Sunday, October 6, 2019


 മ'ആത് : ഈജിപ്ഷ്യൻ സംസ്കാരത്തിലെ നൈതികത. ഈജിപ്ത് ചരിത്രം. 7 

 കഴിഞ്ഞുപോയ സംഭവങ്ങളുടെ വിവരണം മാത്രമെന്ന കേവലയുക്തിയിൽ ചുരുക്കി ചരിത്രത്തെ വിലയിരുത്താൻ കഴിയില്ല. ഭൂതകാലത്തിന്റെ സന്തതിയാണ് വർത്തമാനകാലവും. വർത്തമാനകാലത്തിന് ജലവും പോഷകവും നൽകുന്നത് ഭൂതകാലമാണ്‌. ഭൂതകാലം ഭാവികാലത്തെയും സൃഷ്ടിക്കുന്നു. ഭൂതകാലത്തെ അവഗണിച്ച് വർത്തമാനകാലത്തിന്റെ നിലനിൽപ്പും ഭാവികാല നിർമ്മിതിയും അസാധ്യമാണ്. യഥാർത്ഥത്തിൽ മനുഷ്യവംശത്തിന്റെ ചരിത്രം കണ്ടെത്താൻ ശ്രമിക്കുകയെന്നാൽ നമ്മൾ നമ്മളെ തന്നെ കണ്ടെത്താൻ ശ്രമിക്കുകയെന്നാണ്. അത് കൊണ്ടാണ് നമ്മുടെ പൂർവികതയുടെ വേരുകൾ തേടുമ്പോൾ അശോകനിലേക്കും, ബുദ്ധനിലേക്കും, വ്യാസനിലേക്കും വീണ്ടും പുറകിലേക്ക് പോയാൽ മൃഗതുല്യമായ ജീവിതം നയിച്ചിരുന്ന ഗുഹാ - ശിലായുഗ മനുഷ്യരിലേക്കും തുടർന്ന് ഡാർവിന്റെ കണ്ടെത്തലുകളിലേക്കും... അങ്ങനെ ഒരു നിമിഷം കണ്ണോടിച്ചു നോക്കുക. ആരായിരുന്നു ഞാൻ ..? അതിനുള്ള മറുപടി ചരിത്രമാണ്. കാരണം ചരിത്രം ഒരു തിരിച്ചറിവാണ്. ചരിത്രബോധമില്ലാത്ത മനുഷ്യൻ ശിശുവിന് തുല്യമാണ്. ചരിത്രം മനുഷ്യ മനസ്സുകളിൽ പ്രവർത്തിക്കുമ്പോഴാണ് മനുഷ്യൻ സംസ്കാര സമ്പന്നനാകുന്നത്. മൂന്ന് സഹസ്രാബ്ദങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു ജനതതിയുടെ ജീവിതദർശനങ്ങളും ആശയങ്ങളും തത്വശാസ്ത്രവും ഇന്ന് ഏത് അളവ്കോൽ അല്ലെങ്കിൽ ഏത് രീതിശാസ്ത്രം വെച്ചാണ് വിലയിരുത്തപ്പെടേണ്ടത്. ആ പ്രാചീനരുടെ സംസ്കൃതി ഇന്നത്തെ മനുഷ്യരെ പോലും അത്ഭുതപെടുത്തുകയും ആകൃഷ്ടരാക്കുയും ചെയ്യുന്നത് കൊണ്ട് ശാസ്ത്രീയ അളവുകോലുകളൊ, യുക്തിയാധിഷ്ഠിത നിലപാടുകളോ പര്യാപ്തമാകുമെന്ന് തോന്നുന്നില്ല. പ്രാചീന ഈജിപ്തുകാരുടെ മതദർശനങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് പോയിട്ടുണ്ടാകാം. എന്നാൽ ആ പ്രാചീനർ ഉയർത്തിപ്പിടിച്ച തത്വചിന്തയിലധിഷ്ഠിതമായ വിശ്വാസപ്രമാണങ്ങൾക്കും ആദർശങ്ങൾക്കും ധാർമ്മികതയ്ക്കും ഇപ്പോഴും പ്രസക്തിയുണ്ടെന്ന് പൗരാണിക ഈജിപ്ഷ്യൻ ചരിത്രം പഠിക്കുന്ന ഏതൊരാൾക്കും കാണാൻ കഴിയും.

അനുബിസ് 
ദൈവത്തിന്റെ പ്രതിപുരുഷന്മാർ അല്ലെങ്കിൽ ദൈവത്തിനും ജനങ്ങൾക്കുമിടയിലെ ഇടനിലയ്ക്കാരായാണ് ഫറവോമാരെ കണ്ടിരുന്നത്. അത് കൊണ്ട് തന്നെ അവരെ ശ്രേഷ്ഠമാരായി കരുതി. വളരെ പഴയകാലത്ത് ഫറാവോകൾക്ക് മാത്രമേ ആത്മീയപ്രയാണങ്ങൾ, മരണാനന്തര ജീവിതം എന്നിവ കല്പിക്കപ്പെട്ടിരുന്നുള്ളൂ. കാലം ചെന്നപ്പോൾ ഈ വിശ്വാസത്തിന് മാറ്റം വരുകയും 'ബാ' യും 'ഖാ' യും എല്ലാവരിലുമുണ്ടെന്ന ധാരണ രൂഢമൂലമായി. അപ്പോൾ പിന്നെ പരമാത്മാക്കളെ തൃപ്തിപ്പെടുത്തുന്ന അനുഷ്ടാനങ്ങൾ ഓരോ മനുഷ്യനും ഏർപ്പെടുത്തേണ്ടിയും വന്നു. ബാ, ഖാ, ആംഖ് എന്നീ ആത്മീയാവസ്ഥകൾക്ക് പുറമെ മൂന്ന് ഭാഗങ്ങൾ അല്ലെങ്കിൽ രൂപങ്ങൾ കൂടിയുണ്ട് മനുഷ്യാത്മാവിന്. ഈജിപ്തിൽ പൊതുവെ മനുഷ്യശരീരത്തെ "ഹ" എന്നാണ് വിളിച്ചിരുന്നത്. 'ഹ' യ്ക്ക് അനുബന്ധമായി നിൽക്കുന്ന ഈ മൂന്ന് ഭാഗങ്ങൾക്ക് ഷ്യൂത് (sheut ), റെൻ (Ren), ഇബ് (Ib) എന്നിങ്ങനെ അറിയപ്പെടുന്നു. ഷ്യൂത് എന്നാൽ മനുഷ്യന്റെ നിഴലാണ്. മനുഷ്യന് നിഴലില്ലാതെയും നിഴലിന് മനുഷ്യനില്ലാതെയും നിലനില്പില്ലെന്ന് പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നു. ഓരോ നിഴലും അത് ഉത്ഭവിക്കുന്ന ജൈവശരീരത്തിന്റെ പ്രതിബിംബമാണ്. പ്രാചീന ഈജിപ്തിൽ നിർമ്മിക്കപ്പെട്ടിരുന്ന ഓരോ പ്രതിമകളും വിഗ്രഹങ്ങളും അവ ആരുടെ പ്രതിബിംബങ്ങളായിരുന്നോ അവരുടെ ഷ്യൂത് അഥവാ നിഴലുകളായി അവയെ കണക്കാക്കപ്പെട്ടിരുന്നു. അനുബിസിന്റെ അനുചരനായ കുറിയ മനുഷ്യനായിട്ടാണ് ഷ്യൂതിന്റെ സങ്കല്പം.
മനുഷ്യന്റെ നാമധേയമാണ് റെൻ. നാമധേയമെന്നാൽ കീർത്തി അഥവാ യശസ്സ് താന്നെ. അതിനെ പരിരക്ഷിക്കേണ്ടത് മനുഷ്യരുടെ ഓരോരുത്തരുടെയും കടമയാണ്. അതുകൊണ്ട് തന്നെ ആ നാമധേയം പാപ്പിറസുകളിലും ശവകുടീരങ്ങളിലും ഭാവിതലമുറയുടെ അറിവിലേക്കായി എഴുതി ചേർക്കേണ്ടതുണ്ട്. ഈജിപ്തിലെ പ്രാചീനവാസികളെ കുറിച്ച് ഇന്ന് ഇത്രയധികം കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിന്‌ നമ്മൾ റെൻ എന്ന ആശയത്തോട് കടപ്പെട്ടിരിക്കുന്നു. കാരണം, ആ വിശ്വാസമാണ് അവനെ എഴുതാൻ പ്രേരിപ്പിച്ചത്. അവനെകുറിച്ചും അവന്റെ കാലഘട്ടത്തെ കുറിച്ചും എഴുതണമെന്ന തീവ്രാഭിലാഷം, റെന്നിനോടുള്ള കർത്തവ്യ ബോധത്തിൽ നിന്നും ഉയർന്ന് വന്നതായിരുന്നു. സഹസ്രാബ്ദങ്ങൾ പോയ്‌ മറഞ്ഞിട്ടും ആ ലിഖിതങ്ങൾ അവശേഷിക്കണമെന്ന അവന്റെ നിർബന്ധമായിരുന്നു ഇന്ന് നമുക്ക് ആവേശം പകരുന്ന വിജ്ജാനശാഖയായി പരിണമിച്ചിരിക്കുന്നത്.
ഇബ് എന്നാൽ മനുഷ്യഹൃദയമാണ്. ആധ്യാത്മികഹൃദയം എന്ന് പറയാം ഓരോ വ്യക്തിയിലും മാതൃഹൃദയത്തിൽ നിന്ന് ഉറ്റിവീഴുന്ന രക്തശകലത്തിൽ നിന്നാണ് ഇബ് ഉറവെടുക്കുന്നത്. പൊതുവെ മനുഷ്യ വികാരങ്ങളുടെ ഉത്ഭവസ്ഥാനമാണ് ഇബ്. ചിന്തകളുടെയും, ഇച്ഛാശക്തിയുടെയും മനോരഥ്യയുടേയുമെല്ലാം ഉറവിടം. ഒരു ആയുഷ്കാലം മുഴുവൻ നമ്മുടെ മനസിലൂടെ കടന്ന് പോകുന്ന ഓരോ ചിന്തകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇബ് എന്ന ഹൃദയത്തിൽ എക്കാലവും നിലനിൽക്കുന്ന മുദ്രകളായി പതിയുന്നു. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ അന്ത്യവിധി നിർണ്ണയവും ആ ഹൃദയത്തിൽ തന്നെ സംഭവിക്കുന്നു.
മരണശേഷം അനുബിസ് ദേവനാണ് ഈ നിർണ്ണയം നടത്തുന്നത്. ഒരു മനുഷ്യൻ തന്റെ ജീവിതകാലത്ത് എങ്ങനെയൊക്കെ കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവായി അനുബിസിന് ഈ ഹൃദയ മുദ്രകളെ ഉപയോഗിക്കാം. ചിന്തയിലൂടെയോ പ്രവർത്തിയിലൂടെയോ നാം ചെയ്യുന്ന ഓരോ പാപങ്ങളും നമ്മുടെ ഇബിന്റെ അല്ലെങ്കിൽ ഹൃദയത്തിന്റെ ഭാരം വർധിപ്പിക്കുമത്രേ. ഈ അധികഭാരമാണ് നമ്മുടെ ദുഷ്ചിന്തകളും, ദുഷ്കർമ്മങ്ങളും നമ്മുടെ ഹൃദയത്തിൽ കോറിയിടുന്ന പാപമുദ്രകളുടെ തെളിവ്.
അമിത് 
അനുബിസിന്റെ കയ്യിൽ ഒരു തുലാസുണ്ട്. തുലാസിന്റ ഒരു തട്ടിൽ അനുബിസ് മരിച്ച വ്യക്തിയുടെ ഹൃദയവും മറുതട്ടിൽ വെയ്ക്കുന്നത് ഒരു തൂവലുമാണ്. ഈജിപ്ഷ്യൻ വിശ്വാസമനുസരിച്ച് സത്യം, സമത്വം, സദാചാരം, ചിട്ട, നീതി, ന്യായം എന്നിവയുടെ മൂർത്തിമദ്ഭാവമായ മ'ആത് ദേവി, തന്റെ ശിരോലങ്കാരമായി ധരിക്കുന്ന ഒട്ടകപക്ഷി തൂവലാണ്. മ'ആത് ദേവിയുടെ തൂവലിനേക്കാൾ നിങ്ങളുടെ ഹൃദയത്തിന് ഭാരമുണ്ടെങ്കിൽ, അത് അണുവിടയാണെങ്കിൽപ്പോലും കടിച്ചുകീറാൻ തയ്യാറായി നിൽക്കുന്ന ഭീകരരാക്ഷസനായ അമ്മിത് ആ ഹൃദയത്തെ ഭക്ഷണമാക്കുന്നു. മുതലയുടെ ശിരസ്സും സിംഹത്തിന്റെ വക്ഷസ്സും മുൻകാലുകളും ഹിപ്പോപൊട്ടാമസിന്റ വയറും പിൻകാലുകളും ഉള്ള ഭയാനകമൂർത്തിയാണ് അമ്മിത്.
ഈജിപ്തിലെ പുരാതനഗ്രന്ഥാമായ മരിച്ചവരുടെ പുസ്തക (Book of the Dead ) ത്തിലെ 125- ആം അധ്യായത്തിൽ ഈ ഹൃദയഭാര നിർണയത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ചടങ്ങിലെ പ്രധാന ന്യായാധിപൻ യമതുല്യനായ ഒസിരിസ്‌ തന്നെയാണ്. ചിത്രഗുപ്തന് സമാനമായി ഗുമസ്തൻ തോത് എന്ന ദേവനെയും കാണാം. ഹിന്ദു മിത്തോളജിയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ കൂടുതൽ ഉള്ളയാൽ അനുബിസാണ്.
പൂർണ്ണമായും പ്രതീകാത്മകമായ ഈ നിർണ്ണയക ചടങ്ങ് നമ്മളെ വലിയൊരു കാര്യമാണ് ഓർമ്മിപ്പിക്കുന്നത്. ദൈവത്തിന്റെ ഉത്തമസൃഷ്ടികളെന്ന് വിശ്വസിക്കപ്പെടുന്ന മനുഷ്യൻ എങ്ങനെ ജീവിക്കണം എന്നതാണത്. ഓരോ മനുഷ്യന്റെയും വികാരത്തിന്റെ, ചിന്തകളുടെ എല്ലാം ഇരിപ്പിടമായ ഹൃദയം ആയുസ്സ് മുഴുവൻ ജീവിച്ചു കഴിയുമ്പോഴേക്കും സൃഷ്ടിക്കേണ്ടത് ഒരു തൂവൽസ്പർശമായിരിക്കണം അത്, വിശ്വാമനസ്സാക്ഷിയും പരമസത്യവുമായ മ'ആതിന്റെ തൂവൽ കൊണ്ടുള്ള തലോടലിന്റെ നൈർമല്യം പോലെ മൃദുലവും സുഖകരവുമായ ആ തൂവൽ സ്പർശമാണ് ഈ ലോകത്തെ ഉയർച്ചയിലേക്ക് നയിക്കുക. ലോകജനതയുടെ ഹൃദയം മുഴുവനും ഒരു തൂവലിന് സമമാകുമ്പോൾ ഭൂമിയിൽ സ്വർഗം തന്നെ സൃഷ്ടിക്കപ്പെടുന്നു. എത്ര ഉദാത്തമായ ആദർശമാണത്. ഹിംസയിലും ക്രൂരതയിലും സ്വാർത്ഥതയിലും ഞാനെന്ന ഭാവത്തിലും അഹങ്കരിക്കുന്ന ഈ ആധുനിക ലോകത്ത് നിന്ന് ആ പ്രാചീനരുടെ ആശയത്തെ നിങ്ങൾ ഓരോരുത്തരും ഒന്ന് വിലയിരുത്തുക, അപ്പോൾ തീർച്ചയായും നമ്മൾക്ക് തലകുനിക്കേണ്ടി വന്നേക്കാം.
ഈജിപ്ഷ്യൻ പുരാണത്തിൽ 'തോത്' ആണ് മ' ആതിന്റെ പുരുഷൻ. ചന്ദ്രദേവൻ കൂടിയായ തോത് എഴുത്തിന്റെയും, ശാസ്ത്രത്തിന്റെയും, ചിത്രലിപിയുടെയും ജ്ഞാനത്തിന്റെയും പ്രതീകമാണ്. ഇവർക്കുണ്ടായിരുന്ന എട്ട് മക്കളിൽ ഏറ്റവും പ്രധാനിയായിരുന്നു അമൂൻ (നവീന രാജവംശകാലത്ത് ഏറ്റവും ശക്തനായ ദേവൻ ).
തോത് 
ഒരു ദേവിസങ്കല്പം എന്നതിലുപരി മ'ആത്, ഉയർന്ന് വന്നുകൊണ്ടിരുന്ന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെയും രാഷ്ട്രത്തിന്റെയും ആദർശതത്വമായിരുന്നു. ആർഷഭാരതത്തിൽ 'ധർമ്മം' നിലനിന്ന് പോയത് പോലെ. അത് വിവിധോദ്ദേശങ്ങളുമായി ഒരുമിച്ച് ചേർന്ന ഒരു ജനതയെ സത്യത്തിന്റെയും സദാചാരത്തിന്റെയും പാതയിലൂടെ മുന്നോട്ട് നയിച്ച വിശ്വാസപ്രമാണമായിരുന്നു. പ്രാചീന ഈജിപ്ഷ്യൻ നിയമാവലിയുടെ അടിസ്ഥാനമായി പിന്നിടത് രൂപം കൊണ്ടു. ആദികാല ഫറവോമാർ അതിന്റെ നേടും തൂണുകളായി മാറി. ഫറവോയുടെ ആജ്ഞകൾ മ'ആതിന്റെ പരിപൂർണ്ണമായ പരിപാലനത്തെ ലക്ഷ്യം വെച്ചുള്ളതായി തീർന്നു.
പ്രവഞ്ചത്തിന്റെ പരിപാവനത്വത്തിലും ഏകത്വത്തിലും ഈജിപ്തുകാർ ദൃഢമായി വിശ്വച്ചിരുന്നു. പ്രവഞ്ചത്തിലെ ഏതുതരം സമാധാനഭഞ്ജനവും അതിൽ ജീവിക്കുന്ന മനുഷ്യരേയും അവർ ജീവിക്കുന്ന രാഷ്ട്രവ്യവസ്ഥിതിയെയും ബാധിക്കുമെന്ന് അവർ കണക്കാക്കി. അതുകൊണ്ട് പ്രാവഞ്ചിക സന്തുലിതാവസ്ഥ നിലനിർത്താൻ നേർവഴിക്കുള്ള പൊതുജീവിതവും മതാനുഷ്ടാനങ്ങളും വേണമെന്ന് അവർ നിഷ്കർഷിച്ചു.
അധർമ്മിയായ ഫറവോ ക്ഷാമം വിളിച്ചു വരുത്തുമെന്നും ദൈവനിന്ദ അന്ധതയുണ്ടാക്കുമെന്നും അവർ കരുതി. ധനികർ ഒരിക്കലും ദരിദ്രരുടെ ചൂഷകർ ആകരുതെന്നും മറിച്ച് ആ നിർഭാഗ്യവാൻമാരുടെ സഹായികളായി തീരണമെന്നും മ'ആത് അനുശാസിക്കുന്നു. മധ്യരാജവംശകാലത്ത് (BCE 2062 - 1664) മ'ആത് ദേവി പറയുന്നതായിട്ട് കുറിച്ചിടപ്പെട്ടിട്ടുള്ള ഒരു ലിഖിതം ശ്രദ്ധിക്കുക :
"ഞാൻ വിശക്കുന്നവന് അപ്പം നൽകി. ഉടുതുണിയില്ലാത്തവന് വസ്ത്രവും. ഞാൻ വിധവകൾക്ക് രക്ഷകനായി. അനാഥർക്ക് പിതാവും".
ഇത് വായിക്കുമ്പോൾ ഇതെഴുതിയതിന് രണ്ടായിരം വർഷങ്ങൾക്ക് ശേഷം പിറന്ന ദൈവപുത്രൻ യേശുക്രിസ്തുവിന്റെ സാമീപ്യം അനുഭവപ്പെട്ടേക്കാം. ക്രിസ്തു വിഭാവനം ചെയ്ത സ്വർഗ്ഗരാജ്യം തന്നെയല്ലേ മ'ആതിന്റെ അനുശാസനകളിലും കാണാൻ കഴിയുന്നത്. ഈജിപ്ഷ്യൻ തത്വചിന്തയിൽ മ'ആത് സർവ്വതിനെയും അവിനാശിയായ ഏകത്വത്തിൽ ബന്ധിപ്പിക്കുന്നു. ഈ പ്രവഞ്ചം, ഈ പ്രകൃതി, ഈ രാഷ്ട്രം, ഈ മനുഷ്യൻ... എല്ലാം മ'അത് നിയന്ത്രിക്കുന്ന വിശാല വ്യവസ്ഥയുടെ കണ്ണികൾ മാത്രം. ഇതിലെ ഘടകങ്ങളുടെ പ്രവർത്തനങ്ങളിലും പ്രതിപ്രവർത്തങ്ങളിലും ഉണ്ടാവുന്ന താളപിഴവുകൾ കണ്ടറിഞ്ഞു പരിഹരിക്കപ്പെടുന്നതാണ് ലോകധർമ്മം. മ'ആതിന്റെ ആദർശങ്ങൾ ഉദ്ബോധിപ്പിക്കുന്നതും അത് തന്നെയാണ്. ഒറ്റനോട്ടത്തിൽ നോക്കിയാൽ തന്നെ ആ പ്രാചീനതത്വചിന്തയുടെ ഔന്നത്യം നമുക്ക് അനുഭവപ്പെടും. ക്രൈസ്തവ ധർമ്മങ്ങൾക്ക് പുറമെ , താവോയിസത്തിന്റെയും, കൺഫ്യൂഷനിസത്തിന്റെയും ബുദ്ധധർമ്മങ്ങളുടെയും ഛായ നമുക്കതിൽ ദർശിക്കാം. പക്ഷെ ഇതെല്ലാം എഴുതപ്പെട്ടതും ചിന്തിച്ചുറപ്പിക്കപ്പെട്ടതും ലോകത്തിൽ നമുക്കറിയാവുന്ന ഒരു ചിന്തകൻ പോലും പിറക്കുന്നതിനും എത്രയോ മുമ്പാണെന്ന് ഓർക്കണം. അവിടെയാണ് നമ്മൾ ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ മഹത്വം തിരിച്ചറിയപ്പെടേണ്ടത്.
മ'ആത് 
ഈജിപ്തിനെ സംബന്ധിച്ചിടത്തോളം മ'ആത് തികഞ്ഞ യാഥാർഥ്യമായിരുന്നു. അതില്ലാതെ ഈജിപ്തിന് നിലനില്പില്ലെന്ന് അവർ വിശ്വസിച്ചു. സൂര്യോദയമോ, നക്ഷത്രത്തിളക്കമോ, ചന്ദ്രനിലാവോ പോലും മ'ആതിന്റെ അഭാവത്തിൽ അപ്രത്യക്ഷമാകുമായിരുന്നുവത്രെ. നൈൽ നദി ഒഴുകണമെങ്കിലും മനുഷ്യൻ ചിന്തിക്കണമെങ്കിലും മ'ആത് ആവശ്യമായിരുന്നുവെന്ന് അവർ കരുതി. ഈ പ്രപഞ്ചസൃഷ്ടിയും അതിന്റെ നിയന്ത്രണവും പ്രകൃതി പ്രതിഭാസങ്ങളുടെ ചാക്രിക സ്വഭാവവുമെല്ലാം മ'അതിനാൽ ആണെന്നും അവർ ചിന്തിച്ചു. അതിന് വേണ്ടി ദൈവങ്ങളെ അവർ അകമൊഴിഞ്ഞു ആരാധിച്ചു. ഈജിപ്തിലുടനീളം ക്ഷേത്രങ്ങൾ നിർമ്മിച്ച്‌ നിരവധി പുരോഹിതന്മാരെ അവിടെ നിയമിക്കുകയും ചെയ്തു.
പ്രപഞ്ചത്തിൽ മ'അതിനെ നിലനിർത്തുന്നത് വിശ്വപാലകനായ 'റ' ദേവനാണെങ്കിൽ ഭൂമിയിൽ മ'അതിനെ പരിപാലിക്കുന്നത് ഫറവോയാണ്. ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണല്ലോ ഫറവോ. അത് കൊണ്ട് തന്നെ സ്വന്തം രാജ്യത്ത് മ'അതിനെ പ്രതിഷ്ഠിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ വഴിപാടെന്ന് കരുതി. അങ്ങനെ മ'ആതിന്റെ ക്രമവും സത്യസന്ധവുമായ ആചാരാനുഷ്ഠാനങ്ങളിലൂടെ ഒരു ഫറവോ ദൈവത്തിനോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നു. സദാചാരത്തിലും സത്യത്തിലും അധിഷ്ഠിതമായ ഒരു ജനതയുടെ മാനസികവും ആത്മീയവുമായ ഉറച്ച അടിത്തറയിലാണ് പ്രാചീന ഈജിപ്ഷ്യൻ സംസ്കാരം മൂവായിരത്തിലധികം വർഷങ്ങളോളം അതിന്റെ ഉന്നതിയിൽ വിരാജിച്ചത്.
പ്രാചീന ഈജിപ്തിലെ നിയമാവലികളെ കുറിച്ച് ഇന്ന് നമുക്കുള്ള അറിവുകൾ പരിമിതമാണ്. എങ്കിലും എഴുതി ക്രോഡീകരിച്ചിരുന്ന ഒരു കൂട്ടം നിയമക്രമങ്ങളിൽ മ'ആതിന്റെ ചൈതന്യമായിരുന്നു ആ നീതിന്യായ വ്യവസ്ഥയിൽ പൂർണമായും നിഴലിച്ചിരുന്നതെന്ന് കാണാം.
മ 'ആത് ആയിരുന്നു ആ ധർമസിദ്ധാന്തത്തിന്റെ മാനദണ്ഡവും അടിസ്ഥാന മൂല്യവും. അഞ്ചാം രാജവംശം മുതൽ ഫറവോ നിയമിച്ച ത്യാതി (Tjatji) എന്ന ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്നു നീതിന്യായ പരിപാലനത്തിന്റെ അധികാരി. ഫറവോയ്ക്ക് തൊട്ട് താഴെ, പ്രധാനമന്ത്രിയുടെ അധികാരങ്ങളുണ്ടായിരുന്ന ത്യാതിയെ മ'ആതിന്റെ പുരോഹിതൻ എന്നാണ് വിളിച്ചിരുന്നത്.
അലക്‌സാണ്ടറുടെ ആക്രമണത്തെത്തുടർന്ന് ഗ്രീക്ക് നിയമങ്ങളും ക്ലിയോപാട്രയുടെ മരണത്തെത്തുടർന്ന് റോമൻ നിയമങ്ങളും പിന്നീട് ഇസ്ലാമിക നിയമങ്ങളും ഈജിപ്തിൽ വേരുറച്ചതോടെ മ'ആതിന്റെ മാതൃകാവ്യവസ്ഥ ആ മണ്ണിൽ നിന്നും കാലഹരണപ്പെട്ടു. മ'ആതിന്റെ ദർശനങ്ങളും അതിന്റെ പ്രയോഗവും പൊതുജനങ്ങളുടെ അറിവിലേക്കായി എഴുതി ചേർത്തിരുന്നത് സ്ക്രൈബ് (Scribe ) എന്ന് ഇക്കാലത്തും സേഷ് എന്ന് പണ്ട് വിളിച്ചിരുന്ന എഴുത്ത് പണിക്കാർ അല്ലെങ്കിൽ ഗുമസ്തന്മാരായിരുന്നു. മതപരവും രാഷ്ട്രീയപരവും വാണിജ്യപരവുമായ ഒട്ടനവധി അറിവുകൾ ജനങ്ങൾക്ക് പകർന്ന് നൽകിയിരുന്ന സേഷുകൾ ഈജിപ്തിൽ വളരെ ഉന്നത സ്ഥാനമാണ് അലങ്കരിച്ചിരുന്നത്. മ'ആതിന്റെ പുരുഷനായിരുന്ന തോത് ആയിരുന്നു സേഷുകളുടെ രക്ഷാധികാരി. ഒരു സേഷ് സ്വന്തം ജീവിതത്തിലും ജോലിയിലും ഒരുപോലെ മ'അതിനെ മാർഗദർശി ആക്കണമെന്നുള്ള ആഹ്വാനങ്ങൾ പല പുരാലിഖിതങ്ങളിലും കാണാം. മ' ആതിനെ അനുസരിച്ച് എങ്ങനെ ജീവിക്കണം എന്നുള്ള നിർദ്ദേശസംഹിതയാണ് മ'ആത് സാഹിത്യം എന്ന പേരിൽ അറിയപ്പെടുന്നത്.
ചുരുക്കി പറഞ്ഞാൽ ദൈവികവും അതേസമയം പ്രയോഗികവുമായ ദർശനങ്ങളെ അടിസ്ഥാനമാക്കി നിലനിന്ന ഒരു സങ്കീർണ സംസ്കാരമായിരുന്നു ഈജിപ്തിൽ നിലനിന്നിരുന്നതെന്ന് കാണാം. അവ എത്രമാത്രം അവരെ സ്വാധിനിച്ചിരുന്നുവെന്ന് അക്കാലത്തെ ഈജിപ്തുകാരുടെ ജീവിതരീതി പരിശോധിച്ചാൽ കാണാവുന്നതാണ്

No comments:

Post a Comment