സബർമതി മുതൽ ദണ്ഡിവരെ 24 ദിവസം നീണ്ട കാൽനടയാത്ര. 1930 മാർച്ച് 12നു തുടങ്ങി ഏപ്രിൽ ആറിന് പുലർച്ചെ ദണ്ഡിയിൽ എത്തി ഉപ്പുകുറുക്കിയപ്പോൾ താണ്ടിയത് 384 കിലോ മീറ്റർ. സുദീർഘമായ ഈ യാത്രയിൽ ജനങ്ങൾക്ക് ആവേശം പകരാനും യാത്രാക്ഷീണം മറക്കാനുമായി ഗാന്ധിജി തിരഞ്ഞെടുത്തതു സംഗീതമാണ്. അദ്ദേഹം പാടി
‘രഘുപതി രാഘവ് രാജാറാം
പതീത പാവന് സീതാറാം....
പതീത പാവന് സീതാറാം....
ജനങ്ങൾ ഏറ്റുപാടി. അവർക്ക് പരിചിതമായ ഭജൻ. ലക്ഷ്ണാചാര്യ എഴുതി പണ്ഡിറ്റ് വിഷ്ണു ദിഗാംബർ പലൂസ്കർ ഈണമിട്ട രാമഭക്തിഗാനം. ഭക്തിനിർഭരമായ വരികൾ കൊണ്ടും ഹൃദ്യമായ സംഗീതം കൊണ്ടും ജനങ്ങളാകെ ഇഷ്ടപ്പെടുന്ന ഗാനം. വലിയ സംഗീതവിദ്വാനായ പലൂസ്കർതന്നെ എത്രയോ വേദികളിൽ ഇതു പാടിയിരിക്കുന്നു!
‘സുന്ദരവിഗ്രഹ മേഘശ്യാം
ഗംഗാ തുളസി സാളഗ്രാം’
ഗംഗാ തുളസി സാളഗ്രാം’
എന്ന അടുത്ത ഈരടി പാടാനായി കാത്തിരുന്ന ജനം ഗാന്ധിജി പാടിയ വരികൾ കേട്ട് അമ്പരന്നു. യഥാർഥ പാട്ടിലെ വരികളായിരുന്നില്ല അത്. അദ്ദേഹം പാടിയത് ഇങ്ങനെയാണ്.
‘സീതാറാം സീതാറാം
ഭജ് പ്യാരേ തൂ സീതാറാം
ഈശ്വര് അള്ളാ തേരേ നാം
സബ് കോ സന്മതി ദേ ഭഗ്‌വാൻ’
ഭജ് പ്യാരേ തൂ സീതാറാം
ഈശ്വര് അള്ളാ തേരേ നാം
സബ് കോ സന്മതി ദേ ഭഗ്‌വാൻ’
ഒരു നിമിഷം അമ്പരന്നുനിന്ന ജനത്തിനു തോന്നി. ഇതു കൊള്ളാമല്ലോ... അവർ ഏറ്റുപാടി. അങ്ങനെ പ്രശസ്തമായ ആ രാമഭക്തി ഗാനം ഒരു മതേതര ഗാനമായി ഉയർന്നു. ‘ഈശ്വരനെന്നും അള്ളായെന്നും വിളിക്കുന്നത് ഒരു ദൈവത്തെ തന്നെ. എല്ലാവർക്കും അദ്ദേഹം സദ്ബുദ്ധി കൊടുക്കുന്നു.’ ദണ്ഡിയാത്ര കഴിഞ്ഞപ്പോഴേക്കും ‘രഘുപതി രാഘവ...’ എന്ന ഭജന്റെ തലക്കുറി മാറി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അനുപേക്ഷണീയ ഘടകമായി ഈ ഗാനം മാറി. ജനക്കൂട്ടത്തെ ഒരുമിപ്പിച്ചു നിർത്തുന്ന, അവർക്ക് ആവേശം പകരുന്ന രാസത്വരകമായി ഈ ഭജൻ. ജാതിമത ഭേദമേന്യേ ഈ ഗാനം ലഹരിയായി.
ഇന്നു ജനഗണമന..., വന്ദേമാതരം.... എന്നിവയ്ക്കൊപ്പം പ്രശസ്തി ഈ ഗാനത്തിനുമുണ്ട്. ആദ്യത്തെ രണ്ടെണ്ണം ദേശഭക്തിയോടു ചേർന്നാണു പരാമർശിക്കപ്പെടുന്നതെങ്കിൽ ‘രഘുപതി രാഘവ...’ഗാന്ധിജിയുടെ പാട്ടായാണ് അറിയപ്പെടുന്നത്. ഗാന്ധിജി അതിന്റെ വരികളിൽ വരുത്തിയ മാറ്റമാണ് ഈ വലിയ ജനപ്രിതീക്കു നിദാനമായതെന്നും കരുതാം.
ഒരു ജനകീയ ഗാനം എന്നു മാത്രമല്ല, സംഗീതലോകവും ഈ പാട്ടിനു ശ്രദ്ധ നൽകി. ജഗജിത് സിങ്, ലതാ മങ്കേഷ്കർ, കെ.എസ്. ചിത്ര, ഷീല ചന്ദ്ര തുടങ്ങിയ മുൻനിര ഗായകർ ഈ ഗാനം ആഗ്രഹിച്ചാലപിച്ചിട്ടുണ്ട്.
സിനിമയിൽ ഈ ഗാനത്തിനു ലഭിച്ച പ്രാധാന്യവും ശ്രദ്ധേയമാണ്. ഭാരത് മിലാപ്(1942), ജാഗ്രിതി (1954), ഗാന്ധിനഗര(1968), പുരാബ് ഓർ പശ്ചിം (1970), ഗാന്ധി (1982), കുച്ച് കുച്ച് ഹോത്താ ഹെ (1998), ലഗേ രഹോ മുന്നാഭായി (2006), സത്യാഗ്രഹ(2013), ക്രിഷ് 3 (2013) തുടങ്ങിയ സിനിമകളിലെല്ലാം ഇതു വിവിധ രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്.
‘ബ്രിട്ടിഷുകാർക്കെതിരെ ആളെക്കൂട്ടാൻ മോഹൻദാസ് ഗാന്ധി ഉപയോഗിക്കുന്ന പാട്ട്’ എന്ന വിശേഷണമാണ് വിദേശമാധ്യമങ്ങൾ ഈ ഗാനത്തിനു നൽകിയത്. എന്താണ് ഈ പാട്ടിന്റെ പ്രത്യേകത എന്ന് അവരും അന്വേഷിച്ചു. ‘രഘുപതി രാഘവ’യുടെ പ്രശസ്തി അമേരിക്കയിൽ വരെ എത്തി അക്കാലത്ത്. ലോക പ്രശസ്ത അമേരിക്കൻ നാടോടി ഗായകൻ പീറ്റ് സീഗർ 1964ൽ ഇറക്കിയ ‘സ്ട്രെയിൻജേഴ്സ് ആൻഡ് കസിൻസ്’ എന്ന ആൽബത്തിൽ ഈ ഗാനം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ പ്രശസ്തമായ ടെലിവിഷൻ ഷോ ‘റെയിൻബോ’യിലും ‘രഘുപതി രാഘവ...’ ഇടം പിടിച്ചു. വരികളിൽ ഗാന്ധിജി വരുത്തിയ വിപ്ലവം പോലെ സംഗീതഗവേഷകർ ഇതിന്റെ ഈണത്തിനും മാർക്ക് നൽകുന്നു, ആർക്കും പാടാവുന്ന, എന്നാൽ പാടുന്നവരെയും കേൾക്കുന്നവരെയും ലൗകികതലത്തിൽനിന്നു തെല്ലുയർത്തുന്ന സംഗീതമാണ് ഇതിന്റേതെന്നാണു വിലയിരുത്തൽ. ആൾക്കൂട്ടത്തെ ഒരുമിപ്പിച്ചു നിർത്തിയതും കാലാതീതമായതുകൊക്കെ സംഗീതത്തിന്റെ ഈ പ്രത്യേകതകൊണ്ടുകൂടിയാണ്.
മാസ്മരികമായ ഈ സംഗീതം നല‍്കിയ പണ്ഡിറ്റ് വിഷ്ണു ദിഗാംബർ പലൂസ്കറിനുമൂണ്ട് ഒരു പ്രത്യേകത. അദ്ദേഹവും ഗാന്ധിജിയെപ്പോലെ അധസ്ഥിതരുടെ ഉന്നമനം ആഗ്രഹിച്ചിരുന്നു, ജാതിമതവർണ വ്യത്യാസങ്ങൾക്കെതിരെ ശബ്ദിച്ചിരുന്നു. എല്ലാ ജാതിക്കാർക്കും പ്രവേശനമുള്ള രാജ്യത്തെ ആദ്യ സംഗീതസ്കൂളായ ‘ഗന്ധർവ മഹാവിദ്യാലയ’ 1901ൽ ലഹോറിൽ സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1930ൽ അദ്ദേഹത്തിന്റെ ശിഷ്യർ അതിന്റെ ശാഖ ഡൽഹിയിൽ സ്ഥാപിച്ചു. ഇന്നും ‘പതീതപാവന’ സന്ദേശം നൽകി ഇന്ത്യയിലും പാകിസ്ഥാനിലും ഗന്ധർവ മഹാവിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു.
‘സബ് കോ സന്മതി ദേ ഭഗ്‌വാൻ’
കടപ്പാട് :Online News


No comments:
Post a Comment