ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് : ഇന്ത്യൻ ജുഡിഷ്യറിയിലെ 'ഭിന്ന"സ്വരം.
രണ്ട് മൂന്ന് വർഷങ്ങളായി സുപ്രിം കോടതികളിൽ നിന്നും വരുന്ന സുപ്രധാന വിധിന്യായങ്ങളിൽ ഏറ്റവും അധികം ഉയർന്ന് കേൾക്കുന്ന പേരാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റേത്. അദ്ദേഹത്തിന്റെ വിധിന്യായങ്ങളിലധികവും ഭിന്നപക്ഷവിധി അഥവാ ന്യൂനപക്ഷവിധികളാണ് എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ന്യൂനപക്ഷവിധികളെങ്കിലും അവയിൽ പലതും നിയമവിദ്യാർത്ഥികൾക്കുള്ള പഠനരേഖയാണെന്ന് വിശേഷിപ്പിക്കാറുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ പ്രധാനപ്പെട്ടതും വിവാദവുമായ വിധികളിലെല്ലാം ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വ്യത്യസ്ത കരസ്പർശം ഉണ്ടായിരുന്നുവെന്ന് കാണാൻ കഴിയും. ആധാർ നിയമം, വിവാഹേതര ലൈംഗികബന്ധം, പൗരന്റെ സ്വകാര്യത, അയോദ്ധ്യ തർക്കകേസ്, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ പരിധിയിൽ വരുമോ, ഏറ്റവുമൊടുവിൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഏഴ് അംഗ ഭരണഘടനാബെഞ്ചിന് വിട്ട വിധിയിലടക്കം ആ കയ്യൊപ്പ് കാണാൻ കഴിയും.
![]() |
| ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് |
വിഷയം മതവിശ്വാസം അല്ലെന്നിരിക്കെ അയോദ്ധ്യ കേസിൽ ( അയോദ്ധ്യ കേസ് ശബരിമല കേസിലെ മതസ്വാതന്ത്ര്യം, മൗലികാവകാശം എന്നിവ പോലുള്ള ഭരണഘടനാ തത്വങ്ങൾ ആയിരുന്നില്ല, മറിച്ച് അതൊരു വസ്തുതർക്ക വ്യവഹാരമായ സിവിൽ കേസ് മാത്രമായിരുന്നു ) ഭരണഘടനാ തത്വങ്ങളിൽ നിന്ന് വ്യതിചലിച്ച് മതവിശ്വാസത്തിന് പ്രാമുഖ്യം നൽകി വിധിയെഴുതിയെന്ന് കരുതുന്ന ചന്ദ്രചൂഡ് ശബരിമലയിലെത്തുമ്പോൾ ആ വിശ്വാസത്തെയും മാതാചാരങ്ങളേയും അപ്രസക്തമാക്കി അല്ലെങ്കിൽ നിഴലിൽ നിർത്തി തുല്യതയിൽ ഊന്നികൊണ്ട് സ്ത്രീയുടെ ആരാധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ മതങ്ങൾക്ക് കഴിയില്ലെന്നും, ഭരണഘടനയുടെ 25-ആം വകുപ്പ് പറയുന്ന അവകാശങ്ങൾ സ്ത്രീകൾക്കും ഉള്ളതാണെന്നും അദ്ദേഹം അടിവരയിട്ട് വിധിയെഴുതുകയുണ്ടായി. ഭരണഘടനയുടെ 17-ആം വകുപ്പ് അയിത്തം ഇല്ലാതാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് അഭിപ്രായപ്പെട്ടു കൊണ്ട് പ്രസ്തുത വകുപ്പിന് പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു എന്ന ധ്വനിയും നൽകി.
ചീഫ് ജസ്റ്റിസിന്റെ ഓഫീസ്, ചില നിബന്ധനകളോടെ വിവരവകാശത്തിന്റെ പരിധിയില്ലെന്ന് പറഞ്ഞപ്പോൾ 1981-ലെ S P Gupta VS Union of India കേസിൽ ജസ്റ്റിസ് ഭഗവതി സ്വീകരിച്ച നിലപാടിനെ കൂട്ട് പിടിച്ച് എല്ലാം സുതാര്യമാക്കണമെന്നാണ് ചന്ദ്രചൂഡ് ന്യൂനപക്ഷവിധിയെഴുതിത്.
2018 സെപ്റ്റംബറിൽ ആധാർ കേസിൽ ഭൂരിപക്ഷവിധികളെയെല്ലാം നിരാകരിച്ചു കൊണ്ട് 480 പേജുള്ള ന്യൂനപക്ഷവിധിയാണ് അന്ന് ചന്ദ്രചൂഡ് എഴുതിയത്. സ്വകാര്യത മൗലികാവകാശമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയിലെ മൂന്ന് സുപ്രധാന വ്യവസ്ഥകളിൽ രണ്ടും ആധാറിൽ ലംഘിക്കപ്പെട്ടിരിക്കുന്നു എന്നും ആധാർ ബിൽ മണിബില്ലായി പരിഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിലയിരുത്തുകയുണ്ടായി. രാജ്യത്തെ മൊബൈൽ കമ്പനികളുടെ കൈവശമുള്ള ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങൾ ഉടൻ നശിപ്പിക്കണമെന്നും വിധിയെഴുതി. ആധാർ കേസിൽ ഭൂരിപക്ഷ വിധിയേക്കാൾ ശ്രദ്ധിക്കപ്പെട്ട ചന്ദ്രചൂഡിന്റെ ന്യൂനപക്ഷവിധിയിൽ അദ്ദേഹത്തിന്റെ ഭരണഘടനയോടുള്ള പ്രതിബദ്ധതയും പൗരസമൂഹത്തോടുള്ള കരുതലും കാണാവുന്നതാണ്. ആധാറിന് സമാനമായി ജമൈക്കൻ സർക്കാർ അവിടെ നാഷണൽ ഐഡന്റിഫിക്കേഷൻ (NID)കൊണ്ട് വന്നപ്പോൾ അവിടുത്തെ സുപ്രിം കോടതി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിന്യായം അടിസ്ഥാനമാക്കി ആ നിയമം റദ്ദ് ചെയ്യുകയുണ്ടായി.
സ്വന്തം അച്ഛനെ തിരുത്തിയ മകൻ കൂടിയാണ് ഡി വൈ ചന്ദ്രചൂഡെന്ന് പറയേണ്ടി വരും, അതും രണ്ട് തവണ. അതിൽ ആദ്യത്തേത് അടിയന്തരാവസ്ഥ കാലത്ത് മൗലികാവകാശങ്ങളിൽ പലതും റദ്ദാക്കിയ സാഹചര്യത്തിൽ സ്വകാര്യത അടിസ്ഥാനവകാശമായി പരിഗണിക്കാൻ കഴിയില്ലെന്ന ജസ്റ്റിസ് വി വൈ ചന്ദ്രചൂഡ് അടക്കമുള്ളവരുടെ വിധിയെ തിരുത്തികൊണ്ട്, പൗരന്റെ ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് വ്യക്തി സ്വാതന്ത്ര്യവും. അതിൽമേലുള്ള കടന്നുകയറ്റം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശം നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്ന് ചൂണ്ടികാണിച്ചുകൊണ്ടാണ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ചിന്റെ കഴിഞ്ഞ വർഷത്തെ വിധിയുണ്ടായത്.
![]() |
| വൈ വി ചന്ദ്രചൂഡും ഡി വൈ ചന്ദ്രചൂഡും |
രണ്ടാമത്തേത്, ഭർത്താവിന്റെ സമ്മതമില്ലാതെ ഭാര്യ വിവാഹേതരബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്ന് 1985-ൽ വിധിയെഴുതിയ വി വൈ ചന്ദ്രചൂഡിന്റെ വിധി (IPC 497-ആം വകുപ്പ് ) റദ്ദാക്കി കൊണ്ട് പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയതിലും സ്വവർഗ്ഗരതി കുറ്റകരമല്ലാതാക്കി കൊണ്ടും സ്വന്തം പിതാവും ദീർഘകാലം ഇന്ത്യൻ ചീഫ് ജസ്റ്റിസുമായിരുന്ന വൈ വി ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധികളാണ് മകൻ കൂടിയായ ഡി വൈ ചന്ദ്രചൂഡ് തിരുത്തിയെഴുതിയത്.
മഹാരാഷ്ട്രയിൽ മാവോയിസ്റ്റുകൾ എന്നാരോപിച്ച് അഞ്ചു ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതുമായ കേസ് പരിഗണിച്ചപ്പോൾ മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണത്തെയും അറസ്റ്റിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട്, "വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റി വാൽവ്" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. "വിരുദ്ധ അഭിപ്രായങ്ങളെ നിരുത്സാഹപെടുത്തുന്നത് ജനാധിപത്യത്തിന്റെ ഒഴുക്കിനെയാണ് തടസ്സപ്പെടുത്തുന്നത്" എന്നദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇന്ത്യൻ ഭരണഘടനയാണ് വിശുദ്ധഗ്രന്ഥമെന്ന് പറയുകയും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ മനുഷ്യാവകാശങ്ങളിൽ ഊന്നിയുള്ള നിർണായക വിധികളും വിയോജിക്കാനുമുള്ള അവകാശവും ഉയർത്തിപിടിക്കുന്നതാണ് ഡി വൈ ചന്ദ്രചൂഡിനെ ഇന്ത്യൻ ജുഡീഷ്യറിയിൽ വ്യത്യസ്‌തനാക്കുന്നത്. മനുഷ്യാവകാശങ്ങൾ പ്രതിപാദിക്കുന്ന നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. മുംബൈ ഹൈക്കോടതിയുടെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്ന 'എ ഹെറിറ്റേജ് ഓഫ് ജഡ്ജിങ് - ദി മുംബൈ ഹൈക്കോർട്ട് ത്രൂ 150 ഇയേഴ്സ് ' എന്ന പുസ്‌തകത്തിന്റെ എഡിറ്റർ കൂടിയാണ് ചന്ദ്രചൂഡ്.
സുപ്രിം കോടതിയിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകനായി 1959 നവംബർ 11- നായിരുന്നു ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡിന്റെ ജനനം. 1979- ൽ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി എ ഓണേഴ്‌സ് നേടുകയും, 1982-ൽ ഡൽഹി സർവ്വകലാ ശാല ക്യാമ്പസ് സെന്ററിൽ നിന്ന് നിയമബിരുദവും നേടി. 1983--ൽ അമേരിക്കയിലെ ഹാർവാർഡ് ലോ സ്കൂളിൽ നിന്നും നിയമത്തിൽ മാസ്റ്റർ ബിരുദവും 1986-ൽ ഡോക്ടറേറ്റും നേടി.
സുപ്രിം കോടതിയിലും മുംബൈ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുമ്പോൾ തന്നെ കംപാരറ്റീവ് കോൺസ്റ്റിട്യൂഷൻ ലോ യിൽ മുംബൈ സർവകലാശാലയിലും അമേരിക്കയിലെ ഒക്ലഹാമോ സർവകലാശാല ലോ സ്കൂളിലും, ഓസ്ട്രേലിയൻ ലോ സ്കൂൾ, യൂണിവേഴ്സിറ്റി ഓഫ് വിറ്റവാട്ടർസ്രാന്റ് സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസർ കൂടിയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.
ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിയമസ്ഥാപനമായ സുള്ളിവൻ ആൻഡ് ക്രോംവെല്ലിലൂടെയായിരുന്നു ചന്ദ്രചൂഡ് തന്റെ കരിയർ ആരംഭിക്കുന്നത്.1998-2000 കാലത്ത് മഹാരാഷ്ട്ര സർക്കാരിന്റെ അഡിഷണൽ സോളിസിറ്റർ ജനറലായിരുന്ന ചന്ദ്രചൂഡ്, 2000 മാർച്ചിൽ മുംബൈ ഹൈക്കോടതി ജഡ്ജിയായും 2013 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മഹാരഷ്ട്ര ജുഡീഷ്യൽ അക്കാദമി ഡയരക്ടറുമായി തീർന്നു. 2016 മെയ് 13- നാണ് അദ്ദേഹം സുപ്രിം കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. 2024 നവംബർ 10- ന് സർവിസിൽ നിന്ന് വിരമിക്കേണ്ട ഡി വൈ ചന്ദ്രചൂഡ് നിലവിലെ സീനിയോറിറ്റി പ്രകാരം 2022 മുതൽ രണ്ട് വർഷമെങ്കിലും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരിക്കാനാണ് സാധ്യത.




No comments:
Post a Comment