Wednesday, October 2, 2019

അസാധാരണം, അവിശ്വസനീയം അഘോരികളുടെ ജീവിതം; ആ രഹസ്യം തേടി..

ചൂടാറാത്ത ചിതകളില്‍ നിന്നും ഭസ്മം വാരിപ്പൂശി, ജട കെട്ടിയ മുടിയുമായി അലഞ്ഞു നടക്കുന്ന നഗ്ന സന്യാസിമാര്‍... അഘോരി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് വരുന്ന ആദ്യ ചിത്രം ഇതാണ്. ഇന്ത്യ , നേപ്പാള്‍, തെക്കുകിഴക്കന്‍ ഏഷ്യ മുതലായ ഇടങ്ങളിലെ ശ്മശാന പ്രദേശങ്ങളിലാണ് അഘോരികളെ കൂടുതലായും കണ്ടു വരുന്നത്. ശവരതി, ശൈവാരാധന, ആഭിചാര പ്രയോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇവരെക്കുറിച്ച് കേള്‍ക്കുന്ന കഥകള്‍ തികച്ചും അസാധാരണവും അവിശ്വസനീയവുമാണ്, ചിലപ്പോഴൊക്കെ ഭയം ജനിപ്പിക്കുന്നതും.
ഇന്ത്യ സന്ദർശിച്ച ഹ്യൂയാൻ സാങ് എന്ന സഞ്ചാരിയുടെ യാത്രാവിവരണത്തിലാണ് ചുടല ഭസ്മധാരികളായ,സന്യാസി സമൂഹത്തെക്കുറിച്ചു ആദ്യമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
നരഭോജികളാണ് അഘോരികൾ എന്നാണ് പറയപ്പെടുന്നത്. ശിവനെ ഭൈരവ രൂപത്തിൽ ആരാധിക്കുന്ന ഇവർ എല്ലാ വസ്തുക്കളിലും പൂർണത കണ്ടെത്തുന്നവരാണ്. അതുകൊണ്ടു സ്വദേശത്തെ കുറിച്ചോ വസ്ത്രത്തെ കുറിച്ചോ, കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചോ യാതൊരു ചിന്തകളും ഈ സന്യാസി സമൂഹത്തെ അലട്ടാറില്ല. അഘോരികളുടെ ആരാധനാരീതി ഏറെ വ്യത്യസ്തമാണ്. അതുപോലെ തന്നെ ധ്യാനത്തിന്റെ ഏകാഗ്രതക്കായി അഘോരികൾ തെരഞ്ഞെടുക്കുന്നയിടങ്ങൾ ശ്മശാനങ്ങളാണ്.
ഇന്ത്യയില്‍ വാരാണസിയിലും ഹരിദ്വാറിലും ഇവരെ ധാരാളമായി കാണാം. വാരാണസിയുടെ ഹൃദയത്തിലൂടെ അഘോരികളെത്തേടി നടക്കുന്നവര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. തിരിയുന്ന ഏതൊരു വളവിലും അവരെ കണ്ടുമുട്ടാം. അത്രയധികം അഘോരി സന്യാസിമാര്‍ ഇവിടെ വസിക്കുന്നുണ്ട്.
അഘോരികളുടെ രഹസ്യം തേടി
പണ്ടത്തെ കാശിയാണ് ഇന്നത്തെ വാരാണസി എന്നറിയപ്പെടുന്നത്. ഹിന്ദുക്കളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗംഗയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം. ഇന്ത്യയുടെ തീര്‍ഥാടന തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം ഹിന്ദുമതപ്രകാരമുള്ള ഏഴു പ്രധാന വിശുദ്ധനഗരങ്ങളിലൊന്നാണ്. അഘോരികളുടെ വിഹാര കേന്ദ്രം കൂടിയാണ് ഇവിടം. ഭയം കലര്‍ന്ന ബഹുമാനമാണ് പൊതുവേ അഘോരികളോടുള്ള ആളുകളുടെ വികാരം. രഹസ്യാത്മകമായ ജീവിത ശൈലിയും വിശ്വാസത്തിന്‍റെ ഭാഗമായി അവര്‍ തുടര്‍ന്നുപോരുന്ന അസാധാരണമായ ആചാരങ്ങളും കൗതുകത്തോടൊപ്പം തന്നെ ഭയവും ജനിപ്പിക്കും. ലോകമെമ്പാടുമുള്ള അഘോരി സന്യാസികളുടെ പ്രധാന കേന്ദ്രമാണ് ബാബ കീനാരം സ്ഥല്‍. വാരാണസിയിലെ രവീന്ദ്രപുരിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അഘോരികളുടെ പിതാമഹനായ ബാബ കീനാരത്തിന്‍റെ ശവകുടീരം ഇവിടെയാണുള്ളത്.
വളരെ വിചിത്രമായ ശീലങ്ങളും ആചാരങ്ങളും പിന്തുടരുന്ന കൂട്ടരാണ് അഘോരികള്‍. നഗ്നത അവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അതില്‍ പ്രത്യേകിച്ച് എന്തെങ്കിലും നാണക്കേടുള്ളതായി അവര്‍ കരുതുന്നില്ല. ശവം ദഹിപ്പിച്ച ചിതയില്‍ നിന്നുള്ള ഭസ്മമാണ് അവര്‍ ദേഹത്ത് വാരിപ്പൂശുന്നത്. അതിമാരകമായ രോഗങ്ങള്‍ പോലും മാറ്റാന്‍ കഴിവുള്ളവരാണ് ഇവര്‍ എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ട വീടുകളും ശവപ്പറമ്പുകളും അവര്‍ തങ്ങളുടെ ആലയമാക്കുന്നു. ധ്യാനവും നിരന്തര സാധനയും വഴി ഇക്കൂട്ടര്‍ അതിമാനുഷിക ശക്തികള്‍ ആര്‍ജ്ജിക്കുന്നുവെന്നാണ് വിശ്വാസം.
ഗംഗയുടെ തീരത്ത് നിരവധി അഘോരി സന്യാസിമാരുണ്ട്. മനുഷ്യരുടെ ശവം കഴിക്കുന്ന അഘോരികള്‍ ഇവിടെ പതിവു കാഴ്ചയാണ്. ശവപ്പറമ്പുകളില്‍ നിന്നും മാംസം കഴിച്ച ശേഷം അവര്‍ ധ്യാനത്തില്‍ ഏര്‍പ്പെടുന്നത് കാണാം.ഇവര്‍ പിന്തുടരുന്ന ലൈംഗിക ശീലങ്ങളും വളരെ വിചിത്രമാണ്. ശവങ്ങളുടെ ഇടയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ മാന്ത്രിക ശക്തികള്‍ കൈവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. പുരുഷന്മാരെപ്പോലെ തന്നെ അഘോരി ജീവിതം പിന്തുടരുന്ന സ്ത്രീകളുമുണ്ട്.
ഗംഗയുടെ തീരങ്ങളിൽ താമസിക്കുന്ന ഈ സന്യാസിസമൂഹങ്ങൾ പ്രാര്‍ഥനകൾക്കും ആരാധനകൾക്കുമായി തെരഞ്ഞെടുക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൂടെ യാത്രപോകാം.
താരാപീഠ്
പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ റാംപുർഹാട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ് താരാപീഠ്. താരാദേവിക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണിത്. അതുകൊണ്ടു തന്നെ ദേവിയുടെ പേരിലാണ് ഈ സ്ഥലവും അറിയപ്പെടുന്നത്. താന്ത്രികരാധനക്കു പ്രശസ്തമായ ഈ ക്ഷേത്രത്തിനോട് ചേർന്ന് ഒരു മഹാശ്‌മശാനവും സ്ഥിതി ചെയ്യുന്നുണ്ട്. അഘോര സന്യാസിമാരുടെ ഒരു പ്രധാന കേന്ദ്രമാണീ ശ്‌മശാനം. നദീ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ശ്മശാന ഭൂമിയിൽ ഏകാഗ്രതയോടെ ധ്യാനിക്കാനായി നിരവധി അഘോരി സന്യാസിമാർ രാത്രി കാലങ്ങളിൽ എത്തിച്ചേരാറുണ്ടെന്നു പറയപ്പെടുന്നു.
കാളിമഠ്
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ ഗുപ്തകാശി എന്ന സ്ഥലത്താണ് ഈ കാളിക്ഷേത്രത്തിന്റെ സ്ഥാനം. ഇന്ത്യയിലെ നൂറ്റിയെട്ട് ശക്തിപീഠങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണിത്. സരസ്വതി നദീതീരത്തു, ഭൂമിയിൽ നിന്നും ആറായിരം അടി മുകളിൽ ഹിമാലയത്തിലാണ് ഈ ശക്തിപീഠം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അഘോരി സന്യാസിമാരുടെ താവളമാണ് കേദാർനാഥ് മലനിരകൾ. ഈ കാളീക്ഷേത്ര പരിസരങ്ങളിൽ നിരവധി അഘോരി സന്യാസികളെ കാണാം,. അവരുടെ ഒരു പ്രധാന ആരാധന കേന്ദ്രമാണിത്. മരണമെത്തുന്ന നേരമായി എന്ന തോന്നലുണ്ടാകുമ്പോൾ അലച്ചിലുകൾക്കു ശേഷം അഘോരികൾ വിശ്രമിക്കാനെത്തുന്ന ഇടംകൂടിയാണിവിടം.കാളിദാസനെന്ന മഹാകവിയുടെ ജനനസ്ഥലം കൂടിയാണ് കാളീമഠ്.
വിന്ധ്യാചൽ
മാർക്കണ്ഡേയ പുരാണപ്രകാരം മഹിഷാസുരവധത്തിനു ശേഷം അതേരൂപത്തിൽ ദേവി കുടികൊള്ളുന്നയിടമാണ് വിന്ധ്യാചൽ. പലഭാഗങ്ങളിലായി ചിതറി കിടക്കുന്ന ദുര്‍ഗ്ഗാദേവിയുടെ ശക്തിപീഠങ്ങളിൽ ഒന്നാണിത്. വിശ്വനാഥന്റെ പുണ്യ ഭൂമിയായ വാരാണസിയിൽ നിന്നും ഏറെയൊന്നും ദൂരയല്ല വിന്ധ്യാചൽ. വാരാണസി അഘോരികളുടെ പുണ്യസ്ഥമാണ്. ഗുഹകൾ നിറഞ്ഞ ഈ പ്രദേശത്തു ധ്യാനത്തിലിരിക്കുന്ന നിരവധി അഘോരി സന്യാസിമാരെ കാണാൻ കഴിയുന്നതാണ്. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് വിന്ധ്യാചലിലെ വിന്ധ്യാവാസിനീ ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.



കപാലീശ്വര ക്ഷേത്രം
വളരെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് കാപാലീശ്വര. മഥുരയിലാണിത് സ്ഥിതി ചെയ്യുന്നത്. അഘോരികളുടെ സുപ്രധാനമായ ഒരു ക്ഷേത്രമായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണിത്. ഇതിനടുത്തു സ്ഥാപിക്കപ്പെട്ടിട്ടുള്ള ആശ്രമങ്ങളിൽ വിവിധ ആചാരാനുഷ്ഠാനങ്ങളുമായി നിരവധി അഘോരി സന്യാസിമാരുണ്ട്. സർവവും ശിവമയമായി കാണുന്ന ഈ സന്യാസിക്കൂട്ടം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് മോക്ഷം തേടി എത്തുന്ന ഗംഗയുടെ തീരങ്ങളിലാണ്. ഏറിയപങ്കും രാത്രികളിൽ മാത്രമാണ് അഘോരികളെ കാണാൻ സാധിക്കുന്നത്. ഏറ്റവും കൂടുതൽ ശവസംസ്കാരങ്ങൾ കൂടുതൽ നടക്കുന്ന വാരണാസിയിലെ മണികര്‍ണികാഘട്ടിൽ തലയോട്ടിമാലകൾ ധരിച്ച ശ്മശാന ഭസ്‌മം ധരിച്ച ശിവനിൽ അലിഞ്ഞു മോക്ഷത്തിലെത്താൻ കാത്തിരിക്കുന്ന നിരവധി അഘോരി സന്യാസികളുണ്ട്. എല്ലാം ബ്രഹ്മമായി കാണുന്നവർ..ഇന്നത്തെ പൊതുസമൂഹവുമായി യാതൊരു ബന്ധവുമില്ലാവർ.



കടപ്പാട് ;online News 

No comments:

Post a Comment