ഡ്രാക്കുളയുടെ നാട്ടിൽ..2
രണ്ടാം ലോകയുദ്ധാനന്തരം റൊമാനിയ സോവിയറ്റ് യൂണിയന്റെ ഉപഗ്രഹ രാഷ്ട്രമായി തീർന്നെങ്കിലും ആ രാജ്യത്തിന്റെ ഇടപെടലുകൾ ബോധിക്കാത്ത ചില നേതാക്കളെങ്കിലും റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ ഉണ്ടായിരുന്നു. അറുപതുകളിൽ പ്രധാനമന്ത്രിയായ ഗയോർഗ് ഗിയോർഗി ദേസിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനെ പരസ്യമായി എതിർത്തു തുടങ്ങി. 1965- ൽ ദേസ് മരിച്ചപ്പോൾ നിക്കോള ചൗഷെസ്കു പ്രധാനമന്ത്രിയായി. പിന്നീട് റൊമാനിയയിലെ തികഞ്ഞ ഏകാധിപതിയായി മാറിയ ചൗഷസ്കു ഒരു സോവിയറ്റ് വിരുദ്ധമായിരുന്നു എന്നത് ഏറെ വൈചിത്ര്യവും രസകരവുമായി തോന്നാം.
കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ സ്വയം പര്യപ്തമാകണമെന്നും സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക മേഖല പരിഷ്കരിക്കാൻ മറ്റാരെയും അനുവദിക്കരുതെന്നും 1962- ൽ റൊമാനിയ പ്രഖ്യാപിച്ചു. പടിഞ്ഞാറൻ യൂറോപ്പുമായും അമേരിക്കയുമായും അവർ നയതന്ത്രബന്ധം തുടങ്ങി. 1969- ൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ റൊമാനിയ സന്ദർശിക്കുകയും ചെയ്തു. 1965- ൽ പൂർണ സ്വാതന്ത്ര്യം ആവർത്തിച്ച് പ്രഖ്യാപിച്ചു കൊണ്ട് റൊമാനിയ ഭരണഘടന പരിഷ്കരിച്ചു.
സോവിയറ്റ് യൂണിയനെ പൂർണമായും പിണക്കാനും തള്ളിപറയാനും റൊമാനിയയ്ക്ക് കഴിയുമായിരുന്നില്ല. കിഴക്കൻ ജർമ്മനി, ഹംഗറി, ചെക്കസ്ലോവാക്യ തുടങ്ങിയ ഉപഗ്രഹ രാജ്യങ്ങളിൽ സോവിയറ്റ് വിരുദ്ധ നയങ്ങൾക്ക് വേണ്ടി വാദിച്ചവരെ ക്രൂരമായി അടിച്ചമർത്താൻ സോവിയറ്റ് സേനയ്ക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ എടുത്തു ചാട്ടം ആപത്താണെന്ന് റൊമാനിയൻ നേതാക്കൾ മനസിലാക്കിയിരുന്നു. 1970- ൽ ഒരു സൗഹൃദ കരാർ ഒപ്പിടുകയും സൈനികസഹകരണങ്ങൾ തുടർന്ന് പോകുകയും ചെയ്തു.
എഴുപതുകളിൽ രാജ്യത്തിന്റെ തുറന്ന നിലപാട് കാരണം സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ വൻ മുന്നേറ്റമുണ്ടാക്കാൻ റൊമാനിയ്ക്ക് കഴിഞ്ഞു. സോവിയറ്റ് യൂണിയനെ പിണക്കാതെ പടിഞ്ഞാറൻ യൂറോപ്പിന്റെ വികസന മാതൃകകളാണ് അവർ പിന്തുടർന്നത്. എണ്ണപ്പണത്തിന്റെ സ്വാധീനവും വ്യവസായങ്ങൾ പുനരുദ്ധരിച്ചു തുടങ്ങിയതും ജനത്തിന്റെ ജീവിതനിലവാരവും സാമൂഹിക സാഹചര്യംവും മെച്ചപ്പെടാനും കാരണമായി തീർന്നു. അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്നും വൻതോതിൽ കടമെടുക്കാനും റൊമാനിയ ധൈര്യം കാണിച്ചു.

എൺപത് മുതൽ റൊമാനിയ്ക്ക് തിരിച്ചടിയേറ്റു തുടങ്ങി. എണ്ണപ്പാടങ്ങൾ വറ്റിവരണ്ടപ്പോൾ കടം തിരിച്ചടക്കാൻ പറ്റാതെയായി. 1979 മുതൽ തുടങ്ങിയ ആഗോള എണ്ണ പ്രതിസന്ധി പ്രശനങ്ങൾ കൂടുതൽ വഷളാക്കി. 1982- ൽ ഭക്ഷണത്തിന് റേഷനിങ് സമ്പ്രദായം ഏർപ്പെടുത്തി. എന്തിനും ഏതിനും നിയന്ത്രണം വന്നുതുടങ്ങി. ചൗഷസ്കു കൂടുതൽ കൂടുതൽ അധികാരപ്രമത്തനായി മാറി. സ്വന്തക്കാരെ അധികാരത്തിന്റെ പ്രമുഖ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു. ഭാര്യ എലേനയെ ഉപപ്രധാനമന്ത്രിയും സാംസ്‌കാരിക മന്ത്രിയുമാക്കി. കുപ്രസിദ്ധമായ "സെക്യുരിറ്റേറ്റ്" എന്ന രഹസ്യ പോലീസിനെ ഉപയോഗിച്ച് റൊമാനിയയിൽ ഭീതി വിതച്ചു.കൂടാതെ സുരക്ഷ സൈനികരും അധികാരം ഏറ്റടുത്തതോടെ ജനത്തിന്റെ നടുവൊടിഞ്ഞു. വിദേശ എംബസികൾക്ക് പരാതി അയക്കുന്നത് തടയാൻ സ്വകാര്യ ടൈപ്പറേറ്ററുകൾ കണ്ടുകെട്ടുക വരെ ചെയ്തു. ജനജീവിതം സ്തംഭിച്ചപ്പോൾ അവർ കലാപം ആരംഭിച്ചു. എൺപതുകൾക്കൊടുവിൽ സോവിയറ്റ് യൂണിയൻ ദുർബലമായതും കിഴക്കൻ യൂറോപ്പ് കമ്മ്യൂണിസത്തെ വലിച്ചെറിഞ്ഞതും ജനത്തെ പ്രചോദിപ്പിച്ചു. 1989- ൽ ചൗഷസ്കുവിനെയും ഭാര്യ എലേനയെയും ക്രൂരമായി വധിച്ച് ചൗഷസ്കു വിരുദ്ധ മുന്നണി അധികാരം പിടിച്ചെടുത്തു. പഴയ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ തന്നെയായിരുന്നു പുതിയ മുന്നണിയിലും. ക്രിസ്ത്യൻ ഡിമോക്രറ്റുകൾ എന്ന പേരിൽ ഇവർ അറിയപ്പെട്ടു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അവർ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. എന്നാൽ പഴയ നിയന്ത്രണങ്ങളും രഹസ്യപൊലിസും തുടർന്ന് പോവുകയാണുണ്ടായത്.
പിന്നീട് അധികാരം ഏറ്റെടുത്ത ഇയോൺ ഇലെസ്കുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭരണസ്ഥിരത നൽകിയെങ്കിലും അടിച്ചമർത്തൽ നയം തുടർന്നു. 1990- ലെ വിദ്യാർത്ഥി സമരത്തെ അധിനിഷ്ടൂരമായി അടിച്ചമർത്തിയ ഇലെസ്കുവിന് 1996- ൽ നടന്ന തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ടു. പിന്നീട് റൊമാനിയയിൽ പലപ്പോഴും ഭരണസ്ഥിരതയില്ലായ്മ തുടർന്ന് പോകുകയാണ് ഉണ്ടായത്.
1989-ൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചതോടെ റൊമാനിയ പുതുയുഗത്തിലേക്ക് പ്രവേശിച്ചെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി സകല മേഖലകൾകളെയും ബാധിക്കുകയുണ്ടായി. പഴഞ്ചൻ വ്യവസായമേഖലയും തൊഴിലില്ലായ്മയും പണപ്പെരുപ്പവും വല്ലാതെ ബുദ്ധിമുട്ടിലാക്കി. എന്നാൽ പത്ത് വർഷത്തെ കഠിനപ്രയത്നം കൊണ്ട് തെക്ക് കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായി വളരാൻ കഴിഞ്ഞു. കാർഷിക മേഖലയിലും വ്യവസായമേഖലയിലും ആധുനികവൽക്കരണം നടപ്പിലാക്കി കൊണ്ട് കമ്പോള സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരാൻ കുറയൊക്ക സാധിച്ചു. 2005- ൽ സ്വകാര്യവത്കരണം നടപ്പിലാക്കിയതിലൂടെ ധാരാളം വിദേശ നിക്ഷേപം ആകർഷിക്കാനും കഴിഞ്ഞു. പ്രകൃതിരമണീയമായ കാർപാത്യൻ മലനിരകളും ഡ്രാക്കുളക്കോട്ടയും ചൗഷസ്കുവിന്റെ കിരാതഭരണത്തിന്റെ തിരുശേഷിപ്പുകളും ഉൾപ്പെടുത്തിയുള്ള ടൂറിസം പാക്കേജ് രാജ്യത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ്. എങ്കിലും ദാരിദ്ര്യം ഇന്നും റൊമാനിയയുടെ പ്രധാന പ്രശനം തന്നെയാണ്. പരിഷ്‌കാരങ്ങൾ ഗ്രാമങ്ങളിൽ എത്തുന്നില്ലെന്ന് പരാതികൾ വ്യാപകമായുണ്ട്. 2007-ൽ യൂറോപ്യൻ യൂണിയനിൽ അംഗമായ റൊമാനിയ നാറ്റോ സഖ്യത്തിലും അംഗമാണ്.
ഇപ്പോൾ സഞ്ചാരം യാത്രാവിവരണ പരിപാടിയിൽ റൊമാനിയയുടെ ചരിത്രഭൂമികയിൽ കൂടിയുള്ള യാത്രയാണെന്ന് പലയാളുകളും കമന്റ് ചെയ്യുകയുണ്ടായി. അത് കണ്ടുകൊണ്ടിരിക്കുന്ന വായനക്കാർക്ക് കൂടുതൽ കാര്യങ്ങൾ അറിയാമെന്നുള്ളത് കൊണ്ട് ഒരു കാര്യം സൂചിപ്പിച്ചതിന് ശേഷം റൊമാനിയയുടെ മറ്റു വൈവിധ്യകളിലേക്ക് പോകുകയാണ്.
റൊമാനിയയെ കുറിച്ച് കൂടുതൽ അറിയാനും എഴുതാനുമുള്ള മൂന്ന് കാര്യങ്ങളിൽ ഒരു കാര്യം ഇവിടെ സൂചിപ്പിക്കുയാണ്. അത്, ഒന്ന് രണ്ട് മാസങ്ങൾക്ക് മുൻപ് റൊമാനിയയെ പിടിച്ചുകുലുക്കിയ ഒരു ദാരുണ സംഭവമാണ്. തെക്കൻ റൊമാനിയയിൽ സ്കൂളിലേക്ക് പോയ പതിനഞ്ചു വയസുകാരിയായ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയുണ്ടായി. വധിക്കപ്പെടുന്നതിന് മുൻപ് തനിക്ക് കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയ ആ പെൺകുട്ടി സഹായം അഭ്യർത്ഥിച്ചു അധികാരികളെ വിളിച്ചെങ്കിലും പോലീസ് സംവിധാനം അതിനോട് പ്രതികരിച്ചത് 19 മണിക്കൂറുകൾക്ക് ശേഷമാണ്. അവർ അവിടെ എത്തിയപ്പോൾ അവർക്ക് ലഭിച്ചതാകട്ടെ പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ മാത്രമാണ്. ഈ സംഭവം റൊമാനിയയിൽ വലിയ പ്രതിഷേധത്തിനും ഒച്ചപ്പാടിനും ഇടയാക്കി. ഈ സംഭവത്തെക്കുറിച്ചുള്ള ആർട്ടിക്കിൾ വായിച്ചപ്പോൾ എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തിയത് രാജ്യതലസ്ഥാനത്ത് 2012-ൽ ജ്യോതി എന്ന പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരതയെ കുറിച്ചാണ്. ഡൽഹിയിൽ നിർഭയ സംഭവത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളെ അനുസ്മരിക്കുന്ന പ്രതികരണങ്ങൾ റൊമാനിയയിലും ഉണ്ടായി. ആ പ്രതിഷേധ കൊടുംകാട്ടിൽ പല മന്ത്രിമാർക്കും അധികാരം നഷ്ടപ്പെടാൻ ഈ സംഭവം കാരണമായിത്തീർന്നു.
റൊമാനിയയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, - മധ്യഭാഗത്ത് തുടങ്ങി വടക്കോട്ട് പോകുംതോറും വലുതായിവരുന്ന അർദ്ധവൃത്താകൃതിയിലുള്ള മലനിരകളാണ് റൊമാനിയയുടേത്. ഈ മലനിരകളെ ചുറ്റി ട്രാൻസിൽവാനിയ പീഠഭൂമി സ്ഥിതി ചെയ്യുന്നു.അവയ്ക്ക് താഴെ അതിസുന്ദരവും സസ്യസമൃദ്ധമായ താഴ്വരകളുമാണ്. ഇവിടുത്തെ മലനിരകൾ ഏറെ ഉയരമുള്ളതോ, ചെങ്കുത്തായതോ അല്ല. ധാരാളം വിടവുകൾ കാണാവുന്നതാണ്. അതുകൊണ്ട് തന്നെ മലനിരകൾ ആവാസയോഗ്യവും മേഖല ഗതാഗത യോഗ്യവുമാണ്.
പ്രധാന നദിയായ ഡാന്യൂബ് റൊമാനിയയുടെ തെക്കൻ മേഖലയിലൂടെ 1400 (28.9%) കിലോമീറ്റർ ദൂരം ഒഴുകുന്നു. പടിഞ്ഞാറു നിന്ന് കിഴക്കോട്ടു ഒഴുകി റൊമാനിയയുടെ കിഴക്കൻ മേഖലയിൽ വച്ച് വടക്കോട്ട് ഒഴുകിയാണ് ഡാന്യൂബ് കരിങ്കടലിൽ പതിക്കുന്നത്. ജിയു, ഓൾടാൾ, അർഗെഷൽ, ഇയാൽ, മിട, പ്രൂത് തുടങ്ങിയ നദികൾ വടക്കു നിന്നും വന്ന് ഡാന്യൂബിൽ ചേരുന്നു. ആയിരകണക്കിന് തടാകങ്ങളും ഇവിടെ കാണാൻ കഴിയും.
കാർപാത്യൻ മലനിരകളുടെ അനുബന്ധമായാണ് ട്രാൻസിൽവാനിയൻ മലകളെ
കണക്കാക്കുന്നത്. റൊമാനിയയുടെ പ്രധാന വനമേഖലകളും ഇവിടെയാണ്. കിഴക്ക് കരിങ്കടലിൽ 209 കിലോമീറ്റർ തീരമുണ്ട്.
സൂര്യപ്രകാശവും ചൂടുകൂടിയ വേനലും തണുപ്പും മഴയേറിയ ശൈത്യവുമാണ് കാലാവസ്ഥ. ജൂലൈയിൽ ഏറ്റവും ചൂടേറുകയും ജനുവരിയിൽ കൊടുംശൈത്യവും അനുഭവപ്പെടുന്നു.
ഡാന്യൂബിലൂടെ...
യൂറോപ്പിനെ സംബന്ധിച്ചിടത്തോളും ഡാന്യൂബ് വെറുമൊരു നദിയല്ല. ഈ വൻകരയുടെ സംസ്കാരവും രീതിശാസ്ത്രങ്ങളും നിശ്ചയിക്കുന്ന ഊർജദായിനിയാണ്. നിരവധി സംസ്കാരങ്ങൾക്ക് പശ്ചാത്തലമൊരുക്കിയ, നൂറുക്കണക്കിന് നഗരങ്ങൾക്ക് ജന്മം കൊടുത്ത, കോടികണക്കിന് ജനങ്ങൾക്ക് അന്നം നൽകുന്ന ഡാന്യൂബ് പല രാജ്യങ്ങൾക്കിടയിലെ പ്രകൃതിദത്ത അതിരു കൂടിയാണ്.
യൂറോപ്പിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ നദിയാണ്. ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റിൽ ജനിച്ച് റൊമാനിയയുടെയും ഉക്രൈന്റെയും അതിരിൽ വെച്ച് കരിങ്കടലിൽ പതിക്കുമ്പോൾ ഡാന്യൂബ് പിന്നിടുന്നത് 2850 കിലോമീറ്റർ (1771 മൈൽ ) ആണ്. നീളത്തിൽ ഡാന്യൂബിന് മുന്നിൽ വോൾഗ മാത്രം.
ബ്ലാക്ഫോറസ്റ്റിൽ ബ്രിഗാഷ്, ബ്രെഗ് എന്നീ പേരുകളുള്ള രണ്ട് ചെറുനദികളിൽ ഉത്ഭവിച്ച് ഡോനാഷിൻഗെനിൽ വെച്ച് ഒന്നാകുകയാണ് ഡാന്യൂബ്. പിന്നീട് കിഴക്കോട്ടു ഒഴുകുന്നു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അന്താരാഷ്ട്ര ജലപാത കൂടിയാണിത്. ദീർഘകാലം റോമാസാമ്രാജ്യത്തിന്റെ അതിരായി വർത്തിച്ച ഈ പാതയിലൂടെ ഇപ്പോൾ പത്തു രാജ്യങ്ങളുടെ, അവയുടെ അതിരായി ഡാന്യൂബ് ഒഴുകുകയാണ്.ജർമ്മനി, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ക്രോയേഷ്യ,, സെർബിയ, ബൾഗേറിയ, റൊമാനിയ, മൊൾഡോവ, യുക്രൈൻ എന്നീ രാജ്യങ്ങളെ തഴുകിയാണ് ഡാന്യൂബിന്റെ സഞ്ചാരം. പോളണ്ട്, സ്വിറ്റസർലാൻഡ്, ചെക് റിപ്പബ്ലിക്, സ്ലോവിന്യ, ബോസ്നിയ ഹെർസഗോവിന, മോണ്ടിനെഗ്രോ, റിപ്പബ്ലിക് of മാസിഡോണിയ, മോൾഡോവ, അൽബേനിയ എന്നീ രാജ്യങ്ങളിൽ ഡാന്യൂബിന്റെ കൈവഴികൾ വൻതടസങ്ങൾ സൃഷ്ടിക്കുന്നതായും പറയപ്പെടുന്നു. പല ഭാഷകളിൽ പല പേരുകളിലായി ഡാന്യൂബ് അറിയപ്പെടുന്നു. ജർമൻ -ഡോന, പോളിഷ്, സ്ലോവാക്- ഡ്യൂനായ്, അൽബേനിയൻ -ഡാന്യൂബി, ഹംഗേറിയൻ- ഡ്യുന, റൊമാനിയൻ - ഡ്യൂനാരെ, സ്ലൊവീൻ - ഡൊനാവോ എന്നിങ്ങനെ. ഈ പേരുകൾ എല്ലാം അർത്ഥമാക്കുന്നത് "നദി" എന്ന് തന്നെയാണ്. പത്ത് രാജ്യങ്ങളിൽ കൂടിയും ഡാന്യൂബിന്റെ കൈവഴികൾ ഒഴുകുന്നു. വിയന്ന (ഓസ്ട്രിയ ), ബുഡാപെസ്റ്റ് ( ഹംഗറി ), ബെഗ്രേഡ് (സെർബിയ ) എന്നീ തലസ്ഥാന നഗരങ്ങൾ ഡാന്യൂബിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ഭാഷ :
മഹാഭൂരിപക്ഷം സംസാരിക്കുന്ന റൊമാനിയൻ ആണ് ഔദ്യോഗികഭാഷ. ഇൻഡോ - യൂറോപ്യൻ ഭാഷാകുടുംബത്തിലെ ഇറ്റാലിക് ശാഖയിൽപെട്ടതാണ് റൊമാനിയൻ (ഫ്രഞ്ച്, സ്പാനിഷ്, കാറ്റലൻ, ഇറ്റാലിയൻ, പോർച്ചുഗീസ് എന്നിവയാണ് മറ്റ് ശാഖഅംഗങ്ങൾ ) 2.5 കോടിയോളം പേർ റൊമാനിയൻ സംസാരിക്കുന്നു. മോൾഡോവയിലെ ഔദോഗികഭാഷയും ഇതാണ്. അവിടെ ഇത് മോൾഡോവൻ എന്നറിയപ്പെടുന്നു. ബൾക്കാൻ റൊമാൻസ് ഭാഷകളിൽപ്പെടുന്ന പടിഞ്ഞാറൻ റൊമാൻസ് ഭാഷകളിൽ നിന്നും 5 -8 നൂറ്റാണ്ടുകളിലാണ് ഈ ഭാഷ ഉരുത്തിരിഞ്ഞുവന്നത്. ഈ ഭാഷ സംസാരിക്കുന്നവർ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറി താമസിച്ചിട്ടുമുണ്ട്. ലോകജനസംഖ്യയുടെ 0.5% പേർ റൊമാനിയൻ സംസാരിക്കുന്നുണ്ട്. ട്രാൻസിൽവാനിയയിൽ ഹംഗേറിയനും ജർമനും സ്വാധീനമുണ്ട്. നാലിലൊന്ന് പേർക്ക് ഇംഗ്ലീഷും 17% പേർക്ക് ഫ്രഞ്ചും അറിയാം. പാഠ്യപദ്ധതിയിൽ വിദേശ ഭാഷകൾക്ക് പ്രത്യേക പ്രാധാന്യം തന്നെ കൊടുക്കുന്നു.
മതം:
കിഴക്കൻ യൂറോപ്പിൽ ശക്തമായ വേരോട്ടമുള്ള ഓർത്തഡോക്സ് സഭാവിശ്വാസികളാണ് റൊമാനിയക്കാർ. മറ്റു ക്രൈസ്തവ വിഭാഗങ്ങൾക്ക് നന്നേ ചെറിയ പ്രാതിനിധ്യം മാത്രമേയുള്ളു. കരിങ്കടലിന്റെ തീരത്തുള്ള ദോബ്റോജിയ മേഖലകളിൽ മുസ്ലിം സാന്നിധ്യമുണ്ട്. നൂറ്റാണ്ടുകളായി ഓട്ടോമൻ ഭരണം നിലവിലുണ്ടായിരുന്നെങ്കിലും ഇസ്ലാം മതവിഭാഗത്തിന് ഇവിടെ സ്വാധീനം നേടാൻ കഴിഞ്ഞില്ലായെന്നും കാണാൻ കഴിയും.
 |
| നാദിയ കൊമേനേച്ചി |
ആധുനിക ജെറ്റ് എയർക്രാഫിറ്റിന്റെ പിതാവായി അറിയപ്പെടുന്ന ഹെൻറി ക്വാൻഡ (Henri coanda ), ഇൻസുലിൻ കണ്ടുപിടിച്ച നിക്കോളായ് പോളെസ്കു (Nicolae paulescu), പ്രശസ്ത ഫുട്ബോൾ താരം ഗോർഗെ ഹാജി എന്നിവർ റൊമാനിയൻ സന്തതികളായിരുന്നു എന്നത് അവരെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്.
ഈ ലേഖനം എഴുതാനുണ്ടായ രണ്ടാമത്തെ കാര്യത്തെകുറിച്ചാണ് ഇനി പറയാൻ പോകുന്നത്. നമ്മളിൽ പലരും ജനിക്കുന്നതിനും മുൻപ് "അസാധ്യം" എന്ന് കരുതിയത് സാധ്യമാക്കി കാണിച്ചു തന്ന ഒരു പതിനാല് വയസുകാരി പെൺകുട്ടി..!! 1976 - ലെ മോൺട്രിയാൽ ഒളിമ്പിക്സിലെ ജിംനാസ്റ്റിക് ബാറിൽ അസാമാന്യ മെയ്‌വഴക്കത്തോടെ നൃത്തം ചവിട്ടിയപ്പോൾ ആ അത്ഭുതപ്രകടനത്തിന് മുൻപിൽ ലോകം നമിച്ചുപോയി. ജിംനാസ്റ്റിക്സിൽ അതുവരെ ആരും നേടാതിരുന്ന "പെർഫെക്ട് ടെൻ" ആദ്യമായി നേടി ലോകത്തിന്റെ ആരാധനപാത്രമായ ആ പെൺകുട്ടിയാണ് നാദിയ കോമനേച്ചി. സ്കോർ ബോർഡിൽ പോലും ആ പോയിന്റ് രേഖപെടുത്താൻ കഴിഞ്ഞില്ല എന്നത് ചരിത്രവുമാണ് (അത്തരമൊരു അത്ഭുത പ്രകടനം അന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നത് തന്നെ ).
ഈയടുത്ത്, ഇന്ത്യയിൽ നിന്നുള്ള സഹോദരി സഹോദരന്മാരായ രണ്ട് കുട്ടികൾ, ജിംനാസ്റ്റിക് പ്രകടനത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കരണം മറിഞ്ഞുള്ള വീഡിയോ സാക്ഷാൽ നാദിയ കോമനേച്ചിയെ പോലും അത്ഭുതപ്പെടുത്തി കളഞ്ഞത്രേ. സ്വന്തം ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്ത ഈ വീഡിയോക്കൊപ്പം അവർ ഇങ്ങനെ കുറിച്ചു.. "ദിസ് ഇസ് ഓസം "(ഇത് തകർത്തു ). ഈ ഒരു ട്വിറ്റ് എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. എന്റെ ചെറിയ പ്രായത്തിൽ തന്നെ ആ അത്ഭുതബാലികയെ കുറിച്ച് ഒരുപാട് കേട്ടിരുന്നു. അതുകൊണ്ട് തന്നെ അവരോടുള്ള ആരാധനയിൽ ഒളിമ്പിക്സിലേയും ഏഷ്യാഡിലെയും ജിംനാസ്റ്റിക് മത്സരങ്ങൾ കാണാൻ ഉറക്കമൊഴിഞ്ഞു ഇരുന്ന ആ മനോഹര ദിനങ്ങൾ എന്റെ മനസ്സിലൂടെ അറിയാതെ കടന്നു പോയി.
 |
| ബിയാൻക ആൻഡ്രെസ്‌ക്യൂ |
റൊമാനിയയെ കുറിച്ചുള്ള ഓർമ്മകൾ എന്റെ മനസിലേക്ക് കൊണ്ട് വന്ന്, ഈയൊരു ലേഖനം നിങ്ങളോട് പങ്ക് വെക്കാനുണ്ടായ മൂന്നാമത്തെ കാര്യം കൂടി ഇവിടെ സൂചിപ്പിക്കുന്നു. ഇപ്രാവശ്യത്തെ യു.എസ് ടെന്നീസിലെ വനിത സിംഗിൾസ് ജേതാവായിരുന്ന ബിയാൻക ആൻഡ്രെസ്കു എന്ന പത്തൊൻപത്കാരി റുമാനിയയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു എന്ന അറിവാണത്. എന്തായാലും വാമ്പയർ കഥകളിലൂടെ ഭീതിയുടെ മുൾമുനയിൽ ലോകത്തെ നിർത്തിയ റൊമാനിയയുടെ ചരിത്രം തേടിയുള്ള എന്റെ ഈ യാത്രയിൽ പ്രിയപ്പെട്ട വായനക്കാർ പങ്ക് വെച്ച പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളിലേക്ക് കൂടി പോകേണ്ടതുണ്ട്, അത് അടുത്ത ഭാഗങ്ങളിൽ.
തുടരും .