Friday, January 3, 2020

സാവിത്രിബായ് ഫൂലെ 

ജനുവരി 3... പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ച ഒരു ധീരവനിതയുടെ ജന്മദിനമാണ്. 'ഇന്ത്യന്‍ ഫെമിനിസത്തിന്‍റെ മാതാവ്' എന്നറിയപ്പെടുന്നു. സാവിത്രിബായ് ഫൂലെയുടെ... പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാതിരുന്ന ഒരു കാലത്താണ് അവര്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനായി ഇറങ്ങിത്തിരിക്കുന്നത്. അതും കടുത്ത എതിര്‍പ്പുകള്‍ നേരിട്ടുതന്നെ.
ആരാണ് സാവിത്രിബായ് ഫൂലെ?
1831 ജനുവരി മൂന്നിന് മഹാരാഷ്ട്രയിലാണ് സാവിത്രിബായ് ഫൂലെ ജനിച്ചത്. വെറും ഒമ്പത് വയസ് മാത്രമുള്ളപ്പോള്‍ പതിമൂന്ന് വയസുള്ള ജ്യോതിറാവു ഫൂലെയുമായി അവരുടെ വിവാഹം നടന്നു. അന്ന് ശൈശവവിവാഹം സാധാരണമായിരുന്നു. വിവാഹത്തിന് ശേഷമാണ് സാവിത്രിബായ് സ്‍കൂളില്‍ പോയി വിദ്യാഭ്യാസം നേടുന്നത്. സാവിത്രിബായ് പഠിക്കണമെന്ന് ജ്യോതി റാവുവിനും നിര്‍ബന്ധമായിരുന്നു. അങ്ങനെ വിദ്യാഭ്യാസം നേടിയ സാവിത്രിബായ് അധ്യാപികയായി. അന്ന്, പല ജാതികളിലേയും കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശമില്ലായിരുന്നു. അത് സാവിത്രിബായിയെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെയാണ് വിദ്യാഭ്യാസത്തിന് അവകാശമില്ലാതിരുന്ന ചമാര്‍, മഹര്‍, മാംഗ് എന്നീ ജാതികളിലുള്ളവര്‍ക്കായി അവര്‍ സ്വന്തമായി ഒരു സ്‍കൂള്‍ തന്നെ തുടങ്ങുന്നത്.
എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്‍കൂള്‍ അടക്കേണ്ടി വന്നു സാവിത്രിബായ്ക്ക്. ആ സമയങ്ങളിലൊന്നും അവര്‍ വെറുതെ ഇരുന്നില്ല. ജ്യോതിറാവുവിനൊപ്പം സാമൂഹ്യരംഗത്ത് അവരും സജീവമായിരുന്നു. സാമൂഹ്യ പ്രശ്‍നങ്ങളിലെല്ലാം അവര്‍ ഇരുവരും ഇടപെട്ടു. അപ്പോഴും വിദ്യാലയം എന്ന സ്വപ്‍നം അവര്‍ ഉപേക്ഷിച്ചിരുന്നില്ല. ഒടുവില്‍ സാവിത്രി ഫൂലേയുടെ പരിശ്രമത്തിന്‍റെ ഫലമായി 1851 ജൂലൈ മാസത്തില്‍ പെണ്‍കുട്ടികള്‍ക്കായി വീണ്ടും വിദ്യാലയം തുറന്നു. തുടക്കത്തില്‍ വെറും എട്ട് കുട്ടികള്‍ മാത്രമായിരുന്നു പഠിക്കാനെത്തിയിരുന്നതെങ്കില്‍ പിന്നീടത് വര്‍ധിച്ചു. കുട്ടികള്‍ പഠനം നിര്‍ത്തിപ്പോവാതിരിക്കാനായി ഭക്ഷണവും ഗ്രാന്‍ഡുമൊരുക്കി അവര്‍.
ജ്യോതിറാവു ഫൂലെ 'സത്യശോധക് സമാജ്' എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നത് 1873 -ലാണ്. അന്നുമുതല്‍ അതിന്‍റെ സജീവ പ്രവര്‍ത്തകയായിഅവര്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിധവകളുടെ മക്കള്‍ക്ക് വേണ്ടിയുള്ള അനാഥാലയങ്ങള്‍, വിധവാ വിവാഹം എന്നിവയ്ക്കെല്ലാം അവരുടെ സംഘടന നേതൃത്വം നല്‍കി. അവിടം കൊണ്ടും തീര്‍ന്നില്ല. ആചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ച ഇവര്‍ സംഘടനയുടെ നേതൃത്വത്തില്‍ ബദല്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‍തിരുന്നു. വിധവകള്‍ അങ്ങേയറ്റം ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. അവരുടെ തമ മുണ്ഡനം ചെയ്യപ്പെട്ടു. പല വിധവകളും ലൈംഗികചൂഷണത്തിനിരയായി. പലരും ഗര്‍ഭിണികളായി. സമൂഹത്തെ ഭയന്ന് ആ കുഞ്ഞുങ്ങളെ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്‍തു. അങ്ങനെയൊരു കുഞ്ഞിനെ ഒരിക്കല്‍ സാവിത്രി ഫൂലെയും ജ്യോതി റാവുവും വീട്ടിലേക്ക് കൂട്ടി. അവനെ അവര്‍ ദത്തെടുത്തു. പഠിപ്പിച്ചു ഡോക്ടറാക്കി.
സാവിത്രി ഫൂലെയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെയെല്ലാം എതിര്‍ക്കാമോ അങ്ങനെയെല്ലാം എതിര്‍ത്തിരുന്നു സമൂഹം. കല്ലും ചാണകവും ചെളിയും അവര്‍ ആ സ്ത്രീക്കുനേരെ വലിച്ചെറിഞ്ഞു. പക്ഷേ, അതൊന്നും അവരെ തളര്‍ത്തിയില്ല. മാറിയുടുക്കാന്‍ മറ്റൊരു സാരിയുമായി അവര്‍ വീണ്ടും വീണ്ടും സമൂഹത്തിലേക്കിറങ്ങി. എന്നാല്‍, അവിടം കൊണ്ടുതീര്‍ന്നില്ല, വീട്ടില്‍ നിന്നുതന്നെ സാവിത്രി ഭായ് ഫൂലേയും ജ്യോതിറാവു ഫൂലേയും പുറത്താക്കപ്പെട്ടു. പക്ഷേ, തോറ്റുകൊടുക്കാനിരുവരും ഒരുക്കമായിരുന്നില്ല. ഇരുവരും ശക്തമായി പൊതുപ്രവര്‍ത്തനത്തിനിറങ്ങി. പൊതുകിണറിൽനിന്ന് വെള്ളമെടുക്കുന്നത് തടയപ്പെട്ടിരുന്ന ആ കാലത്ത് അത് എല്ലാവരുടെയും അവകാശമാണെന്നും അത് നേടിയെടുക്കാൻ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട് എന്നും പറഞ്ഞ് മഹാരാഷ്ട്രയിൽ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അതിന്‍റെ നേതൃനിരയിൽ തന്നെയുണ്ടായിരുന്നു സാവിത്രി ഫൂലെ. അങ്ങനെ എല്ലാവര്‍ക്കും വെള്ളമെടുക്കാനായി കിണര്‍ നിര്‍മ്മിച്ചു അവര്‍.
മറന്നുപോവരുതാത്ത മനുഷ്യരുണ്ട്. നമുക്ക് പഠിക്കാന്‍, നമുക്ക് വഴി നടക്കാന്‍, നമുക്കും ജീവിക്കാന്‍ നമുക്കുവേണ്ടി പടപൊരുതിയ മനുഷ്യര്‍... അങ്ങനെതന്നെയാണവരെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതും.

No comments:

Post a Comment