അമ്മയുടെ ആ തീരുമാനമാണു ഹെലൻ കെല്ലർ എന്ന പ്രതിഭ
അൽബാമയിലെ ടസ്കമ്പിയ. 1882 ഫെബ്രുവരി. ഐവി ഗ്രീൻ എന്ന എസ്റ്റേറ്റ് ബംഗ്ലാവിൽ ഒരു കുഞ്ഞു നിർത്താതെ കരയുകയാണ്. ഒന്നര വയസ്സുള്ള കൊച്ചു ഹെലൻ. പിതാവ് ആർതർ എച്ച്. കെല്ലറും അമ്മ കെയ്റ്റ് ആദംസും ആശ്വസിപ്പിക്കാൻ പലതും ചെയ്തു. പക്ഷേ,കരച്ചിൽ നിർത്തുന്നില്ല. ഒടുക്കം അവൾ തളർന്നുറങ്ങി. നേരം രാത്രിയായതോടെ കൊച്ചുഹെലനു പനി തുടങ്ങി. പനി മൂർച്ഛിച്ചു. കണ്ണുകൾ പുറകിലേക്കു മറിഞ്ഞു. അവർ ആശുപത്രിയിലേക്കു കുതിച്ചു. ഡോക്ടർ കുഞ്ഞിനെ പരിശോധിച്ചു. മസ്തിഷ്കജ്വരമാണ്. കുഞ്ഞിന്റെ ജീവൻ അപകടത്തിലാണ്. വൈദ്യശാസ്ത്രത്തിനു കൂടുതലൊന്നും ചെയ്യാനില്ല. ഏതു നിമഷവും മകൾ തങ്ങളെ വിട്ടുപോകും എന്ന ഭീതിയോടെ മാതാപിതാക്കൾ രാവും പകലും അവൾക്കു കാവലിരുന്നു. ദിവസങ്ങൾ കടന്നുപോയി. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഒരുദിവസം ഹെലൻ രോഗത്തിന്റെ പിടിയിൽ നിന്നു മോചിതയായി.
അവർ ആശുപത്രി വിട്ടു. ഊർജസ്വലയായി ഓടി നടന്ന ഹെലൻ ആശുപത്രി വാസത്തിനുശേഷം കട്ടിലിൽ നിന്ന് എഴുന്നേൽക്കാതെയായി. പലപ്പോഴും ആശങ്കയും ഭീതിയുമാണ് അവളുടെ മുഖത്ത്. ഒരു ദിവസം കെയ്റ്റ് കുഞ്ഞിനെ കളിപ്പിക്കാനായി മുഖത്തിനു നേരെ കൈ അടുപ്പിച്ചു. പക്ഷേ, ഹെലന്റെ കണ്ണുകൾ ചിമ്മിയില്ല. പെട്ടന്ന് ആരോ കോളിങ് ബെല്ലടിച്ചു. ശബ്ദം കേട്ട് കെയ്റ്റ് ഞെട്ടിപ്പോയി. പക്ഷേ, ഹെലൻ ഞെട്ടിയില്ല. കുഞ്ഞിന്റെ കണ്ണുകൾക്കു നേരെ പലകുറി അമ്മ കൈ കൊണ്ടുവന്നു. അവളുടെ കണ്ണുകൾ ചിമ്മുന്നില്ല. കൊച്ചു ഹെലന് വളരെ ഇഷ്ടമായിരുന്ന പൂന്തോട്ടത്തിലേക്കു കെയ്റ്റ് അവളെ എടുത്തുകൊണ്ട് ഓടി. ഹെലൻ പക്ഷേ, പൂക്കളെ നോക്കിയില്ല. ഹെലന് ഏറെ ഇഷ്ടമാണു കിളികളുടെ ശബ്ദം. പക്ഷേ, അവൾ അവയ്ക്കു ചെവി കൊടുത്തില്ല.
മസ്തിഷ്കജ്വരം അവളുടെ കാഴ്ചയും കേൾവിയും കട്ടെടുത്തിരിക്കുന്നു. ഇനിയൊരിക്കലും അവൾ പൂക്കളുടെ സൗന്ദര്യം കാണില്ല. കിളികളുടെ നാദം കേൾക്കില്ല. ഡോക്ടറുടെ വാക്കുകൾ ആ അമ്മയുടെ ഹൃദയത്തെ തകർത്തു. പിന്നീടുള്ള ജീവിതം ഹെലനു മുള്ളുകൾ നിറഞ്ഞതായിരുന്നു. പക്ഷേ, ഒരു പരാജയമായി ഹെലനെ വിട്ടുകൊടുക്കില്ലെന്ന് അമ്മ തീരുമാനിച്ചു. ആ തീരുമാനമാണു ലോകത്തിനു ഹെലൻ കെല്ലർ എന്ന പ്രതിഭയെ സമ്മാനിച്ചത്.
സ്വിറ്റ്സർലൻഡിൽ നിന്നു കുടിയേറി പാർത്തതാണു കെല്ലർ കുടുംബം. അവിടുത്തെ ഇളം തലമുറക്കാരൻ ആർതർ എച്ച്. കെല്ലറുടെയും കെയ്റ്റ് ആദംസിന്റെയും മകളായി 1880 ജൂൺ 27നാണു ഹെലൻ കെല്ലർ ജനിക്കുന്നത്. കാഴ്ചയും കേൾവിയുമില്ലാത്ത കുഞ്ഞിനെ എങ്ങനെ പഠിപ്പിക്കും എന്നറിയാതെ ആ അമ്മ കുഴങ്ങി. വളരും തോറും താൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാണെന്നുള്ള ബോധം അവൾക്കുണ്ടായി. അതോടെ വലിയ വാശിക്കാരിയും ദേഷ്യക്കാരിയുമായി. പലപ്പോഴും അമ്മയുടെ കൈവെള്ളയിൽ മുഖമമർത്തി അവൾ കരഞ്ഞു.
പരിചിതരായ പലരോടും കാഴ്ചയും കേൾവിയുമില്ലാത്ത മകൾക്ക് ഒരു അധ്യാപികയെ കിട്ടാൻ വഴിയുണ്ടോ എന്നവർ തിരക്കി. അങ്ങനെ 1887 മാർച്ച് 3ന് ആനി സള്ളിവൻ അധ്യാപികയായി ഹെലന്റെ വീട്ടിൽ എത്തി.
ആദ്യ ദിവസം രാവിലെ ഒരു പാവയുമായി ആനി ഹെലന്റെ അടുത്തെത്തി. പാവ അവളുടെ ഇടത്തേ കയ്യിൽ വച്ചുകൊടുത്തു. തുടർന്നു ‘ഡോൾ’ എന്നു വലതുകയ്യിൽ എഴുതി. ഹെലൻ പാവയുടെ മേൽ കൈകളോടിച്ചു. ഒരു പുഞ്ചിരി അവളുടെ മുഖത്തു വിരിഞ്ഞു. 49 വർഷം നീണ്ടുനിന്ന ഗുരു ശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. പതുക്കെ അവൾ വാക്കുകൾ പഠിച്ചു തുടങ്ങി. തുടർന്നു ബ്രയിലി ലിപി വശത്താക്കി. ഹെലൻ സംസാരിക്കാൻ പഠിച്ചു. 24-ാം വയസ്സിൽ റാഡ്ക്ലിഫ് സർവകലാശാലയിൽ നിന്നു ബിരുദം നേടി. കാഴ്ചയും കേൾവിയുമില്ലാതെ ബിരുദം നേടുന്ന ആദ്യവ്യക്തിയെന്ന നേട്ടവും സ്വന്തമാക്കി.
ദ് സ്റ്റോറി ഓഫ് മൈ ലൈഫ് എന്ന പേരിൽ ഹെലൻ ആത്മകഥ രചിച്ചു. വിവിധ വിഷയങ്ങളിൽ 12 പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും എഴുതി. ഹെലന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമകളും ഡോക്യുമെന്ററികളും പിറന്നു. അന്ധർക്കു വേണ്ടി ഹെലൻ കെല്ലർ ഇന്റർനാഷനൽ എന്ന സംഘടന ആരംഭിച്ചു. ധാരാളം രാജ്യങ്ങൾ സന്ദർശിച്ചു ജനങ്ങളെ ബോധവൽക്കരിച്ചു. 1968 ജൂണിൽ ഹെലൻ ലോകത്തോടു വിട പറഞ്ഞു.

No comments:
Post a Comment