Friday, November 22, 2019

സ്ഫിങ്സ് -- Part - 1

ഈജിപ്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് വലിയൊരു പങ്കാണ് ടൂറിസം വരുമാനത്തിലൂടെ ലഭിക്കുന്നത്. ഫറോണിക്ക് കാലഘട്ടത്തിലെ ചരിത്രശേഷിപ്പുകൾ സാംസ്കാരിക ഈജിപ്തിനെ അടയാളപ്പെടുത്തുന്നതിനോടപ്പം അവരുടെ അന്നമായും മാറുകയാണ് ഇവിടെ. പൗരാണിക കെമത് നാഗരികതയുടെ നിർമ്മാണ വൈവിധ്യത്തിന്റെ ഉത്തമോദാഹരണങ്ങളിൽ ഒന്നാണ് വിസ്മയിപ്പിക്കുന്ന സ്ഫിങ്സ് എന്ന പടുകൂറ്റൻ ഒറ്റക്കൽശിൽപ്പം. ലോകത്ത് ഒരുകാലത്തും ജീവിച്ചിരിക്കാൻ ഇടയില്ലാത്ത ഒരു അത്ഭുത ജീവിയാണെങ്കിലും നിരവധി ഐതിഹ്യങ്ങൾ സ്ഫിങ്സിനെ കുറിച്ച് ഉണ്ട്.
sphixes in luxer temple 
ഗ്രീക്ക് പുരാണങ്ങളിൽ സ്ഫിങ്സിനെ സ്ത്രീയായിട്ട് സങ്കല്പിക്കുകയും അതെ സമയം ദുഷ്ടാത്മാവ് എന്ന പരിവേഷവും നൽകിയിരിക്കുന്നു. വഴിയാത്രക്കാരോട് കുഴക്കുന്ന കടംകഥകൾ ചോദിക്കുകയും ഉത്തരം പറയാത്തവരെ ശാപ്പാടാക്കുകയും ചെയ്യുന്ന ക്രൂരതയുടെ പര്യായം. എന്നാൽ ഈജിപ്തുകാരുടെ സ്ഫിങ്സ് നന്മയുടെയും ദയാവായ്പ്പിന്റെയും പൗരുഷത്തിന്റെയും പ്രതീകമാണ്.
പൗരാണിക ഗ്രീസിലെ ദുഷ്ടദേവതയായ സ്ഫിങ്സ് യൂറോപ്പിലെ നവോത്ഥാന കാലമായപ്പോഴേക്കും ഈജിപ്തിലെ സ്ഫിങ്സിന് സമാനമായി നന്മയുടെ പ്രതീകമായി മാറി. മറ്റു നാഗരികതകൾ ഗ്രീക്കുകാരുടെ ദുഷ്ടമൂർത്തിയായ സ്ഫിങ്സിനെ നിരാകരിക്കുകയും ഈജിപ്തിന്റെ നന്മയെ ഏറ്റെടുക്കുകയും ചെയ്തു. പൊതുവെ ആരാധനാലയങ്ങളോടും രാജകീയ ശവകുടീരങ്ങളോടും ബന്ധപ്പെട്ടാണ് സ്ഫിങ്ങ്സുകളുടെ ശില്പങ്ങൾ കാണാറുള്ളത്. ലോകത്തിലെ ആദ്യത്തെ സ്ഫിങ്സ് തുർക്കിയിലെ 'ഗോബെക്‌ലി തെപെ' എന്ന ലോകചരിത്രത്തിലെ പ്രഥമ മനുഷ്യ നിർമ്മിത ആരാധനാകേന്ദ്രത്തിൽ നിന്നാണ് കണ്ടെടുത്തത്. ക്രിസ്തുവിന് 9500 വർഷങ്ങൾക്ക് മുൻപ് നായാടി ജീവിച്ച ഒരു മനുഷ്യസമൂഹമായിരിക്കാം അത് നിർമ്മിച്ചത്.
louvre museum 
'സ്ഫിങ്സ്' എന്ന വാക്ക് ഗ്രീക്ക് ഭാഷയിൽ നിന്ന് ഉത്ഭവിച്ചു എന്നാണ് ഭൂരിപക്ഷാഭിപ്രായം. 'സ്ഫിങ്‌ഗോ' (sphingo ) എന്ന ഗ്രീക്ക് ക്രിയാപദത്തിന് ഞെക്കിയമർത്തുക എന്നർത്ഥം. തന്റെ ഇരകളെ അവയുടെ കഴുത്തിലേക്കാഴ്ത്തുന്ന പല്ലുകളുപയോഗിച്ച് ഞെക്കിയമർത്തി ശ്വാസം മുട്ടിച്ച് കൊല്ലുന്ന പതിവ് സിംഹത്തിനല്ലാതെ മറ്റാർക്കാണ് സങ്കല്പിക്കാനാവുക? അതുകൊണ്ട് 'സ്ഫിങ്ഗോ'യിൽ നിന്ന് ഉത്ഭവിച്ച സ്ഫിങ്സ്, സിംഹത്തിന്റെ പ്രതിരൂപമാകുന്നു.
st petersberg sphix 
പ്രശസ്ത ചിത്രകാരിയായ സൂസൻ ബാവറിനെ സ്ഫിങ്സിന്റെ പദോല്പത്തി ഈജിപ്തിൽ നിന്ന് തന്നെയാണെന്ന മറുവാദമാണ് ഉന്നയിക്കുന്നത്. പ്രാചീന ഹൈറോഗ്ലിഫിക്സിൽ 'ഷെസെപാംഖ് (shesepankh ) എന്നൊരു പദമുണ്ട്. അതിന്റെ അർത്ഥമാകട്ടെ ജീവിക്കുന്ന പ്രതിരൂപം എന്നാണ്. സൂസൻ പറയുന്നത്, അചേതനമായ കൂറ്റൻ പാറക്കല്ലുകളിൽ അതീവചാതുരിയോടെ രൂപപ്പെടുത്തിയെടുക്കുന്ന ജീവൻ തുടിക്കുന്ന ശില്പചേതസ്സിനെ അങ്ങനെയല്ലാതെ പിന്നെന്താണ് വിളിക്കുക എന്നാണ്. ഈജിപ്തുകാർ ഈ സിംഹരൂപങ്ങളെ ഷെസെപാംഖ് എന്ന് വിളിച്ചിരിക്കണം. ഷെസെപാംഖ് എന്ന ഈജിപ്ഷ്യൻ പദം ഗ്രീക്കുകാരുടെ നാവുകൾക്ക് വഴങ്ങാതെ വൈകൃതികാരണത്തിന് വിധേയമാകുകയും സ്ഫിങ്സ് എന്ന പുതിയ വാക്ക് ജനിക്കുകയും ചെയ്തു എന്നാണ് സൂസൻ ബെവറിന്റെ അവകാശവാദം.
അറബികൾ സ്ഫിങ്സിനെ വിളിച്ചിരുന്നത് അബു - എൽ -ഹോൾ എന്നാണ്. അതിന്റെ അർത്ഥമാവട്ടെ ഭീകരതയുടെ പിതാവെന്നുമാണ് . യഥാർത്ഥത്തിൽ അറബികളെ സ്ഫിങ്സ് പേടിപ്പെടുത്തിയിരുന്നത് എന്തായിരിക്കും..? ആ ഭയത്തിന് കാരണം ഈ സിംഹരൂപമായിരിക്കുമോ, അതോ ഗ്രീക്ക്ക്കാരുടെ കെട്ടുകഥകളെയോ..?


Wednesday, November 20, 2019

പതിച്ചത് കൂറ്റൻ തീഗോളം, പാറകൾ ഉരുകിയൊലിച്ചു, പിന്നാലെ സൂനാമി, കാട്ടുതീ; ദിനോസറുകൾക്ക് സംഭവിച്ചത്,

പതിച്ചത് കൂറ്റൻ തീഗോളം, പാറകൾ ഉരുകിയൊലിച്ചു, പിന്നാലെ സൂനാമി, കാട്ടുതീ; ദിനോസറുകൾക്ക് സംഭവിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത്ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് സ്ഫോടനത്തിൽ എത്ര പേർ മരിച്ചുവെന്നത് ഇപ്പോഴും വ്യക്തമല്ല. ഫാറ്റ് മാനെന്നും ലിറ്റിൽ ബോയ് എന്നുമായിരുന്നു ആ ബോംബുകളുടെ പേര്. അത്തരത്തിലുള്ള 1000 കോടി അണുബോംബുകൾ ഒരുമിച്ചു ഭൂമിയിൽ പതിച്ചാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ഓർക്കുമ്പോൾ തന്നെ പേടിയാകുന്നല്ലേ? പക്ഷേ അതും സംഭവിച്ചിട്ടുണ്ട് ഭൂമിയിൽ. യുദ്ധത്തിലൊന്നുമല്ല, കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ്. അന്നു ഭൂമിയിൽ മനുഷ്യരുണ്ടായിരുന്നതു പോലുമില്ല. പടുകൂറ്റൻ ദിനോസറുകളെ ഒന്നടങ്കം ഇല്ലാതാക്കിയത് അത്തരമൊരു ഛിന്നഗ്രഹ സ്ഫോടനമാണെന്നാണു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഛിന്നഗ്രഹം വന്നിടിച്ചാണു ദിനോസറുകൾക്കു വംശനാശം വന്നതെന്ന സിദ്ധാന്തത്തിനു നേരത്തേ തന്നെ പ്രചാരമുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ഇപ്പോഴാണു ലഭിക്കുന്നത്. 6.5 കോടി വർഷം മുൻപ് മെക്സിക്കോയിലെ യുക്കാറ്റൻ പെനിൻസുലയിൽ 12 കിമീ വിസ്തൃതിയുള്ള ഛിന്നഗ്രഹം വന്നുവീണ ദിവസത്തിനു ശേഷം ലോകത്തു സംഭവിച്ച കാര്യങ്ങളാണു ഗവേഷകർ കംപ്യൂട്ടർ മോഡലുകളുടെ സഹായത്തോടെ വിശദീകരിച്ചത്. ഛിന്നഗ്രഹം വന്നിടിച്ച ആഘാതത്തിൽ ഏകദേശം 180 കിലോമീറ്റർ വീതിയിൽ വിള്ളലുണ്ടായി. ഏകദേശം 900 മീറ്റർ ആഴമുണ്ടായിരുന്നു അതിന്. 1970കൾ വരെ ഈ വിള്ളലിനെപ്പറ്റി ആർക്കും അറിവുണ്ടായിരുന്നില്ല.
പെട്രോളിയം ഖനനത്തിനു വേണ്ടി കടലിൽ പ്രത്യേക പ്രദേശങ്ങൾ തിരയുന്നതിനിടെയായിരുന്നു വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. ഇതു വിശദമായി പിന്നീട് പലരും പരിശോധിച്ചു. അങ്ങനെയാണ് 1980ൽ രണ്ട് അമേരിക്കൻ ഗവേഷകർ ദിനോസറുകളുടെ വംശനാശത്തിനു കാരണമായ ഛിന്നഗ്രഹം വന്നിടിച്ചുണ്ടായതാണു വിള്ളലെന്ന സിദ്ധാന്തം മുന്നോട്ടു വച്ചത്. പക്ഷേ വിള്ളലൊന്നുമായിരുന്നില്ല യഥാർഥ പ്രശ്നം. ഛിന്നഗ്രഹം വന്നിടിച്ചതിനു പിന്നാലെ അന്തരീക്ഷത്തിലുണ്ടായ പ്രശ്നങ്ങളായിരുന്നു യഥാർഥ വില്ലൻ. ഭൂമിയിലെ സസ്യ–ജന്തുജാലങ്ങളിൽ 75 ശതമാനത്തെയും ഇല്ലാതാക്കിയ ആ സ്ഫോടനത്തിന്റെ വിവരങ്ങൾ പക്ഷേ ലഭിച്ചത് വമ്പൻ വിള്ളലിൽ നിന്നായിരുന്നു.
ഛിന്നഗ്രഹം വീണാണു വിള്ളലുണ്ടായതെന്ന് അതിന്റെ പുറംഭാഗത്തെ പരിശോധനയിൽ നിന്നു വ്യക്തമായിരുന്നു. എന്നാൽ 2016ൽ വിള്ളലിന്റെ ആഴങ്ങളിലേക്കിറങ്ങി പരിശോധന നടത്തിയതോടെയാണു കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഏകദേശം 130 മീറ്റർ പ്രദേശത്തെ പാറകളുടെ ഘടന പഠിക്കുകയായിരുന്നു ഗവേഷകർ. ഒരു സെന്റിമീറ്റർ പാറയിൽ നിന്നു തന്നെ ഏകദേശം 1000 വർഷത്തെ ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ഘടനയെപ്പറ്റി പഠിക്കാനാകുമെന്നാണ് പറയപ്പെടുന്നത്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോഫിസിക്സിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
പരിശോധിച്ച പാറകളിൽ നിന്നു ലഭിച്ച തെളിവുകൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അതും ഛിന്നഗ്രഹം വന്നുവീഴുന്നത് നേരിട്ടു കണ്ട ഒരു വ്യക്തി പറഞ്ഞുതരുന്നതു പോലെ കൃത്യമായ തെളിവുകൾ. ഛിന്നഗ്രഹം വന്നുവീണതിനെത്തുടർന്ന് പാറകളും മറ്റും ഉരുകിയൊലിച്ചു, കാട്ടുതീയുണ്ടായി, തുടർന്ന് സൾഫർ വാതകം രൂപപ്പെട്ടു. ഒപ്പം അന്തരീക്ഷമാകെ പൊടിപടലം നിറഞ്ഞു. ഇവ രണ്ടും അന്തരീക്ഷത്തിൽ ഒരു പുതപ്പു പോലെ നിറഞ്ഞതോടെ സൂര്യപ്രകാശം ഭൂമിയിലേക്കു പതിക്കാതായി. ഏകദേശം 5 വർഷത്തോളം ഇതു തുടർന്നു. കാലാവസ്ഥ തകിടം മറിഞ്ഞു. ഏകദേശം 325 ബില്യൻ (1 ബില്യൻ=100 കോടി) മെട്രിക് ടൺ സൂക്ഷ്മവസ്തുക്കളാണ് അന്ന് അന്തരീക്ഷത്തിൽ നിറഞ്ഞത്. അതിൽത്തന്നെ മഹാഭൂരിപക്ഷവും സൾഫറായിരുന്നു.
‘ആദ്യം ഛിന്നഗ്രഹ സ്ഫോടനത്തിലൂടെ ഭൂമിയാകെ ചൂടു പടർത്തി, പിന്നാലെ തണുപ്പിക്കുകയും ചെയ്തു. അതോടെ ജീവജാലങ്ങളുടെ അവസ്ഥയും കഷ്ടത്തിലായി...’ പഠനത്തിനു നേതൃത്വം നൽകിയ പ്രഫ. ഷാൻ ഗള്ളിക് പറയുന്നു. ഇതോടൊപ്പം തന്നെ അതിശക്തമായ സൂനാമിയുണ്ടായതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഭൂമിയിലേക്ക് ആഞ്ഞടിച്ചു കയറിയ തിര പിന്മാറിയപ്പോൾ കരയിലെ ഒട്ടേറെ വസ്തുക്കളെയും ഒപ്പം കൊണ്ടുപോയിരുന്നു. മരങ്ങൾ കരിഞ്ഞതും കരയിൽ കാണപ്പെടുന്ന തരം ഫംഗസുകളുമെല്ലാം വിള്ളലിൽ കണ്ടെത്തി. മണൽപ്പാറകൾക്കുള്ളിലും അവയോടു ചേർന്നുമായിരുന്നു ഇവ കണ്ടെത്തിയത്.
സ്ഫോടനം നടന്ന് മണിക്കൂറുകൾക്കകം വിള്ളലില്‍ ഏകദേശം 425 അടി ഉയരത്തിലാണു പലതരം വസ്തുക്കൾ നിറഞ്ഞത്. ഇവയെല്ലാം പിന്നീട് ഉറഞ്ഞുകൂടി പാറകളാവുകയും ചെയ്തു. അതാണിപ്പോൾ ഗവേഷകർക്കു സഹായകരമായത്. മരങ്ങൾ കത്തി കരിയായിത്തീർന്നത് കാട്ടുതീയിലേക്കും വിരൽചൂണ്ടുന്നു. പക്ഷേ അതിനു മറ്റു വലിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രൊസീഡിങ്സ് ഓഫ് ദ് നാഷനൽ അക്കാദമി ഓഫ് സയൻസ് ജേണലിൽ ഇതിന്റെ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അച്ഛനെ ആരാധിച്ചു, ഭർത്താവിനെ സ്നേഹിച്ചു, ഇളയമകന്റെ ശാഠ്യങ്ങൾക്ക് വഴങ്ങി - ഇന്ദിരയെ സ്വാധീനിച്ച പുരുഷന്മാർ,

തന്റെ നാല്പത്തെട്ടാമത്തെ വയസ്സിലാണ്, നെഹ്‌റുപുത്രിയായ ഇന്ദിര, ലാൽബഹദൂർ ശാസ്ത്രിയുടെ പിൻഗാമിയായി ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേറുന്നത്. അതിനു മുമ്പുതന്നെ, നെഹ്‌റുവിന് ശേഷം കോൺഗ്രസിനെ നയിക്കേണ്ടയാൾ എന്ന് സകലരും കരുതിയിരുന്ന മൊറാർജി ദേശായി എന്ന പരിണിതപ്രജ്ഞനായ രാഷ്ട്രീയ നേതാവിനെ തോല്പിച്ചുകൊണ്ട് പാർട്ടിയുടെ അമരത്തിലേറിയിരുന്നു ഇന്ദിര. ഇത് മൊറാർജി ദേശായിയുടെ തുടർച്ചയായ രണ്ടാമത്തെ തോൽവിയായിരുന്നു. ഇരുപതുമാസങ്ങൾക്കു മുമ്പ് ലാൽ ബഹാദൂർ ശാസ്ത്രിയിൽ നിന്നേറ്റ തിരിച്ചടിയുടെ കയ്പുമാറുംമുമ്പേ രുചിക്കേണ്ടി വന്ന രണ്ടാമത്തെ ആഘാതം.
ഇന്ത്യയുടെ ഉരുക്കുവനിത
അന്ന് ഇന്ത്യയിൽ ഏകദേശം അമ്പതുകോടി ജനങ്ങളുണ്ടായിരുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബന്ദാരനായകെ മാത്രമാണ് അതിനു മുമ്പ് ലോകരാഷ്ട്രങ്ങളിൽ പ്രധാനമന്ത്രിപദത്തിലെത്തിയിരുന്ന ഏക വനിത. ശാസ്ത്രിയെക്കാൾ ശക്തമായ നിലപാടുകളായിരുന്നു ഇന്ദിരയ്ക്ക് ഉണ്ടായിരുന്നത്. നെഹ്‌റുവിനേക്കാളൊക്കെ ഏറെ കർക്കശമായ നിലപാടുകൾ. ആ കാർക്കശ്യത്തിന്റെ പ്രയോഗശാലയായിരുന്നു, രണ്ടു വട്ടമായി ഏകദേശം പതിനാറുവർഷത്തോളം നീണ്ടുനിന്ന പിൽക്കാലത്തെ ഭരണം. ഇന്ദിരയെപ്പറ്റി ഒരു സംസാരം, " മന്ത്രിസഭയിലെ ഒരേയൊരു ആൺകുട്ടി ഇന്ദിരയാണ്" എന്നതായിരുന്നു. വാഷിംഗ്ടൺ സന്ദർശിച്ചവേളയിൽ അമേരിക്കൻ പ്രസിഡണ്ടായ നിക്‌സന്റെ അസിസ്റ്റന്റ് ഇന്ത്യൻ നയതന്ത്രപ്രതിനിധിയോട് ഇന്ദിരയെ എങ്ങനെ അഭിസംബോധന ചെയ്യണം എന്ന് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ഇതായിരുന്നു, " കാബിനറ്റിലെ മറ്റുമന്ത്രിമാർ വിളിക്കുന്നത് 'സർ' എന്നാണ്''. അങ്ങനെ വിളിക്കാതെ 'മാഡം പ്രൈം മിനിസ്റ്റർ' എന്ന് അഭിസംബോധന ചെയ്യാനുള്ള വിവേചനബുദ്ധി നിക്സനുണ്ടായിരുന്നു എന്നത് ആശ്വാസകരമായിരുന്നു.
ഭർത്താവ്, അച്ഛൻ - വി ഭർത്താവ്,  മർശിക്കാൻ മടിക്കാത്ത സ്നേഹവും ആരാധനയും
ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ നിർണായകമായ സ്വാധീനശക്തികളിലൊന്ന് പ്രണയിച്ച് ജീവിതപങ്കാളിയാക്കിയ പുരുഷനായിരിക്കും. ഫിറോസ് ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടയായിട്ടാണ് ഇന്ദിര അദ്ദേഹത്തെ പ്രേമിച്ച് വിവാഹം കഴിച്ചത്. എന്നാൽ, രണ്ടുമക്കളും ജനിച്ച് ആ ആകർഷണം ക്ഷയിച്ചുവന്നു. ഫിറോസിന്റെ അവസാനകാലത്തേക്ക് അവർ തമ്മിൽ വല്ലാതെ അകന്നുകഴിഞ്ഞിരുന്നു. ഇന്ദിര പിന്നെയും അച്ഛനെ തന്റെ ജീവിതത്തിലെ നിർണായക സ്വാധീനമായി കണക്കാക്കിത്തുടങ്ങിയിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നു ഇന്ദിരയ്ക്ക് നെഹ്രുവിനോട്. അച്ഛന്റെ സന്തതസഹചാരിയായിരുന്നു ഇന്ദു. രാത്രിയിൽ അവസാനമായി നെഹ്‌റു കണ്ടുപിരിഞ്ഞിരുന്നത് മകളെയായിരുന്നു. നേരം പുലരുമ്പോഴേക്കും അച്ചനുണരുന്നതും കാത്ത് ഇന്ദിര വീണ്ടും തയ്യാറായി കാത്തുനിൽക്കുമായിരുന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലെല്ലാം തന്നെ ഇന്ദിരയുടെ സാന്നിധ്യമുണ്ടായിരുന്നു. അച്ഛനെ സ്നേഹിക്കുകയും ആരാധിക്കുകയും ഒക്കെ ചെയ്തിരുന്നപ്പോഴും അദ്ദേഹത്തിന്റെ ഏറ്റവുമധികം വിമർശിച്ചിരുന്നതും ഇന്ദിര തന്നെയായിരുന്നു. കത്തുകളിലൂടെയും, പലപ്പോഴും സംഭാഷണങ്ങൾക്കിടെയും ഇന്ദിര അച്ഛനോട് തന്റെ വിമതസ്വരങ്ങൾ അറിയിച്ചു പോന്നു.
" അച്ഛൻ ഇത്രയ്ക്ക് പാവമാകരുത്.." എന്നതായിരുന്നു നെഹ്റുവിനുള്ള ഇന്ദിരയുടെ അന്നത്തെ പ്രധാന ഉപദേശം. "അച്ഛന് പിന്നെ ഒടുക്കത്തെ സഹനശക്തിയാണല്ലോ..." എന്നവർ കളിയാക്കുമായിരുന്നു. "അച്ഛന്റെ മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. ഒന്നും നേരെയാക്കാൻ അച്ഛനെക്കൊണ്ട് കൂട്ടിയാൽ കൂടില്ല.." എന്നൊക്കെ പറയുന്നത് കേട്ട് വേദനിച്ചിട്ടുണ്ട് താനെന്ന് അന്ന് ഇന്ദിര പറഞ്ഞിട്ടുണ്ട്. പാർട്ടിയിലുള്ളവർക്ക് ഒരുപാട് അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള അച്ഛന്റെ നയത്തിന് ഇന്ദിര അക്കാലത്തുതന്നെ എതിരായിരുന്നു. അതവർ തുറന്നുപറഞ്ഞിട്ടുമുണ്ട് നെഹ്‌റുവിനോട്. 1959-ൽ ജനാധിപത്യപരമായി ടി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാനുള്ള തീരുമാനത്തെ കാര്യമായി സ്വാധീനിച്ചതും ഇന്ദിര എന്ന തീപ്പൊരി കോൺഗ്രസുകാരി തന്നെ.മകളെ പ്രധാനമന്ത്രിപദത്തിലേക്ക് കൊണ്ടുവരണമെന്ന് നെഹ്‌റു ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല. തികച്ചും യാദൃച്ഛികമായിട്ടാണ് ഇന്ദിര പ്രധാനമന്ത്രിപദത്തിലേറുന്നത്. 1964-ൽ അവിചാരിതമായി നെഹ്‌റു മരണപ്പെട്ടപ്പോൾ ലാൽ ബഹാദൂർ ശാസ്ത്രിയായിരുന്നു പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം തന്റെ കടമകൾ സ്തുത്യർഹമായി നിർവഹിച്ചുപോന്നിരുന്നു എങ്കിലും 1966 ജനുവരിയിൽ താഷ്‌ക്കന്റിൽ വെച്ച് അദ്ദേഹവും ഹൃദയാഘാതം വന്ന് മരണപ്പെടുന്നു. അന്നുണ്ടായ നേരിയ ഒരു ആശയക്കുഴപ്പത്തിനിടെ, കിംഗ് മേക്കർ കാമരാജാണ് ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിന് വേണ്ട ചരടുവലികൾ ദില്ലിയിൽ നടത്തിയത്. അദ്ദേഹമായിരുന്നു ഇന്ദിരാഗാന്ധിയെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചെടുത്തതും.ഇന്ദിരയുടെ സ്ഥാനാരോഹണം കോൺഗ്രസിനുള്ളിലും, ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊതുവെയും വമ്പിച്ച പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തി. അന്ന് പൊതുസദസ്സുകളിൽ സഭാകമ്പമില്ലാത്ത സംസാരിക്കാൻ പോലും കഴിവില്ലാതെ നിന്ന് പരുങ്ങിയിരുന്ന ഇന്ദിരയെ 'ഗൂംഗി ഗുഡിയ' അഥവാ 'മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി' എന്നാണ് റാം മനോഹർ ലോഹ്യ പോലും വിശേഷിപ്പിച്ചത്. അന്നത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ കാമരാജിനെയും, മൊറാർജി ദേശായിയെയും, വൈ ബി ചവാനെയും ഒക്കെ വെച്ചുനോക്കിയാൽ രാഷ്ട്രീയത്തിലെ പ്രവൃത്തിപരിചയം തുലോം തുച്ഛമായിരുന്നു ഇന്ദിരക്ക്. പി എൻ ഹക്‌സര്‍ എന്ന ധിഷണാശാലി പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തപാടെ ഇന്ദിര ചെയ്തത്, അലഹബാദിലെ തന്റെ പ്രിയമിത്രവും, നിയമപരമ്പര്യമുള്ള ഒരു നയതന്ത്രജ്ഞനുമായ, പരമേശ്വർ നാരായൺ ഹക്‌സര്‍ എന്ന പിഎൻ ഹക്‌സറിനോട് തന്നോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെടുകയാണ്. പരന്ന വായനയും, തികഞ്ഞ ജ്ഞാനവും, അപാരമായ ആത്മവിശ്വാസവുമുണ്ടായിരുന്നു ഹക്‌സറിന്. ഇന്ദിരയെ ഇന്ദിരയായി വളർത്തിക്കൊണ്ടു വന്നതിലും, അവരുടെ ഭാവി നിലപാടുകളെ പരുവപ്പെടുത്തിയതിലും, ഒരു പരിധിവരെ രാഷ്ട്രത്തിന്റെ ഭാവി നിർണയിച്ചതിൽ പോലും ഹക്‌സറിന് കാര്യമായ പങ്കുണ്ട്. അവർ തമ്മിലുള്ള എഴുത്തുകുത്തുകൾ പിന്നീട് നെഹ്‌റു സ്മാരക മ്യൂസിയത്തിന് ദാനം ചെയ്യപ്പെടുകയും,അതിൽ രാമചന്ദ്ര ഗുഹ അടക്കമുള്ള പലരും പഠനഗവേഷണങ്ങൾ നടത്തുകയുമുണ്ടായി. 1967 മുതൽ 1973 വരെയുള്ള കാലത്ത് ഇന്ദിരയുടെ പ്രിയ ഉപദേഷ്ടാവായിരുന്നു പിഎൻ ഹക്‌സർ. കോൺഗ്രസിലുണ്ടായ പിളർപ്പ്, പതിനാല് മുഖ്യധാരാ ബാങ്കുകളുടെ ദേശസാൽക്കരണം, പ്രിവിപേഴ്‌സ്‌ നിർത്തലാക്കൽ, ഗരീബി ഹഠാവോ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് 1971-ൽ നേടിയ തെരഞ്ഞെടുപ്പ് വിജയം എന്നിവയിലും ഹക്സറിന്റെ നിർണായകസ്വാധീനങ്ങൾ ദൃശ്യമാണ്. ഡിപി ധർ, കെഎൻ കൗ തുടങ്ങിയ ഡിപ്ലോമാറ്റുകൾക്കൊപ്പം അന്ന് റഷ്യയുമായുണ്ടായിരുന്ന നയതന്ത്ര സൗഹൃദത്തിനും ഹക്സർ .ചുക്കാൻ പിടിച്ചു. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിനു പിന്നിലും പ്രവർത്തിച്ച ധിഷണ അദ്ദേഹത്തിന്റേതു തന്നെയായിരുന്നു.എന്നാൽ താമസിയാതെ ഇ ബ്ലോക്കിൽ നിന്ന് പിഎൻ ഹക്സറിന് പടിയിറങ്ങേണ്ടി വന്നു. ഇന്ദിരയുടെ ഇളയമകൻ സഞ്ജയ് ഗാന്ധിയോടുണ്ടായിരുന്ന വിയോജിപ്പുകളാണ് ഹക്സറിന്റെ ചീട്ടുകീറിയത്. മാരുതി എന്ന അഭിമാന പ്രൊജക്ടുമായി, ഇന്ത്യയിലെ മധ്യവർഗത്തിന് താങ്ങാവുന്ന വിലയ്ക്ക് ഒരു കുഞ്ഞൻ കാറുണ്ടാക്കാൻ എന്ന പേരിൽ സഞ്ജയ് ഇറങ്ങുപ്പുറപ്പെട്ടപ്പോൾ അതുമായി ബന്ധപ്പെട്ട നിരവധി അഴിമതി ആരോപണങ്ങളും പാർലമെന്റിൽ ഉയർന്നുവന്നു. പ്രസ്തുത പ്രദ്ധതി റദ്ദാക്കി സഞ്ജയ് ഗാന്ധിയിൽ നിന്ന് പരമാവധി അകലം പാലിച്ചുകൊളളാനായിരുന്നു ഹക്സർ ഇന്ദിരയ്ക്ക് നൽകിയ വിദഗ്ദ്ധോപദേശം. എന്നാൽ, ഇന്ദിര അത് ചെവിക്കൊണ്ടില്ല എന്ന് മാത്രമല്ല, അതിന്റെ പേരിൽ ഹക്സറിനെ തന്റെ ഓഫീസിലെ പ്രബലമായ സ്ഥാനത്തുനിന്ന്, പ്ലാനിങ്ങ് കമ്മീഷനിലേക്ക് തട്ടി.
ജെപി - സഞ്ജയ് ഗാന്ധി ഒരു അടിയന്തരാവസ്ഥക്കാലത്തിന്റ ഓർമ്മകൾ
ഇന്ദിരയുടെ ഏറ്റവും വിശ്വസ്തൻ എന്ന സ്ഥാനത്തേക്ക് സഞ്ജയ് ഗാന്ധിയുടെ കടന്നുവരവും, രാജ്യത്ത് ജെപിയുടെ നേതൃത്വത്തിലുണ്ടായ വിപ്ലവങ്ങളും നടക്കുന്നത് ഏതാണ്ട് ഒരേകാലത്താണ്. ബിഹാറിലെ വിദ്യാർത്ഥികളോട് രാജ്യത്ത് നടമാടുന്ന അഴിമതിക്കും, സ്വേച്ഛാധിപത്യത്തിനുമെതിരെ സന്ധിയില്ലാ സമരത്തിനിറങ്ങാൻ 1974-ൽ ജെപി ആഹ്വാനം ചെയ്തു. ജെപി ബിഹാറിലെ യുവാക്കളുടെ നെഞ്ചിൽ കുടഞ്ഞിട്ട തീപ്പൊരി താമസിയാതെ കേന്ദ്രത്തിനെതിരെയും, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനസർക്കാരുകൾക്കെതിരെയുമുള്ള ഒരു രാജ്യവ്യാപക സമരമായി വളർന്നു. 1974-ന്റെ അവസാനത്തോടെ കമ്യൂണിസ്റ്റുകാർ ഒഴികെയുള്ള സകല പ്രതിപക്ഷപാർട്ടികളും എൻ ബ്ലോക്കായി ഈ പ്രക്ഷോഭങ്ങൾക്കൊപ്പം ചേർന്നുകഴിഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധിക്കും ജയപ്രകാശ് നാരായണനും ഇടയിൽ പ്രകോപനപരമായ പല എഴുത്തുകുത്തുകളും നടന്നു. ഇരുപക്ഷത്തുമുള്ള ഉപജാപകവൃന്ദം അവരെക്കൊണ്ടാകും വിധം ആ തീയ്ക്ക് കാറ്റുപകർന്നുനൽകുകയും ചെയ്തു. 1975 മെയ് 6-ന് ഇന്ദിരയ്ക്കെതിരെ ജെപി ദില്ലിയിൽ നടത്തിയ ലക്ഷം പേരുടെ ലോങ്ങ് മാർച്ചിൽ ഉയർന്നു കേട്ട മുദ്രാവാക്യമിതായിരുന്നു, " ജനങ്ങളുടെ ഹൃദയങ്ങൾ പറയുന്നത് കേട്ടോ, ഇന്ദിരയുടെ സിംഹാസനം ആടിയുലഞ്ഞുതുടങ്ങിയെന്ന്.."ള്ള ഒരു രാജ്യവ്യാപക സമരമായി വളർന്നു. 1974-ന്റെ അവസാനത്തോടെ കമ്യൂണിസ്റ്റുകാർ ഒഴികെയുള്ള സകല പ്രതിപക്ഷപാർട്ടികളും എൻ ബ്ലോക്കായി ഈ പ്രക്ഷോഭങ്ങൾക്കൊപ്പം ചേർന്നുകഴിഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധിക്കും ജയപ്രകാശ് നാരായണനും ഇടയിൽ പ്രകോപനപരമായ പല എഴുത്തുകുത്തുകളും നടന്നു. ഇരുപക്ഷത്തുമുള്ള ഉപജാപകവൃന്ദം അവരെക്കൊണ്ടാകും വിധം ആ തീയ്ക്ക് കാറ്റുപകർന്നുനൽകുകയും ചെയ്തു. 1975 മെയ് 6-ന് ഇന്ദിരയ്ക്കെതിരെ ജെപി ദില്ലിയിൽ നടത്തിയ ലക്ഷം പേരുടെ ലോങ്ങ് മാർച്ചിൽ ഉയർന്നു കേട്ട മുദ്രാവാക്യമിതായിരുന്നു, " ജനങ്ങളുടെ ഹൃദയങ്ങൾ പറയുന്നത് കേട്ടോ, ഇന്ദിരയുടെ സിംഹാസനം ആടിയുലഞ്ഞുതുടങ്ങിയെന്ന്.."ഇന്ദിരയ്‌ക്കെതിരായ ജനരോഷം രാജ്യത്ത് ഇരമ്പിക്കൊണ്ടിരിക്കെയാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിക്കൊണ്ട്, ഇന്ദിരയെ ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിക്കുന്നത്. അതിനുള്ള പ്രതികരണമെന്നോണം, സഞ്ജയിന്റെയും സംഘത്തിന്റെയും ഉപദേശം ചെവിക്കൊണ്ടുകൊണ്ട് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ജെപി അടക്കമുള്ള ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ തുറുങ്കിലടക്കപ്പെടുന്നു. കൊടിയ മർദ്ദനങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. പലരും ലോക്കപ്പിൽ വെച്ചുതന്നെ കൊല്ലപ്പെടുന്നു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തപ്പെടുന്നു, പൗരസ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടപ്പെടുന്നു.അടിയന്തരാവസ്ഥയുടെ ആദ്യ ആഴ്ചകൾ പിന്നിടുമ്പോഴേക്കും തന്നെ സഞ്ജയ് ഗാന്ധി ഇന്ദിരയുടെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവാകുന്നു. കൃത്യമായൊരു കാബിനറ്റ് റാങ്കില്ലാതെ തന്നെ, പാർലമെന്റിന്റെ അകത്തളത്തിലേക്ക് പ്രവേശിക്കുകപോലും ചെയ്യാതെ രാജ്യത്തെ ഏറ്റവും പ്രബലനായ വ്യക്തിയായി സഞ്ജയ് മാറുന്നു. മുഖ്യമന്ത്രിമാർ സഞ്ജയിന് മുന്നിൽ മുട്ടിലിഴഞ്ഞു. സഞ്ജയിന്റെ ചെരുപ്പുകൾ കയ്യിലെടുത്തു കൊണ്ടുകൊടുക്കുക വരെ ചെയ്തു. പത്രങ്ങൾ സഞ്ജയ് ഗാന്ധിയെ സ്തുതിച്ചുകൊണ്ട് ഭാവഗീതങ്ങളെഴുതി പ്രസിദ്ധം ചെയ്തു. സഞ്ജയ് ഗാന്ധിയുടെയും കൂട്ടരുടെയും കുടിലബുദ്ധിയിൽ ഉദിച്ച പലതും അന്നത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ നയങ്ങളാണ് രൂപാന്തരപ്പെട്ടു. അങ്ങനെ നടപ്പിലാക്കപ്പെട്ട ഒരു പദ്ധതിയായിരുന്നു നിർബന്ധിത വന്ധ്യംകരണം.
എന്നാൽ, സ്വന്തം മകനെപ്പോലെ ഞെട്ടിച്ചുകൊണ്ട് 1977-ൽ ഇന്ദിരാഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജോൺ ഗ്രിഗ്ഗ് അടക്കമുള്ള പല വിദേശ രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും തന്റെ സ്വേച്ഛാധിപത്യ ത്വരയെപ്പറ്റി ഉയർന്നുവന്ന വിമർശനങ്ങളാണ്, ഇന്ത്യയെ വീണ്ടും ജനാധിപത്യത്തിന്റെ വഴിയേ നടത്താൻ ഇന്ദിരയെ പ്രേരിപ്പിച്ചത്. ഇന്ദിര തന്റെ രാഷ്ട്രീയജീവിതത്തിൽ എടുത്ത ഏറ്റവും ധീരമായ തീരുമാനമായിരുന്നു അത്.ഇന്ദിരയുടെ ജീവിതത്തിലെ നിർണായകസ്വാധീനങ്ങളായിരുന്ന രണ്ടു പുരുഷന്മാർ അച്ഛൻ ജവഹർലാൽ നെഹ്‌റുവും ഇളയമകൻ സഞ്ജയ് ഗാന്ധിയും തന്നെയായിരുന്നു. ഭർത്താവ് ഫിറോസ് ഗാന്ധിയെ ഇന്ദിര സ്നേഹിച്ചിരുന്നു, പി എൻ ഹക്സറിന്റെ ഉപദേശങ്ങളെ അവർ ഏറെക്കുറെ ചെവിക്കൊണ്ടിരുന്നു, ജയപ്രകാശ് നാരായൺ എന്ന രാഷ്ട്രീയ എതിരാളി അവരെ ഏറെ പ്രകോപിതയാക്കുകയും ചെയ്തിരുന്നു. എന്നാലും, ഇന്ദിര എന്ന രാഷ്ട്രീയ നേതാവ് ഏറെക്കുറെ അച്ഛൻ നെഹ്രുവിന്റെ രാഷ്ട്രീയ സമചിത്തതയും ജനാധിപത്യമൂല്യങ്ങളും, സഞ്ജയ് ഗാന്ധിയുടെ സ്വേച്ഛാധിപത്യത്വരയും, കാർക്കശ്യവും ചേർന്ന് പരുവപ്പെട്ട ഒന്നായിരുന്നു എന്നുതന്നെ പറയേണ്ടി വരും.







1. 'India after Gandhi: The History of the World’s Largest Democracy' - Ramachandra Guha. 2. 'Intertwined Lives: P.N. Haksar and Indira Gandhi '- Jairam Ramesh.
ഭൂമിയിൽ ആദിമ മനുഷ്യൻ കാലുകുത്തിയത് ഇവിടെയാണ്, ഇന്ത്യക്കാര്‍ വന്നതും അവിടെ നിന്ന്...

ആദിമമനുഷ്യന്‍ പിറന്നുവീണത് ആഫ്രിക്കയിലാണെന്ന് ശാസ്ത്രം അംഗീകരിച്ചിട്ട് കാലങ്ങളായി. എന്നാല്‍ ആഫ്രിക്കയിലെ ഉത്തര ബോട്‌സ്വാനയിലാണ് മനുഷ്യന്‍ ആദ്യമായി ജീവിച്ചിരുന്നതെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവിടെ പിറവിയെടുത്ത മനുഷ്യവംശം പിന്നീട് ആഫ്രിക്കയിലേക്കും ഇന്ത്യ ഉൾപ്പടെയുള്ള ഭൂമിയിലെ തന്നെ മറ്റുഭാഗങ്ങളിലേക്കും പടരുകയായിരുന്നു.
സാംബസി നദിയുടെ തെക്ക് ഭാഗത്ത് വടക്കന്‍ ബോട്‌സ്വാനയും നമീബിയയുടെയും സിംബാബ്‌വെയുടെയും ചിലഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഭാഗമാണ് രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ഹോമോ സാപിയന്‍സ് എന്ന മനുഷ്യവര്‍ഗം പിറന്നതെന്നാണ് കണ്ടെത്തല്‍. നാച്ചുര്‍ മാഗസിനിലാണ് പഠനം പൂര്‍ണ്ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ തികച്ചും അനുകൂലമായതിനാല്‍ ഏതാണ്ട് 70000 വര്‍ഷക്കാലത്തോളം മനുഷ്യര്‍ ഈ ഭാഗത്ത് തന്നെയാണ് താമസിച്ചത്. പിന്നീട് കാലാവസ്ഥാ മാറ്റവും പ്രകൃതിയിലെ പ്രതിസന്ധികളും വന്നതോടെ മറ്റു പ്രദേശങ്ങളിലേക്ക് മാറുകയായിരുന്നു.
'ഏതാണ്ട് രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ആഫ്രിക്കയിലാണ് മനുഷ്യര്‍ ആദ്യമായി ജനിച്ചതെന്ന് അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ആഫ്രിക്കയില്‍ ഏത് പ്രദേശത്തായിരുന്നു മനുഷ്യന്‍ ആദ്യം താമസിച്ചത് എന്നത് തര്‍ക്കവിഷയമായിരുന്നു. ഇതിന്റെ ഉത്തരമാണ് ഞങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്' ഗവേഷണത്തിന് നേതൃത്വം നല്‍കിയ സിഡ്‌നി സര്‍വകലാശാലയിലെ വനേസ ഹയേസ് പറയുന്നു.
ഡിഎന്‍എ പരിശോധനയിലൂടെയാണ് ഗവേഷകര്‍ മനുഷ്യന്റെ ഭൂമിയിലെ ആദ്യ നാട് കണ്ടെത്താന്‍ ശ്രമിച്ചത്. ഇതിനായി നമീബിയയിലേയും ദക്ഷിണാഫ്രിക്കയിലേയും ബോട്‌സ്വാനയിലേയുമെല്ലാം വിവിധ ഗോത്രവിഭാഗങ്ങളിലുള്ളവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ ലഭ്യമായ അറിവു പ്രകാരം ഏറ്റവും പുരാതന മനുഷ്യഗോത്രത്തിലെ മനുഷ്യരുമായി ബന്ധമുള്ളവരുടെ വരെ മൈറ്റോകോണ്‍ട്രിയല്‍ ഡിഎന്‍എ ലഭിച്ചു.
ഇതെല്ലാം വിരല്‍ ചൂണ്ടിയത് ആഫ്രിക്കയില്‍ രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് സജീവമായിരുന്ന വമ്പന്‍ തടാകം നിലനിന്ന പ്രദേശത്തേക്കാണ്. വിക്ടോറിയ തടാകത്തിന്റെ രണ്ടിരട്ടി വലുപ്പമുണ്ടായിരുന്നു ഈ ഭീമന്‍ തടാകത്തിന്. ഭൂമിശാസ്ത്രപരമായ മാറ്റങ്ങളെ തുടര്‍ന്ന് ഈ തടാകം പിളര്‍ന്ന് പലതാവുകയും മേഖലയില്‍ ചതുപ്പു നിലങ്ങള്‍ രൂപപ്പെടുകയും ചെയ്തു. ഈ സമയത്താണ് ആദിമമനുഷ്യന്‍ മേഖലയില്‍ ജന്മമെടുത്തതെന്നാണ് കരുതപ്പെടുന്നത്. അവര്‍ക്ക് ജീവിക്കാനാവശ്യമായതെല്ലാം ഈ ചതുപ്പു നിലങ്ങള്‍ നല്‍കി. മേഖലയിലെ സുസ്ഥിര സാഹചര്യങ്ങളുടെ സഹായത്തില്‍ എഴുപതിനായിരം വര്‍ഷത്തോളമാണ് മനുഷ്യര്‍ ഇവിടെ സുഖമായി താമസിച്ചത്. വൈകാതെ ഭൂമിക്കടിയിലെ ഭൗമപാളികളുടെ നീക്കം വീണ്ടും സജീവമാവുകയും മേഖഖലയിലെ ഭൂപ്രകൃതിയില്‍ വീണ്ടും മാറ്റമുണ്ടാവുകയും ചെയ്തു.
ഇതോടെ ഏകദേശം 130000 വര്‍ഷത്തിനും 110000വര്‍ഷത്തിനും ഇടയിലുള്ള കാലത്ത് മനുഷ്യര്‍ ആഫ്രിക്കയിലെ മറ്റു ഭാഗങ്ങളിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കും കുടിയേറാന്‍ ആരംഭിച്ചു. ആദ്യ പ്രധാന കുടിയേറ്റം വടക്കു കിഴക്കന്‍ മേഖലലേക്കും രണ്ടാമത്തേത് തെക്കു പടിഞ്ഞാറന്‍ മേഖലയിലേക്കുമാണ് സംഭവിച്ചത്. അതേസമയം ഒരു വിഭാഗം ജനങ്ങള്‍ ജന്മനാട് വിട്ടുപോകാന്‍ തയാറാകാതെ പ്രതികൂല കാലാവസ്ഥയോട് മല്ലടിച്ച് നില്‍ക്കുകയും ചെയ്തു. അത്തരക്കാരുടെ പിന്‍തലമുറക്കാര്‍ ഇന്നും ബോട്‌സ്വാനയിലും മറ്റുമുണ്ട്.
ഒരുകാലത്ത് തടാകമായിരുന്ന ആഫ്രിക്കയിലെ പ്രദേശം ഇപ്പോള്‍ മരുഭൂമിയാണ്. ഭൂരിഭാഗം ബോട്‌സ്വാനയിലും ബാക്കി നമീബിയയിലും ദക്ഷിണാഫ്രിക്കയിലുമായുള്ള കലഹാരി മരുഭൂമിയാണിത്. ഈ പ്രദേശം തിരിച്ചറിയാനാകാത്ത വിധം മാറിയെങ്കിലും ഇവിടങ്ങളില്‍ താമസിക്കുന്ന ഗോത്ര വര്‍ഗക്കാരുടെ ഡിഎന്‍എകള്‍ക്ക് ഈ നാടിന്റെയും മനുഷ്യകുലത്തിന്റെ തന്നെയും കഥപറയാന്‍ ശേഷിയുണ്ടെന്നാണ് പഠനങ്ങളിലൂടെ തെളിഞ്ഞത്. 9000 വര്‍ഷം മുൻപാണ് ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ ഇന്ത്യയിലേക്ക് എത്തുന്നത്. അവരാണ് ആദ്യത്തെ ഇന്ത്യക്കാരും.


English Summary: Ancestral home of modern humans is in Botswana, study finds
ടിപ്പു സുൽത്താൻ, ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച ധീരനോ, അതോ അമുസ്ലിങ്ങളെ കൊന്നൊടുക്കിയ വില്ലനോ?

മധ്യകാലചരിത്രനിർമിതി പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുന്ന ഒന്നായിരുന്നു. ടിപ്പുവിന്റെ കാര്യത്തിൽ ചിത്രം ഏറെ സങ്കീർണ്ണമാണ്. കാരണം, എഴുപതുകളിൽ ഹൈന്ദവസംഘടനകൾ പോലും ടിപ്പുവിനെ ഒരു ധീരനായ പോരാളിയായി ആഘോഷിച്ചുകൊണ്ടിരുന്നതാണ്.
ഇന്ന് ടിപ്പുസുൽത്താന്റെ ജന്മദിനമാണ്. ബ്രിട്ടീഷുകാരോട് പടപൊരുതിയ ഇന്ത്യൻ രാജാവായിരുന്നു ടിപ്പു. കഴിഞ്ഞ കുറേ വർഷങ്ങളായി കർണാടകയിൽ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷപൂർവം ആചരിച്ചു വരികയും ചെയ്തിരുന്നു. എന്നാൽ, ഇക്കൊല്ലം മുതൽ ആ ആഘോഷങ്ങൾ സർക്കാർ ചെലവിൽ വേണ്ട എന്നാണ് തീരുമാനം. ടിപ്പുവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തന്നെ കാരണം. എന്തായാലും, ജന്മദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഇന്ന് ട്രെൻഡ് ചെയ്യുന്നത് ടിപ്പുവിന്റെ പേരുതന്നെ. ചർച്ചകളിലെല്ലാം ഉയർന്നുവരുന്ന ആദ്യത്തെ ചോദ്യം ഇതാണ്. ടിപ്പു സുൽത്താൻ എന്ന ഈ ചരിത്രപുരുഷൻ, അദ്ദേഹമൊരു ധീരനായകനോ, അതോ ജന്മദിനം ആഘോഷിക്കാൻ പോലും യോഗ്യനല്ലാത്ത ഒരു വില്ലനോ?
ടിപ്പു സുൽത്താൻ മരിച്ചിട്ട് വർഷം 200 കഴിഞ്ഞു. തൊണ്ണൂറുകളിൽ ഭഗവാൻ ഗിഡ്വാണിയുടെ നോവലിനെ ആധാരമാക്കി സഞ്ജയ് ഖാനും അക്ബർ ഖാനും ചേർന്ന് സംവിധാനം ചെയ്ത്, സഞ്ജയ് ഖാൻ ടിപ്പുവായി അഭിനയിച്ച്, ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട 'ടിപ്പു സുൽത്താന്റെ വാൾ' എന്ന പേരിലുള്ള പരമ്പരയിലൂടെയാണ് നമ്മളിൽ പലരും ആദ്യമായി ടിപ്പുവിനെപ്പറ്റി അറിയുന്നത്. അതിൽ ഏറെ നാടകീയമായ പലരംഗങ്ങളിലും ടിപ്പുവിന് താരപരിവേഷം പകരുന്നുണ്ട്. ഉദാ. ടിപ്പു കടുവയോട് പോരാടി അതിനെ തോൽപ്പിക്കുന്ന രംഗം. ഇന്ത്യൻ സ്‌കൂളുകളിൽ പഠിപ്പിക്കപ്പെടുന്ന ചരിത്രപുസ്തകങ്ങളിലും പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധങ്ങൾ നയിച്ച ടിപ്പു എന്ന ധീരനായ രാജാവിനെപ്പറ്റി പഠിപ്പിക്കുന്നുണ്ട്.
ഭൂരിഭാഗം ഇന്ത്യക്കാരുടെയും മനസ്സിൽ അദ്ദേഹത്തിന് ഒരു ധീരനായകന്‍റെ പ്രതിച്ഛായ തന്നെയാണ്. എന്നാൽ ടിപ്പു ഹിന്ദുക്കളോട് ക്രൂരമായി പെരുമാറിയ, അവരെ നിർദ്ദയം കൊന്നുതള്ളിയ ഒരു മുസ്ലിം രാജാവായിരുന്നു എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ടിപ്പുവിനെ മ്ലേച്ഛനെന്നും അധമനെന്നും അവർ വിശേഷിപ്പിക്കുന്നു. അവരുടെ കണ്ണിൽ വംശവെറിയനായ ഒരു മുസ്‌ലിം രാജാവാണ് ടിപ്പു. ഹിന്ദു ക്ഷേത്രങ്ങളും, ക്രിസ്ത്യൻ പള്ളികളും തകർത്തുതരിപ്പണമാക്കിയ, പതിനായിരക്കണക്കിന് അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് നിർബന്ധിതമായി മതപരിവർത്തനം നടത്തിയ, എതിർത്തവരെ ഒന്നില്ലാതെ നിർദ്ദയം അരിഞ്ഞു തള്ളിയ ക്രൂരൻ. ഇത്തരത്തിലുള്ള സംഘടിതമായ 'ടിപ്പു നിന്ദ' ട്വിറ്ററിൽ ഏറെ സജീവമാണ്.
മധ്യകാലചരിത്രനിർമിതി പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുന്ന ഒന്നായിരുന്നു. ടിപ്പുവിന്റെ കാര്യത്തിൽ ചിത്രം ഏറെ സങ്കീർണ്ണമാണ്. കാരണം, എഴുപതുകളിൽ ഹൈന്ദവസംഘടനകൾ പോലും ടിപ്പുവിനെ ഒരു ധീരനായ പോരാളിയായി ആഘോഷിച്ചുകൊണ്ടിരുന്നതാണ്. എഴുപതുകളിലെ ആർഎസ്എസിന്റെ 'ഭാരത് ക്രാന്തി' സീരീസിലെ വിപ്ലവകാരികളിൽ ഒരാളായി ടിപ്പുവും ഉണ്ടായിരുന്നു. 2010 -ലെ ഒരു റാലിയിൽ ബിജെപി പ്രവർത്തകർ വരെ ടിപ്പുസുൽത്താന്റെ വേഷമിട്ട വാളുമേന്തി അണിനിരന്നിട്ടുണ്ട്. ഇന്നത്തെ പ്രസിഡണ്ടും, രണ്ടുവർഷം മുമ്പുവരെ ആർഎസ്എസിന്റെ സജീവ പ്രവർത്തകനുമായിരുന്ന റാം നാഥ് കോവിന്ദ് പോലും ടിപ്പുവിനെ പരസ്യമായി പ്രശംസിച്ചിട്ടുള്ള ആളാണ്. എന്നാൽ കർണ്ണാടകത്തിൽ വർഗീയത വേരുപിടിച്ചു തുടങ്ങിയതോടെയാണ്, ടിപ്പു ഒരു 'മുസ്ലിം' രാജാവാണല്ലോ എന്ന കാര്യം ഹൈന്ദവ സംഘടനകൾ ഓർക്കുന്നത്. കോൺഗ്രസ് ടിപ്പുവിന്റെ പേരും പറഞ്ഞുകൊണ്ട് മുസ്ലിം വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ചപ്പോൾ, മറുപക്ഷത്ത് ബിജെപിയും അതേ പേരിൽ ഹിന്ദുവികാരം ഉണർത്തി മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യക്ക് പരിചയപ്പെടുത്തിത്തന്ന, 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന അതേ തന്ത്രമാണ് ഇവിടെ പയറ്റപ്പെടുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലെ രാജാക്കന്മാർക്ക് ഒരേയൊരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. തങ്ങളുടെ സാമ്രാജ്യത്തിന്റെ വ്യാപനം. അതിനുതകുന്ന പലതും അവർ തങ്ങളുടെ ഭരണകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. മതവിഭാഗങ്ങൾ പ്രീണിപ്പിച്ചു നിർത്തുക മുതൽ, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ തകർത്തുകളയുക വരെ. ഈസ്റ്റ് ഇന്ത്യാ കമ്പനി അതിന്റെ സ്വാധീനം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വർധിപ്പിക്കാൻ ശ്രമിക്കുന്ന കാലമായിരുന്നു ടിപ്പുവിന്റേത്. മുഗൾ സാമ്രാജ്യം ക്ഷയിച്ചുകൊണ്ടിരുന്നതിനാൽ ബ്രിട്ടീഷുകാർക്ക് കാര്യമായ എതിർപ്പുകളൊന്നും തന്നെ നേരിടേണ്ടി വരുന്നുണ്ടായിരുന്നില്ല. മറാഠകളോടും, രഘുനാഥ് റാവു പട്‍വർധനോടും നിസാമിനോടുമെല്ലാം കമ്പനിയുമായി സഹകരിക്കരുത് എന്ന് അഭ്യർത്ഥിക്കുകയായിരുന്നു ടിപ്പു അന്ന് ചെയ്തത്. ബ്രിട്ടീഷുകാർക്ക് കാലുവെക്കാൻ മണ്ണിൽ ഇടം കൊടുത്താലുണ്ടാകുന്ന അപകടത്തെപ്പറ്റി ടിപ്പു അന്നേ ബോധവാനായിരുന്നു എന്നതാണ് സത്യം. എന്നാൽ പരസ്പരം പോരടിച്ചു കഴിഞ്ഞ മറാഠകൾക്കും നിസാമിനും ടിപ്പുവിനും ഇടയിൽ ഐക്യമെന്നത് ഒരിക്കലും സംഭവ്യമല്ലായിരുന്നു.
പട്‍വർധന്റെ സൈന്യം 1791-ൽ മൈസൂർ ആക്രമിച്ച് ശ്രിംഗേരി മഠം കൊള്ളയടിച്ചപ്പോൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുത്തയച്ച് മഠത്തിന്റെ സമ്പത്ത് പുനഃസ്ഥാപിച്ചുനൽകിയത് ടിപ്പുവായിരുന്നു. ടിപ്പുവിന്റെ അധീനതയിലായിരുന്നു ശ്രിംഗേരി മഠം അന്ന്. അവിടത്തെ സ്വാമിയെ ടിപ്പു അഭിസംബോധന ചെയ്തിരുന്നത് 'ജഗദ്ഗുരു' എന്ന പേരിലായിരുന്നു. യുദ്ധത്തിന് പുറപ്പെടും മുമ്പ് മഠത്തിൽ വന്നു അനുഗ്രഹാശിസ്സുകളും ടിപ്പു വാങ്ങുമായിരുന്നു.
എന്നാൽ, അതേസമയം വരാഹക്ഷേത്രം ആക്രമിച്ചു നശിപ്പിച്ചതും ടിപ്പു തന്നെ. കാരണം വളരെ ലളിതമായിരുന്നു. ടിപ്പു ആക്രമിച്ചു കീഴടക്കിയ വാഡയാർ സാമ്രാജ്യത്തിന്റെ സിംഹപ്രതാപത്തിന്റെ അടയാളമായിരുന്നു ഈ ക്ഷേത്രം. ഹിന്ദുക്കളോട് സമരസപ്പെട്ട്, അവരെ അംഗീകരിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ള നിരവധി കാര്യങ്ങളെ വിസ്മരിച്ചുകൊണ്ട്, യുദ്ധകാലത്ത് ശത്രുരാജാവിനോട് അദ്ദേഹം പ്രവർത്തിച്ച ഈ ഒരു അക്രമത്തെ മാത്രം ഉയർത്തിക്കാട്ടിയാണ് ടിപ്പുവിനെപ്പറ്റി 'ഹിന്ദുവിരോധിയായ ഒരു മുസ്ലിം രാജാവെന്ന' ആക്ഷേപം ഉന്നയിക്കുന്നത്.
ടിപ്പു രാജാവ് കന്നഡയെ അവഗണിച്ചുകൊണ്ട് പേർഷ്യൻ ഭാഷയ്ക്ക് മുൻഗണന നൽകി എന്നതാണ് അടുത്ത ആരോപണം. സത്യത്തിൽ അക്കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രാജാക്കന്മാർക്കിടയിൽ പേർഷ്യൻ ഭാഷയുടെ വല്ലാത്തൊരു സ്വാധീനമുണ്ടായിരുന്നു. ശിവാജി മഹാരാജ് തന്നെ മൗലാനാ ഹൈദർ അലി എന്നൊരു സെക്രട്ടറിയെ നിയമിക്കുന്നത് ഈ പേർഷ്യൻ ആശയവിനിമയങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടിയാണ്. മതപരിവർത്തനം നടത്താൻ മടികാണിച്ച നൂറുകണക്കിന് ബ്രാഹ്മണരെ ടിപ്പു വധിച്ചിട്ടുണ്ട് എന്നൊരു ആരോപണവുമുണ്ട്. അത് ശരിയാകാനുള്ള സാധ്യതയും കുറവാണ്. കാരണം, ആജീവനാന്തം ടിപ്പുവിന്റെ ദിവാനായിരുന്ന പൂർണ്ണയ്യ ഒരു ഹിന്ദുവായിരുന്നു. ഇതും, അതുകൊണ്ട് മതപരിവർത്തനവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള കൊലപാതക കഥകളും ബ്രിട്ടീഷുകാർ അന്ന് ടിപ്പുവിനെതിരെ പറഞ്ഞുപരത്തിയ പരശ്ശതം പൊളികളിൽ ഒന്നുമാത്രമാവാനാണ് സാധ്യത.
മലബാറിലെ നായന്മാരും കൊടവൻമാരും ഒക്കെ ടിപ്പുവിനാൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണ്. അത് പക്ഷേ, ബ്രിട്ടീഷുകാർക്കൊപ്പം ചേർന്നുകൊണ്ട് തനിക്കെതിരെ വിപ്ലവം നയിക്കുന്നുണ്ടോ എന്ന സംശയത്തിന്മേലാണ്. അല്ലാതെ അവരുടെ മതത്തിനോടുള്ള വിരോധം കൊണ്ടല്ല. അങ്ങനെയൊരു സംശയത്തിന്റെ പേരിൽ, അന്ന് ടിപ്പു അക്രമിച്ചിട്ടുള്ളത് ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും മാത്രമല്ല, മഹ്‌ദവി മുസ്‌ലീങ്ങളെക്കൂടിയാണ് എന്ന് ചരിത്രപുസ്തകങ്ങളിൽ കാണാം. അതുകൊണ്ട്, അതിലും വർഗീയഛായ പടർത്തുന്നതിൽ കാര്യമില്ല. ആ അക്രമങ്ങളുടെയെല്ലാം ന്യായം അധികാരസംസ്ഥാപനം മാത്രമായിരുന്നു.
മഹാരാഷ്ട്രയിലെ ഒരു ഗവേഷകനായ സർഫറാസ് ഖാൻ ടിപ്പുസുൽത്താന്റെ ഒരു പ്രഖ്യാപനം തന്നെ പുറത്തുകൊണ്ടുവന്നിരുന്നു. അതിൽ, ടിപ്പു പ്രഖ്യാപിക്കുന്നത് മതപരിഗണനകൾക്ക് അതീതമായി തന്റെ സാമ്രാജ്യത്തിന്റെ സംരക്ഷണത്തിനായി അന്ത്യശ്വാസം വരെ പോരാടും എന്നുതന്നെയാണ്. ടിപ്പു ചെയ്തതും അതുതന്നെയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തോട് സന്ധിചെയ്ത്, അവരുടെ വിനീതദാസനും സാമന്തരാജാവുമായി ആജീവനാന്തം കഴിയുന്നതിനുപകരം, 1799 -ലെ നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരോട് പൊരുതി കൊല്ലപ്പെടുകയായിരുന്നു അദ്ദേഹം.


രാജഭരണകാലത്തിന്റെ നന്മതിന്മകൾ എല്ലാം, ഇന്ത്യയിലെ മറ്റുള്ള രാജാക്കന്മാരിൽ ഉള്ളതുപോലെ തന്നെ ടിപ്പു സുൽത്താനിലും ഏറിയും കുറഞ്ഞും കണ്ടേക്കും. എല്ലാ രാജാക്കന്മാരെയും പോലെ ടിപ്പുവിനും സ്വന്തം സാമ്രാജ്യം വ്യാപിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി നിരവധി യുദ്ധങ്ങളും നടത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാർ വന്നപ്പോൾ, തന്റെ ആത്മാഭിമാനം പണയപ്പെടുത്തി അവർക്കൊപ്പം കൂടാൻ അദ്ദേഹം തയ്യാറായില്ല. അവരോടു പോരാടി ജീവൻ വെടിഞ്ഞ ധീരൻ തന്നെയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ വർഗീയമായ പ്രീണനങ്ങൾ ലക്ഷ്യമിട്ട്, 'സെലക്ടീവ്' ആയി ചരിത്ര സംഭവങ്ങളെ അപഗ്രഥിച്ചുകൊണ്ട് ടിപ്പുവിനെ അധമവൽക്കരിക്കുന്നത്, ചിലപ്പോൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉദ്ദേശിക്കുന്ന ഫലം നേടിത്തരും എങ്കിൽകൂടിയും, ചരിത്രവസ്തുതകൾക്ക് നിരക്കുന്നതല്ല.



Sunday, November 17, 2019

കടലിലാഴ്ന്നത് 40 കപ്പലുകൾ, പറന്നിറങ്ങിയ സൈന്യം; ‘ലോകമഹായുദ്ധ’ പടനിലം–സൂയസ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറുന്ന കാലം. എണ്ണയിൽ നിന്നുള്ള വരുമാനവും എണ്ണലഭ്യതയുമെല്ലാം രാജ്യങ്ങളുടെ വളർച്ചയിലെ അളവുകോലായിരുന്ന നാളുകളായിരുന്നു അത്. എണ്ണ കൈമാറ്റം അന്നു പ്രധാനമായും നടന്നു വന്നത് യൂറോപ്പിനെയും ഏഷ്യയെയും കടൽമാർഗം എളുപ്പം ബന്ധിക്കുന്ന സൂയസ് കനാൽ വഴി – ഇന്നും ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽപാത. അതിനാൽത്തന്നെ നയതന്ത്രപരമായി ഏറ്റവും പ്രധാനപ്പെട്ട പ്രദേശവും. ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത സംവിധാനമായ സൂയസ് കനാൽ തുറന്നിട്ട് 2019 നവംബർ 17ന് 150 വർഷം.
ഈജിപ്തിലെ സൂയസ് ഇസ്ത്‍മസ് കരഭൂമിയുടെ തെക്കുവടക്കായാണ് സൂയസ് കനാലിന്റെ സ്ഥാനം. മെഡിറ്ററേനിയൻ തീരത്തുള്ള സെദ് തുറമുഖം മുതൽ തെക്ക് സൂയസ് പട്ടണത്തോടു ചേർന്നുള്ള തെഫിക് തുറമുഖം വരെ നീളുന്ന ഈ കനാൽ ലോകത്തിന്റെ ചരക്കുകൈമാറ്റ സമയത്തിൽ ഗണ്യമായ കുറവ് വരുത്താൻ സഹായിക്കുന്നു. ആഫ്രിക്കൻ വൻകര ചുറ്റിയുള്ള ദീർഘയാത്ര ഒഴിവാക്കാമെന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന ഈ കനാലിന്റെ പേരിൽ മൂന്നാം ലോകമഹായുദ്ധ ഭീഷണി പോലും ഉയർന്നിട്ടുണ്ട്. 1956ലായിരുന്നു അത്. ലോകം വീണ്ടും ചേരിതിരിഞ്ഞ് ഏറ്റവുമുട്ടാനൊരുങ്ങുകയാണെന്ന പ്രതീതി ജനിപ്പിച്ച ആ സംഭവത്തെ വിശേഷിപ്പിക്കുന്നതും ‘സൂയസ് പ്രതിസന്ധി (Suez Crisis)’ എന്നാണ്. നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ചെങ്കടലിനും മെഡിറ്ററേനിയനും ഇടയിൽ ഗതാഗതം ഉണ്ടായിരുന്നതായാണു ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. ചെങ്കടലും നൈൽ നദിയും ബന്ധിപ്പിച്ച് ബിസി 1850ൽ സെനുസ്രേത് മൂന്നാമൻ ഫറവോ ജലപാതയുണ്ടാക്കിയിരുന്നെന്നാണു ചരിത്രകാരന്മാരുടെ വാദം.
1800 ബിസിയിൽ ഇതുവഴി ചരക്കുനീക്കമുണ്ടായിരുന്നതായും രേഖകളുണ്ട്. എന്നാല്‍ പിന്നീട് ചെളി അടിഞ്ഞ് ഈ പാത അടയുകയായിരുന്നു. 1798ൽ ഈജിപ്ത് കീഴടക്കിയ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് ഈ വഴിയുള്ള ജലപാത തുറക്കുന്നതിനെപ്പറ്റി വീണ്ടും ആലോചിച്ചു. അതിനായി വിദഗ്ധ സംഘത്തെയും നിയോഗിച്ചു. എന്നാൽ സർവേ സംഘത്തിന്റെ കണക്കുകൂട്ടൽ പലയിടത്തും തെറ്റി. ഒടുവിൽ നൽകിയതാകട്ടെ തെറ്റായ റിപ്പോർട്ടും. മെഡിറ്ററേനിയനേക്കാളും 30 അടി ഉയരത്തിലാണ് ചെങ്കടൽ എന്നായിരുന്നു അതിലൊന്ന്. കനാൽ നിർമിച്ചാൽ നൈൽ ഡെൽറ്റ പ്രദേശത്തെയാകമാനം മുക്കുന്ന വെള്ളപ്പൊക്കമുണ്ടാകുമെന്നും അവർ റിപ്പോർട്ടിൽ പറഞ്ഞു. ഇതോടെ ആ ശ്രമത്തിൽ നിന്ന് നെപ്പോളിയൻ പിന്മാറി.
ബ്രിട്ടൻ ‘ഭയന്ന’ കനാൽ
പിന്നെയും 31 വർഷം കഴിഞ്ഞാണ് സൂയസ് കനാലിനെപ്പറ്റി വീണ്ടും ആലോചനയുണ്ടായത്. അതുപക്ഷേ ബ്രിട്ടന്റെ നേതൃത്വത്തിലായിരുന്നുവെന്നു മാത്രം. 1830ൽ ബ്രിട്ടിഷ് സഞ്ചാരിയും നാവികനുമായ എഫ്. ആർ. ചെസ്നിയുടെ നേതൃത്വത്തിൽ ജലപാത സംബന്ധിച്ച പഠനം ആരംഭിച്ചു. അതിനിടെ ഫ്രഞ്ചുകാരനായ ഫെർഡിനാൻഡ് ഡി ലെസ്സപ്സിൻ ഈജിപ്ഷ്യൻ ഗവർണർ മുഹമ്മദ് സയ്ദ് പാഷയുമായി കൂടിക്കാഴ്ച നടത്തി സൂയസ് കനാൽ കമ്പനി തുടങ്ങാനുള്ള ശ്രമമാരംഭിച്ചു. ഫ്രാൻസിന്റെ നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തി ഇതിനു പിന്തുണ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ ബ്രിട്ടൻ ഭയന്നിരുന്നത്, ആഗോള കപ്പൽ ഗതാഗതത്തിലുള്ള മേധാവിത്തം സൂയസ് കനാലിന്റെ നിർമാണത്തോടെ ഇല്ലാതാകുമെന്നായിരുന്നു. അതിനാൽത്തന്നെ കനാൽ വരാതിരിക്കാൻ രാഷ്ട്രീയപരമായ പല നീക്കങ്ങളും ബ്രിട്ടൻ നടത്തിയതായി ചരിത്രകാരന്മാർ നിരീക്ഷിച്ചിട്ടുണ്ട്.
സീയൂസ് കനാൽ നിർമ്മാണകാലം (പെയിന്റിംഗ് )
1859ഏപ്രിൽ 25നു ഫെർഡിനാൻഡ് ഡി ലെസ്സപ്സിന്റെ നേതൃത്വത്തിലാണു കനാലിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒരേ സമയം 30,000 തൊഴിലാളികൾ വരെ ജോലി ചെയ്താണ് അന്നു പണി പൂര്‍ത്തിയാക്കിയത്. ഇടയ്ക്ക് കോളറ പൊട്ടിപ്പുറപ്പെട്ടതോടെ തൊഴിലാളികളുടെ ലഭ്യത പ്രതിസന്ധിയിലായി. തൊഴിലാളികൾക്കു നൽകുന്ന കൂലിയും കുറവായിരുന്നു. അവർക്ക് ഇടപെടേണ്ടിയിരുന്നതാകട്ടെ അപകടം പതിയിരിക്കുന്ന നിർമാണ പ്രവൃത്തികളിലും. മേഖലയിലെ രാഷ്ട്രീയ പ്രശ്നങ്ങളും ജലപാത നിർമാണത്തിനു പലപ്പോഴും വിഘാതം നിന്നു.
ഈ സാഹചര്യങ്ങൾക്കിടയിലും നിർമ്മാണം മുന്നോട്ടു പോയി. 10 വർഷത്തിനൊടുവിൽ 1869 നവംബർ 17ന് കനാൽ കപ്പൽ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 10,000 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. എങ്കിലും ലോകകപ്പൽ ഗതാഗതത്തിൽ വൻ മാറ്റങ്ങളാണ് സൂയസ് കനാല്‍ കൊണ്ടുവന്നത്. അവയിൽ പ്രധാനപ്പെട്ടവ:
  1.  അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും ബന്ധിപ്പിക്കുന്ന ഏറ്റവും എളുപ്പമുള്ള മാർഗം തുറന്നു.
  2.  ഏഷ്യ– യൂറോപ്പ് വൻകരകൾക്കിടയിൽ ചരക്കുകൾ എത്തിക്കാൻ ഇത് ഏറ്റവും ചെലവുകുറഞ്ഞ മാർഗമായി.
  3.  അറബ് രാജ്യങ്ങളിൽനിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതിക്ക് പുതിയ പാതയായി.
  4.  യൂറോപ്പിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നും ഏഷ്യയിലേക്കുള്ള ധാന്യങ്ങളും മറ്റ് ഉൽപന്നങ്ങളും കയറ്റിയുള്ള പ്രധാന ഗതാഗതവും സൂയസ് കനാൽ വഴിയായി.

സീയൂസ് കനാൽ തുറന്ന് കൊടുത്തപ്പോൾ 
ജലപാതയുടെ പ്രാധാന്യം മനസ്സിലാക്കിയ ബ്രിട്ടനാകട്ടെ 1875ൽ ഈജിപ്ഷ്യൻ സർക്കാർ കനാൽ കമ്പനിയുടെ ഓഹരികൾ വിൽപനയ്ക്കു വച്ചപ്പോൾ 44 ശതമാനവും വാങ്ങി.. നേരിട്ടല്ലെങ്കിലും 1956വരെ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധീനതയിലായിരുന്ന കനാൽ. എന്നാൽ അക്കൊല്ലമാണ് പ്രതിസന്ധി രൂപപ്പെട്ടത്.
കനാൽ ‘പിടിച്ചെടുത്ത്’ ഈജിപ്ത്
ജൂലൈയിൽ ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദൽ നാസര്‍ സൂയസ് കനാൽ ദേശസാൽക്കരിക്കാൻ തീരുമാനിച്ചു. മൂന്നാം ലോക മഹായുദ്ധത്തിലേക്കാണോ നീങ്ങുന്നതെന്നു സംശയം ജനിപ്പിക്കുന്ന നീക്കങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഈജിപ്തിലെ അസ്വാൻ അണക്കെട്ടിന്റെ നിർമാണത്തിനു ധനസഹായം നൽകാമെന്ന് യുഎസും യുകെയും വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അവസാന നിമിഷം ഇരുവിഭാഗവും പിന്മാറിയതോടെയാണ് സൂയസ് കനാൽ ദേശസാൽക്കരിക്കാൻ ഈജിപ്ത് തീരുമാനിച്ചത്.
കനാൽ പിടിച്ചെടുത്ത് ദേശസാൽക്കരിക്കാൻ അബ്ദൽ നാസർ സൈനികർക്കു രഹസ്യമായി നിർദേശം നൽകിയതിനെപ്പറ്റി ഒരു കഥയുമുണ്ട്. 1956 ജൂലൈ 26ന് രാജ്യത്തെ ജനത്തെ അഭിസംബോധന ചെയ്ത് അലക്സാണ്ട്രിയയിൽ അബ്ദൽ നാസർ ഒരു പ്രസംഗം നടത്തി. അതിലുടനീളം പറഞ്ഞിരുന്നത് സൂയസ് കനാലിനെപ്പറ്റിയായിരുന്നു. അതിൽത്തന്നെ കുറഞ്ഞത് 13 തവണയെങ്കിലും കനാൽ നിർമാതാവ് ഫെർഡിനാൻഡ് ഡി ലെസ്സപ്സിന്റെ പേരും നാസർ പറഞ്ഞു. എന്നാൽ ‘ദി എക്കണോമിസ്റ്റ്’ മാഗസിന്റെ കണ്ടെത്തൽ പ്രകാരം സൂയസ് പിടിച്ചെടുക്കാൻ തന്റെ സൈനികർക്ക് അബ്ദൽ നാസർ നൽകിയ ‘കോഡ് ഭാഷ’യിലുള്ള നിർദേശമായിരുന്നു ഡി ലെസ്സപ്സ് എന്നാണ്.
സീനായ് യുദ്ധകാല ദൃശ്യങ്ങൾ 
എന്തുതന്നെയാണെങ്കിലും സൂയസ് കനാൽ ഈജിപ്തിന്റെ അധീനതയിലായതോടെ ബ്രിട്ടനും ഫ്രാന്‍സും ഇസ്രയേലും പ്രകോപിതരായി. കനാൽ നിർമാണ കമ്പനിയിലെ പ്രധാന ഓഹരികളെല്ലാം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും പേരിലായിരുന്നു. മാത്രവുമല്ല, ഫ്രാൻസിൽ നിന്നു മോചനം തേടി അൾജീരിയൻ നാഷനൽ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പോരാട്ടം നടക്കുന്ന സമയം കൂടിയായിരുന്നു അത്. അൾജീരിയയിലെ ഈ വിമതസംഘത്തിന് അബ്ദൽ നാസർ സഹായം നല്‍കുന്നുണ്ടെന്ന സംശയം നേരത്തേത്തന്നെ ഫ്രാൻസിനുണ്ടായിരുന്നു. ഇസ്രയേലിനാകട്ടെ കനാൽ വഴി സ്വന്തം കപ്പലുകൾ ഇനി കടത്തിവിടില്ലെന്ന ആശങ്കയും. ഇസ്രയേലിനെതിരെ പോരാടുന്ന ഫെദയീൻ കൂട്ടായ്മയെ സ്പോൺസർ ചെയ്യുന്നത് ഈജിപ്താണെന്ന സംശയവും ഇസ്രയേലിന്റെ മനസ്സിലുണ്ടായിരുന്നു.
യുദ്ധത്തിന്റെ തുടക്കം
1956 ഒക്ടോബർ 29ന് ഈജിപ്തിനു കീഴിലുള്ള സിനായ് പെനിൻസുല ഇസ്രയേൽ സേന പിടിച്ചെടുത്തു. വെടിനിർത്തലിനുള്ള അന്ത്യശാസനം ബ്രിട്ടനും ഫ്രാൻസും സംയുക്തമായി നൽകിയെങ്കിലും ഇസ്രയേലും ഈജിപ്തും പിന്മാറിയില്ല. അതോടെ നവംബര്‍ അഞ്ചിന് സൂയസ് കനാലിലേക്കു ബ്രിട്ടന്റെയും ഫ്രാൻസിന്റെയും പാരാട്രൂപ്പർ സൈനികസംഘം പറന്നിറങ്ങി. ഈജിപ്തിന്റെ മൂന്നു ലക്ഷം വരുന്ന സൈനിക ശക്തിയെ ഇല്ലാതാക്കാൻ ബ്രിട്ടിഷ് പദ്ധതി പ്രകാരം 80,000 ട്രൂപ്പ് സൈന്യം ആവശ്യമായിരുന്നു. 50,000 ട്രൂപ്പിനെ സംഘടിപ്പിക്കാമെന്ന് ബ്രിട്ടിഷ് സൈന്യം ഉറപ്പു നൽകി. ശേഷിക്കുന്ന 30,000 ട്രൂപ്പ് ഫ്രാൻസിൽ നിന്നായിരുന്നു.
സീയൂസ് പ്രതിസന്ധി കാലത്ത്‌ ഈജിപ്ത് മുക്കിയ കപ്പലുകൾ 
അതേസമയം, ഈജിപ്ത് സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം സമ്പൂർണമായി നിരോധിച്ചു. ആ സമയം കനാലിലുണ്ടായിരുന്ന 40 കപ്പലുകളും ആക്രമിച്ചു കടലിൽ താഴ്ത്തി. യുദ്ധത്തിനുള്ള പടനിലമാവുകയായിരുന്നു സൂയസ് കനാൽ. എന്നാൽ വളരെ പെട്ടെന്നായിരുന്നു കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ നാസറിനെ അട്ടിമറിക്കാൻ ബ്രിട്ടനും ഫ്രാൻസും ഇസ്രയേലും തമ്മിൽ നടത്തിയ രഹസ്യനീക്കമായിരുന്നു ഇതെല്ലാമെന്നുള്ള രേഖകൾ പുറത്തുവന്നു. ഇസ്രയേൽ അധിനിവേശത്തിനു മുൻപേ മൂന്നു രാജ്യങ്ങളും ഇതു സംബന്ധിച്ച കരാറിലെത്തിയിരുന്നെന്നായിരുന്നു രേഖകൾ.
ഈജിപ്തിനെ കീഴടക്കാനുള്ള അധിനിവേശത്തിന് ഇസ്രയേൽ തുടക്കമിടുന്നതായിരുന്നു പദ്ധതി. പിന്നാലെ സമാധന സംരക്ഷകരെന്ന വ്യാജേന ബ്രിട്ടനും ഫ്രാൻസും സൈനിക പിന്തുണയുമായെത്തും. മൂവരും ചേർന്ന് ഈജിപ്ത് പിടിച്ചെടുത്ത് കനാൽ നിയന്ത്രണവും പിടിച്ചെടുക്കാനായിരുന്നു നീക്കം. കരാറുമായി ബന്ധപ്പെട്ട് ‘എഴുതിയ’ തെളിവുകളെല്ലാം നശിപ്പിക്കാൻ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്തണി ഈഡൻ നിർദേശിച്ചിരുന്നെങ്കിലും പല ഘട്ടങ്ങളിലായി വിവരങ്ങളെല്ലാം ചോർന്നു. എഴുതപ്പെട്ട തെളിവുകള്‍ത്തന്നെ പുറത്തുവരികയും ചെയ്തു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി സിഐഎയ്ക്കും കരാർ സംബന്ധിച്ച വിവരം ചോർന്നുകിട്ടി. ഇതെല്ലാമാകട്ടെ ബ്രിട്ടനെയും ഫ്രാൻസിനെയും മറുപടി പോലും നൽകാനാകാത്ത വിധം അശക്തരാക്കുകയും ചെയ്തു.
തകർന്നടിഞ്ഞ ബ്രിട്ടൻ, ഉയർന്നുവന്ന യുഎസ്
യുഎസിനെ മറികടന്നുളള ബ്രിട്ടന്റെ ‘ശാക്തിക പ്രകടനം’ യുഎസിനും ദഹിച്ചില്ല. ഇക്കാര്യത്തിൽ ബ്രിട്ടനും ഫ്രാന്‍സും വരുത്തിയത് വമ്പൻ പിഴവാണെന്നായിരുന്നു യുഎസിന്റെ പ്രതികരണം. ഏതുവിധേയനയും സംഘർഷം ഒഴിവാക്കാനും യുഎസ് ശ്രമിച്ചു. സമാധാനത്തിന്റെ വക്താവായി അറിയപ്പെടാൻ ആഗ്രഹിച്ചിരുന്ന ഡ്വൈറ്റ് ഡി.ഐസനോവറായിരുന്നു അന്ന് യുഎസ് പ്രസിഡന്റ്. യുഎസുമായി ബന്ധമില്ലാത്ത രാജ്യങ്ങളുടെ കാര്യത്തിൽ തലയിടാൻ പോയാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ബോധ്യവും ഐസനോവറിനുണ്ടായിരുന്നു. ഈജിപ്തിലെ ഫ്രഞ്ച്, ബ്രിട്ടിഷ് അധിനിവേശം അറബ്, ഏഷ്യൻ, ആഫ്രിക്കൻ ജനതയെ കമ്യൂണിസ്റ്റ് കൂടാരത്തിലേക്കെത്തിക്കുമെന്ന ഭയവും ഐസനോവറിനുണ്ടായിരുന്നു.
അതിനാൽത്തന്നെ യുകെയ്ക്ക് അടിയന്തരസഹായമായി നൽകാൻ പദ്ധതിയിട്ട വായ്പകളെല്ലാം മരവിപ്പിക്കാൻ രാജ്യാന്തര നാണ്യനിധിയോട് അദ്ദേഹം ആവശ്യപ്പെട്ടു. അധിനിവേശത്തിൽ നിന്നു പിന്മാറും വരെയായിരുന്നു അത്. സാമ്പത്തികമായി തകരുമെന്നുറപ്പായതോടെ ഈജിപ്ത് ആക്രമണത്തിനായുള്ള ബ്രിട്ടിഷ് സൈന്യത്തിന്റെ യാത്ര പാതിവഴിയിൽ നിന്നു. ഈ നീക്കം ഫ്രാന്‍സിനെ പ്രകോപിതരാക്കിയെങ്കിലും വേറെ വഴിയില്ലായിരുന്നു. ബ്രിട്ടിഷ് കമാൻഡിനു കീഴിലായിരുന്നു ഫ്രഞ്ച് സൈന്യവും. സോവിയറ്റ് യൂണിയനും യുഎസിനൊപ്പം നിന്നതോടെ 1956 നവംബർ രണ്ടിന് യുഎന്നിൽ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയം വൻ ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെട്ടു.
ആന്തണി ഈഡനും ഗമാൽ അബ്ദുൽ നാസറും 
പ്രമേയം നവംബർ 7ന് ഫ്രാൻസും ബ്രിട്ടനും അംഗീകരിച്ചു. സൂയസ് കനാലിന്റെ പേരിലുള്ള സംഘർഷം ഒഴിവാക്കാനും ഇസ്രയേൽ–ഈജിപ്ത് അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനും യുഎൻ ഒരു സംഘത്തെയും അയച്ചു. യുഎന്നിനു കീഴിൽ സമാധാന സംരക്ഷണ സേന രൂപപ്പെടുന്നതും സൂയസ് പ്രതിസന്ധിയോടെയായിരുന്നു. അമേരിക്കൻ മേധാവിത്തം രാജ്യാന്തര തലത്തിൽ ശക്തമാകുന്നതിനുള്ള അവസരം കൂടിയായിരുന്നു രണ്ടാം അറബ്–ഇസ്രയേൽ യുദ്ധമെന്നും സിനായ് യുദ്ധമെന്നും പേരെടുത്ത സൂയസ് പ്രതിസന്ധിയിലൂടെ ഒരുങ്ങിയത്. ലോകശക്തിയാകാൻ മുന്നൊരുക്കം നടത്തിയ ബ്രിട്ടൻ ദയനീയമായ പരാജയപ്പെടുകയും ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്തണി ഈഡൻ രാജിവച്ചു.
ബ്രിട്ടനും ഫ്രാന്‍സും സ്ഥാനഭ്രഷ്ടനാക്കാൻ ആഗ്രഹിച്ച അബ്ദൽ നാസറാകട്ടെ മേഖലയിലെ നിർണായക ശക്തിയായി വളർന്നു. സൂയസ് കനാലും ഈജിപ്തിന്റെ അധീനതയിലായി. യുദ്ധത്തെത്തുടർന്ന് അടച്ചിട്ട കനാൽ 1957 മാർച്ചിൽ തുറന്നപ്പോൾ ഈജിപ്ത് സർക്കാരിന്റെ അധീനതയിലുള്ള സൂയസ് കനാൽ അതോറിറ്റിക്കായിരുന്നു പൂർണ അധികാരം. കപ്പലുകൾ ഈ പാത ഉപയോഗിക്കുമ്പോൾ നൽകുന്ന ടോൾ ഇന്ന് ഈജിപ്തിന്റെ പ്രധാന വരുമാനമാർഗവുമാണ്. 2018-19 സാമ്പത്തിക വർഷം മാത്രം ഈജിപ്തിന് സൂയസ് കനാൽ വഴി ലഭിച്ചത് 42,000 കോടി രൂപയായിരുന്നു.
സീനായ് യുദ്ധകാലത്ത് ഈജിപ്തിലെത്തിയ ഇസ്രായേലി സൈന്യം 
അറബ്– ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് 1967ൽ വീണ്ടും കനാൽ അടച്ചിരുന്നു. പിന്നീട് 1975ലാണ് ഇത് തുറന്നുകൊടുത്തത്. അതിനു ശേഷം കൂടുതൽ നവീകരണം നടത്തിയ കനാൽ 2015 ഓഗസ്റ്റ് ആറിന് തുറന്നു. കനാലിന്റെ തിരക്കേറിയ ബെലാ ബൈപാസ് ഭാഗത്ത് 35 കിലോമീറ്റർ സമാന്തര പാത ഒരുക്കുകയാണ് അന്നു ചെയ്തത്. ഒപ്പം നിലവിലുള്ള കനാലിന്റെ 37 കിലോ മീറ്റർ ഭാഗം ആഴം കൂട്ടുകയും ചെയ്തു. ഏകദേശം 50,400 കോടി രൂപയായിരുന്നു പുതുക്കിയ കനാലിന്റെ നിർമാണച്ചെലവ്.
ലോക ജലഗതാഗതത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയെങ്കിലും പാരിസ്ഥിതികമായ പല പ്രശ്നങ്ങളും സൂയസ് കനാലിനു നേരെ ഉയർന്നിട്ടുണ്ട്. ചെങ്കടലിലെ ഉപ്പു കൂടിയ ജലം എതിർഭാഗത്തേക്ക് ഒഴുകുന്നതിനാൽ അവിടത്തെ ആവാസവ്യവസ്‌ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നതാണ് അതിലൊന്ന്. എണ്ണ കയറ്റിയുള്ള കപ്പലുകൾ അപകടത്തിൽപ്പെടുമ്പോഴുണ്ടാകുന്ന ജലമലിനീകരണമാണ് മറ്റൊരു ഭീഷണി. 2006 സെപ്റ്റംബറിൽ സൂയസ് കനാലിലുണ്ടായ എണ്ണക്കപ്പൽ ചോർച്ചയിൽ 1100 ടൺ ക്രൂഡ് ഓയിലാണ് കടലിലേക്കൊഴുകിയത്.





With Inputs from Anil Philip (Malayala Manorama Editorial Research)
English Summary: Egypt's Water based superhighway Suez Canal marks 150 years of history






ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത സംവിധാനമായ സൂയസ് കനാലിന് വയസ്സ് 150

∙യൂറോപ്പിനെയും ഏഷ്യയെയും കടൽമാർഗം എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ജലപാത
∙ചെങ്കടലും മെഡിറ്ററേനിയൻ കടലും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ മനുഷ്യനിർമിത ജലപാത ഈജിപ്തിന്റെ അധീനതയിലാണ്
∙ഈജിപ്തിലെ സൂയസ് ഇസ്ത്മസ് (Isthmus of Suez) കരഭൂമിയുടെ തെക്കുവടക്കായി സ്ഥിതി ചെയ്യുന്നു
∙മെഡിറ്ററേനിയൻ തീരത്തുള്ള സെദ് തുറുമുഖം മുതൽ തെക്ക് സൂയസ് പട്ടണത്തോട് ചേർന്നുള്ള തെഫിക് തുറുമുഖം വരെ നീണ്ടുകിടക്കുന്നു
∙ആഫ്രിക്കൻ വൻകര ചുറ്റിയുള്ള ദീർഘയാത്ര ഒഴിവാക്കാൻ സഹായിക്കുന്നു
∙നൂറ്റാണ്ടുകൾക്കു മുൻപു തന്നെ ചെങ്കടലിനും മെഡിറ്ററേനിയനും ഇടയിൽ ഗതാഗതം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 1800 ബിസിയിൽ ഇതുവഴി ചരക്കുനീക്കമുണ്ടായിരുന്നതായി രേഖകൾ
∙പിന്നീട് ചെളി അടിഞ്ഞ് പാത അടഞ്ഞു
∙1799ൽ നെപ്പോളിയൻ ഈ വഴിയുള്ള ജലപാത തുറക്കുന്നതിനെപ്പറ്റി പുനരാലോചന നടത്തി
∙1830ൽ ബ്രിട്ടിഷ് സഞ്ചാരിയും നാവികനുമായ എഫ്. ആർ. ചെസ്നിയുടെ നേതൃത്വത്തിൽ പഠനം
∙ഫ്രഞ്ചുകാരനായ ഫെർഡിനാൻഡ് ഡി ലെസ്സപ്സിനും സംഘത്തിനുമാണ് സൂയസ് കനാൽ നിർമാണത്തിനും നടത്തിപ്പിനുമുള്ള കരാർ ലഭിച്ചത്
∙1859ഏപ്രിൽ 25നാണ് പണി ആരംഭിച്ചത്. ഒരേ സമയത്ത് 30,000 തൊഴിലാളികൾ വരെ ജോലി ചെയ്താണ് പണി പൂര്ത്തിയാക്കിയത്
∙1869 നവംബർ 17ന് കപ്പൽ ഗതാഗതത്തിന് തുറന്നുകൊടുത്തു
∙1956വരെ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധീനതയിലായിരുന്ന കനാൽ, അക്കൊല്ലം ജൂലൈയിൽ ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസര് ദേശസാൽക്കരിച്ചു
∙ഈജിപ്ത് സർക്കാരിന്റെ അധീനതയിലുള്ള സൂയസ് കനാൽ അതോറിറ്റിക്കാണ് പൂർണ അധികാരം
∙പുതിയ സൂയസ് കനാൽ– നവീകരിച്ച സൂയസ് കനാൽ 2015 ഓഗസ്റ്റ് ആറിന് തുറന്നു. നിലവിലെ കനാലിന്റെ തിരക്കേറിയ ബെലാ ബൈപാസ് ഭാഗത്ത് 35 കിലോമീറ്റർ സമാന്തര പാത ഒരുക്കി. ഒപ്പം നിലവിലുള്ള കനാലിന്റെ 37 കിലോ മീറ്റർ ഭാഗം ആഴം കൂട്ടി. ചെലവായത് ഏകദേശം 50,400 കോടി രൂപ.
∙ഏഷ്യ– യൂറോപ്പ് വൻകരകൾക്കിടയിൽ ചരക്കുകൾ എത്തിക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗം
∙അറബ് രാജ്യങ്ങളിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതി ഈ പാതയിലൂടെയാണ്
∙യൂറോപ്പിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നും ഏഷ്യയിലേക്കുള്ള ധാന്യങ്ങളും മറ്റ് ഉൽപന്നങ്ങളും കയറ്റിയുള്ള പ്രധാന ഗതാഗതം സൂയസ് കനാൽ വഴി
∙കപ്പലുകൾ ഈ പാത ഉപയോഗിക്കുമ്പോൾ നൽകുന്ന ടോൾ ഈജിപ്തിന്റെ പ്രധാന വരുമാനമാർഗമാണ്.
∙അറബ്– ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് 1967ൽ കനാൽ അടച്ചിരുന്നു. പിന്നീട് 1975ലാണ് ഇത് തുറന്നുകൊടുത്തത്.
∙അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും എളുപ്പമുള്ള മാർഗം.
പരിസ്ഥിതി പ്രശ്നം
1. ചെങ്കടലിലെ ഉപ്പു കൂടിയ ജലം എതിർഭാഗത്തേക്ക് ഒഴുകുന്നതിനാൽ അവിടത്തെ ആവാസവ്യവസ്‌ഥയെ ബാധിച്ചിട്ടുണ്ട്.
2. എണ്ണ കയറ്റിയുള്ള കപ്പലുകൾ അപകടത്തിൽപെടുമ്പോൾ വലിയ തോതിലുള്ള ജലമലിനീകരണം
ആകെ നീളം 193 കിലോമീറ്റർ
ഇതിൽ നിർമാണം നടത്തിയിട്ടുള്ളത് 163 കിലോമീറ്റർ
വീതി: 3കിലോമീറ്റർ
ആഴം: 24– 30മീറ്റർ
ഒരു ദിവസം കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം: 49 മുതൽ 97 വരെ
കപ്പലുകളുടെ വേഗം: മണിക്കൂറിൽ 11– 16 കിലോമീറ്റർ
ലോകത്തിലെ ഏറ്റവും വിസ്മയം തീർത്ത മനുഷ്യ നിർമിത ജലാതിശയം
സമുദ്രമാർഗത്തിലൂടെയുള്ള ലോകത്തിലെ 8 ശതമാനം ചരക്ക് ഗതാഗതവും സൂയസ് കനാൽ വഴിയാണ്
ആഫ്രിക്ക ചുറ്റാൻ ആവശ്യമായ ദൂരം: 21,000 കിലോമീറ്റർ
വേണ്ട സമയം: 24 ദിവസം.
സൂയസ് വഴി യാത്രചെയ്താൽ ദൂരം: 12, 000 കിലോമീറ്റർ,
സമയം: 14 ദിവസം.
Courtesy :Manoramaonline.



ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത സംവിധാനമായ സൂയസ് കനാലിന് വയസ്സ് 150

∙യൂറോപ്പിനെയും ഏഷ്യയെയും കടൽമാർഗം എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ജലപാത
∙ചെങ്കടലും മെഡിറ്ററേനിയൻ കടലും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ മനുഷ്യനിർമിത ജലപാത ഈജിപ്തിന്റെ അധീനതയിലാണ്
∙ഈജിപ്തിലെ സൂയസ് ഇസ്ത്മസ് (Isthmus of Suez) കരഭൂമിയുടെ തെക്കുവടക്കായി സ്ഥിതി ചെയ്യുന്നു
∙മെഡിറ്ററേനിയൻ തീരത്തുള്ള സെദ് തുറുമുഖം മുതൽ തെക്ക് സൂയസ് പട്ടണത്തോട് ചേർന്നുള്ള തെഫിക് തുറുമുഖം വരെ നീണ്ടുകിടക്കുന്നു
∙ആഫ്രിക്കൻ വൻകര ചുറ്റിയുള്ള ദീർഘയാത്ര ഒഴിവാക്കാൻ സഹായിക്കുന്നു
∙നൂറ്റാണ്ടുകൾക്കു മുൻപു തന്നെ ചെങ്കടലിനും മെഡിറ്ററേനിയനും ഇടയിൽ ഗതാഗതം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 1800 ബിസിയിൽ ഇതുവഴി ചരക്കുനീക്കമുണ്ടായിരുന്നതായി രേഖകൾ
∙പിന്നീട് ചെളി അടിഞ്ഞ് പാത അടഞ്ഞു
∙1799ൽ നെപ്പോളിയൻ ഈ വഴിയുള്ള ജലപാത തുറക്കുന്നതിനെപ്പറ്റി പുനരാലോചന നടത്തി
∙1830ൽ ബ്രിട്ടിഷ് സഞ്ചാരിയും നാവികനുമായ എഫ്. ആർ. ചെസ്നിയുടെ നേതൃത്വത്തിൽ പഠനം
∙ഫ്രഞ്ചുകാരനായ ഫെർഡിനാൻഡ് ഡി ലെസ്സപ്സിനും സംഘത്തിനുമാണ് സൂയസ് കനാൽ നിർമാണത്തിനും നടത്തിപ്പിനുമുള്ള കരാർ ലഭിച്ചത്
∙1859ഏപ്രിൽ 25നാണ് പണി ആരംഭിച്ചത്. ഒരേ സമയത്ത് 30,000 തൊഴിലാളികൾ വരെ ജോലി ചെയ്താണ് പണി പൂര്ത്തിയാക്കിയത്
∙1869 നവംബർ 17ന് കപ്പൽ ഗതാഗതത്തിന് തുറന്നുകൊടുത്തു
∙1956വരെ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധീനതയിലായിരുന്ന കനാൽ, അക്കൊല്ലം ജൂലൈയിൽ ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസര് ദേശസാൽക്കരിച്ചു
∙ഈജിപ്ത് സർക്കാരിന്റെ അധീനതയിലുള്ള സൂയസ് കനാൽ അതോറിറ്റിക്കാണ് പൂർണ അധികാരം
∙പുതിയ സൂയസ് കനാൽ– നവീകരിച്ച സൂയസ് കനാൽ 2015 ഓഗസ്റ്റ് ആറിന് തുറന്നു. നിലവിലെ കനാലിന്റെ തിരക്കേറിയ ബെലാ ബൈപാസ് ഭാഗത്ത് 35 കിലോമീറ്റർ സമാന്തര പാത ഒരുക്കി. ഒപ്പം നിലവിലുള്ള കനാലിന്റെ 37 കിലോ മീറ്റർ ഭാഗം ആഴം കൂട്ടി. ചെലവായത് ഏകദേശം 50,400 കോടി രൂപ.
∙ഏഷ്യ– യൂറോപ്പ് വൻകരകൾക്കിടയിൽ ചരക്കുകൾ എത്തിക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗം
∙അറബ് രാജ്യങ്ങളിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതി ഈ പാതയിലൂടെയാണ്
∙യൂറോപ്പിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നും ഏഷ്യയിലേക്കുള്ള ധാന്യങ്ങളും മറ്റ് ഉൽപന്നങ്ങളും കയറ്റിയുള്ള പ്രധാന ഗതാഗതം സൂയസ് കനാൽ വഴി
∙കപ്പലുകൾ ഈ പാത ഉപയോഗിക്കുമ്പോൾ നൽകുന്ന ടോൾ ഈജിപ്തിന്റെ പ്രധാന വരുമാനമാർഗമാണ്.
∙അറബ്– ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് 1967ൽ കനാൽ അടച്ചിരുന്നു. പിന്നീട് 1975ലാണ് ഇത് തുറന്നുകൊടുത്തത്.
∙അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും എളുപ്പമുള്ള മാർഗം.
പരിസ്ഥിതി പ്രശ്നം
1. ചെങ്കടലിലെ ഉപ്പു കൂടിയ ജലം എതിർഭാഗത്തേക്ക് ഒഴുകുന്നതിനാൽ അവിടത്തെ ആവാസവ്യവസ്‌ഥയെ ബാധിച്ചിട്ടുണ്ട്.
2. എണ്ണ കയറ്റിയുള്ള കപ്പലുകൾ അപകടത്തിൽപെടുമ്പോൾ വലിയ തോതിലുള്ള ജലമലിനീകരണം
ആകെ നീളം 193 കിലോമീറ്റർ
ഇതിൽ നിർമാണം നടത്തിയിട്ടുള്ളത് 163 കിലോമീറ്റർ
വീതി: 3കിലോമീറ്റർ
ആഴം: 24– 30മീറ്റർ
ഒരു ദിവസം കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം: 49 മുതൽ 97 വരെ
കപ്പലുകളുടെ വേഗം: മണിക്കൂറിൽ 11– 16 കിലോമീറ്റർ
ലോകത്തിലെ ഏറ്റവും വിസ്മയം തീർത്ത മനുഷ്യ നിർമിത ജലാതിശയം
സമുദ്രമാർഗത്തിലൂടെയുള്ള ലോകത്തിലെ 8 ശതമാനം ചരക്ക് ഗതാഗതവും സൂയസ് കനാൽ വഴിയാണ്
ആഫ്രിക്ക ചുറ്റാൻ ആവശ്യമായ ദൂരം: 21,000 കിലോമീറ്റർ
വേണ്ട സമയം: 24 ദിവസം.
സൂയസ് വഴി യാത്രചെയ്താൽ ദൂരം: 12, 000 കിലോമീറ്റർ,
സമയം: 14 ദിവസം.
Courtesy :Manoramaonline.

Saturday, November 16, 2019

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് : ഇന്ത്യൻ ജുഡിഷ്യറിയിലെ 'ഭിന്ന"സ്വരം.

രണ്ട് മൂന്ന് വർഷങ്ങളായി സുപ്രിം കോടതികളിൽ നിന്നും വരുന്ന സുപ്രധാന വിധിന്യായങ്ങളിൽ ഏറ്റവും അധികം ഉയർന്ന് കേൾക്കുന്ന പേരാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റേത്. അദ്ദേഹത്തിന്റെ വിധിന്യായങ്ങളിലധികവും ഭിന്നപക്ഷവിധി അഥവാ ന്യൂനപക്ഷവിധികളാണ് എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ന്യൂനപക്ഷവിധികളെങ്കിലും അവയിൽ പലതും നിയമവിദ്യാർത്ഥികൾക്കുള്ള പഠനരേഖയാണെന്ന് വിശേഷിപ്പിക്കാറുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ പ്രധാനപ്പെട്ടതും വിവാദവുമായ വിധികളിലെല്ലാം ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വ്യത്യസ്ത കരസ്പർശം ഉണ്ടായിരുന്നുവെന്ന് കാണാൻ കഴിയും. ആധാർ നിയമം, വിവാഹേതര ലൈംഗികബന്ധം, പൗരന്റെ സ്വകാര്യത, അയോദ്ധ്യ തർക്കകേസ്, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ പരിധിയിൽ വരുമോ, ഏറ്റവുമൊടുവിൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഏഴ് അംഗ ഭരണഘടനാബെഞ്ചിന് വിട്ട വിധിയിലടക്കം ആ കയ്യൊപ്പ് കാണാൻ കഴിയും.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 
വിഷയം മതവിശ്വാസം അല്ലെന്നിരിക്കെ അയോദ്ധ്യ കേസിൽ ( അയോദ്ധ്യ കേസ് ശബരിമല കേസിലെ മതസ്വാതന്ത്ര്യം, മൗലികാവകാശം എന്നിവ പോലുള്ള ഭരണഘടനാ തത്വങ്ങൾ ആയിരുന്നില്ല, മറിച്ച് അതൊരു വസ്തുതർക്ക വ്യവഹാരമായ സിവിൽ കേസ് മാത്രമായിരുന്നു ) ഭരണഘടനാ തത്വങ്ങളിൽ നിന്ന് വ്യതിചലിച്ച് മതവിശ്വാസത്തിന് പ്രാമുഖ്യം നൽകി വിധിയെഴുതിയെന്ന് കരുതുന്ന ചന്ദ്രചൂഡ് ശബരിമലയിലെത്തുമ്പോൾ ആ വിശ്വാസത്തെയും മാതാചാരങ്ങളേയും അപ്രസക്തമാക്കി അല്ലെങ്കിൽ നിഴലിൽ നിർത്തി തുല്യതയിൽ ഊന്നികൊണ്ട് സ്ത്രീയുടെ ആരാധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ മതങ്ങൾക്ക് കഴിയില്ലെന്നും, ഭരണഘടനയുടെ 25-ആം വകുപ്പ് പറയുന്ന അവകാശങ്ങൾ സ്ത്രീകൾക്കും ഉള്ളതാണെന്നും അദ്ദേഹം അടിവരയിട്ട് വിധിയെഴുതുകയുണ്ടായി. ഭരണഘടനയുടെ 17-ആം വകുപ്പ് അയിത്തം ഇല്ലാതാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് അഭിപ്രായപ്പെട്ടു കൊണ്ട് പ്രസ്തുത വകുപ്പിന് പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു എന്ന ധ്വനിയും നൽകി.
ചീഫ് ജസ്റ്റിസിന്റെ ഓഫീസ്, ചില നിബന്ധനകളോടെ വിവരവകാശത്തിന്റെ പരിധിയില്ലെന്ന് പറഞ്ഞപ്പോൾ 1981-ലെ S P Gupta VS Union of India കേസിൽ ജസ്റ്റിസ് ഭഗവതി സ്വീകരിച്ച നിലപാടിനെ കൂട്ട് പിടിച്ച് എല്ലാം സുതാര്യമാക്കണമെന്നാണ് ചന്ദ്രചൂഡ് ന്യൂനപക്ഷവിധിയെഴുതിത്.
2018 സെപ്റ്റംബറിൽ ആധാർ കേസിൽ ഭൂരിപക്ഷവിധികളെയെല്ലാം നിരാകരിച്ചു കൊണ്ട് 480 പേജുള്ള ന്യൂനപക്ഷവിധിയാണ് അന്ന് ചന്ദ്രചൂഡ് എഴുതിയത്. സ്വകാര്യത മൗലികാവകാശമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയിലെ മൂന്ന് സുപ്രധാന വ്യവസ്ഥകളിൽ രണ്ടും ആധാറിൽ ലംഘിക്കപ്പെട്ടിരിക്കുന്നു എന്നും ആധാർ ബിൽ മണിബില്ലായി പരിഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിലയിരുത്തുകയുണ്ടായി. രാജ്യത്തെ മൊബൈൽ കമ്പനികളുടെ കൈവശമുള്ള ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങൾ ഉടൻ നശിപ്പിക്കണമെന്നും വിധിയെഴുതി. ആധാർ കേസിൽ ഭൂരിപക്ഷ വിധിയേക്കാൾ ശ്രദ്ധിക്കപ്പെട്ട ചന്ദ്രചൂഡിന്റെ ന്യൂനപക്ഷവിധിയിൽ അദ്ദേഹത്തിന്റെ ഭരണഘടനയോടുള്ള പ്രതിബദ്ധതയും പൗരസമൂഹത്തോടുള്ള കരുതലും കാണാവുന്നതാണ്. ആധാറിന് സമാനമായി ജമൈക്കൻ സർക്കാർ അവിടെ നാഷണൽ ഐഡന്റിഫിക്കേഷൻ (NID)കൊണ്ട് വന്നപ്പോൾ അവിടുത്തെ സുപ്രിം കോടതി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിന്യായം അടിസ്ഥാനമാക്കി ആ നിയമം റദ്ദ് ചെയ്യുകയുണ്ടായി.
സ്വന്തം അച്ഛനെ തിരുത്തിയ മകൻ കൂടിയാണ് ഡി വൈ ചന്ദ്രചൂഡെന്ന് പറയേണ്ടി വരും, അതും രണ്ട് തവണ. അതിൽ ആദ്യത്തേത് അടിയന്തരാവസ്ഥ കാലത്ത് മൗലികാവകാശങ്ങളിൽ പലതും റദ്ദാക്കിയ സാഹചര്യത്തിൽ സ്വകാര്യത അടിസ്ഥാനവകാശമായി പരിഗണിക്കാൻ കഴിയില്ലെന്ന ജസ്റ്റിസ് വി വൈ ചന്ദ്രചൂഡ് അടക്കമുള്ളവരുടെ വിധിയെ തിരുത്തികൊണ്ട്, പൗരന്റെ ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് വ്യക്തി സ്വാതന്ത്ര്യവും. അതിൽമേലുള്ള കടന്നുകയറ്റം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശം നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്ന് ചൂണ്ടികാണിച്ചുകൊണ്ടാണ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ചിന്റെ കഴിഞ്ഞ വർഷത്തെ വിധിയുണ്ടായത്.
വൈ വി ചന്ദ്രചൂഡും ഡി വൈ ചന്ദ്രചൂഡും 
രണ്ടാമത്തേത്, ഭർത്താവിന്റെ സമ്മതമില്ലാതെ ഭാര്യ വിവാഹേതരബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്ന് 1985-ൽ വിധിയെഴുതിയ വി വൈ ചന്ദ്രചൂഡിന്റെ വിധി (IPC 497-ആം വകുപ്പ് ) റദ്ദാക്കി കൊണ്ട് പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയതിലും സ്വവർഗ്ഗരതി കുറ്റകരമല്ലാതാക്കി കൊണ്ടും സ്വന്തം പിതാവും ദീർഘകാലം ഇന്ത്യൻ ചീഫ് ജസ്റ്റിസുമായിരുന്ന വൈ വി ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധികളാണ് മകൻ കൂടിയായ ഡി വൈ ചന്ദ്രചൂഡ് തിരുത്തിയെഴുതിയത്.
മഹാരാഷ്ട്രയിൽ മാവോയിസ്റ്റുകൾ എന്നാരോപിച്ച് അഞ്ചു ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതുമായ കേസ് പരിഗണിച്ചപ്പോൾ മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണത്തെയും അറസ്റ്റിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട്, "വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റി വാൽവ്" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. "വിരുദ്ധ അഭിപ്രായങ്ങളെ നിരുത്സാഹപെടുത്തുന്നത് ജനാധിപത്യത്തിന്റെ ഒഴുക്കിനെയാണ് തടസ്സപ്പെടുത്തുന്നത്" എന്നദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇന്ത്യൻ ഭരണഘടനയാണ് വിശുദ്ധഗ്രന്ഥമെന്ന് പറയുകയും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ മനുഷ്യാവകാശങ്ങളിൽ ഊന്നിയുള്ള നിർണായക വിധികളും വിയോജിക്കാനുമുള്ള അവകാശവും ഉയർത്തിപിടിക്കുന്നതാണ് ഡി വൈ ചന്ദ്രചൂഡിനെ ഇന്ത്യൻ ജുഡീഷ്യറിയിൽ വ്യത്യസ്‌തനാക്കുന്നത്. മനുഷ്യാവകാശങ്ങൾ പ്രതിപാദിക്കുന്ന നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. മുംബൈ ഹൈക്കോടതിയുടെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്ന 'എ ഹെറിറ്റേജ് ഓഫ് ജഡ്ജിങ് - ദി മുംബൈ ഹൈക്കോർട്ട് ത്രൂ 150 ഇയേഴ്സ് ' എന്ന പുസ്‌തകത്തിന്റെ എഡിറ്റർ കൂടിയാണ് ചന്ദ്രചൂഡ്.
സുപ്രിം കോടതിയിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകനായി 1959 നവംബർ 11- നായിരുന്നു ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡിന്റെ ജനനം. 1979- ൽ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി എ ഓണേഴ്‌സ് നേടുകയും, 1982-ൽ ഡൽഹി സർവ്വകലാ ശാല ക്യാമ്പസ് സെന്ററിൽ നിന്ന് നിയമബിരുദവും നേടി. 1983--ൽ അമേരിക്കയിലെ ഹാർവാർഡ് ലോ സ്കൂളിൽ നിന്നും നിയമത്തിൽ മാസ്റ്റർ ബിരുദവും 1986-ൽ ഡോക്ടറേറ്റും നേടി.
സുപ്രിം കോടതിയിലും മുംബൈ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുമ്പോൾ തന്നെ കംപാരറ്റീവ് കോൺസ്റ്റിട്യൂഷൻ ലോ യിൽ മുംബൈ സർവകലാശാലയിലും അമേരിക്കയിലെ ഒക്ലഹാമോ സർവകലാശാല ലോ സ്കൂളിലും, ഓസ്ട്രേലിയൻ ലോ സ്കൂൾ, യൂണിവേഴ്സിറ്റി ഓഫ് വിറ്റവാട്ടർസ്രാന്റ് സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസർ കൂടിയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.
ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിയമസ്ഥാപനമായ സുള്ളിവൻ ആൻഡ് ക്രോംവെല്ലിലൂടെയായിരുന്നു ചന്ദ്രചൂഡ് തന്റെ കരിയർ ആരംഭിക്കുന്നത്.1998-2000 കാലത്ത് മഹാരാഷ്ട്ര സർക്കാരിന്റെ അഡിഷണൽ സോളിസിറ്റർ ജനറലായിരുന്ന ചന്ദ്രചൂഡ്, 2000 മാർച്ചിൽ മുംബൈ ഹൈക്കോടതി ജഡ്ജിയായും 2013 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മഹാരഷ്ട്ര ജുഡീഷ്യൽ അക്കാദമി ഡയരക്ടറുമായി തീർന്നു. 2016 മെയ്‌ 13- നാണ് അദ്ദേഹം സുപ്രിം കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. 2024 നവംബർ 10- ന് സർവിസിൽ നിന്ന് വിരമിക്കേണ്ട ഡി വൈ ചന്ദ്രചൂഡ് നിലവിലെ സീനിയോറിറ്റി പ്രകാരം 2022 മുതൽ രണ്ട് വർഷമെങ്കിലും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരിക്കാനാണ് സാധ്യത.