ച് നേരം കുത്തനെ നിർത്തി ചില പ്രധാന ചടങ്ങുകൾ അനുവർത്തിച്ചതിന് ശേഷം മമ്മിയെ കുടീരത്തിന്റെ അകത്തേക്ക് എഴുന്നള്ളിക്കുന്നു. വളരെ മനോഹരമായി അലങ്കരിച്ച മുറികൾ ഈ കുടീരങ്ങളുടെ പ്രത്യേകതയാണ്. മിക്ക ഫറവോമാരും തങ്ങൾ ജീവിച്ചിരുന്ന കാലത്ത് തന്നെ തനിക്ക് വേണ്ടിയുള്ള കുടീരങ്ങൾ പണിതുവെക്കും. അതേറ്റവും ഭംഗിയാക്കാൻ അവർ ഓരോരുത്തരും ശ്രമിച്ചിരുന്നു. ഈജിപ്തിൽ അക്കാലത്തു നിർമ്മിക്കപ്പെട്ട ശവകുടീരങ്ങൾ സന്ദർശിട്ടുള്ളവർക്ക് അതിനെക്കുറിച്ച് നന്നായി അറിയാമെന്ന് കരുതുന്നു. പലവിധ വർണ്ണ ചിത്രങ്ങളും രൂപരേഖകളും നമുക്കവിടെ കാണാൻ കഴിയും.
![]() |
| ദി ടോംബ് ഓഫ് രാംസെസ് 6 |
മമ്മി ശവകുടീരത്തിലെ പ്രധാനമുറിയിൽ എത്തികഴിഞ്ഞാൽ വദനപ്രവേശന ചടങ്ങ് ആരംഭിക്കുകയായി. ഈജിപ്ത് കണ്ട എക്കാലത്തെയും മഹാനായ ഫറവോ എന്നറിയപ്പെടുന്ന രാംസെസ് രണ്ടാമന്റെ അച്ഛനായ സേതി ഒന്നാമൻ ഫറവോയുടെ ശവകുടീരത്തിലെ ചുമർലിഖിതങ്ങളിൽ ഈ ചടങ്ങിന്റെ വിശദവിവരണം കാണാൻ കഴിയും. വിശുദ്ധകർമ്മമായി അറിയപ്പെടുന്ന വായ് തുറക്കലിന്റെ ആദ്യപടിയായി, മമ്മിയെ വൃത്തിയുള്ള ഒരു മണൽക്കൂനയുടെ മുകളിൽ കിടത്തുന്നു. നമ്മുടെ നാട്ടിലേതു പോലെ തെക്കോട്ട് തലവെച്ചു തന്നെയാണ് മൃതദേഹം കിടത്തുക. പിന്നെ ശുദ്ധികരണം ആണ്. പ്രത്യേകം നിർമ്മിച്ച നെമസെത് എന്നും ദെശരത് എന്നും വിളിക്കുന്ന വലിയ രണ്ട് ഭരണികളിൽ നൈൽ ജലം ശേഖരിച്ചിട്ടുണ്ടാകും. രണ്ടിൽ നിന്നും ധാരധാരയായി ഒഴുകുന്ന ജലത്തിൽ ശുദ്ധികരിക്കുന്നു.
മരിച്ചയാളുടെ വായിക്കകം വൃത്തിയാക്കുന്നതാണ് അടുത്ത കർമ്മം. ഇതിനുവേണ്ടി ഉത്തര - ദക്ഷിണ ഈജിപ്‌തുകളിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത ഉപ്പുകല്ലുകളാണ് ഉപയോഗിക്കുന്നത്. സുഗന്ധദ്രവ്യങ്ങളും ചന്ദനത്തിരിയും എരിയുന്ന അന്തരീക്ഷത്തിൽ ഹോറസ്സ് ദേവന്റെ പ്രതിനിധിയായി പുലിത്തോൽ ധരിച്ച സെതം പുരോഹിതൻ പ്രവേശിക്കുന്നു. ശുദ്ധികരിക്കപ്പെട്ട മമ്മിയുടെ ഇരുതാടികളും വലിച്ചകത്തി പുരോഹിതൻ തന്റെ വിരലുകൾ മമ്മിയുടെ വായ്ക്കകത്തേക്ക് കടത്തുന്നു. പ്രേതത്തിന്റെ അന്തരാത്മാവിന് അകത്തേക്ക് കടക്കാനുള്ള വഴി അതാണ്. മരിച്ച് ദിവസങ്ങൾ കഴിഞ്ഞതിനാൽ പേശികൾ ഉറച്ച് കല്ല് പോലത്തെ അവസ്ഥയായ "റൈഗർ മോട്ടിസ്" (Rigor mortis ) കീഴ്‌പ്പെടുത്തി കഴിഞ്ഞ മൃതശരീരത്തിലെ സന്ധികൾ ആനക്കുന്നത് എളുപ്പമല്ല. ആദികാലങ്ങളിൽ പുരോഹിതർ സ്വന്തം കൈകൾ മാത്രമാണ് ഉപയോഗിച്ചതെങ്കിൽ പിന്നീട് ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ച് തുടങ്ങി. ചടങ്ങുകളിൽ പ്രധാനം ഹോറസ്സ് ദേവന്റെ സാന്നിധ്യമാണ്. കൂടാതെ സേത്, തോത് എന്നീ ദേവന്മാരെയും അനുസ്മരിക്കാറുണ്ട്. ചടങ്ങുകൾ പൊതുവെ നാല് തവണ ആവർത്തിക്കുന്നു.
മമ്മിയുടെ വായ് തുറയ്ക്കൽ ചടങ്ങ് പൂർത്തിയായാൽ പിന്നെ മൃഗബലിയാണ്. ഒരു കാളയെ കൊന്ന് അതിന്റെ ഹൃദയം ചൂഴ്ന്നെടുത്ത മരിച്ചയാൾക്ക് കാഴ്ച വെക്കുന്നു. മുറിച്ചെടുത്ത മുൻകാലുകൾ മമ്മിക്ക് നേരെ ചൂണ്ടും. മുൻകാലുകൾ ശക്തിയുടെയും ഹൃദയം വൈകാരികതയുടെയും പ്രതീകമാണ്. ഈ പ്രതീകാത്മകമായ കർമ്മങ്ങളിലൂടെ മരിച്ചയാളിലേക്ക് ജൈവികശക്തി അഭൗമതലങ്ങളിൽ നിന്ന് ആവാഹിക്കപ്പെടുന്നു. ഇതിനെ അതിമാനുഷിക പുനരുത്ഥാനമായി വിലയിരുത്താം ! പുരാതന ഈജിപ്തിലെ ഓരോ വ്യക്തിയും ഭയഭക്തി ബഹുമാനങ്ങളിലൂടെ കണ്ടിരുന്ന പരിപാവനമായ പുനർജ്ജന്മ വിശ്വാസകർമ്മമായിരുന്നു അത്. തുടർന്ന്, പുനർജ്ജീവിച്ച മമ്മിയുടെ അരികിലേക്ക് മരിച്ചയാളുടെ പ്രിയപ്പെട്ട പുത്രനെ വിളിച്ചു വരുത്തുന്നു. മകൻ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭയഭക്തി ബഹുമാനങ്ങളോടെ പിതൃശരീരത്തെ സ്പർശിക്കുന്നു. "മ" (ഒരു ദേവി സങ്കല്പം എന്നത് പോലെ ഈജിപ്ത് പിന്തുടർന്ന ആദർശവും ആയിരുന്നു "മ"-- അതിനെക്കുറിച്ച് അടുത്ത ഭഗത്ത് പറയാം ) അതിന്റെ പ്രതീകമായ ഒരു ഒട്ടകപ്പക്ഷിത്തൂവൽ മമ്മിക്ക് നേരെ നീട്ടുന്നതോടെ കൂടുതൽ സുഗന്ധദ്രവ്യങ്ങൾ കത്തിക്കുകയും, ആ മുറിയിൽ അതിന്റെ ധൂമങ്ങൾ പരക്കുകയും ചെയ്യുമ്പോൾ ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. അതിനിടെ മുന്തിരിക്കുലകളും മറ്റു ഭക്ഷ്യവസ്തുക്കളും "ഖാ" യ്ക്ക് വേണ്ടി തയ്യാറാക്കി വെക്കും, രണ്ടാം ജന്മത്തിലെ ആദ്യഭക്ഷണമായി.
BCE. 2375- 2345 കാലത്ത് ഈജിപ്ത് ഭരിച്ച അഞ്ചാം രാജവംശകാലത്തിലെ അവസാന ഫറവോ ആയിരുന്ന ഉനാസിന്റെ പിരമിഡിനകത്തെ ശവസംസ്കാര മുറിയിൽ കൊത്തിവെച്ചിരിക്കുന്ന ചില ലിഖിതങ്ങൾ :-
'ര - അതും, ഉനാസ് ഇതാ വരുന്നു നിന്റെയടുക്കലേക്ക്,
അനശ്വരനായ ഈ ആത്മാവ്, നിന്റെ പുത്രൻ ഇതാ നിന്റെയടുക്കലേക്ക് വരുന്നു.
ഉനാസ് ഇതാ വരുന്നു.
ആകാശം കടന്ന് നീ അന്ധകാരത്തിനോട് ചേരട്ടെ ,
നാളെ നീ പ്രകാശലോകത്തേക്കുയരട്ടെ,
നിന്റെ ലോകം പ്രകാശമാനമാവട്ടെ.
⏭⏮⇲⇱⇱ ⏮⏮⏮⬂⬂ ⬃⬃⬃
ഉനാസ്, നിന്റെ വക്ത്രമിതാ ഹോറസ്സ്
ചെറുവിരലുകളുപയോഗിച്ച് പിളർക്കുന്നു. തന്റെ പിതാവ് ഓസിറിസിന്റെ വായ് പിളർന്ന പോലെ ,.
ഏറ്റവും ഒടുവിൽ അനന്തമായ സ്വർഗീയ ശയനത്തിന് വേണ്ടി മമ്മിയെ പ്രത്യേകം തയ്യാറാക്കപ്പെട്ട ശവപ്പെട്ടിക്കകത്തേക്ക് മാറ്റുന്നു. അതോടെ, അത്യന്തം നിഗൂഢവും വിചിത്രവുമായ കർമ്മാനുഷ്ടാനങ്ങൾ ഇവിടെ അവസാനിക്കുന്നു.
അതോടെ ശവകുടീരത്തിന്റെ പ്രവേശനദ്വാരം എന്നെന്നേക്കുമായി അടയ്ക്കപ്പെടും. ചിലപ്പോൾ സഹസ്രാബ്ദങ്ങളോളം അടഞ്ഞുകിടക്കുന്ന ശവകുടീരം അത്യാഗ്രഹികളായ കവർച്ചക്കാരും സ്വാർത്ഥ മതികളായ പുരാവസ്തുകച്ചവടക്കാരും ഒടുവിൽ യഥാർത്ഥ ഗവേഷകരും പല മാർഗങ്ങളിലൂടയും പല കാലഘട്ടങ്ങളിലൂടെയും ആ പ്രവേശനദ്വാരം ഭേദിക്കുന്നത് വരെ ജനങ്ങളിൽ നിന്നും ചരിത്രത്തിൽ നിന്നും അകന്ന് ആ വിദൂരസ്വപ്നലോകം ഇരുട്ട് മൂടി കിടക്കും.
അത്തരം ശവകുടീരത്തിലും പിരമിഡിനകത്തും ശയിക്കുന്ന മമ്മികൾ അനന്തനിദ്രയിലാണ്. "ബാ" യുടെ നിശാവാസത്തിനുള്ള ഇരിപ്പിടമായി, "ബാ" യുടെയും "ഖാ" യുടെയും പരിശുദ്ധ സംയോഗത്തിന് മുൻപുള്ള ഇടത്താവളമായി. അനാദികാലം മുതൽ ഒരു സുവർണ്ണ സംസ്കാരത്തിന്റെ അതിസങ്കീർണമായ മരണാനന്തര ജീവിതസങ്കല്പങ്ങളുടെ വർണ്ണക്കൂട്ട് നിറഞ്ഞ ആ അതിശയലോകം ഇന്നും ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് നിലനിൽക്കുന്നു.....



















