Friday, January 3, 2020

നീളന്‍മുടിയും താടിയും? ശരിക്കും യേശുവിന്‍റെ രൂപം ഇതാണോ? പഠനങ്ങള്‍ പറയുന്നത്...

നൂറ്റാണ്ടുകളായി, നമ്മൾ കണ്ടു ശീലിച്ച യേശുക്രിസ്‍തുവിന്റെ രൂപത്തിന് നീളമുള്ള മുടിയും, താടിയും, വെളുത്ത നീളൻ കുപ്പായവും, നീലക്കണ്ണുകളുമാണുള്ളത്. നമ്മൾ കണ്ടു ശീലിച്ച രൂപം തന്നെയാണോ യഥാർത്ഥത്തിൽ യേശുവിനുണ്ടായിരുന്നത്? അല്ലെന്നാണ് പറയുന്നത്. കാരണം ബൈബിളിൽ യേശുവിന്റെ രൂപം എങ്ങും വിവരിക്കുന്നില്ല. യഥാർത്ഥത്തിൽ നമ്മളീ കാണുന്ന യേശുവല്ല യേശു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നമ്മൾ കണ്ടുശീലിച്ച യേശുവിന്റെ രൂപം വാസ്തവത്തിൽ ബൈസന്‍റൈൻ കാലഘട്ടത്തിലെ സൃഷ്‍ടിയാണ്.
ഇന്നത്തെ യേശുവിന്റെ രൂപം യഥാർത്ഥത്തിൽ ഗ്രീക്ക്-റോമൻ ദേവന്‍റെ പ്രതിച്ഛായയെ അടിസ്ഥാനമാക്കി സൃഷ്ടിക്കപ്പെട്ടതാണ്. ഗ്രീസിലെ ഒളിമ്പിയയിലെ സ്യൂസ് ക്ഷേത്രത്തിനകത്താണ് നീളമുള്ള മുടിയും, താടിയുമുള്ള സിയൂസിന്റെ കൂറ്റൻ പ്രതിമ കാണാവുന്നതാണ്. ആ സ്യൂസിന്റെ രൂപത്തിലാണ് യേശുവിനെ ആ കാലഘട്ടത്തിലെ കലാകാരന്മാർ ചിത്രീകരിച്ചത്. പിന്നീടുള്ള കാലങ്ങളിൽ അത് പിന്തുടർന്ന് പോരുകയായിരുന്നു. നീളമുള്ള മുടിയും, താടിയും ദൈവികതയുടെ അടയാളമായിട്ടാണ് അന്നത്തെ കാലത്ത് കണ്ടിരുന്നത്. ഒന്നാം നൂറ്റാണ്ടിലെ രാജാക്കന്മാർക്ക് നീളമുള്ള മുടിയുണ്ടായിരുന്നു. ക്രിസ്‍തുവിന്റെ സ്വർഗ്ഗീയ ഭരണത്തെ സൂചിപ്പിക്കാനായി ബൈസന്‍റൈൻ കലാകാരന്മാർ അദ്ദേഹത്തെ നീളമുള്ള മുടിയോടുകൂടി കുറച്ചുകൂടി ചെറുപ്പമായ സ്യൂസിന്റെ പ്രതിരൂപത്തിൽ വരയ്ക്കുകയായിരുന്നു.
എന്നാൽ, ആദ്യകാല ക്രിസ്ത്യാനികൾ, ക്രിസ്‍തുവിനെ താടിയില്ലാതെ മുടിനീട്ടിവളർത്താത്ത ഒരു സാധാരണ മനുഷ്യനായിട്ടാണ് ചിത്രീകരിച്ചത്. യേശുവിന്റെ സമയത്ത്, സമ്പന്നർ പ്രത്യേക അവസരങ്ങളിൽ അവരുടെ ഉയർന്ന പദവി കാണിക്കാനായി നീളമുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. യേശുവിന്റെ ഒരു വചനത്തിൽ അതിന്റെ സൂചന കാണാം, അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു, “നീളമുള്ള വസ്ത്രങ്ങളിൽ നടക്കുന്ന, വ്യാപാര സ്ഥലങ്ങളിൽ അഭിവാദ്യം വാങ്ങുന്ന, പള്ളികളിലും, വിരുന്നുകളിലും ഏറ്റവും പ്രധാനപ്പെട്ട ഇരിപ്പിടങ്ങളെ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്ന എഴുത്തുകാരെ സൂക്ഷിക്കുക." (മർക്കോസ് 12 അധ്യായം, 38-39 വാക്യങ്ങൾ). ഇതിൽ നിന്ന് യേശു ശരിക്കും അത്തരം വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്ന് അനുമാനിക്കാം.
യേശുവിന്റെ കാലത്ത് പുരുഷൻമാർ കാൽമുട്ട് വരെ നീളമുള്ള കുപ്പായമാണ് ധരിച്ചിരുന്നത്. സ്ത്രീകൾ കണങ്കാലു വരെ നീളമുള്ള ഉടുപ്പുകളും ധരിച്ചിരുന്നു. തെക്ല എന്ന സ്ത്രീ ഒരു ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചപ്പോൾ, അത് ആളുകൾക്കിടയിൽ വലിയ നടുക്കമുണ്ടാക്കിയെന്ന് ബൈബിളില്‍ കാണാം. ഇതിൽനിന്നും സ്ത്രീകൾ നീളമുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നുവെന്നും, പുരുഷന്മാർ നീളംകുറഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നും മനസിലാക്കാം. സ്വാഭാവികമായും ഒരു സാധാരണക്കാരനായ യേശുവും നീളം കുറഞ്ഞ വസ്ത്രമാണ് ധരിച്ചതെന്ന് ഇത് തെളിയിക്കുന്നു. അത് മാത്രവുമല്ല, ആ കാലത്ത് വസ്ത്രത്തിന്റെ മുകളിൽ ഒരു മേലങ്കി ധരിക്കുന്ന പതിവുണ്ടായിരുന്നു. ഹിമേഷൻ എന്നു വിളിക്കുന്ന അത് യേശുവും ധരിച്ചിരുന്നതായി നമ്മുക്ക് കാണാം. കാരണം ഒരു സ്ത്രീ തന്നെ സുഖപ്പെടുത്താൻ ആഗ്രഹിച്ചപ്പോൾ ഇത് സ്‍പർശിച്ചതായി (ഉദാഹരണത്തിന്, മർക്കോസ് 5, 27 -ാം വാക്യം കാണുക ) സുവിശേഷത്തിൽ പറയുന്നു. ഒരു വലിയ കമ്പിളിപോലെ തോന്നിച്ചിരുന്ന, കട്ടികുറഞ്ഞതും, ഊഷ്‍മളതയ്ക്കായി ധരിക്കാറുള്ളതുമായിരുന്നു അത്.
ഈ മേലങ്കിയുടെ ഗുണനിലവാരവും, വലുപ്പവും, നിറവും സമൂഹത്തിൽ ഒരു വ്യക്തിക്കുണ്ടായിരുന്ന അധികാരത്തിനും അന്തസ്സിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരുന്നു. പർപ്പിൾ, ചില തരം നീല എന്നിവ ആഡംബരത്തിനെയും, ആദരവിനേയും സൂചിപ്പിക്കുന്നു. ഇവ രാജകീയ നിറങ്ങളായിരുന്നു, കാരണം അവ നിർമ്മിക്കാൻ ഉപയോഗിച്ച ചായങ്ങൾ വളരെ അപൂർവവും ചെലവേറിയതുമായിരുന്നു. വെളുത്ത വസ്ത്രം ധരിച്ചിരുന്ന യേശു സാധാരണക്കാരുടെ പ്രതിനിധിയായിരുന്നു. യേശുവിനെ ഒരു സാധാരണ മനുഷ്യനായിട്ടാണ് അന്നത്തെ കാലത്ത് അവതരിപ്പിച്ചിരുന്നത്.
മറ്റൊരു കാര്യം, യേശുവിന്റെ കാലിൽ ചെരുപ്പ് ഉണ്ടായിരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ആ കാലഘട്ടത്തിൽ എല്ലാവരും ചെരുപ്പ് ധരിച്ചിരുന്നതായിട്ടാണ് മനസിലാക്കേണ്ടത്. ചാവുകടലിനും മസാഡയ്ക്കും അടുത്തുള്ള മരുഭൂമിയിലെ ഗുഹകളിൽ, യേശുവിന്റെ കാലം മുതൽ തന്നെ ചെരുപ്പുകൾ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അതിനാൽ അവ എങ്ങനെയായിരുന്നുവെന്ന് നമുക്ക് കൃത്യമായി അറിയാൻ സാധിക്കും. അവ വളരെ ലളിതമായിരുന്നു, കട്ടിയുള്ള ലെതർ കഷ്‍ണങ്ങൾ കൊണ്ട് തുന്നിച്ചേർത്ത അവയുടെ മുകളിൽ കാൽവിരലുകളിലൂടെ കടന്നുപോകുന്ന ലെതർ സ്ട്രാപ്പുകളും കാണാം.
യേശുവിന്റെ വസ്ത്രധാരണത്തെ കുറിച്ച് നമുക്ക് ഏകദേശം ഒരു രൂപം മനസിലാക്കാൻ സാധിച്ചു. അതുപോലെ തന്നെ മറ്റൊരു പ്രത്യേകത യേശു ഒരു യഹൂദനായിരുന്നു എന്നതാണ്. പൗലോസിന്റെ കത്തുകൾ ഉൾപ്പെടെ വിവിധ സാഹിത്യങ്ങളിൽ ഇത് ആവർത്തിച്ചുകാണാം. എബ്രായർക്കുള്ള കത്തിൽ പറയുന്നതുപോലെ: "നമ്മുടെ കർത്താവ് യഹൂദയിൽ നിന്നാണ് വന്നതെന്ന് വ്യക്തമാണ്." 'ഏകദേശം 30 വയസ്സ് പ്രായമുള്ള' ഒരു യഹൂദനെ ഈ സമയത്ത് എങ്ങനെ സങ്കൽപ്പിക്കാനാകുമെന്ന് ലൂക്കോസ് 3-ാം അധ്യായത്തിൽ പറയുന്നതും ഇതിന്റെ തെളിവാണ്. അതുപോലെതന്നെ അദ്ദേഹത്തിന് ഇരുണ്ട നിറമായിരുന്നു എന്നും പറയപ്പെടുന്നു.
ദുരാ-യൂറോപോസിന്റെ മൂന്നാം നൂറ്റാണ്ടിലെ പള്ളിയിലെ ചുവരുകളിൽ മോശയുടെ ചിത്രീകരണത്തിൽ ഒരു യഹൂദ സന്യാസി എങ്ങനെയെന്ന് കാണിക്കുന്നു. ചായം പൂശാത്ത വസ്ത്രത്തിലാണ് അതിൽ യേശുവിനെ സങ്കൽപ്പിച്ചിരിക്കുന്നത്. എന്തുതന്നെയായാലും, ഇപ്പോഴത്തെ ബൈസന്റൈൻ യേശുവിന്റെ രൂപത്തിനേക്കാളും, ചരിത്രപരമായ യേശുവിനെ സങ്കൽപ്പിച്ചാൽ അദ്ദേഹം മുടി നീട്ടിവളർത്താത്ത, നേരിയ താടിയുള്ള, ചെറിയ സ്ലീവുകളുള്ള മുട്ടുവരെയുള്ള വസ്ത്രം ധരിച്ച ഒരാളായിരുന്നു എന്ന് തെളിവുകൾ സമർത്ഥിക്കുന്നു.



80 കോടിയിലധികം ബോംബുകള്‍ പൊട്ടാതെ അവശേഷിക്കുന്നൊരു ഗ്രാമം, ഭീതിയില്‍ ജനം

വടക്കുകിഴക്കൻ ലാവോയിൽ മുവാങ് ഖാമിനപ്പുറത്ത് ഒരു ഗുഹയുണ്ട്. ഏറ്റവും വലിയതും അറിയപ്പെടുന്നതുമായ ഒരു മഹാദുരന്തത്തിന് വേദിയായ സ്ഥലം. 1968 നവംബർ 24 -ന് യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റ് ഗുഹയുടെ മുൻപിലേക്ക് ഒരു മിസൈൽ വർഷിച്ചു. അതിനകത്ത് 374 പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. തങ്ങളുടെ രാജ്യത്ത് ദിവസവും വർഷിക്കുന്ന ബോംബുകളിൽനിന്ന് രക്ഷനേടാനായി ആ ഗുഹയിൽ ഒളിച്ചവർ. എന്നാൽ, ആ സ്ഫോടനത്തിൽ അവരെല്ലാം മരണപ്പെടുകയായിരുന്നു. ഗുഹയ്‍ക്കകത്ത് കണ്ണുകൾ തള്ളി, മാംസം ചിതറി ശവശരീരങ്ങൾ കിടന്നു. അപ്പോഴും പുറത്തു ബോംബുകൾ പൊട്ടിക്കൊണ്ടിരുന്നു. വർഷങ്ങൾക്ക് ശേഷം ഇന്ന്, ഗുഹയിലേക്കുള്ള പടികളുടെ താഴെ ഒരു ബുദ്ധപ്രതിമ കാണാം. മരിച്ച കുട്ടിയെ കൈകളിൽ എടുത്തുകൊണ്ട് നിൽക്കുന്ന മാതാപിതാക്കളുടെ പ്രതിമകളും കാണാം.
ലോകത്തിലെ തന്നെ ഏറ്റവുമധികം ബോംബാക്രമണങ്ങൾ നടന്നിട്ടുള്ള രാജ്യമാണ് ലാവോ. ലാവോയുടെ തലസ്ഥാനമായ വിയറ്റ്നാമിൽ യുഎസ് നയിക്കുന്ന യുദ്ധം രൂക്ഷമാവുകയും, ഇത് അമേരിക്കൻ മണ്ണിൽ വൻതോതിൽ പൊതുപ്രതിഷേധത്തിനു കാരണമാവുകയും ചെയ്‍തപ്പോൾ പക്ഷേ, അതിന്റെ നിഴലുകളിൽ മറ്റൊരു യുദ്ധം നടക്കുകയായിരുന്നു. 1964 ഡിസംബറിനും 1973 മാർച്ചിനുമിടയിൽ, 270 ദശലക്ഷത്തിലധികം ക്ലസ്റ്റർ ബോംബുകളാണ് യുഎസ് ലാവോയിൽ വിക്ഷേപിച്ചത്.
ഒരു പൗരന് ശരാശരി ഒരു ടൺ എന്ന കണക്കിൽ അവിടെ ബോംബുകൾ വർഷിക്കപ്പെട്ടു. അവിടത്തെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കികൊണ്ട്, 80 കോടിയിലധികം ബോംബുകളാണ് ഇപ്പോഴും ആ രാജ്യത്ത് പൊട്ടാതെ അവശേഷിക്കുന്നത്. 1973 -ൽ യുദ്ധം അവസാനിച്ചശേഷം, ശേഷിക്കുന്ന ഈ ബോംബുകളാൽ 20,000 -ത്തിലധികം ആളുകളാണ് മരിക്കുകയോ, പരിക്കേൽക്കുകയോ ചെയ്‍തിട്ടുള്ളത്. ഏതുനിമിഷവും, ഒരു കൃഷിക്കാരൻ മണ്ണ് ഉഴവുമ്പോഴോ, കിളക്കുമ്പോഴോ, അതുമല്ലെങ്കിൽ കുഞ്ഞുങ്ങൾ മണ്ണിൽ കളിക്കുമ്പോഴോ അത് പൊട്ടാം. മരണത്തെ മുന്നിൽ കണ്ടാണ് നാട്ടുകാർ അവിടെ ഓരോനിമിഷവും ജീവിക്കുന്നത്. തൊഴിലില്ലായ്‍മ രൂക്ഷമായ അവിടെ ചില ആളുകൾ ജീവിക്കാനായി ഈ ബോംബുകൾ സ്ക്രാപ്പ് മെറ്റലായി വിൽക്കാൻ ശ്രമിക്കുന്നു. അനേകം പേർക്ക് ഇതുമൂലം ജീവൻ നഷ്‍ടപ്പെടുകയും ചെയ്യുന്നു. പ്രതിവർഷം 100 ഓളം ആളുകളാണ് ഇതിന് ഇരകളാകുന്നത് എന്നാണ് കണക്കാക്കുന്നത്.
ശുചീകരണ പ്രവർത്തനങ്ങൾക്കായി ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചു, എന്നിട്ടും ലാവോസ് പ്രദേശത്തിന്റെ ഒരു ശതമാനം മാത്രമേ ബോംബുകൾ നീക്കം ചെയ്യാൻ സാധിച്ചിട്ടുള്ളൂ. ബോംബാക്രമണം കഴിഞ്ഞു നാൽപത്തിയഞ്ച് വർഷത്തിനുശേഷവും, വടക്കൻ, കിഴക്കൻ ലാവോസിലെ കുന്നുകളും താഴ്‌വരകളും ഇപ്പോഴും ബോംബുകള്‍ പൊട്ടിത്തെറിച്ച് കർഷകരും അവരുടെ കുടുംബങ്ങളും ദാരുണമായി മരിക്കുന്നു.
എങ്ങനെ ഇത് സംഭവിച്ചു?
വളരെ വർഷങ്ങൾക്ക് മുൻപാണ്... അന്ന് നടന്ന യുദ്ധത്തിന്റെ ഫലം അനുഭവിക്കുന്നത് പാവങ്ങളായ ജനങ്ങളാണ്. 1950 -കളിലാണ് ഇതിന്‍റെ ആരംഭം. പഥേത് ലാവോ കമ്മ്യൂണിസ്റ്റ് മിലിട്ടറി ഗ്രൂപ്പും റോയൽ ലാവോ ആർമിയും തമ്മിലുള്ള പോരാട്ടം ഒടുവിൽ ലാവോയുടെ മണ്ണിലെത്തുകയായിരുന്നു. വടക്കൻ വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് സേന രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് വിമതരെ എതിർക്കാൻ കഴിയാതെ റോയൽ ലാവോ സർക്കാർ അമേരിക്കയുടെ സഹായം അഭ്യർത്ഥിച്ചു. യുഎസ് ആ അഭ്യർത്ഥന സ്വീകരിച്ചു.
ലാവോസിന്റെ വടക്കൻ വിയറ്റ്നാമീസ് നുഴഞ്ഞുകയറ്റം തടയാൻ യുഎസ് സൈനിക നേതാക്കൾ ഓപ്പറേഷൻ ബാരൽ റോൾ തന്ത്രം മുന്നോട്ടുവച്ചു. 1960 -കളുടെ തുടക്കത്തിൽ, നിഷ്‍പക്ഷ ലാവോസിലേക്ക് കടന്ന വടക്കൻ വിയറ്റ്നാമീസ് സേനയുടെ നേരെ രഹസ്യമായി യുഎസ് ബോംബ് വർഷിക്കാൻ തുടങ്ങി. ലാവോ സർക്കാർ അതിനുനേരെ കണ്ണടച്ചു. എന്നാൽ, ക്രമേണ യുദ്ധം രാജ്യത്തിന്റെ അന്തർഭാഗത്തേക്ക് വ്യാപിച്ചു. വടക്കൻ വിയറ്റ്നാമീസ് പിന്തുണയോടെ ലാവോ കമ്മ്യൂണിസ്റ്റുകാർ തന്ത്രപ്രധാനമായ പ്ലെയിൻ ജാറുകൾ എന്നറിയപ്പെടുന്ന പ്രദേശം പിടിച്ചെടുത്തു. കമ്മ്യൂണിസ്റ്റുകാർ പടിഞ്ഞാറോട്ട് നീങ്ങിയപ്പോൾ, യുഎസ് ബോംബിംഗ് ശക്തമാക്കി, പക്ഷേ, അപ്പോഴും അമേരിക്കയോ വിയറ്റ്നാമികളോ തങ്ങൾ ലാവോസിലാണെന്ന് സമ്മതിച്ചില്ല, അങ്ങനെ യുദ്ധം വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയി. വളരെക്കാലം കഴിഞ്ഞാണ് ഇതേപ്പറ്റി പുറംലോകമറിഞ്ഞത്‌. അവസാനം 1973 ഫെബ്രുവരി 26 -ൽ പാരീസ് സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചതിനെ തുടർന്ന് ഇന്തോചൈനയിൽ നിന്ന് പിന്മാറാൻ യുഎസ് സമ്മതിക്കുകയായിരുന്നു. അങ്ങനെ ബോംബിങ്ങും അവസാനിച്ചു.
വർഷങ്ങളോളം നീണ്ടുനിന്ന ആ ബോംബാക്രമണത്തെ അതിജീവിച്ച മൂന്നിലൊന്ന് പേർക്കും ഒരു അവയവം അല്ലെങ്കിൽ കാഴ്‍ചശക്തി നഷ്‍ടമായി. ചിലർക്ക് രണ്ടും നഷ്‍ടമായി. ഓരോവർഷവും നൂറുകണക്കിന് വൈകല്യമുള്ളവരാണ് അവിടെ ജനിക്കുന്നത്. ഗ്രാമത്തിലെ ലളിതമായ ഒരു തടി വീട്ടിലാണ് യെയാങ് യാങ് താമസിക്കുന്നത്. യാങിന് 31 വയസ്സുണ്ട്. 2008 ഫെബ്രുവരിയിൽ കത്തിയമർന്ന അയാളുടെ മുഖത്ത് മാംസം വളരെ കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളൂ. പട്ടണത്തിലെ മാലിന്യങ്ങൾ കത്തിക്കുന്നതിനിടയിൽ ഒരു ബോംബ് പൊട്ടിയതാണ് അദ്ദേഹത്തിന്റെ ഈ അവസ്ഥക്ക് കാരണം. അദ്ദേഹത്തിന് ഇപ്പോൾ വലത് ചെവി ഇല്ല, തലയുടെ വശത്ത് ഒരു ദ്വാരം മാത്രം. അദ്ദേഹത്തിന്റെ വലതുകാൽ അസ്ഥിയും പേശിയുമില്ലാത്ത ഒരുകെട്ട് മാംസം മാത്രമാണ്. അദ്ദഹത്തിന്റെ മുഖം, മാംസം ഉരുകിയ പ്ലാസ്റ്റിക്കിന്റെ മുഖംമൂടി പോലെയാണ്. അദ്ദേഹത്തിന്റെ അടയ്ക്കയ്ക്കാൻ കഴിയാത്ത കണ്ണിൽ നിന്ന് എപ്പോഴും കണ്ണുനീർ വീണുകൊണ്ടിരിക്കുന്നു. യാങിനെ പോലെ അനേകം ആളുകളാണ് ഇങ്ങനെ ഭുരിതമുഭവിച്ച് ഇവിടെ കഴിയുന്നത്.
വർഷങ്ങൾക്ക് മുൻപ് നടന്ന ആ സംഭവത്തിന്റെ ഭീകരത പേറി ജീവിക്കുന്നവരാണ് ഇവിടത്തുകാർ. മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍‍പാലത്തിനിടയിൽ നടക്കാൻ വിധിക്കപ്പെട്ടവർ. നഷ്‍ടമായ ജീവിതങ്ങൾക്കും, നഷ്ടങ്ങൾക്കും ഇടയിൽ അതിജീവനത്തിനായി പോരാടാൻ വിധിക്കപ്പെട്ടവർ. എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്ന ഭീതിയിൽ ആ രാജ്യം ഇന്നും കഴിയുന്നു.



സാവിത്രിബായ് ഫൂലെ 

ജനുവരി 3... പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ച ഒരു ധീരവനിതയുടെ ജന്മദിനമാണ്. 'ഇന്ത്യന്‍ ഫെമിനിസത്തിന്‍റെ മാതാവ്' എന്നറിയപ്പെടുന്നു. സാവിത്രിബായ് ഫൂലെയുടെ... പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാതിരുന്ന ഒരു കാലത്താണ് അവര്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനായി ഇറങ്ങിത്തിരിക്കുന്നത്. അതും കടുത്ത എതിര്‍പ്പുകള്‍ നേരിട്ടുതന്നെ.
ആരാണ് സാവിത്രിബായ് ഫൂലെ?
1831 ജനുവരി മൂന്നിന് മഹാരാഷ്ട്രയിലാണ് സാവിത്രിബായ് ഫൂലെ ജനിച്ചത്. വെറും ഒമ്പത് വയസ് മാത്രമുള്ളപ്പോള്‍ പതിമൂന്ന് വയസുള്ള ജ്യോതിറാവു ഫൂലെയുമായി അവരുടെ വിവാഹം നടന്നു. അന്ന് ശൈശവവിവാഹം സാധാരണമായിരുന്നു. വിവാഹത്തിന് ശേഷമാണ് സാവിത്രിബായ് സ്‍കൂളില്‍ പോയി വിദ്യാഭ്യാസം നേടുന്നത്. സാവിത്രിബായ് പഠിക്കണമെന്ന് ജ്യോതി റാവുവിനും നിര്‍ബന്ധമായിരുന്നു. അങ്ങനെ വിദ്യാഭ്യാസം നേടിയ സാവിത്രിബായ് അധ്യാപികയായി. അന്ന്, പല ജാതികളിലേയും കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശമില്ലായിരുന്നു. അത് സാവിത്രിബായിയെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെയാണ് വിദ്യാഭ്യാസത്തിന് അവകാശമില്ലാതിരുന്ന ചമാര്‍, മഹര്‍, മാംഗ് എന്നീ ജാതികളിലുള്ളവര്‍ക്കായി അവര്‍ സ്വന്തമായി ഒരു സ്‍കൂള്‍ തന്നെ തുടങ്ങുന്നത്.
എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്‍കൂള്‍ അടക്കേണ്ടി വന്നു സാവിത്രിബായ്ക്ക്. ആ സമയങ്ങളിലൊന്നും അവര്‍ വെറുതെ ഇരുന്നില്ല. ജ്യോതിറാവുവിനൊപ്പം സാമൂഹ്യരംഗത്ത് അവരും സജീവമായിരുന്നു. സാമൂഹ്യ പ്രശ്‍നങ്ങളിലെല്ലാം അവര്‍ ഇരുവരും ഇടപെട്ടു. അപ്പോഴും വിദ്യാലയം എന്ന സ്വപ്‍നം അവര്‍ ഉപേക്ഷിച്ചിരുന്നില്ല. ഒടുവില്‍ സാവിത്രി ഫൂലേയുടെ പരിശ്രമത്തിന്‍റെ ഫലമായി 1851 ജൂലൈ മാസത്തില്‍ പെണ്‍കുട്ടികള്‍ക്കായി വീണ്ടും വിദ്യാലയം തുറന്നു. തുടക്കത്തില്‍ വെറും എട്ട് കുട്ടികള്‍ മാത്രമായിരുന്നു പഠിക്കാനെത്തിയിരുന്നതെങ്കില്‍ പിന്നീടത് വര്‍ധിച്ചു. കുട്ടികള്‍ പഠനം നിര്‍ത്തിപ്പോവാതിരിക്കാനായി ഭക്ഷണവും ഗ്രാന്‍ഡുമൊരുക്കി അവര്‍.
ജ്യോതിറാവു ഫൂലെ 'സത്യശോധക് സമാജ്' എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നത് 1873 -ലാണ്. അന്നുമുതല്‍ അതിന്‍റെ സജീവ പ്രവര്‍ത്തകയായിഅവര്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിധവകളുടെ മക്കള്‍ക്ക് വേണ്ടിയുള്ള അനാഥാലയങ്ങള്‍, വിധവാ വിവാഹം എന്നിവയ്ക്കെല്ലാം അവരുടെ സംഘടന നേതൃത്വം നല്‍കി. അവിടം കൊണ്ടും തീര്‍ന്നില്ല. ആചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ച ഇവര്‍ സംഘടനയുടെ നേതൃത്വത്തില്‍ ബദല്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‍തിരുന്നു. വിധവകള്‍ അങ്ങേയറ്റം ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. അവരുടെ തമ മുണ്ഡനം ചെയ്യപ്പെട്ടു. പല വിധവകളും ലൈംഗികചൂഷണത്തിനിരയായി. പലരും ഗര്‍ഭിണികളായി. സമൂഹത്തെ ഭയന്ന് ആ കുഞ്ഞുങ്ങളെ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്‍തു. അങ്ങനെയൊരു കുഞ്ഞിനെ ഒരിക്കല്‍ സാവിത്രി ഫൂലെയും ജ്യോതി റാവുവും വീട്ടിലേക്ക് കൂട്ടി. അവനെ അവര്‍ ദത്തെടുത്തു. പഠിപ്പിച്ചു ഡോക്ടറാക്കി.
സാവിത്രി ഫൂലെയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെയെല്ലാം എതിര്‍ക്കാമോ അങ്ങനെയെല്ലാം എതിര്‍ത്തിരുന്നു സമൂഹം. കല്ലും ചാണകവും ചെളിയും അവര്‍ ആ സ്ത്രീക്കുനേരെ വലിച്ചെറിഞ്ഞു. പക്ഷേ, അതൊന്നും അവരെ തളര്‍ത്തിയില്ല. മാറിയുടുക്കാന്‍ മറ്റൊരു സാരിയുമായി അവര്‍ വീണ്ടും വീണ്ടും സമൂഹത്തിലേക്കിറങ്ങി. എന്നാല്‍, അവിടം കൊണ്ടുതീര്‍ന്നില്ല, വീട്ടില്‍ നിന്നുതന്നെ സാവിത്രി ഭായ് ഫൂലേയും ജ്യോതിറാവു ഫൂലേയും പുറത്താക്കപ്പെട്ടു. പക്ഷേ, തോറ്റുകൊടുക്കാനിരുവരും ഒരുക്കമായിരുന്നില്ല. ഇരുവരും ശക്തമായി പൊതുപ്രവര്‍ത്തനത്തിനിറങ്ങി. പൊതുകിണറിൽനിന്ന് വെള്ളമെടുക്കുന്നത് തടയപ്പെട്ടിരുന്ന ആ കാലത്ത് അത് എല്ലാവരുടെയും അവകാശമാണെന്നും അത് നേടിയെടുക്കാൻ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട് എന്നും പറഞ്ഞ് മഹാരാഷ്ട്രയിൽ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അതിന്‍റെ നേതൃനിരയിൽ തന്നെയുണ്ടായിരുന്നു സാവിത്രി ഫൂലെ. അങ്ങനെ എല്ലാവര്‍ക്കും വെള്ളമെടുക്കാനായി കിണര്‍ നിര്‍മ്മിച്ചു അവര്‍.
മറന്നുപോവരുതാത്ത മനുഷ്യരുണ്ട്. നമുക്ക് പഠിക്കാന്‍, നമുക്ക് വഴി നടക്കാന്‍, നമുക്കും ജീവിക്കാന്‍ നമുക്കുവേണ്ടി പടപൊരുതിയ മനുഷ്യര്‍... അങ്ങനെതന്നെയാണവരെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതും.
150 മില്യൺ വർഷം പഴക്കം, ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഗുഹയിലേക്ക് വേറിട്ട യാത്രാനുഭവം!

കടലും പർവതങ്ങളും തണുപ്പും ട്രെക്കിങ്ങും റൈഡും ഒക്കെയായി പലരീതിയിൽ യാത്രകൾ വേറിട്ടിരിക്കുന്നു. ഗുഹകളിലൂടെയുള്ള സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഒരിക്കലെങ്കിലും പോകേണ്ട ഇടമാണ് ബോറാ ഗുഹകൾ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്ന്. ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്ത് അരാക വാലിക്ക് സമീപത്താണ് ബോറാ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ഗുഹ എന്ന വിശേഷണവും ബോറാ ഗുഹകൾക്കാണ്. ‘ബോറാ ഗുഹാലു’ എന്നാണ് ഈ ഗുഹ അറിയപ്പെടുന്നത്. ഉദ്ദേശം രണ്ട് കിലോമീറ്റർ നീളമുണ്ട് ഈ ഗുഹയ്ക്ക്.അതിൽ 0.35 കിലോമീറ്റർ ദൂരം വരെയേ സഞ്ചാരികൾക്ക് സന്ദർശനാനുമതി ഉള്ളൂ. ഗുഹാമുഖത്തിന് മാത്രം 100 മീറ്റർ വിസ്തൃതിയുണ്ട്.
പ്രകൃതിയൊരുക്കിയ ശിൽപ ചാരുത
ചുണ്ണാമ്പുകല്ലുകളാൽ പ്രകൃതിയൊരുക്കിയ ശിൽപ ഭംഗിയാണ് ഗുഹയ്ക്കുൾ വശം. ഹൈന്ദവ വിശ്വാസങ്ങളോടും ആചാരങ്ങളോടും ചേർത്ത് കൂട്ടിവായിക്കുന്ന രീതിയിൽ നിരവധി സ്റ്റോൺ ഫോർമേഷനുകൾ ഗുഹയ്ക്കുള്ളിലുണ്ട്. പല വലിപ്പത്തിലുള്ള ശിവലിംഗങ്ങൾ, നാഗം, ഐരാവതം, അരയന്നം.. തുടങ്ങിയവ ഉദാഹരണം. ദൈവങ്ങളുടെ വാസസ്ഥലം എന്നൊരു ഖ്യാതിയും ബോറാ ഗുഹയ്ക്കുണ്ട്.
മനുഷ്യന്റെ തലച്ചോറ്, അമ്മയുടെയും കുഞ്ഞിന്റെയും രൂപം തുടങ്ങിയ വേറെയും ശിൽപങ്ങൾ ഗുഹയ്ക്കകത്തുണ്ട്, ഹൈന്ദവ വിശ്വാസങ്ങളായി ബന്ധപ്പെട്ടിരിക്കുന്നത് കാരണം ഗുഹയ്ക്കുള്ളിലും പുറത്തുമായി ധാരാളം സന്യാസിമാരെ കാണാം.


ഭൂമിയില്‍ ആദ്യം ജീവനുണ്ടായത് എവിടെ..? നിര്‍ണ്ണായക കണ്ടെത്തൽ നടത്തി ശാസ്ത്രലോകം.

വാഷിംങ്ടണ്‍: ഭൂമിയില്‍ ആദ്യം ജീവനുണ്ടായത് കാര്‍ബണേറ്റ് നിറഞ്ഞ തടാകത്തിലാണ് എന്ന് പഠനം. ഇത്തരം തടാകങ്ങളില്‍ വലിയ അളവില്‍ ഫോസ്ഫറസും അടങ്ങിയിരുന്നു എന്നാണ് പഠനം പറയുന്നത്. ജീവന്‍റെ അടിസ്ഥാനമായ ആറ് മൂലകങ്ങളില്‍ ഒന്നാണ് ഫോസ്ഫറസ്. ഡിഎന്‍എ, ആര്‍എന്‍എ നിര്‍മ്മിതികളില്‍ ഫോസ്ഫറസിന് പ്രധാന പങ്കുണ്ട്. കോശങ്ങളുടെ എനര്‍ജി കറന്‍സി എന്ന് അറിയപ്പെടുന്ന ഫോസ്ഫറസ് ലിപ്പിഡ്സിനെയും സെല്ലുകളെയും ചുറ്റില്‍ നിന്നും സംരക്ഷിക്കാന്‍ ശേഷിയുള്ള മൂലകമാണ്.
യൂണിവേഴ്സിറ്റി ഓഫ് വാഷിംങ്ടണില്‍ നടത്തിയ പഠനമാണ് ഇപ്പോള്‍ ശാസ്ത്രസമൂഹം 50 കൊല്ലത്തോളം അന്വേഷിച്ച ഫോസ്ഫേറ്റ് പ്രോബ്ലം പരിഹരിച്ച് ജീവന്‍റെ ഉത്ഭവം സംബന്ധിച്ച് നിര്‍ണ്ണായക വിവരം നല്‍കുന്നത്. ജീവന്‍റെ അടിസ്ഥാന ഘടകങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ വലിയതോതില്‍ ഫോസ്ഫറസ് ആവശ്യമാണ്. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണ് സാധാരണമായ ഒരു പാശ്ചത്തലത്തില്‍. അപ്പോള്‍ എങ്ങനെ ഇത് സംഭവിച്ചു എന്നതാണ് ശാസ്ത്രലോകം അന്വേഷിച്ചത്. എന്നാല്‍ ഫോസ്ഫറസ് നിറഞ്ഞ തടാകങ്ങളിലാണ് ഇത് സംഭവിച്ചത് എന്നാണ് ഇതിന് പരിഹാരമായി ജേര്‍ണല്‍ പ്രോസിഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
ഈ പഠനം കേന്ദ്രീകരിക്കുന്നത് കര്‍ബോണിക്ക് അസിഡ് സാള്‍ട്ട് നിറഞ്ഞ തടാകങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. വളരെ വരണ്ട കാലവസ്ഥയിലാണ് ഇവ ഉടലെടുക്കുന്നത്. വലിയതോതിലുള്ള ബാഷ്പീകരണ നിരക്ക് മൂലം ഈ തടാകങ്ങള്‍ കൂടുതല്‍ ലവണാ ആല്‍കലൈനായി മാറുന്നു. അല്ലെങ്കില്‍ കൂടി പിഎച്ച് മൂല്യം കാണിക്കുന്നു. ഇത്തരം തടാകങ്ങളെ സോഡ തടാകം, അല്ലെങ്കില്‍ ആല്‍ക്കലൈന്‍ തടാകം എന്ന് വിളിക്കുന്നു. ഏഴ് ഭൂഖണ്ഡങ്ങളിലും ഇത്തരം സോഡ തടാകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോള്‍ ഭൂമിയില്‍ അവശേഷിക്കുന്ന സോഡ തടാകങ്ങളിലെ ഫോസ്ഫറസിന്‍റെ അളവ് അളക്കുകയാണ് പഠനത്തിന്‍റെ ഭാഗമായി ആദ്യം ചെയ്തത്. ഇതില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മോണോ തടാകം, കെനിയയിലെ മഗാഡി തടാകം, ഇന്ത്യയിലെ ലോണാര്‍ തടാകം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ സാധാരണ കടല്‍, നദീ ജലത്തെക്കാള്‍ ഫോസ്ഫറസിന്‍റെ അംശം 50000 മടങ്ങ് അധികമാണെന്ന് കണ്ടെത്തി.
ഇത്തരം ജലത്തിലും ചില ജീവപ്രക്രിയകള്‍ നടക്കുന്നതായി പഠനം കണ്ടെത്തി. ലാബില്‍ ഈ തടാകങ്ങളിലെ ജലം ശേഖരിച്ച് നടത്തിയ പഠനങ്ങളും വിജയകരമായിരുന്നു. ഇവയെല്ലാം വലിയതോതില്‍ ഫോസ്ഫറസ് ആവശ്യമായ പ്രക്രിയകളാണ്. എന്നാല്‍ ഭൂമിയുടെ മാറിയ കാലവസ്ഥയില്‍ സോഡ തടാകങ്ങള്‍ ഇന്ന് ഏറെ ജൈവ സമൃദ്ധമാണ്. പഠനം നടത്തിയ കെനിയയിലെ മഗാഡി തടാകം അരയന്നങ്ങളുടെ പേരില്‍ പ്രശസ്തമാണ്.
ജീവനില്ലാത്ത ഒരു അവസ്ഥയില്‍ എങ്ങനെ ജൈവിക പ്രക്രിയയ്ക്ക് ആവശ്യമായ ഫോസ്ഫറസ് ലഭിച്ചു എന്നതിനും, ആദ്യമായി എങ്ങനെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ നടന്നു എന്നതിനും ഉദാഹരണമാണ് സോഡ തടാകങ്ങള്‍ എന്നാണ് പഠനം നല്‍കുന്ന സൂചന.
20 -ാമത്തെ വയസ്സിൽ കാടുകേറി, 27 കൊല്ലം ആരോടും മിണ്ടാതെ ജീവിച്ചു, ഒടുവിൽ ജയിലിലേക്ക്...

ഏകാന്തത പലർക്കും മരണതുല്യമാണ്. ഒറ്റപ്പെടൽ ഒരുവിധം പേർക്കൊക്കെ അസഹ്യമാണ്. എന്നാൽ, ഈ ലോകത്ത് അപൂർവം ചിലർക്ക്, ഏകാന്തത ആനന്ദമാണ്. ലഹരിയാണ്. അങ്ങനെ ഒരാളാണ് അമേരിക്കയുടെ വടക്കു കിഴക്കൻ പ്രവിശ്യയിലുള്ള മെയ്ൻ സ്റ്റേറ്റിലെ വനാന്തരങ്ങളിൽ ഏകാന്തജീവിതം നയിച്ച ഒരു ചെറുപ്പക്കാരൻ. ക്രിസ്റ്റഫർ നൈറ്റ്.
കൊല്ലം 1986...ക്രിസ്റ്റഫറിന് അന്ന് വെറും ഇരുപതുവയസ്സുപ്രായം. മെയ്നിലെ ഉൾക്കാടുകളിൽ ഒന്നിലേക്ക് കാറോടിച്ചുകേറിയ ആ യുവാവ്, ടാറിട്ട റോഡ് അവസാനിച്ചിടത്ത് തന്റെ കാറുപേക്ഷിച്ചു. ആ കാടിനുള്ളിലേക്ക് നടന്നുകേറി. അടുത്ത 27 വർഷത്തേക്ക് പിന്നീടയാൾ പുറംലോകം കണ്ടില്ല. ഒരാളോടും മിണ്ടിയില്ല. ഏകാന്തതയുടെ ഇരുപത്തേഴു വർഷങ്ങൾ..!
അത്യാവശ്യം വരുന്ന ക്യാംപിങ് സാമഗ്രികൾ മാത്രമാണ് ക്രിസ്റ്റഫറിന്റെ ബാഗിൽ ഉണ്ടായിരുന്നത്. അയാൾ അതും ചുമലിലേറ്റിക്കൊണ്ട്, ആ ഘോരവനത്തിനുള്ളിലേക്ക് നടന്നുകേറി. നടക്കുന്തോറും വഴിതെറ്റും കാട്ടിനുള്ളിൽ എന്നല്ലേ... ക്രിസ്റ്റഫറിന് പിഴക്കാൻ ലക്ഷ്യമൊന്നും ഇല്ലായിരുന്നു. അയാൾ മടുക്കും വരെ നടന്നു. ഒടുവിൽ നോർത്ത് പോണ്ട് എന്നുപേരായ ഒരു ചെറുജലാശയത്തിന്റെ കരയിൽ അയാൾ തന്റെ യാത്ര അവസാനിപ്പിച്ചു. ചുറ്റിനും കൊടും കാടാണ്.
അവിടെക്കണ്ട രണ്ടു മരങ്ങൾക്കിടയിൽ അയാൾ തന്റെ ബാഗിൽ കരുതിയിരുന്ന ടാർപോളിൻ വലിച്ചുകെട്ടി. അതിന്റെ ചോട്ടിൽ തന്റെ നൈലോൺ ക്യാംപിങ്ങ് ടെന്‍റ് നിവർത്തി. അവിടെ നിന്നും, ഏതാനും കിലോമീറ്റർ നടന്നാൽ, വേനൽക്കാലത്ത് ആളുകൾ ക്യാംപിങ്ങിന് വന്നുപാര്‍ത്തിരുന്ന പത്തുമുന്നൂറു സമ്മർ കാബിനുകൾ ഉണ്ടായിരുന്നു. പക്ഷേ അയാൾ അവരുടെയെല്ലാം കൺവെട്ടത്തിൽ നിന്നും ദൂരെ, ഉൾക്കാട്ടിലെ സുരക്ഷിതമായ ഒരിടത്തിലായിരുന്നു.
അവിടെ, ആ ജലാശയത്തിന്റെ കരയിൽ, ഒരാളോടും മിണ്ടാതെ അയാൾ കഴിച്ചുകൂട്ടിയത് അടുത്ത 27 വർഷങ്ങളായിരുന്നു. അപ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു സംശയമുണ്ട്. അയാൾ എങ്ങനെയാണ് തന്റെ ജീവൻ നിലനിർത്തിയിരുന്നത് എന്ന്. നേരത്തെ പറഞ്ഞ ആ സമ്മർ കാബിനുകളിൽ നിന്നും അയാൾ ആരുമറിയാതെ തനിക്ക് അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ, ഭക്ഷണസാധനങ്ങൾ, പാചകം ചെയ്യാനുള്ള എണ്ണ, വസ്ത്രങ്ങൾ, ഷൂസുകൾ, ടോർച്ചിലിടാനുള്ള ബാറ്ററികൾ, പുസ്തകങ്ങൾ എന്നിങ്ങനെ തനിക്ക് അത്യാവശ്യം വേണ്ടത് മാത്രം മോഷ്ടിച്ചുകൊണ്ടിരുന്നു. ഇരുപത്തേഴു വർഷങ്ങൾക്കിടെ അയാൾ ആ സമ്മർ കാബിനുകളിൽ ആയിരത്തിലധികം വട്ടം അതിക്രമിച്ചുകേറി.
'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ' എന്നാണല്ലോ. ഇത്രയും വർഷങ്ങൾക്കു ശേഷം ഈയടുത്താണ് ചില കാബിൻ ഉടമകൾ പൊലീസിൽ പരാതി നൽകുന്നതും, പൊലീസ് കള്ളനുവേണ്ടി വല വിരിക്കുന്നതും, അതിൽ ക്രിസ്റ്റഫർ കുടുങ്ങുന്നതും.
മോഷണക്കുറ്റത്തിന് വിചാരണ നേരിട്ടശേഷം ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന കാലത്താണ് ക്രിസ്റ്റഫറിനെ കാണാനും, ആ അതിശയകരമായ ജീവിതത്തെപ്പറ്റി ഒരു പുസ്തകമെഴുതാനും വേണ്ടി മൈക്ക് ഫിങ്കൽ എന്ന ജേർണലിസ്റ്റ് ജയിലിലേക്കെത്തുന്നത്. "വനാന്തരത്തിലെ അപരിചിതൻ - ലോകത്തിലെ അവസാനത്തെ തപസിയുടെ അസാധാരണജീവിതകഥ" എന്നായിരുന്നു പുസ്തകത്തിന്റെ തലക്കെട്ട്,
ഈ പുസ്തകം എഴുതുന്നതിലേക്കായി ഫിങ്കൽ ക്രിസ്റ്റഫറുമായി നടത്തിയ സംഭാഷണങ്ങൾ തുടങ്ങുന്നത് ഒരൊറ്റ ചോദ്യത്തിലാണ്. "എന്തിന്..? കൗതുകങ്ങളും, അത്ഭുതങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളുമൊക്കെ നിറഞ്ഞ ഈ ലോകത്തിനു നേരെ പുറം തിരിഞ്ഞ് നിങ്ങൾ ഏകാന്ത ജീവിതം നയിക്കാനായി കാടിനുള്ളിലേക്ക് നടന്നുകേറിയത് എന്തിനാണ് ക്രിസ്റ്റഫർ..?"
ക്രിസ്റ്റഫർ വല്ലാത്ത ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന് ആളുകളുമായുള്ള സഹവാസം ഏറെ അരോചകമായിരുന്നു. ഫിങ്കൽ ആദ്യം കരുതിയത് ക്രിസ്റ്റഫർ എന്തെങ്കിലും കുറ്റകൃത്യം കടത്തി അതിന്റെ പരിണിതഫലങ്ങളിൽ നിന്നും ഒളിച്ചോടിയതായിരിക്കും എന്ന്. എന്നാൽ അങ്ങനെ ഒന്നുമില്ല എന്ന് ക്രിസ്റ്റഫർ തറപ്പിച്ചു പറഞ്ഞു. ഒറ്റയ്ക്ക് കഴിയാനുള്ള തോന്നൽ ഉള്ളിൽ വല്ലാതെ ഉണ്ടായി. അതിനെ അതിജീവിക്കാനായില്ല. ഏകദേശം മൂന്നുപതിറ്റാണ്ടു കാലമാണ് ക്രിസ്റ്റഫർ കാട്ടിൽ ഒരാളോട് പോലും ഒരക്ഷരം മിണ്ടാതെ കഴിച്ചുകൂട്ടിയത്. ഒരിക്കൽ, ഒരിക്കൽ മാത്രം, അബദ്ധവശാൽ കാട്ടിനുള്ളിൽ വെച്ച് ഒരു ഹൈക്കറുടെ മുന്നിൽ ചെന്നുപെട്ടപ്പോൾ അയാളോട് ഒരു 'ഹായ്... ' പറഞ്ഞിരുന്നു. അതുമാത്രമാണ് 27 വർഷത്തിൽ അയാൾ നടത്തിയ ഒരേയൊരു സംവേദനം.
സംഭവത്തിൽ ഒരു കാല്പനികതയൊക്കെ തോന്നുന്നുണ്ടല്ലേ..! എന്നാൽ അത്ര സുഖകരമല്ല, മെയ്നിലെ ആ കാട്ടിനുള്ളിൽ കഴിച്ചുകൂട്ടുക എന്നത്. വിശേഷിച്ചും തണുപ്പുകാലത്ത്. ശൈത്യത്തിൽ കാട്ടിനുള്ളിലെ താപനില -20നു താഴെപ്പോവും. ക്രിസ്റ്റഫർ പറഞ്ഞത്, അയാൾ ഒരിക്കൽപ്പോലും തണുപ്പുമാറ്റാൻ വേണ്ടി തീകൂട്ടിയിട്ടില്ല എന്നാണ്. കാരണം ലളിതമാണ്. തീ കാട്ടിലെ അപകടകാരികളായ മൃഗങ്ങളുടെയും അതിനേക്കാൾ അപകടകാരികളായ മനുഷ്യരുടെയും ശ്രദ്ധ തന്നിലേക്ക് ആകർഷിക്കും എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു.
'ക്രിസ്റ്റഫറിന്റെ മനസ്സാന്നിധ്യം അപാരമാണ്. നിങ്ങൾ എന്നെങ്കിലും മെയ്ൻ പ്രവിശ്യയിൽ ശൈത്യകാലത്ത് ഒന്ന് പോവണം. അവിടെ ഒരു നൈലോൺ ടെന്റിനുളിൽ കിടക്കണം. തീകത്തിക്കാതെ. ഒരു രാത്രി അങ്ങനെ കഴിച്ചുകൂട്ടിയാൽ ഞാൻ നിങ്ങളെ സമ്മതിക്കാം. ഒരാഴ്ച നിങ്ങൾ അവിടെ കഴിഞ്ഞു എന്ന് കേട്ടാൽ എനിക്ക് അതൊരു അത്ഭുതമായി തോന്നും. ഒരു മാസം നിങ്ങൾ അവിടെ പിടിച്ചുനിന്നു എന്നുപറഞ്ഞാൽ ഞാൻ വിശ്വസിക്കുക പോലുമില്ല. ഇദ്ദേഹം, ക്രിസ്റ്റഫർ, അവിടെ കഴിച്ചുകൂട്ടിയത് 27 ശൈത്യങ്ങളാണ്. '
'ആവശ്യം സൃഷ്ടിയുടെ മാതാവാണെ'ന്ന് പറയാറില്ലേ.? കാട്ടിനുള്ളിലെ മരംകോച്ചുന്ന തണുപ്പിനെ അതിജീവിക്കാൻ ഒരു നല്ല വഴി കണ്ടുപിടിച്ചിരുന്നു ക്രിസ്റ്റഫർ. നേരത്തെ കിടന്നുറങ്ങും. രാവിലെ മൂന്നുമണിക്ക് എഴുന്നേൽക്കും. മൂന്നുമണി തൊട്ട് ആറുമണിവരെയാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ആ നേരത്ത് അയാൾ കാട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. അപ്പോൾ തണുപ്പ് അത്രയ്ക്കങ്ങോട്ട് ബാധിക്കില്ല.
"നിങ്ങൾ എങ്ങനെയാണ് നേരം പോക്കിയിരുന്നത്..?" ക്രിസ്റ്റഫറിനോടുള്ള ഫിങ്കലിന്റെ അടുത്ത ചോദ്യം അതായിരുന്നു. "ഞാൻ മോഷ്ടിച്ചുകൊണ്ടുവന്നിരുന്ന പുസ്തകങ്ങൾ വായിക്കും. പദപ്രശ്നങ്ങൾ പൂരിപ്പിക്കും. എന്നാൽ അതൊന്നും കൊണ്ട് ഏറെ നേരം ചെലവിടാൻപറ്റില്ല. എന്റെ ഒഴിവുസമയത്തിന്റെ മുക്കാൽ ഭാഗവും ഞാൻ 'വെറുതെയിരിക്കുക' എന്ന പണിയാണ് ചെയ്തുകൊണ്ടിരുന്നത്. " ക്രിസ്റ്റഫർ മറുപടി നൽകി.
നമുക്കൊന്നും ആലോചിക്കാൻ കൂടി ആവില്ല അത്. അരമണിക്കൂർ വെറുതെയിരിക്കുക. ഒരു മണിക്കൂർ ഒന്നും ചെയ്യാൻ ഇല്ലാതെയാവുക. ഫോൺ ഡെസ്കിൽ മറന്നുവെച്ച് ഒറ്റയ്ക്ക് ഒരു ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോവുന്നത് ഓര്‍ത്തുനോക്കൂ. ഫോൺ നോക്കാതെ നമുക്ക് ഒരു പകൽ ചെലവിടാനാവില്ല ഇന്ന്. ഒന്നാലോചിച്ചു നോക്കൂ, ഈ മനുഷ്യനെപ്പറ്റി. ഇയാൾ ഈ ലോകത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം മാറി, ഒറ്റയ്ക്ക്, ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ...!
ഈ 'വെറുതെയിരിക്കലി'നെപ്പറ്റി ഫിങ്കൽ ക്രിസ്റ്റഫറിനോട് ചോദിച്ചു. ഈ ഇരുപത്തേഴു വർഷങ്ങളിൽ ഒരിക്കൽ പോലും ഒരു നിമിഷനേരത്തേക്കു പോലും തനിക്ക് ബോറടിച്ചിട്ടില്ലെന്ന് ക്രിസ്റ്റഫർ, ഫിങ്കലിനോട് പറഞ്ഞു. കാട്ടിനുള്ളിലെ പ്രകൃതിയോട് വല്ലാത്തൊരു ബന്ധം അനുഭവിച്ചിരുന്നു ആ ഏകാന്തതയിലും അദ്ദേഹം. പതുക്കെപ്പതുക്കെ, തന്റെ ശരീരം അവസാനിച്ച്, കാടു തുടങ്ങുന്നത് എവിടെയാണ് എന്നുപോലും ക്രിസ്റ്റഫറിന് വേറിട്ടറിയാതെയായി. അത്ര ഗാഢമായി പ്രകൃതിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം.
വല്ലാത്തൊരു മായികമായ അനുഭൂതിയാണത്. അത് ക്രിസ്റ്റഫറിന് പകർന്നു നൽകിയതിൽ ഒരു മയക്കുമരുന്നിനും പങ്കില്ല. ആ അനുഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് കേവലം ഏകാന്തത മാത്രമാണ്. അത്യാവശ്യമായ ഏകാന്തത. മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ ചെലവിട്ട ഏഴുമാസങ്ങളിലും ക്രിസ്റ്റഫർ, ഫിങ്കൽ എന്ന ജേർണലിസ്റ്റിനോടല്ലാതെ മറ്റൊരാളോടുപോലും ഒരക്ഷരം മിണ്ടിയിരുന്നില്ല.
സന്യാസജീവിതവും ഏകാന്തതയോടുള്ള പ്രതിപത്തിയുമെല്ലാം ഒരാളുടെ സ്വാർത്ഥതയെയാണ് സൂചിപ്പിക്കുന്നത് എന്ന് കരുതുന്നവരുമുണ്ട്. മെയ്നിലെ വനാന്തരങ്ങളിൽ തന്റെ ജീവിതത്തിന്റെ ഏറിയകൂറും അജ്ഞാതവാസത്തിൽ കഴിച്ചുകൂട്ടിയ ക്രിസ്റ്റഫർ എന്ന ഈ മനുഷ്യന് ജീവിതത്തിൽ ആകെയുണ്ടായ നേട്ടം ഏകാന്തതയും, നിശ്ശബ്ദതയുമാണ്. അയാൾക്ക് ഒരു സ്വാർത്ഥതയും ഉണ്ടായിരുന്നില്ല. നാട്ടിലെ ബഹളങ്ങളിൽ നിന്നൊക്കെ അകന്നുമാറി, കാട്ടിനുള്ളിൽ ഒറ്റയ്ക്ക് കഴിഞ്ഞുകൂടാൻ ആഗ്രഹിച്ചു. മരങ്ങൾക്കിടയിൽ കിടന്നു മരിക്കാൻ, ഒന്നും ബാക്കിയാക്കാതെ ഈ ലോകം വിട്ടുപോവാൻ അയാൾ ആഗ്രഹിച്ചു. അത്രമാത്രം.
ഫെയ്‌സ്ബുക്കിന്റേയും വാട്ട്സാപ്പിന്റെയും ഇൻസ്റാഗ്രാമിന്റെയും യൂട്യൂബിന്റേയുമൊക്കെ പാശങ്ങളിൽപ്പെട്ട് മനുഷ്യർ ഉഴലുന്ന ഇക്കാലത്ത്, ഇദ്ദേഹവും ഒരു മനുഷ്യനാണ്. ഒന്നും അറിയാൻ ആഗ്രഹമില്ലാത്ത, ഒന്നും കാണാൻ ഇഷ്ടമില്ലാത്ത, ഒരാളെയും വിളിക്കാനില്ലാത്ത, ചാറ്റ് ചെയ്യാനില്ലാത്ത, ഒരാൾ..! അയാൾ ഡയറി എഴുതിയിരുന്നില്ല. അയാൾക്ക് ചിത്രങ്ങളെടുക്കാൻ ഒരു കാമറപോലും ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിച്ചു. ഏറെക്കുറെ അത് സാധിച്ചു. അതേ, അയാൾ ഒരു അപൂർവ മനുഷ്യനാണ്. അപൂർവങ്ങളിൽ അപൂർവം.



നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യക്കാര്‍ ഓസ്ട്രേലിയയിലെത്തി താമസമാക്കി? എങ്ങനെ?

നാലായിരം വര്‍ഷക്കാലം മുമ്പ് തന്നെ ഇന്ത്യയില്‍ നിന്നുള്ള സാഹസികരായ ചില മനുഷ്യര്‍ ഓസ്ട്രേലിയയില്‍ ചെല്ലുകയും അവിടെ താമസിക്കുകയും ചെയ്‍തിട്ടുണ്ടായിരുന്നുവത്രെ. വെറുതെ പറയുന്നതല്ല, കൃത്യമായ ജനിതക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. കുറച്ചുകാലം മുമ്പുതന്നെ ഇന്ത്യൻ പുരുഷന്മാരിൽ സാധാരണയായി കാണപ്പെടുന്ന Y ക്രോമസോമുകളുമായി പൊരുത്തപ്പെടുന്ന ഒരു കൂട്ടം ഓസ്ട്രേലിയന്‍ ആദിമമനുഷ്യരുടെ Y ക്രോമസോമുകൾ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അന്ന് ലഭ്യമായിരുന്നില്ല.
പക്ഷേ, മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇവല്യൂഷണറി ആന്ത്രപ്പോളജിയിലെ ഡോ. ഐറിന പുഗച്ച് ആയിരം വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. 4000 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യയിലെ സാഹസികരായ മനുഷ്യരുടെ കാല്‍പ്പാദം ഓസ്ട്രേലിയന്‍ മണ്ണില്‍ പതിഞ്ഞിട്ടുണ്ട് എന്നാണ് അവരുടെ കണ്ടെത്തല്‍. അതുപോലെ ഇന്ത്യയിലെ മനുഷ്യര്‍ അവിടെ താമസിക്കുകയും രണ്ടുതരം സംസ്‍കാരവും തമ്മില്‍ കലര്‍ന്നിട്ടുണ്ട് എന്നും പഠനം പറയുന്നു.
പഠനത്തില്‍ ഇന്ത്യൻ ജനിതകത്തിൽ മാത്രം കാണപ്പെടുന്ന എസ്എൻ‌പികളുടെ ഒരു മാതൃക ഓസ്ട്രേലിയയിലെ മനുഷ്യരുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തുകയുണ്ടായി. പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ നിന്നുള്ള ദ്രാവിഡഭാഷ സംസാരിക്കുന്നവരുമായിട്ടാണ് അത് ബന്ധപ്പെട്ടിരുന്നത്. ഡോ. പുഗച്ചിന്റെ ഫലങ്ങൾ വർഷങ്ങൾക്കുമുമ്പ് കണ്ടെത്തിയ വൈ-ക്രോമസോം ഡാറ്റയുമായി പൊരുത്തപ്പെട്ടു. രണ്ട് ഫലങ്ങളും ഉപയോഗിച്ച് ഇന്ത്യ ഓസ്ട്രേലിയയിൽ എത്തിയ കാലം കൃത്യമായി കണക്കാക്കുകയായിരുന്നു.
പുഗാച്ച് പറയുന്നത് 2217BC -യോട് അടുപ്പിച്ചായിരിക്കണം ഈ യാത്ര ഉണ്ടായിരുന്നതെന്നാണ്. ഇന്ത്യയേയും ഓസ്ട്രേലിയയേയും സംബന്ധിച്ച് വളരെ താല്‍പര്യമുളവാക്കുന്ന വര്‍ഷമാണിത്. ഇന്ത്യന്‍ നാഗരികത രൂപപ്പെടുകയും ഓസ്‍ട്രേലിയന്‍ സംസ്‍കാരം പുനക്രമീകരിക്കപ്പെടുകയും ചെയ്‍ത കാലം. ഇന്ത്യയില്‍ സിന്ധു നദീതട സംസ്‍കാരം രൂപപ്പെട്ടുവരുന്നത് 2600BC-1900BC -യിലാണ്. ആ സമയത്താണ് കടല്‍യാത്രക്ക് പറ്റിയ അന്നത്തെ ബോട്ടുകളുണ്ടാകുന്നതും അയല്‍നാടുകളുമായി വ്യാപാരബന്ധങ്ങള്‍ അതുവഴി ഉടലെടുക്കുന്നതും. അതേ മാര്‍ഗ്ഗമുപയോഗിച്ചു തന്നെയാണ് ഓസ്ട്രേലിയയിലേക്കും ഇന്ത്യക്കാര്‍ എത്തിച്ചേരുന്നത്.
ആ സമയത്ത് ഓസ്‍ട്രേലിയയില്‍ ഉപയോഗിച്ചുവന്ന ഉപകരണങ്ങളിലും മറ്റും ഈ കുടിയേറ്റം വ്യക്തമാക്കുന്ന തെളിവുകളുണ്ട്.. തദ്ദേശീയ ഓസ്‌ട്രേലിയക്കാർ പാലിയോലിത്തിക് കാലത്തെ കല്ല് കൊണ്ടുള്ള ഉപകരണങ്ങൾ എന്നിവയ്ക്ക് പകരം നവീന ശിലായുഗത്തിലെ ഉപകരണങ്ങളുപയോഗിച്ചു തുടങ്ങി. ഓസ്ട്രേലിയയിൽ ഇന്ത്യക്കാര്‍ എത്തിയ സമയത്തുതന്നെ, ഭക്ഷണം ശേഖരിക്കുകയും പാചകം ചെയ്യുകയും ചെയ്യുന്ന രീതി എന്നിവയിലുണ്ടായ വ്യത്യാസങ്ങളും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ഈന്ത് കായയുടെ കാര്യത്തില്‍. അന്നത്തെ ഓസ്ട്രേലിയയിലുണ്ടായിരുന്നു മനുഷ്യരുടെ പ്രധാനപ്പെട്ട ഭക്ഷണസ്രോതസ് ഈന്ത് കായയായിരുന്നു. അതിലെ വിഷം നീക്കം ചെയ്യാന്‍ അത് വറുക്കുകയായിരുന്നു ചെയ്‍തിരുന്നത്. എന്നാല്‍, 2000BC ആയപ്പോഴേക്കും ഓസ്ട്രേലിയയിലെ തദ്ദേശരായ ആളുകള്‍ അത് വെള്ളത്തില്‍ കഴുകിയും പുളിപ്പിച്ചും ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. കേരളത്തില്‍ സാധാരണ വറുത്തതും ഉണങ്ങിയതുമായ ഈന്ത് കായകളാണ് കാണാറ്. ഇത് ഈ സംസ്‍കാരങ്ങളുടെ കൂടിച്ചേരലിനെ കാണിക്കുന്നതാണ്.
ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാര്‍ സ്ഥിരതാമസമാക്കിയിരുന്നുവെന്ന് സൂചിപ്പിക്കുന്ന
 അവസാനത്തെ പ്രധാന തെളിവ് ഡിങ്കോ എന്ന നായയാണ്. ഓസ്‍ട്രേലിയയില്‍ കണ്ടുവരുന്ന നായകളായിരുന്നു ഇത്. എന്നാല്‍, അവയുടെ ഉത്ഭവവും ഓസ്ട്രേലിയയിലല്ല. പക്ഷേ, ഡിങ്കോയ്ക്ക് ഇന്ത്യയില്‍ കാണപ്പെടുന്ന കാട്ടുനായ്ക്കളുമായി സാമ്യമുണ്ട്. ആദ്യകാലത്ത് കുടിയേറ്റം നടത്തിയ മനുഷ്യര്‍ക്കൊപ്പം ഇവയും ഉണ്ടായിരുന്നിരിക്കാം എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഡിങ്കോ ഓസ്ട്രേലിയയിലെത്തിയതും ഇന്ത്യയില്‍ നിന്നുള്ളവരുടെ കൂടെയാണെന്ന് കരുതേണ്ടിവരും.

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാര്‍ സ്ഥിരതാമസമാക്കിയിരുന്നുവെന്ന് സൂചിപ്പിക്കുന്ന അവസാനത്തെ പ്രധാന തെളിവ് ഡിങ്കോ എന്ന നായയാണ്. ഓസ്‍ട്രേലിയയില്‍ കണ്ടുവരുന്ന നായകളായിരുന്നു ഇത്. എന്നാല്‍, അവയുടെ ഉത്ഭവവും ഓസ്ട്രേലിയയിലല്ല. പക്ഷേ, ഡിങ്കോയ്ക്ക് ഇന്ത്യയില്‍ കാണപ്പെടുന്ന കാട്ടുനായ്ക്കളുമായി സാമ്യമുണ്ട്. ആദ്യകാലത്ത് കുടിയേറ്റം നടത്തിയ മനുഷ്യര്‍ക്കൊപ്പം ഇവയും ഉണ്ടായിരുന്നിരിക്കാം എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഡിങ്കോ ഓസ്ട്രേലിയയിലെത്തിയതും ഇന്ത്യയില്‍ നിന്നുള്ളവരുടെ കൂടെയാണെന്ന് കരുതേണ്ടിവരും.