ഓർമയുടെ ട്രാക്കിൽ ഷൂമാക്കർ; ആല്‍പ്സിലെ സ്കീയിങ് അപകടത്തിന് 6 വയസ് പിന്നിട്ടു .
‘വലിയ കാര്യങ്ങളിലേക്കു ചെറിയ ചുവടുവയ്പുകൾ തുടങ്ങിക്കഴിഞ്ഞു’– മൈക്കൽ ഷൂമാക്കർ അബോധാവസ്ഥയിലേക്കു (കോമ) വീണിട്ട് ആറു വർഷം തികയുന്നതിനു തൊട്ടുമുൻപ് അദ്ദേഹത്തിന്റെ ഭാര്യ കൊറീന ബെഷ് നടത്തിയ ഈ വെളിപ്പെടുത്തൽ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. #KeepFighting എന്ന ഹാഷ് ടാഗിൽ ഷൂമാക്കറുടെ തിരിച്ചുവരവിനു വേണ്ടി സമൂഹമാധ്യമ ക്യാംപയിനുകൾ തുടങ്ങിക്കഴിഞ്ഞു. മൈക്കൽ ഷൂമാക്കർ എന്ന കാറോട്ട ഇതിഹാസത്തിന്റെ ഓർമകൾ മരിച്ചതിന്റെ ഓർമ ദിനമായിരുന്നു ഡിസംബർ 29 .
2013 ഡിസംബർ 29നാണു ഫ്രാൻസിലെ ആൽപ്സ് പർവത നിരകളിൽ സ്കീയിങ്ങിനിടെ തെന്നിവീണു തലച്ചോറിനു ക്ഷതമേറ്റ ഷൂമാക്കർ പ്രജ്ഞ നശിച്ചു ചലനമറ്റു കിടപ്പിലായത്. ഫോർമുല വൺ കാറോട്ട മത്സരത്തിൽ ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയ ശേഷമാണ് ആരാധകരുടെ പ്രിയപ്പെട്ട ഷൂമി അബോധാവസ്ഥയുടെ ആഴക്കയങ്ങളിലേക്ക് ആണ്ടിറങ്ങിയത്. ഏഴു ലോക കിരീടങ്ങളെന്ന ഇളക്കം തട്ടാത്ത റെക്കോർഡുമായി ഇന്നും ഫോർമുല വണ്ണിലെ ചക്രവർത്തി പദത്തിലാണു ഷൂമാക്കറുടെ ഇരിപ്പ്.
വേഗത്തിന്റെ രാജകുമാരൻ
കൊച്ചു കുട്ടിയായിരിക്കുമ്പോഴേ കാർട്ടിങ്ങിൽ മികവ്. മെഴ്സിഡീസിന്റെ വേൾഡ് സ്പോർട്സ് കാർ ചാംപ്യൻഷിപ്പിൽ എത്തും മുൻപേ ഫോർമുല ത്രിയിലും മറ്റും മികവു കാട്ടി. 1991ൽ ജോർഡൻ ടീമിനു വേണ്ടി എഫ് വണ്ണിൽ അരങ്ങേറി. സീസണിൽ തുടർന്നുള്ള മത്സരങ്ങൾ ബെനട്ടണിനു വേണ്ടി. 1992ൽ എഫ് വൺ ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്ത്. 93ൽ നാലാമതായി. 1994ൽ ഡാമൺ ഹില്ലിനെ ഒരു പോയിന്റിനു പിന്നിലാക്കി ചാംപ്യനായി. 1995ൽ കിരീടനേട്ടം ആവർത്തിച്ചു. അതാകട്ടെ, വലിയ മാർജിനിലും.
1996ൽ ഭാഗ്യ ടീമായ ഫെറാറിയിലെത്തി. 1979നു ശേഷം കിരീടമില്ലാതെ ഉഴറുകയായിരുന്ന ഫെറാറിക്കു വേണ്ടിയിരുന്നതും ഷൂമാക്കറെപ്പോലുള്ള താരത്തെയായിരുന്നു. ഷൂമിയുടെ വരവോടെ എഫ് വണ്ണിലെ ഏറ്റവും കരുത്തുറ്റ ടീമായി ഫെറാറി. 1997ലും ’98ലും കിരീടത്തോടടുത്തു. 1999ൽ ബ്രിട്ടിഷ് ഗ്രാൻപ്രി മത്സരത്തിനിടെ കാലൊടിഞ്ഞു.
എന്നാൽ, കുതിക്കാനുള്ള ഒരു താൽക്കാലിക വിശ്രമം മാത്രമായിരുന്നു അത്. 2000 മുതൽ 2004 വരെ എഫ് വൺ സർക്യൂട്ടിൽ ഷൂമിക്ക് എതിരാളികൾ ഇല്ലായിരുന്നു. 2002ൽ 6 മത്സരങ്ങൾ ബാക്കി നിൽക്കെയായിരുന്നു കിരീടനേട്ടം. എല്ലാ മത്സരത്തിലും പോഡിയം എന്ന റെക്കോർഡും. 2004ൽ ആദ്യ 13 ഗ്രാൻപ്രികളിൽ 12ലും ജയം. 13 ജയത്തോടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയമെന്ന റെക്കോർഡോടെ കിരീടം.
തിരിച്ചടികൾ, തിരിച്ചറിവുകൾ
2005ൽ റെനോയുടെ സ്പാനിഷ് താരം ഫെർണാണ്ടോ അലൊൻസോയ്ക്കു മുൻപിൽ ഷൂമാക്കറുടെ മാന്ത്രികക്കുതിപ്പ് നിലച്ചു. 2005ലും 06ലും അലൊൻസോ വിജയിയായതോടെ ഷൂമാക്കർ വേഗപ്പോരിൽ നിന്നു വിടുതൽ നേടാൻ തീരുമാനിച്ചു. 2010ൽ മെഴ്സിഡീസിനു വേണ്ടി തിരിച്ച വരവു നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തിരിച്ചുവരവിൽ ആകെ പോഡിയം കണ്ടത് 2012ൽ യൂറോപ്യൻ ഗ്രാൻപ്രിയിൽ മാത്രം. അതും മൂന്നാമനായി. 2012 ഒക്ടോബറിൽ പോരാട്ടത്തിൽ നിന്നു വിട പറഞ്ഞു.
കളത്തിൽ കുസൃതി; പുറത്ത് മാന്യൻ
സർക്യൂട്ടിൽ സഹതാരങ്ങൾക്കു ചില്ലറ പ്രശ്നമല്ല ഷൂമി ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ, ജീവിതത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും മുൻപന്തിയിലായിരുന്നു. യുനെസ്കോയുടെ അംബാസഡറുമായിരുന്നു അദ്ദേഹം.
സർക്യൂട്ടിലെ അപൂർവത
സഹോദരന്മാർ ഒന്നിച്ചു മത്സരിക്കുകയെന്ന അപൂർവതയും മൈക്കൽ, റാൾഫ് ഷൂമാക്കർമാരിലൂടെ എഫ് വണ്ണിൽ അരങ്ങേറി. ഇരുവരും ആദ്യ രണ്ടു സ്ഥാനങ്ങളിൽ വന്നതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴാകട്ടെ മകൻ മിക്ക് എഫ് വണ്ണിന്റെ വിളി കാത്തു നിൽക്കുന്നു.
വിധിയുടെ ക്രൂരത
2013 ഡിസംബർ 29ന് വേഗങ്ങളെ സ്നേഹിച്ച രാജകുമാരന് മറ്റൊരു വേഗക്കളിയായ സ്കീയിങ്ങിൽ ഗുരുതര പരുക്കേറ്റു. 2014 ജൂൺ 16 വരെ മെഡിക്കൽ ഇൻഡ്യൂസ്ഡ് കോമയിൽ. തുടർ ചികിത്സയ്ക്ക് സ്വിറ്റ്സർലാൻഡിലെ ലൊസെയ്ൻ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കു മാറ്റി. 2014 സെപ്റ്റംബർ 9നു സ്വന്തം വീട്ടിൽ തയാറാക്കിയ പ്രത്യേക ചികിത്സാ മുറിയിലേക്ക്. 2013ൽ അപകടം നടന്ന അന്നു മുതൽ ഷൂമാക്കറുടെ ജീവിതത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഏറെയായിരുന്നു. കണ്ണു തുറന്നു, സംസാരിച്ചു, നടന്നു, ഭക്ഷണം കഴിച്ചു...... എന്തിനാണീ പ്രചാരങ്ങൾ. പലതും പത്രസമ്മേളനം വിളിച്ചു നിഷേധിക്കേണ്ടി വന്നു ഷൂമാക്കറുടെ കുടുംബത്തിന്.
റെക്കോർഡുകൾ
- ഏറ്റവും കൂടുതൽ കിരീടങ്ങൾ– 7
- ഏറ്റവും കൂടുതൽ തുടർച്ചയായ കിരീടങ്ങൾ – 5. (2000 മുതൽ 2004 വരെ).
- ഏറ്റവും കൂടുതൽ മത്സര വിജയം – 91
- ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ – 13
എഫ് വൺ കരിയർ
ആകെ മത്സരങ്ങൾ – 308
ചാംപ്യൻഷിപ്പുകൾ –7
(1994, 1995, 2000, 2001, 2002, 2003, 2004)
പോഡിയം – 155
- ആകെ ചാംപ്യൻഷിപ് പോയിന്റ് – 1566.
- ആകെ പോൾ പൊസിഷൻ – 68
- ഫാസ്റ്റസ്റ്റ് ലാപ്പുകൾ – 77
- ആദ്യ ഗ്രാൻപ്രി – 1991 ബൽജിയൻ ഗ്രാൻപ്രി
- ആദ്യജയം – 1992 ബൽജിയൻ ഗ്രാൻപ്രി
- ഏറ്റവും ഒടുവിലത്തെ ജയം– 2006 ചൈനീസ് ഗ്രാൻപ്രി
- ഏറ്റവും ഒടുവിലത്തെ മത്സരം – 2012 ബ്രസീലിയൻ ഗ്രാൻപ്രി.
- ടീമുകൾ – ജോർഡൻ, ബെനട്ടൺ, ഫെറാറി, മെഴ്സിഡീസ്.
- ഏറ്റവും കൂടുതൽ കാലം ഫെറാറിക്കൊപ്പം.
ജനനം – 1969 ജനുവരി 3.
ഭാര്യ: കൊറീന ബെഷ്
മക്കൾ: ജിന മാരീ, മിക്ക്,
വീട് : സ്വിറ്റ്സർലാൻഡിലെ ഗ്ലാൻഡിൽ.
മറ്റു വിനോദങ്ങൾ: കുതിരസവാരി, ഫുട്ബോൾ.

No comments:
Post a Comment