Friday, January 3, 2020

80 കോടിയിലധികം ബോംബുകള്‍ പൊട്ടാതെ അവശേഷിക്കുന്നൊരു ഗ്രാമം, ഭീതിയില്‍ ജനം

വടക്കുകിഴക്കൻ ലാവോയിൽ മുവാങ് ഖാമിനപ്പുറത്ത് ഒരു ഗുഹയുണ്ട്. ഏറ്റവും വലിയതും അറിയപ്പെടുന്നതുമായ ഒരു മഹാദുരന്തത്തിന് വേദിയായ സ്ഥലം. 1968 നവംബർ 24 -ന് യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റ് ഗുഹയുടെ മുൻപിലേക്ക് ഒരു മിസൈൽ വർഷിച്ചു. അതിനകത്ത് 374 പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. തങ്ങളുടെ രാജ്യത്ത് ദിവസവും വർഷിക്കുന്ന ബോംബുകളിൽനിന്ന് രക്ഷനേടാനായി ആ ഗുഹയിൽ ഒളിച്ചവർ. എന്നാൽ, ആ സ്ഫോടനത്തിൽ അവരെല്ലാം മരണപ്പെടുകയായിരുന്നു. ഗുഹയ്‍ക്കകത്ത് കണ്ണുകൾ തള്ളി, മാംസം ചിതറി ശവശരീരങ്ങൾ കിടന്നു. അപ്പോഴും പുറത്തു ബോംബുകൾ പൊട്ടിക്കൊണ്ടിരുന്നു. വർഷങ്ങൾക്ക് ശേഷം ഇന്ന്, ഗുഹയിലേക്കുള്ള പടികളുടെ താഴെ ഒരു ബുദ്ധപ്രതിമ കാണാം. മരിച്ച കുട്ടിയെ കൈകളിൽ എടുത്തുകൊണ്ട് നിൽക്കുന്ന മാതാപിതാക്കളുടെ പ്രതിമകളും കാണാം.
ലോകത്തിലെ തന്നെ ഏറ്റവുമധികം ബോംബാക്രമണങ്ങൾ നടന്നിട്ടുള്ള രാജ്യമാണ് ലാവോ. ലാവോയുടെ തലസ്ഥാനമായ വിയറ്റ്നാമിൽ യുഎസ് നയിക്കുന്ന യുദ്ധം രൂക്ഷമാവുകയും, ഇത് അമേരിക്കൻ മണ്ണിൽ വൻതോതിൽ പൊതുപ്രതിഷേധത്തിനു കാരണമാവുകയും ചെയ്‍തപ്പോൾ പക്ഷേ, അതിന്റെ നിഴലുകളിൽ മറ്റൊരു യുദ്ധം നടക്കുകയായിരുന്നു. 1964 ഡിസംബറിനും 1973 മാർച്ചിനുമിടയിൽ, 270 ദശലക്ഷത്തിലധികം ക്ലസ്റ്റർ ബോംബുകളാണ് യുഎസ് ലാവോയിൽ വിക്ഷേപിച്ചത്.
ഒരു പൗരന് ശരാശരി ഒരു ടൺ എന്ന കണക്കിൽ അവിടെ ബോംബുകൾ വർഷിക്കപ്പെട്ടു. അവിടത്തെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കികൊണ്ട്, 80 കോടിയിലധികം ബോംബുകളാണ് ഇപ്പോഴും ആ രാജ്യത്ത് പൊട്ടാതെ അവശേഷിക്കുന്നത്. 1973 -ൽ യുദ്ധം അവസാനിച്ചശേഷം, ശേഷിക്കുന്ന ഈ ബോംബുകളാൽ 20,000 -ത്തിലധികം ആളുകളാണ് മരിക്കുകയോ, പരിക്കേൽക്കുകയോ ചെയ്‍തിട്ടുള്ളത്. ഏതുനിമിഷവും, ഒരു കൃഷിക്കാരൻ മണ്ണ് ഉഴവുമ്പോഴോ, കിളക്കുമ്പോഴോ, അതുമല്ലെങ്കിൽ കുഞ്ഞുങ്ങൾ മണ്ണിൽ കളിക്കുമ്പോഴോ അത് പൊട്ടാം. മരണത്തെ മുന്നിൽ കണ്ടാണ് നാട്ടുകാർ അവിടെ ഓരോനിമിഷവും ജീവിക്കുന്നത്. തൊഴിലില്ലായ്‍മ രൂക്ഷമായ അവിടെ ചില ആളുകൾ ജീവിക്കാനായി ഈ ബോംബുകൾ സ്ക്രാപ്പ് മെറ്റലായി വിൽക്കാൻ ശ്രമിക്കുന്നു. അനേകം പേർക്ക് ഇതുമൂലം ജീവൻ നഷ്‍ടപ്പെടുകയും ചെയ്യുന്നു. പ്രതിവർഷം 100 ഓളം ആളുകളാണ് ഇതിന് ഇരകളാകുന്നത് എന്നാണ് കണക്കാക്കുന്നത്.
ശുചീകരണ പ്രവർത്തനങ്ങൾക്കായി ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചു, എന്നിട്ടും ലാവോസ് പ്രദേശത്തിന്റെ ഒരു ശതമാനം മാത്രമേ ബോംബുകൾ നീക്കം ചെയ്യാൻ സാധിച്ചിട്ടുള്ളൂ. ബോംബാക്രമണം കഴിഞ്ഞു നാൽപത്തിയഞ്ച് വർഷത്തിനുശേഷവും, വടക്കൻ, കിഴക്കൻ ലാവോസിലെ കുന്നുകളും താഴ്‌വരകളും ഇപ്പോഴും ബോംബുകള്‍ പൊട്ടിത്തെറിച്ച് കർഷകരും അവരുടെ കുടുംബങ്ങളും ദാരുണമായി മരിക്കുന്നു.
എങ്ങനെ ഇത് സംഭവിച്ചു?
വളരെ വർഷങ്ങൾക്ക് മുൻപാണ്... അന്ന് നടന്ന യുദ്ധത്തിന്റെ ഫലം അനുഭവിക്കുന്നത് പാവങ്ങളായ ജനങ്ങളാണ്. 1950 -കളിലാണ് ഇതിന്‍റെ ആരംഭം. പഥേത് ലാവോ കമ്മ്യൂണിസ്റ്റ് മിലിട്ടറി ഗ്രൂപ്പും റോയൽ ലാവോ ആർമിയും തമ്മിലുള്ള പോരാട്ടം ഒടുവിൽ ലാവോയുടെ മണ്ണിലെത്തുകയായിരുന്നു. വടക്കൻ വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് സേന രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് വിമതരെ എതിർക്കാൻ കഴിയാതെ റോയൽ ലാവോ സർക്കാർ അമേരിക്കയുടെ സഹായം അഭ്യർത്ഥിച്ചു. യുഎസ് ആ അഭ്യർത്ഥന സ്വീകരിച്ചു.
ലാവോസിന്റെ വടക്കൻ വിയറ്റ്നാമീസ് നുഴഞ്ഞുകയറ്റം തടയാൻ യുഎസ് സൈനിക നേതാക്കൾ ഓപ്പറേഷൻ ബാരൽ റോൾ തന്ത്രം മുന്നോട്ടുവച്ചു. 1960 -കളുടെ തുടക്കത്തിൽ, നിഷ്‍പക്ഷ ലാവോസിലേക്ക് കടന്ന വടക്കൻ വിയറ്റ്നാമീസ് സേനയുടെ നേരെ രഹസ്യമായി യുഎസ് ബോംബ് വർഷിക്കാൻ തുടങ്ങി. ലാവോ സർക്കാർ അതിനുനേരെ കണ്ണടച്ചു. എന്നാൽ, ക്രമേണ യുദ്ധം രാജ്യത്തിന്റെ അന്തർഭാഗത്തേക്ക് വ്യാപിച്ചു. വടക്കൻ വിയറ്റ്നാമീസ് പിന്തുണയോടെ ലാവോ കമ്മ്യൂണിസ്റ്റുകാർ തന്ത്രപ്രധാനമായ പ്ലെയിൻ ജാറുകൾ എന്നറിയപ്പെടുന്ന പ്രദേശം പിടിച്ചെടുത്തു. കമ്മ്യൂണിസ്റ്റുകാർ പടിഞ്ഞാറോട്ട് നീങ്ങിയപ്പോൾ, യുഎസ് ബോംബിംഗ് ശക്തമാക്കി, പക്ഷേ, അപ്പോഴും അമേരിക്കയോ വിയറ്റ്നാമികളോ തങ്ങൾ ലാവോസിലാണെന്ന് സമ്മതിച്ചില്ല, അങ്ങനെ യുദ്ധം വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയി. വളരെക്കാലം കഴിഞ്ഞാണ് ഇതേപ്പറ്റി പുറംലോകമറിഞ്ഞത്‌. അവസാനം 1973 ഫെബ്രുവരി 26 -ൽ പാരീസ് സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചതിനെ തുടർന്ന് ഇന്തോചൈനയിൽ നിന്ന് പിന്മാറാൻ യുഎസ് സമ്മതിക്കുകയായിരുന്നു. അങ്ങനെ ബോംബിങ്ങും അവസാനിച്ചു.
വർഷങ്ങളോളം നീണ്ടുനിന്ന ആ ബോംബാക്രമണത്തെ അതിജീവിച്ച മൂന്നിലൊന്ന് പേർക്കും ഒരു അവയവം അല്ലെങ്കിൽ കാഴ്‍ചശക്തി നഷ്‍ടമായി. ചിലർക്ക് രണ്ടും നഷ്‍ടമായി. ഓരോവർഷവും നൂറുകണക്കിന് വൈകല്യമുള്ളവരാണ് അവിടെ ജനിക്കുന്നത്. ഗ്രാമത്തിലെ ലളിതമായ ഒരു തടി വീട്ടിലാണ് യെയാങ് യാങ് താമസിക്കുന്നത്. യാങിന് 31 വയസ്സുണ്ട്. 2008 ഫെബ്രുവരിയിൽ കത്തിയമർന്ന അയാളുടെ മുഖത്ത് മാംസം വളരെ കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളൂ. പട്ടണത്തിലെ മാലിന്യങ്ങൾ കത്തിക്കുന്നതിനിടയിൽ ഒരു ബോംബ് പൊട്ടിയതാണ് അദ്ദേഹത്തിന്റെ ഈ അവസ്ഥക്ക് കാരണം. അദ്ദേഹത്തിന് ഇപ്പോൾ വലത് ചെവി ഇല്ല, തലയുടെ വശത്ത് ഒരു ദ്വാരം മാത്രം. അദ്ദേഹത്തിന്റെ വലതുകാൽ അസ്ഥിയും പേശിയുമില്ലാത്ത ഒരുകെട്ട് മാംസം മാത്രമാണ്. അദ്ദഹത്തിന്റെ മുഖം, മാംസം ഉരുകിയ പ്ലാസ്റ്റിക്കിന്റെ മുഖംമൂടി പോലെയാണ്. അദ്ദേഹത്തിന്റെ അടയ്ക്കയ്ക്കാൻ കഴിയാത്ത കണ്ണിൽ നിന്ന് എപ്പോഴും കണ്ണുനീർ വീണുകൊണ്ടിരിക്കുന്നു. യാങിനെ പോലെ അനേകം ആളുകളാണ് ഇങ്ങനെ ഭുരിതമുഭവിച്ച് ഇവിടെ കഴിയുന്നത്.
വർഷങ്ങൾക്ക് മുൻപ് നടന്ന ആ സംഭവത്തിന്റെ ഭീകരത പേറി ജീവിക്കുന്നവരാണ് ഇവിടത്തുകാർ. മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍‍പാലത്തിനിടയിൽ നടക്കാൻ വിധിക്കപ്പെട്ടവർ. നഷ്‍ടമായ ജീവിതങ്ങൾക്കും, നഷ്ടങ്ങൾക്കും ഇടയിൽ അതിജീവനത്തിനായി പോരാടാൻ വിധിക്കപ്പെട്ടവർ. എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്ന ഭീതിയിൽ ആ രാജ്യം ഇന്നും കഴിയുന്നു.



No comments:

Post a Comment