സ്ഫിങ്സ്.
ഈജിപ്ത് എന്ന മഹാസംസ്കാരത്തിന്റെ സമ്പൽസമൃദ്ധമായ ഗതകാല സ്മരണകളുടെ അനന്യവും ഉദാത്തവും നിഗൂഡവുമായ ചരിത്രത്തിലെ ഉജ്ജ്വല സൂചകങ്ങളാണ് പുരാതനമനുഷ്യർ കെട്ടിയുയർത്തിയ അത്ഭുതപ്പെടുത്തുന്ന മഹാസൗധങ്ങൾ. അതിമാനുഷിക നിർമ്മിതിയുടെ പരിവേഷമുള്ള പിരമിഡുകൾ കഴിഞ്ഞാൽ വിനോദ സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്യുന്നത് ചുട്ടുപൊള്ളുന്ന മരുവിൽ പിരമിഡുകളുടെ കാവൽക്കാരനായും, വഴികാട്ടിയും എന്ന പോലെ തലയുയർത്തി നിൽക്കുന്ന സ്ഫിങ്‌സാണ്. സിംഹത്തിന്റെ ഉടലും മനുഷ്യന്റെ ശിരസുമുള്ള ഒരത്ഭുതജീവി. ഹിന്ദു പുരാണത്തിൽ മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായി സങ്കല്പിക്കുന്ന നരസിംഹത്തിന്റെ തലതിരിഞ്ഞ രൂപം. ഭൂലോകത്തിൽ ഒരുകാലത്തും ജീവിച്ചിരിക്കാൻ ഇടയില്ലാത്ത ഒരു കാല്പനികസൃഷ്ടിയായി മാത്രം സങ്കൽപ്പിക്കാൻ കഴിയുന്ന ഒരപൂർവ ശിൽപ്പം. എങ്കിലും നിരവധി ഐതിഹ്യങ്ങളും ഇതിഹാസങ്ങളിലൂടെയും സ്ഫിങ്സിന് അഭൂതപൂർവമായ മാന്ത്രികഭാവങ്ങളാണ് ചാർത്തി കൊടുത്തത്.
ഗിസെ മരുഭൂമിയിലെ കനത്ത മണൽപ്പാളികൾക്കിടയിൽ നിന്ന് കണ്ടെത്തപ്പെട്ട ഒരു ഭീമൻ ചുണ്ണാമ്പ് കല്ലിൽ കൊത്തിയെടുത്തതാണ് സ്ഫിങ്സ് എന്ന സിംഹശ്രേഷ്ഠനെ. പ്രാചീനമായ ഏതോ ഒരു ഗുപ്തോപാസനയുടെ ഭാവങ്ങൾ പകരുന്ന ഈ അഭൗമരൂപം ലോകത്തിലെ ഒറ്റക്കല്ലിലിൽ തീർത്ത മഹാശില്പങ്ങളിൽ വെച്ചേറ്റവും വലുതാണ്. 73.5 മീറ്റർ ആണ് ഈ ശില്പത്തിന്റെ മണൽപ്പരപ്പിൽ നിന്നുള്ള പൊക്കം. ഒറ്റക്കൽ ശില്പങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള കർണ്ണാടകയിലെ ശ്രാവണബെലഗോളയിലുള്ള ഗോമതേശ്വര പ്രതിമയ്ക്കുള്ള ഉയരം 55 മീറ്റർ ആണെന്നോർക്കണം. ഇരിക്കുന്ന രൂപത്തിൽ ആയതിനാൽ ഗിസെയിലെ സ്ഫിങ്സിന് 6 മീറ്റർ വീതിയും മുൻകാലിന്റെ അഗ്രം മുതൽ പുറകിലോട്ട് 45 മീറ്റർ നീളവും കാണാം. ശരീരത്തെ അപേഷിച്ച് ശിരസ്സ് അല്പം ചെറുതാണെന്ന് തോന്നിയേക്കാം. പക്ഷെ നിർമ്മിച്ച കാലം മുതലേ സ്ഫിങ്സിന്റെ ശരീരം മണൽകൂനകൾക്കിടയിലായിരുന്നു എന്നോർക്കണം. അതുകൊണ്ട് തന്നെ ശരീരഭാഗങ്ങൾക്ക്, പ്രത്യേകിച്ച് മുഖത്തിന് കൂടുതൽ തേയ്മാനവും കാർന്നോലിപ്പും സംഭവിച്ചിട്ടുണ്ടാവാം. എന്ത്തന്നെയായാലും ലോകചരിത്രത്തിലെ ഏറ്റവും ആദ്യത്തേതും ഘനഗംഭീരവുമായ പടുകൂറ്റൻ സ്മാരകശിലയായിട്ടേ ഈ വിചിത്രരൂപിയായ സിംഹസ്രേഷ്ടനെ കാണാൻ കഴിയു.
പൗരാണിക ഈജിപ്തിലെ നിർമ്മിതികൾ പൊതുവെ മരണാനന്തരജീവിതവും ആരാധന സങ്കല്പങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ സ്ഫിങ്സിനെ എന്തിന് വേണ്ടി? ആര്? എപ്പോൾ നിർമ്മിച്ചു എന്നതിനെക്കുറിച്ച് ഇന്നും വ്യക്തമായ ധാരണയൊന്നുമില്ല. ഇന്നത്തെ ഗിസ നാലായിരം വർഷങ്ങൾക്ക് മുൻപ് ഫറവോമാരുടെ ശവപ്പറമ്പായിരുന്നു. മരണാനന്തരജീവിതത്തിന്റെ ദേവനും പരേതാൽമാക്കളുടെയും ശവകുടീരങ്ങളുടേയും കാവാലാളായി അറിയപ്പെടുന്ന ചെന്നായ്മുഖനായ അനുബിസിനെയാണ് സ്ഫിങ്സ് പ്രധിനിധാനം ചെയ്യുന്നതെന്ന് വാദിക്കുന്ന ചിലരെങ്കിലും ഉണ്ട്. ഇത് എത്രത്തോളം സ്വീകാര്യമെന്ന് കാര്യത്തിൽ സംശയം ഉണ്ട്.
![]() |
| സ്ഫിങ്സ്,CE 1878 |
4000 വർഷങ്ങൾക്ക് മുൻപാണ് സ്ഫിങ്സിന്റെ നിർമ്മിതികാലമെന്ന് പൊതുവെ കരുതപ്പെടുന്നത്. വലിയ പിരമിഡിന്റെ നിർമ്മാണത്തിൽ ഉപയോഗപ്പെടുത്താതെ പോയതോ അല്ലെങ്കിൽ അവശേഷിച്ചതോ ആയ ഒരു കൂറ്റൻ ചെങ്കൽപ്പാറക്കെട്ടിൽ നിന്ന് ഖപ്രേയുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഒരത്ഭുത വിഗ്രഹമാണിതെന്ന് മലയാളത്തിന്റെ സഞ്ചാരസാഹിത്യകാരൻ എസ്. കെ. പൊറ്റെക്കാട്ട് തന്റെ യാത്രാവിവരണത്തിൽ അഭിപ്രായപ്പെടുന്നു. നിർമ്മിതിക്ക് ശേഷം ഏതാണ്ട് ഭൂരിഭാഗകാലവും ഈ സിംഹശ്രേഷ്ടൻ മണൽപരപ്പിനടിയിൽ തന്നെയായിരുന്നു. ഈയടുത്ത കാലം വരെയും സ്ഫിങ്സിന്റെ തല മാത്രമേ പുറത്ത് കാണാൻ ഉണ്ടായിരുന്നുള്ളു. പല തവണയായി പലരും സ്ഫിങ്സിന് ചുറ്റുമുള്ള മണൽക്കൂനകൾ കുഴിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അതിശക്തമായ മണൽക്കാറ്റിലും ഗിസെ പീഠഭൂമിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലവും പൂർണ്ണമായും വിജയം കൈവരിച്ചില്ല. ആധുനിക കാലഘട്ടത്തിൽ സ്ഫിങ്സിനെ വീണ്ടെടുക്കാനുള്ള പുരാവസ്തു ഉത്ഖനനം നടക്കുന്നത് CE 1817- ലാണ്. ഇറ്റാലിയൻ പുരാവസ്തു ഗവേഷകനായ ഗിയോവാനി ബാറ്റിസ്റ്റ കാവിഗ്ലീയയുടെ നേതൃത്വത്തിൽ നടന്ന വീണ്ടെടുക്കലിൽ സ്ഫിങ്സിന്റെ മാറ് വരെയുള്ള ഭാഗങ്ങൾ മണ്ണിൽ നിന്ന് പുറത്തെടുത്തു. 1925- നും '36നും ഇടയിൽ എമിലി ബാറൈസ് എന്ന ഈജിപ്റ്റോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് സ്ഫിങ്സിനെ പൂർണമായും മണലിൽ നിന്നും വീണ്ടെടുത്തത്.
ഗിസയിലെ മണൽപ്പരപ്പിൽ മുൻകാലുകൾ നീട്ടിവെച്ച് സിംഹഗാഭീര്യത്തോടെ ഇരിക്കുന്ന സ്ഫിങ്സിനെ ഒന്ന് കാണേണ്ടത് തന്നെയാണ്. സ്ഫിങ്സിന്റെ കാലുകൾക്ക് മാത്രം ഒന്നരയാൾ പൊക്കമുണ്ട്. ഉരുക്കുപോലെയുള്ള ബലിഷ്ഠമായ മുൻകാലുകൾക്കിടയിലുള്ള ഭാഗം ഒരു ഇടനാഴി പോലെ നീണ്ടതാണ്. അവിടെ രണ്ട് ശിലാഫലകങ്ങൾ കാണാം. അതിൽ മുന്നിലുള്ളത് സ്ഫിങ്സിന് നിത്യപൂജകളർപ്പിക്കാനായി മഹാനായ രാംസെസ് സ്ഥാപിച്ച അൾത്താരയത്രേ. അതിന് പുറകിലായി സ്ഫിങ്സിന്റെ നെഞ്ചോട് ചേർത്ത് സ്ഥാപിച്ചിട്ടുള്ള ഏതാണ്ട് ഒന്നര മീറ്റർ പൊക്കമുള്ള കരിംങ്കൽപ്പാളിയിലുള്ള ഫലകമാണ് ലോകമെമ്പാടുമുള്ള ചരിത്രഗവേഷകരെ ആവേശം കൊള്ളിച്ച തൂത്മോസ് നാലാമന്റെ സ്വപ്നഫലകം.
![]() |
| തൂത്മോസ് സ്വപ്നഫലകം |
ക്രിസ്തുവിന് മുൻപ് 1401- ൽ പതിനെട്ടാം രാജവംശത്തിലെ എട്ടാമത്തെ ഫറവോ ആയിരുന്ന തൂത്ത്മോസ് നാലാമൻ സ്ഥാപിച്ചതാണത്രേ ഈ സ്വപ്നഫലകം. ആമെൻഹൊതെപ് രണ്ടാമന്റെയും തീയ രാഞ്ജിയുടെയും പുത്രനായിരുന്നു തൂത്ത്മോസ് രാജകുമാരൻ. അദ്ദേഹത്തിന് രാജ്യാവകാശം ഉണ്ടായിരുന്നില്ല. യുവാവായിരുന്ന തൂത്മോസ് ഒരിക്കൽ നായാട്ടിനിടയിൽ ഗിസെ മരുഭൂമിയിലെ സ്ഫിങ്സിന്റെ തണലിൽ അൽപനേരം വിശ്രമിക്കുകയുണ്ടായി. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ തൂത്മോസിന് എല്ലാവരാലും ആരാധിക്കപ്പെട്ടിരുന്ന സ്ഫിങ്സ് സ്വപ്നത്തിൽ ദർശനം നല്കിയത്രെ. അക്കാലത്ത് സ്ഫിങ്സിന്റെ ശിരസ്സോഴികേ മറ്റെല്ലാം മണലിനടിയിലായിരുന്നു. തന്നെ ആഭരണം ചെയ്തിരിക്കുന്ന മണൽ മുഴുവൻ നീക്കം ചെയ്യാനും, അങ്ങനെ ചെയ്താൽ പ്രത്യുപകാരമായി രാജ്യാധികാരം തൂത്മോസിൽ വന്നുചേരുമെന്നും സ്ഫിങ്സ് വാക്ക് നൽകി. സ്ഫിങ്സിന്റെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിച്ച തൂത്മോസ് ഒടുവിൽ ഫറവോയായി തീരുകയും പത്ത് കൊല്ലക്കാലം ഈജിപ്ത് ഭരിക്കുകയും ചെയ്തു. തെറ്റായ മാർഗ്ഗത്തിലൂടെ നേടിയ രാജ്യാധികാരത്തെ ന്യായികരിക്കാനായി തൂത്മോസ് തന്നെ കെട്ടിച്ചമച്ച കഥയാണിതെന്നാണ് പലരുടെയും അഭിപ്രായം. കഥയെന്തായാലും രാജ്യഭരണമേറ്റയുടനെ ഈ കഥ വിവരിക്കുന്ന ഫലകം സ്ഫിങ്സിന്റെ മുൻകാലുകൾക്കിടയിൽ സ്ഥാപിച്ചുകൊണ്ട് തനിക്ക് കൈവന്ന രാജ്യാധികാരത്തെ ന്യായികരിക്കാൻ കൗശലക്കാരനായ ആ നൃപപുംഗവൻ ശ്രമിച്ചു.
സ്ഫിങ്സിനെ ദർശിക്കുന്ന ആരിലും അതിന്റെ തലയ്ക്ക് മുകളിലും ഇരുവശത്തുമായി കൊത്തിയിരിക്കുന്ന രാജകീയശിരോവസ്ത്രം ഒരു ഫറവോയുടേത് ആണെന്ന് സംശയിക്കാം. ഗംഭീരമാർന്നതും കാലപ്പഴക്കത്താൽ വികൃതമാക്കപ്പെട്ടതുമായ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ ആ ഫറവോ നാലാം രാജവംശത്തിൽ BCE 2558- നും BCE 2532- നും ഇടയ്ക്ക് രാജ്യം ഭരിച്ച, "ദി ഗ്രേറ്റ് പിരമിഡ്സ് " എന്നറിയപ്പെടുന്ന പിരമിഡ് ത്രയങ്ങളിൽ ഒന്നിന്റെ ശില്പിയുമായ ഖെപ്രെയുടെതാണെന്നു തോന്നാം. ചില പണ്ഡിതന്മാർ ഇതിനോട് യോജിക്കുന്നില്ല. അതായത്, ഈ സ്ഫിങ്സ് ആരെ പ്രതിനിധാനം ചെയ്യുന്നു എന്നത് ഇന്നും തർക്കവിഷയമാണ്. ഖേപ്രെയുടെ പിരമിഡിന് താഴെ അദ്ദേഹത്തിന്റെ തന്നെ താഴ്‌വര ക്ഷേത്രത്തിൽ നിർമ്മിക്കപ്പെട്ട സ്ഫിങ്സിന് മറ്റൊരാളുടെ ഛായ ആരോപിക്കുന്നത് തെറ്റാണെന്ന് നമുക്കും തോന്നിയേക്കാം.
പ്രാചീന ഈജിപ്തിനെക്കുറിച്ച് പഠിക്കുകയും 16 വാല്യങ്ങളുള്ള ഒരു ബൃഹത് വിജ്ജാനകോശം എഴുതി തയ്യാറാക്കുകയും കയ്റോ സർവകലാശാലയ്ക്ക് വേണ്ടി ഈജിപ്തിലെ ശവകുടീര -സ്മാരകങ്ങളുടെ ഉല്ഖനനങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ള സലിം ഹസ്സൻ പറയുന്നത് - "സ്ഫിങ്സിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചാൽ അത് ഖെപ്രെ ആണെന്ന് ഊഹിക്കാൻ കഴിയും. പക്ഷെ സ്ഫിങ്സിനെ ഖെപ്രേയുടെ നാമധേയവുമായി ബന്ധപ്പെടുത്തുന്ന ഒരൊറ്റ ലിഖിതം പോലും ഇതുവരെയ്ക്കും കണ്ടെടുത്തിട്ടില്ല. സാഹചര്യ തെളിവുകൾ മാത്രമാണുള്ളത് ".
സലിം ഹസ്സൻ പറയുന്ന സാഹചര്യ തെളിവുകളിൽ ഏറ്റവും പ്രധാനം സ്ഫിങ്സ് ഇരിക്കുന്ന സ്ഥാനം തന്നെയാണ്. സ്ഫിങ്സിനെ രൂപപ്പെടുത്തിയ ചുണ്ണാമ്പുക്കല്ലു ഈ പ്രദേശത്ത് മണൽപ്പരപ്പിനടിയിൽ ഉടനീളം പരന്ന് കിടക്കുകയാണ്. ഇതിന്റെ തുടർച്ചയായ അടിത്തറകല്ലിന് മുകളിൽ തന്നെയാണ് ഖെപ്രെയുടെ പിരമിഡും നിലനിൽക്കുന്നത്. അതോടപ്പം സ്ഫിങ്സിന് തൊട്ടടുത്തായി പണികഴിപ്പിച്ചിട്ടുള്ള സ്ഫിങ്സ് ക്ഷേത്രത്തിന്റെയും ഖെപ്രെയുടെ താഴ്‌വര ക്ഷേത്രത്തിന്റെയും നിർമ്മാണശൈലികൾ തമ്മിലുള്ള സാമ്യവും പ്രധാന തെളിവായി അദ്ദേഹം ഉയർത്തികാട്ടുന്നു.
ഖെപ്രെ പിരമിഡ് പണികഴിപ്പിക്കുന്നതിന് മുൻപേ തന്നെ സ്ഫിങ്ക്സ് ഇവിടെ നിലനിന്നിരുന്നു എന്ന് മറുകൂട്ടർ ഉറച്ചു വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നു. പല ഫറവോമാരും വിവിധ കാലങ്ങളിൽ സ്ഫിങ്സിന്റെ മുഖം ഉരച്ച് മിനുക്കി തങ്ങളുടെ മുഖവുമായി സാമ്യമുണ്ടാക്കിയിട്ടുണ്ടെന്ന് വിലയിരുത്തുന്നവരും ഉണ്ട്. ഖെപ്രെയുടെ ഒരു മുഖഛായയും സ്ഫിങ്സിന് ഇല്ലെന്ന് ഫോറൻസിക് ശാസ്ത്രകാരനായ ഫ്രാങ്ക് ഡൊമിംഗോയെ പോലെയുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ വ്യത്യസ്‍ത വാദഗതികൾ ശക്തമായിരിക്കുന്നതും സ്ഫിങ്സിനെ കുറിച്ചുള്ള രേഖകളോ, ലിഖിതങ്ങളോ കണ്ടെടുക്കപ്പെടാത്തതും, സ്ഫിങ്സിന്റെ നിർമ്മിതിയെപ്പോലെ മുഖത്തെക്കുറിച്ചുള്ള സംശയം ഒരു പ്രഹേളികയായി തുടരുന്നു എന്നർത്ഥം.





No comments:
Post a Comment