Friday, November 22, 2019

സ്ഫിങ്സ് -- Part - 1

ഈജിപ്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് വലിയൊരു പങ്കാണ് ടൂറിസം വരുമാനത്തിലൂടെ ലഭിക്കുന്നത്. ഫറോണിക്ക് കാലഘട്ടത്തിലെ ചരിത്രശേഷിപ്പുകൾ സാംസ്കാരിക ഈജിപ്തിനെ അടയാളപ്പെടുത്തുന്നതിനോടപ്പം അവരുടെ അന്നമായും മാറുകയാണ് ഇവിടെ. പൗരാണിക കെമത് നാഗരികതയുടെ നിർമ്മാണ വൈവിധ്യത്തിന്റെ ഉത്തമോദാഹരണങ്ങളിൽ ഒന്നാണ് വിസ്മയിപ്പിക്കുന്ന സ്ഫിങ്സ് എന്ന പടുകൂറ്റൻ ഒറ്റക്കൽശിൽപ്പം. ലോകത്ത് ഒരുകാലത്തും ജീവിച്ചിരിക്കാൻ ഇടയില്ലാത്ത ഒരു അത്ഭുത ജീവിയാണെങ്കിലും നിരവധി ഐതിഹ്യങ്ങൾ സ്ഫിങ്സിനെ കുറിച്ച് ഉണ്ട്.
sphixes in luxer temple 
ഗ്രീക്ക് പുരാണങ്ങളിൽ സ്ഫിങ്സിനെ സ്ത്രീയായിട്ട് സങ്കല്പിക്കുകയും അതെ സമയം ദുഷ്ടാത്മാവ് എന്ന പരിവേഷവും നൽകിയിരിക്കുന്നു. വഴിയാത്രക്കാരോട് കുഴക്കുന്ന കടംകഥകൾ ചോദിക്കുകയും ഉത്തരം പറയാത്തവരെ ശാപ്പാടാക്കുകയും ചെയ്യുന്ന ക്രൂരതയുടെ പര്യായം. എന്നാൽ ഈജിപ്തുകാരുടെ സ്ഫിങ്സ് നന്മയുടെയും ദയാവായ്പ്പിന്റെയും പൗരുഷത്തിന്റെയും പ്രതീകമാണ്.
പൗരാണിക ഗ്രീസിലെ ദുഷ്ടദേവതയായ സ്ഫിങ്സ് യൂറോപ്പിലെ നവോത്ഥാന കാലമായപ്പോഴേക്കും ഈജിപ്തിലെ സ്ഫിങ്സിന് സമാനമായി നന്മയുടെ പ്രതീകമായി മാറി. മറ്റു നാഗരികതകൾ ഗ്രീക്കുകാരുടെ ദുഷ്ടമൂർത്തിയായ സ്ഫിങ്സിനെ നിരാകരിക്കുകയും ഈജിപ്തിന്റെ നന്മയെ ഏറ്റെടുക്കുകയും ചെയ്തു. പൊതുവെ ആരാധനാലയങ്ങളോടും രാജകീയ ശവകുടീരങ്ങളോടും ബന്ധപ്പെട്ടാണ് സ്ഫിങ്ങ്സുകളുടെ ശില്പങ്ങൾ കാണാറുള്ളത്. ലോകത്തിലെ ആദ്യത്തെ സ്ഫിങ്സ് തുർക്കിയിലെ 'ഗോബെക്‌ലി തെപെ' എന്ന ലോകചരിത്രത്തിലെ പ്രഥമ മനുഷ്യ നിർമ്മിത ആരാധനാകേന്ദ്രത്തിൽ നിന്നാണ് കണ്ടെടുത്തത്. ക്രിസ്തുവിന് 9500 വർഷങ്ങൾക്ക് മുൻപ് നായാടി ജീവിച്ച ഒരു മനുഷ്യസമൂഹമായിരിക്കാം അത് നിർമ്മിച്ചത്.
louvre museum 
'സ്ഫിങ്സ്' എന്ന വാക്ക് ഗ്രീക്ക് ഭാഷയിൽ നിന്ന് ഉത്ഭവിച്ചു എന്നാണ് ഭൂരിപക്ഷാഭിപ്രായം. 'സ്ഫിങ്‌ഗോ' (sphingo ) എന്ന ഗ്രീക്ക് ക്രിയാപദത്തിന് ഞെക്കിയമർത്തുക എന്നർത്ഥം. തന്റെ ഇരകളെ അവയുടെ കഴുത്തിലേക്കാഴ്ത്തുന്ന പല്ലുകളുപയോഗിച്ച് ഞെക്കിയമർത്തി ശ്വാസം മുട്ടിച്ച് കൊല്ലുന്ന പതിവ് സിംഹത്തിനല്ലാതെ മറ്റാർക്കാണ് സങ്കല്പിക്കാനാവുക? അതുകൊണ്ട് 'സ്ഫിങ്ഗോ'യിൽ നിന്ന് ഉത്ഭവിച്ച സ്ഫിങ്സ്, സിംഹത്തിന്റെ പ്രതിരൂപമാകുന്നു.
st petersberg sphix 
പ്രശസ്ത ചിത്രകാരിയായ സൂസൻ ബാവറിനെ സ്ഫിങ്സിന്റെ പദോല്പത്തി ഈജിപ്തിൽ നിന്ന് തന്നെയാണെന്ന മറുവാദമാണ് ഉന്നയിക്കുന്നത്. പ്രാചീന ഹൈറോഗ്ലിഫിക്സിൽ 'ഷെസെപാംഖ് (shesepankh ) എന്നൊരു പദമുണ്ട്. അതിന്റെ അർത്ഥമാകട്ടെ ജീവിക്കുന്ന പ്രതിരൂപം എന്നാണ്. സൂസൻ പറയുന്നത്, അചേതനമായ കൂറ്റൻ പാറക്കല്ലുകളിൽ അതീവചാതുരിയോടെ രൂപപ്പെടുത്തിയെടുക്കുന്ന ജീവൻ തുടിക്കുന്ന ശില്പചേതസ്സിനെ അങ്ങനെയല്ലാതെ പിന്നെന്താണ് വിളിക്കുക എന്നാണ്. ഈജിപ്തുകാർ ഈ സിംഹരൂപങ്ങളെ ഷെസെപാംഖ് എന്ന് വിളിച്ചിരിക്കണം. ഷെസെപാംഖ് എന്ന ഈജിപ്ഷ്യൻ പദം ഗ്രീക്കുകാരുടെ നാവുകൾക്ക് വഴങ്ങാതെ വൈകൃതികാരണത്തിന് വിധേയമാകുകയും സ്ഫിങ്സ് എന്ന പുതിയ വാക്ക് ജനിക്കുകയും ചെയ്തു എന്നാണ് സൂസൻ ബെവറിന്റെ അവകാശവാദം.
അറബികൾ സ്ഫിങ്സിനെ വിളിച്ചിരുന്നത് അബു - എൽ -ഹോൾ എന്നാണ്. അതിന്റെ അർത്ഥമാവട്ടെ ഭീകരതയുടെ പിതാവെന്നുമാണ് . യഥാർത്ഥത്തിൽ അറബികളെ സ്ഫിങ്സ് പേടിപ്പെടുത്തിയിരുന്നത് എന്തായിരിക്കും..? ആ ഭയത്തിന് കാരണം ഈ സിംഹരൂപമായിരിക്കുമോ, അതോ ഗ്രീക്ക്ക്കാരുടെ കെട്ടുകഥകളെയോ..?


No comments:

Post a Comment