അമർന ശിൽപകലയിലെ ആധുനികത.
ഒരു കാര്യം എനിക്ക് വ്യക്തമായി പറയാൻ കഴിയും. പ്രാചീന ഈജിപ്ഷ്യൻ സംസ്കാരത്തെക്കുറിച്ച്, അതിന്റെ ഉപരിപ്ലവമായ വായനയിൽ നിന്ന് വ്യത്യസ്‍തമായി അതിന്റെ ചരിത്രപരതയിൽ ഗൗരവമായ സമീപനം സ്വീകരിക്കുന്നവർ ഒരുപാട് പേർ ഉണ്ടെന്ന കാര്യം. അത്തരം വായനയിൽ കൂടി സ്വയമേവ ഉരുത്തിരിഞ്ഞു വന്ന അനുഭൂതിയിൽ ഈജിപ്ത് സന്ദർശിക്കാനുള്ള ആഗ്രഹം പലരും എന്നോട് പങ്ക് വെക്കപ്പെടുകയുണ്ടായി. അവരോട് എനിക്ക് പറയാനുള്ള കാര്യം അവിടുത്തെ മ്യൂസിയങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ പ്രദർശിപ്പിച്ചിട്ടുള്ള ഓരോ പുരാവസ്തുക്കളും അവ വെറും പ്രദർശനവസ്തു എന്നതിലുപരി അതിന്റെതായ പ്രാധാന്യവും ആ കാലഘട്ടത്തിന്റെ ചരിത്രവും ഉൾക്കൊള്ളുന്നവയാണ്. നിങ്ങളെ സഹായിക്കാൻ ഗൈഡുകൾ ഉണ്ടാകുമെങ്കിലും അവർക്ക് എത്രത്തോളം ആ ചരിത്രവസ്തുതകളോടെ നീതി പുലർത്താൻ കഴിയുമെന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്. അതുകൊണ്ട് കയ്‌റോ അന്താരാഷ്ട്ര മ്യൂസിയം സന്ദർശിക്കുന്നവരോടും ചരിത്രവിദ്യാർത്ഥികളോടും അവിടെ പ്രദർശിപ്പിച്ചിട്ടുള്ള ഒരു ചുണ്ണാമ്പ് ശില്പത്തെ (ശിൽപം എന്ന് പറയാൻ പാടില്ലാത്തതാണ് ) കുറിച്ച് സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ കാഴ്ചബംഗ്ലാവുകളിൽ ഒന്നായി അറിയപ്പെടുന്ന കയ്‌റോ അന്താരാഷ്ട്ര മ്യൂസിയം പ്രസിദ്ധമായ തഹ്റീർ ചത്വരത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. കയ്‌റോയുടെ ഹൃദയം എന്ന് തന്നെ പറയാവുന്ന ചരിത്രപ്രാധന്യമുള്ള പ്രധാന കവലയാണ് തഹ്റീർ ചത്വരം. പലപ്പോഴും പ്രധാനപ്പെട്ട പ്രക്ഷോഭങ്ങൾക്കെല്ലാം വേദിയാവുന്ന സ്ഥലം എന്നും വേണമെങ്കിൽ പറയാം. മ്യൂസിയത്തിൽ 1,20,000-ത്തിലധികം പൗരാണിക വസ്തുക്കളാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്. അവിടെയാണ് തൂത്തന്ഖാമന്റെ നിധിശേഖരവും, മമ്മിയും റോസറ്റശിലയും (ഒറിജിനൽ അല്ല. പകർപ്പ് ആണ്. റോസറ്റശിലയുടെ ഒറിജിനൽ ലണ്ടനിലാണ് ഉള്ളത് ) തുടങ്ങിയവയൊക്കെ ഉള്ളത്. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന വലിയൊരു ചുണ്ണാമ്പ് പാളിയിൽ കൊത്തിയെടുത്ത ഒരു റിലീഫ് ചിത്രമുണ്ട്. ആ റിലീഫ് ചിത്രം അതിന്റെ മനോഹാരിത കൊണ്ടല്ല ചരിത്ര പ്രാധാന്യം കൊണ്ടാണ് പ്രസിദ്ധമായത്.
![]() |
| അമർന റിലീഫ് |
ലോകത്തിലെ ഏറ്റവും വലിയ രാജശക്തിയായി വിരാജിച്ചിരുന്ന കെമത് സംസ്കാരത്തിന്റെ സുവർണകാലത്ത് ആ മഹാസാമ്ര്യാജ്യത്തെ അപ്പാടെ പിടിച്ചുകുലുക്കിയ മഹാവിപ്ലവത്തെ കുറിച്ചും, ആ വിപ്ലവത്തിന് നേതൃത്വം കൊടുത്ത വിപ്ലവകാരിയായ ഫറവോ അഖ്‌നാതേനെയും (തൂതൻഖാമന്റെ പിതാവ് ) കുടുംബത്തെയും ഓർമിപ്പിക്കുന്നതാണ് ആ റിലീഫ് ചിത്രം. ഈജിപ്തിന്റെ ചരിത്രത്തിൽ നിന്ന് തന്നെ ആ വിപ്ലവം തിരസ്കരിക്കപ്പെട്ടെങ്കിലും അക്കാലത്തെക്കുറിച്ച് വിലപ്പെട്ട പല കാര്യങ്ങളും കണ്ടെടുക്കപ്പെട്ട റിലീഫിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു.
ഈജിപ്തിലെ ചരിത്രാവശിഷ്ടങ്ങളിൽ ചിത്രികരിക്കപ്പെട്ടിട്ടുള്ള ഫറവോമാരിൽ നിന്നെല്ലാം വ്യത്യസ്തമായി, സ്വസൗന്ദര്യത്തിൽ ഒട്ടുംതന്നെ വശംവദനാവാതെ തന്റെ ശരീരത്തിലെ എല്ലാ അഭംഗിയെയും കൂടുതൽ എടുത്തുകാണിക്കുകയല്ലാതെ മറച്ചുവെയ്ക്കാൻ യാതൊരു ശ്രമവും നടത്താതിരുന്ന ഫറവോയായിരുന്നു അഖ്‌നാതേൻ. തന്റെ ഇഷ്ടദേവതായ ആതേന് (ഡിസ്ക് രൂപത്തിലുള്ള സൂര്യദേവൻ ) അഖ്‌നാതേനും രാഞ്ജി നെഫെർതിതിയും വഴിപാടായി താമരപ്പൂക്കൾ അർപ്പിക്കുന്ന നിലയിലായിലാണ് റിലീഫിലെ ചിത്രീകരണം. കൂർത്ത മുഖവും, തടിച്ചുവീർത്ത ചുണ്ടും, അലോസരപ്പെടുത്തുന്ന വക്രത സമ്മാനിച്ചുകൊണ്ട് താഴേക്ക് തൂങ്ങി നിൽക്കുന്ന വയറും, കണങ്കാലുകളെ അപേഷിച്ച് വീർത്തുതടിച്ച തുടകളും കൊണ്ട്, ഒരു ചക്രവർത്തിക്ക് സങ്കല്പിച്ചെടുക്കാൻ പറ്റാത്ത രൂപത്തിൽ അഖ്‌നാതേനെ അത്ഭുതപ്പെടുത്തുന്ന രൂപത്തിൽ കാണുന്നത് ഏവരെയും അമ്പരപ്പിക്കും. ചിത്രത്തിൽ അഖ്‌നാതെന്റെ തൊട്ടു പിന്നിൽ പൂർണരാജകീയ അലങ്കാരങ്ങളോടെ നെഫെർതിതി രാഞ്ജിയെ കാണാം. നെഫെർതിതിയുടെ സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ ഒരു സൗന്ദര്യാരാധകനെ സംബന്ധിച്ചിടത്തോളം നിരാശയായിരിക്കും ഫലം. കാരണം അതി സുന്ദരിയെന്ന് പുകൾപെറ്റ സ്ത്രീരത്നമായിരുന്നു നെഫെർതിതി. നെഫെർ എന്ന വാക്കിന് സൗന്ദര്യം എന്നും, തിതി എന്നാൽ ആഗതയായി എന്നാണല്ലോ. അതായത് "സൗന്ദര്യം ഇതാ വന്നിരിക്കുന്നു " എന്ന പ്രഖ്യാപനമായിരുന്നു നെഫെർതിതിയുടെ നാമധേയം. അതുകൊണ്ട് ശില്പങ്ങളിലും, ചിത്രകലയിൽ കൂടിയും പരിചയപ്പെട്ട സൗന്ദര്യവതിയായ നെഫെർതിതിയെ ചുണ്ണാമ്പിൽ കൊത്തിയെടുത്ത റിലീഫിൽ കണ്ടെത്താൻ കഴിയില്ല. ഈ ചിത്രത്തിലാവട്ടെ സൗന്ദര്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിരൂപയായ സ്ത്രീരൂപമായി രാഞ്ജിയെ ചിത്രീകരിച്ചിരിക്കുന്നത് അമ്പരപ്പോടെയല്ലാതെ കാണാൻ കഴിയില്ല. അവിടെയാണ് മറ്റുള്ള ഫറവോമാരിൽ നിന്നും അഖ്‌നതെൻനെ വ്യത്യസ്തനാക്കുന്നത്.
![]() |
| അമർന റിലീഫ് കയ്റോ മ്യൂസിയത്തിൽ |
അഖ്‌നാതെന്റെ ഭരണകാലത്ത് (1353- 1337 BCE ) സൃഷ്ടിക്കപ്പെട്ട ശില്പകലാരൂപങ്ങളെ പൊതുവെ അമർന ശില്പകലഘട്ടമെന്ന പേര് ചേർത്താണ് വിളിക്കാറുള്ളത്. അഖ്‌നതെൻ പുതുതായി നിർമ്മിച്ച തലസ്ഥാന നഗരമായിരുന്ന അഖതാതേന്റെ ഇപ്പോഴത്തെ പേരാണ് അമർന (എൽ - അമർന ). ആൾരൂപങ്ങളെ അവർ ചക്രവർത്തിയോ, രാഞ്ജിയോ ആയാൽ പോലും, വളരെ വിചിത്രവും വിലക്ഷണവുമായ രീതിയിൽ വരയ്ക്കുകയും, കൊത്തിവെയ്ക്കുകയും ചെയ്യുന്നത് ആദ്യകാല അമർന
കാലഘട്ടത്തിന്റെ രീതിയായിരുന്നു.
കാലഘട്ടത്തിന്റെ രീതിയായിരുന്നു.
ആതേൻദേവൻ സൂര്യഭഗവാൻ തന്നെയായിരുന്നെങ്കിലും മനുഷ്യരൂപത്തിൽ നിന്നും മാറി സൂര്യനക്ഷത്രത്തിന്റെ ദ്വീതല രൂപമായ സുവർണ്ണ തളികയായിട്ടാണ് റിലീഫിൽ ചിത്രീകരിച്ചിട്ടുള്ളത്. അതായത് ആദ്യത്യഭഗവാന്റെ ആരാധനസങ്കല്പങ്ങളിൽ ഏറ്റവും യാഥാർഥ്യമായിട്ടുള്ള ദേവതയായി ആതേൻ ദേവനെ കാണാം. തന്റെ ഭക്തരായിട്ടുള്ള രാജകീയ കുടുംബത്തെ തന്റെ തളികരൂപത്തിൽ നിന്നും അനുസ്യൂതം ഉതിരുന്ന കാഞ്ചനകിരണങ്ങളിലൂടെ അനുഗ്രഹിക്കുന്നതും, ആ അനുഗ്രഹവായ്‌പിന്റെ നിറവിൽ സ്വയം മറന്നിരിക്കുന്ന രാജദമ്പതികളായ അഖ്‌നാതേനെയും നെഫെർതിതിയെയും ആ റിലീഫിൽ സൂക്ഷിച്ചു നോക്കിയാൽ കാണാം. കൂടാതെ അഖ്‌നതെൻ, ആഖതതേനു (ടൌൺഷിപ് ) വേണ്ടി നടത്തിയ ഒരു വലിയ സമർപ്പണത്തെയും ആ റിലീഫ് സൂചിപ്പിക്കുന്നണ്ടത്രേ. ആ ആത്മസമർപ്പണത്തിൽ പ്രീതിപ്പെട്ട ദേവശ്രഷ്ഠൻ തന്റെ സുവർണരശ്മികളാൽ അഖ്‌നതെൻനെ തഴുകിയത്രെ. എന്തായാലും പ്രാചീന ഈജിപ്തിനെ അപ്പാടെ പിടിച്ചു കുലുക്കിയ വിപ്ലവത്തെയും ഒരു സുപ്രധാന കാലഘട്ടത്തെയും കുറിച്ച് വിലപ്പെട്ട തെളിവുകളാണ് അമർന റിലീഫ് നൽകുന്നത്.
മറ്റൊരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കുകയാണ്. ആ റിലീഫിലേക്ക് ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാൽ മറ്റൊരു കാര്യം കൂടി നിങ്ങൾക്ക് കാണാൻ കഴിയും. നെഫെർതിഥിയുടെ തൊട്ടുപുറകിൽ രണ്ടുപേർ നിൽക്കുന്നത്. അഖ്‌നാതേൻ - നെഫെർതിതി ദമ്പതികളുടെ പുത്രിമാരാണ്. അവർക്ക് ആറ് പെൺമക്കളായിരുന്നു ഉണ്ടായിരുന്നത്. അതിലെ മൂത്തപുത്രിയായ മെരെതാതേൻ ആണ് മുന്നിൽ നിൽക്കുന്നത്. അനക്സെനമൂൺ (തൂത്തൻഖാമോന്റെ ഭാര്യ ) മൂന്നാമത്തെ മകളായിരുന്നു. മെരെതാതേൻ ഒരു കയ്യിൽ തന്റെ ഇളയ സഹോദരിയുടെ കൈയിൽ പിടിച്ചിരിക്കുന്നു. മറുകയ്യിൽ ഉയർത്തിപിടിച്ചിരിക്കുന്നത് അക്കാലത്ത് ഉപയോഗിച്ചിരുന്ന ഒരു പ്രധാനപ്പെട്ട സംഗീതോപകരണമാണ്. സിസ്ട്രം എന്നാണ് അതിന്റെ ആധുനിക നാമം. പുരാതന ഈജിപ്തുകാർ അതിനെ സെഷെഷെത് അല്ലെങ്കിൽ സെഖം എന്നാണ് വിളിച്ചിരുന്നത്. അല്പം വീതിയുള്ള ചെറിയൊരു ലോഹഫ്രെയിമിൽ കുറുകെ ഘടിപ്പിച്ച കൊളുത്തു പോലിരിക്കുന്ന ലോഹക്കമ്പികൾ കറക്കിയും വീശിയുമാണ് ഇതിൽ നിന്നും ശബ്ദം പുറപ്പെടിവിക്കുന്നത്. പണ്ട് കാലത്ത് ഈജിപ്തുകാർ പരിപാവനമായി കരുതിയിരുന്ന സംഗീതോപകരണമായിരുന്നു സിസ്ട്രം. ചില പ്രാചീനനൃത്തനൃത്യങ്ങളിലും മതപരമായ ചടങ്ങുകളിലും സിസ്ട്രത്തിന്റെ സംഗീതം മുഴങ്ങിയിരുന്നു. ഹാത്തോർ ദേവിയുടെ പ്രീതിക്ക് വേണ്ടിയും മാർജ്ജാര ദേവിയായിരുന്ന ബാസ്തേതിനും വേണ്ടിയും സിസ്ട്രം മുഴക്കിയിരുന്നു. ഹൈന്ദവ ആചാരവുമായി ബന്ധപ്പെടുത്തി പറഞ്ഞാൽ ക്ഷേത്രങ്ങളിൽ പൂജാസമയത്ത് ഉപയോഗിക്കുന്ന മണിക്ക് സമാനം തന്നെയായിരുന്നു അവർക്ക് സിസ്ട്രവും എന്ന് കാണാൻ കഴിയും.




No comments:
Post a Comment