രണ്ടാം ലോകമഹായുദ്ധം. 3
ലെഫ്റ്റനന്റ് കേണൽ മിഖായലിനോ നൗമോവിച്ച് ഈ രാത്രിയിൽ കൊട്ടാരത്തിനകത്ത് സംഭവിക്കാൻ പോകുന്ന കാര്യങ്ങളോർത്ത് ഓഫീസിനകത്ത് ഉറങ്ങാതെയിരുന്നു. തന്റെ മുത്തച്ഛൻ നൗമിനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ കാരണക്കാരായ ഒബ്രനോവിച്ചുകളോടുള്ള പ്രതികാരവും ഇന്ന് പൂർത്തിയാവും. അദ്ദേഹത്തിന്റെ കണ്ണുകൾക്ക് മുറിയിലെ നെരിപ്പോടിൽ എരിയുന്ന കനലുകളുടെ തിളക്കമുണ്ടായിരുന്നു. പെട്ടന്ന് ഒരു സംഘം ആയുധധാരികൾ ഓഫീസ് മുറി ചവുട്ടിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചു. എന്താണ് സംഭവിക്കുന്നതെന്ന്, ഒന്ന് പ്രതിഷേധിക്കാൻ ആവുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ നെറ്റി തുളച്ച് ഒരു വെടിയുണ്ട കടന്നു പോയി.
നൗമോവിച്ചിനെ കൊലപ്പെടുത്തിയ ഡ്രെഗുട്ടിൻ ദിമിത്രിയെവിച്ചിന്റെ സംഘം പലതായി തിരിഞ്ഞ് രാജാവിന്റെ ഉറക്കറ ലക്ഷ്യമാക്കി നീങ്ങി. അതേസമയം കൊട്ടാരവളപ്പിന് പുറത്തും സമാനമായ ചില സംഭവവികാസങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു. സെർബിയൻ പ്രധാനമന്ത്രി ദിമിത്രിയെവിച്ച് സിംഗാർ മാർക്കോവിച്ചിന്റെയും രാജാവിനോട് വിധേയത്വമുള്ള ഉദ്യോഗസ്ഥന്മാരുടെയും മാളികകൾ കേണൽ പീറ്റർ മിസിച്ചിന്റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞു കഴിഞ്ഞിരുന്നു.
കൊട്ടാരത്തിലെ നൂറുകണക്കിന് മുറികൾ ദിമിത്രിയെവിച്ച് നേതൃത്വം നൽകിയ സംഘം ചവുട്ടി തുറന്ന് പരിശോധന നടത്തി. ബെൽഗ്രേഡ് നഗരം ഉറങ്ങിയെണീക്കും മുൻപേ ദൗത്യം പൂർത്തീകരിക്കണം. അല്ലെങ്കിൽ സെർബിയ ഇതുവരെ കാണാത്ത രക്തച്ചൊരിച്ചിലിന് അത് കാരണമായി തീരുമെന്ന് ദിമിത്രിയെവിച്ചിന് നന്നായി അറിയാം. ഇരുളിൽ നിന്നും പരിചിതമല്ലാത്ത ചില സൈനികർ ആയുധങ്ങളുമായി അവർക്ക് മുന്നിലേക്കെത്തി. വെടിയുതിർക്കാൻ ദിമിത്രിയെവിച്ചിന്റെ ആഞ്ജയുണ്ടായി. ഏതാനും നിമിഷങ്ങൾ മാത്രം, അവിടെ വെടിയുടെ പുകയും ഗന്ധവും കൊണ്ട് നിറഞ്ഞു കഴിഞ്ഞിരുന്നു. നിലത്തുവീണ് പിടയുന്ന രാജസൈനികരെ ചവുട്ടിമെതിച്ചു കൊണ്ട് അവർ തങ്ങളുടെ യഥാർത്ഥ ഇരയെ തേടി മുന്നോട്ട് പോയി.
ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ദിമിത്രിയെവിച്ചിന്റെ സംഘം വിശാലമായ കൊട്ടാരത്തിനുള്ളിൽ രാജാവിന്റെ ഉറക്കറ കണ്ടെത്തി. ശക്തമായ മരവാതിലുകൾ തകർത്ത് അകത്ത് കയറുക അസാധ്യം. വാതിലുകൾ ഡയനാമിറ്റ് വെച്ച് തകർത്തു. ചിതറിത്തെറിച്ച വാതിലുകൾ കടന്ന് ഗൂഢാലോചന സംഘം മുറിക്കുള്ളിലേക്ക് ഇരച്ചു കയറി.
പക്ഷെ രാജാവിനെയും ഡ്രാഗയെയും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. രാജദമ്പതികൾ കൊട്ടാരത്തിനകത്ത് നിന്ന് രക്ഷപ്പെട്ടിരിക്കുമോ..? കൊട്ടാരത്തിൽ നിന്നും പുറത്തേക്ക് കടക്കാൻ കഴിയുന്ന തുരങ്കം വഴി അലക്‌സാണ്ടറിന് റഷ്യയുടെ നയതന്ത്ര കാര്യാലയത്തിൽ എത്തിച്ചേരാൻ കഴിഞ്ഞാൽ, വർഷങ്ങൾ നീണ്ട പ്രയത്നം വൃഥാവിലാകും. ദിമിത്രിയെവിച്ചിന്റെ ആശങ്ക അദ്ദേഹത്തെ തളർത്തി. കിഴക്കിന്റെ ചക്രവാളത്തിൽ ഇരുട്ടിന്റെ കരിമ്പടം മെല്ലെ മെല്ലെ നീങ്ങി തുടങ്ങി. കൊട്ടാരവിപ്ലവം നടക്കുന്നതറിഞ്ഞു നിരവധി സൈനികർ ഉഗ്രസ്ഫോടനമുണ്ടായ രാജാവിന്റെ ഉറക്കറയ്ക്ക് മുന്നിലേക്ക് ഓടിയെത്തി. വിമതരുടെ ഏകപക്ഷിയമായ ആക്രമണത്തെ ചെറുക്കാൻ രാജപക്ഷക്കാരായ കൂടുതൽ സൈനികർ എത്തിത്തുടങ്ങി. ഒരു സമയം ഒരു തിര മാത്രം ഉപയോഗിക്കാൻ കഴിയുന്ന തോക്കുകൾ തീതുപ്പി.
1903 ജൂൺ 11 പുലർച്ചെ ആകുമ്പോഴേക്കും അലക്‌സാണ്ടറുടെ കൊട്ടാരം ഒരു ശവപ്പറമ്പായി മാറിക്കഴിഞ്ഞിരുന്നു. വെടിമരുന്നിന്റെയും ചുടു രക്തത്തിന്റെയും ഗന്ധം അവിടെ തളം കെട്ടി നിന്നു. കൊട്ടാരയുദ്ധത്തിൽ രാജപക്ഷക്കാരായ സൈനികരുടെ വെടിയേറ്റ് വിമത സൈനികരുടെ നായകൻ ദിമിതിയെവിച്ച് നിലത്തുവീണു. യുദ്ധത്തിൽ തങ്ങൾ പരാജയപ്പെടുകയാണെന്ന് തോന്നിപോയ നിമിഷങ്ങൾ..! എന്നാൽ തങ്ങളുടെ നായകൻ തൊട്ടടുത്തു വീണുകിടക്കുന്ന നിമിഷത്തിൽ പോലും വിമത സൈനികർ പതറിയില്ല.
![]() |
| Dragutin dimithrijevic |
രാജാവിന്റെ പ്രധാന സേവകനായിരുന്ന ജനറൽ ലാസർ പെട്രോവിച്ചിനെ വിമതസൈനികർ കൊട്ടാര വളപ്പിനുള്ളിൽ നിന്ന് പിടികൂടി. രാജാവ് ഒളിച്ചിരിക്കുന്ന മുറി അല്ലെങ്കിൽ രക്ഷപ്പെടാൻ ഉപയോഗിച്ച തുരങ്കം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സെർബിയൻ രാജാവിനെ ഒറ്റുകൊടുക്കാൻ ലാസർ പെട്രോവിച്ചിന് കഴിഞ്ഞില്ല. പത്ത് മിനുട്ട് നേരം രാജാവ് എവിടെയുണ്ടെന്ന് വെളിപ്പെടുത്താൻ ലാസറിന് സമയം അനുവദിച്ചു. തന്റെ തലയ്ക്കു നേരെ ഉയർത്തി പിടിച്ചിരിക്കുന്ന തോക്കിന് മുൻപിൽ അദ്ദേഹം ആക്ഷെഭ്യനായി നിന്നു. പിന്നെ പ്രാർത്ഥനയിലെന്നോണം ഒരു നിമിഷം കണ്ണടച്ച് നിന്നു. ജീവിക്കാൻ വെച്ചുനീട്ടിയ പത്തു മിനുട്ട് പൂർത്തിയായ നേരം അദ്ദേഹതിന്റെ തലച്ചോറ് തുളച്ചു ഒരു വെടിയുണ്ട കടന്ന് പോയി.
രക്തം വാർന്ന് തളർന്ന് കിടക്കുന്ന ദിമിത്രിയെവിച്ചിനെ ഓർത്ത് വിലപിക്കാൻ വിമത സൈന്യത്തിന് നേരമുണ്ടായില്ല. വിശാല സെർബിയക്ക് വേണ്ടി തങ്ങൾ ഏറ്റെടുത്തിരിക്കുന്ന ദൗത്യം എത്രയും പെട്ടന്ന് പൂർത്തീകരിക്കുക. അതിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. ലെഫ്റ്റനന്റ് വെലിമിർ വിമിച്ചിന്റെ നേതൃത്വത്തിലുള്ള വിമതസംഘം ഒരിക്കൽ കൂടി രാജാവിന്റെ ഉറക്കറ പരിശോധിക്കാൻ തീരുമാനിച്ചു.
മുറിക്കുള്ളിലെ പരിശോധനയിൽ ആ ഉറക്കറയുടെ ചുമരുകളിൽ ഒരു താക്കോൽ ദ്വാരം കണ്ടെത്തി. അതൊരു രഹസ്യ മുറിയുടേതാണെന്ന് വെലിമിർ വിമിച്ചിന് തോന്നി. വാതിലിൽ തുടരെ തുടരെ മുട്ടിയെങ്കിലും അകത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. കൊട്ടാരം ഡയിനാമിറ്റ് വെച്ച് തകർക്കുമെന്ന ഭീഷണിക്ക് ഫലമുണ്ടായി.
രാത്രി വസ്ത്രം അണിഞ്ഞിരുന്ന അലക്‌സാണ്ടറും ഡ്രാഗയും ആ രഹസ്യ മുറിയിൽ നിന്നും പുറത്തേക്ക് വന്നു. കൊട്ടാരത്തിനുള്ളിൽ എന്താണ് നടക്കുന്നതിനെ കുറിച്ച് ഒരു ധാരണയും അവർക്ക് ഉണ്ടായിരുന്നില്ല."താൻ രാജാവാണ്. കൊല്ലരുത് " എന്ന് മാത്രം തനിക്ക് മുന്നിൽ നിൽക്കുന്ന ആയുധധാരികളോട് വിളിച്ചു പറഞ്ഞു. ലെഫ്റ്റനന്റ് വെലിമിർ വിമിച്ച് അത് കേട്ടതായി പോലും ഭാവിച്ചില്ല. രാജാവിന് നേരെ വെടിയുതിർക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. തന്റെ ശരീരം കൊണ്ട് രാജാവിനെ രക്ഷിക്കാൻ ഡ്രാഗ നടത്തിയ ശ്രമം പരാജയപ്പെട്ടു. സെർബിയയുടെ രാജാവും രാഞ്ജിയും വെടിയേറ്റ് വീണു. അവരുടെ നിശ്ചലമായ ശരീരം വലിച്ചിഴച്ച് കൊട്ടാരത്തിന്റെ രണ്ടാം നിലയിൽ നിന്നും വിമത സൈനികർ പുറത്തേക്ക് വലിച്ചെറിഞ്ഞു.
![]() |
| alexander / draga |
നേരം പുലർന്നപ്പോഴേക്കും തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയ സെർബ് വംശീയവാദികൾ ഭരണം ഏറ്റെടുത്ത് രാജ്യത്ത് ആഭ്യന്തര അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചു. കൊട്ടാരവളപ്പിലേക്ക് ആനയിക്കപ്പെട്ട ഡ്രാഗയുടെ സഹോദരങ്ങളായ നിക്കോഡിയയും, നിക്കോളയും പീരങ്കികൾക്ക് മുന്നിൽ നിർത്തി ക്രൂരമായി വധിച്ചു. അലക്‌സാണ്ടർക്കും ഡ്രാഗയ്ക്കുമൊപ്പം ഒബ്രനോവിച്ച് കുടുംബത്തോട് വിധേയത്വം പുലർത്തിയിരുന്ന രാഷ്ട്രീയ നേതൃത്വം അതെ രാത്രിയിൽ ഉന്മൂലനം ചെയ്യപ്പെട്ടു. പ്രധാനമന്ത്രി ദിമിത്രി സിംഗാർ മാർക്കോവിച്ച് പ്രതിരോധമന്ത്രി മിലോവാൻ പാവ്‌ലോവിച്ച് എന്നിവരുടെ മാളികകൾ വളഞ്ഞ വിമത സൈനികർ ദുർബലമായ പ്രതിരോധത്തെ തകർത്ത് ഇരുവരെയും അതിനിഷ്ടുരമായി വധിച്ചു.
ജൊവാൻ അവാക്കമോവിച്ച് അധ്യക്ഷനായി വിമത സൈനികസഖ്യം, സെർബിയൻ ദേശീയവാദികളുടെ താത്കാലിക ഭരണകൂടം രൂപികരിച്ചു. 1903 ജൂൺ 14- ന് ചേർന്ന സെർബിയൻ നാഷണൽ അസ്സംബ്ലിയിൽ ജനീവയിൽ അഭയാർത്ഥിയായി കഴിഞ്ഞിരുന്ന പീറ്റർ കാരാജോർജിനെ സെർബിയയുടെ പുതിയ രാജാവായി തെരെഞ്ഞെടുത്തു. തീവ്ര സംഘബോധവും ദേശിയവാദികളുമായ സൈനികർക്കൊപ്പം ചേർന്ന താൻ ലോകത്ത് വലിയൊരു ദുരന്തം വിതയ്ക്കുകയാണെന്ന് പീറ്റർ കാരാജോർജ് അന്ന് അറിഞ്ഞിരുന്നില്ല.
അറുപത്തൊന്നാം വയസ്സിൽ സെർബിയയുടെ രാജാവായി അധികാരം ഏൽക്കുമ്പോൾ പീറ്റർ കാരാജോർജ് സന്തോഷവാനായിരുന്നില്ല. മുത്തച്ചന്റെ തലയെടുത്ത് കോൺസ്റ്റാന്റിനോപ്പിൾ സുല്ത്താന് കാഴ്ച്ച വെച്ച ഒബ്രനോവിച്ചുകളോട് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു. പൊരുതി പരാജയപ്പെട്ട പൂർവികരുടെ ആത്മാക്കൾക്ക് വേണ്ടി ഒരിക്കലെങ്കിലും സെർബിയയുടെ സിഹാസനത്തിൽ അമർന്നിരിക്കണമെന്ന് ആഗ്രഹിച്ച നാളുകളും ഉണ്ടായിരുന്നു. എന്നാൽ അത്തരം ആഗ്രഹങ്ങളും മുറിവുകളെല്ലാം കാലം മായ്ച്ചു കളഞ്ഞിരിക്കുന്നു. ഭരണനേതൃത്വം ഇല്ലാതെ രാജ്യം കലാപത്തിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തുന്നതൊഴിവാക്കാൻ ഇതല്ലാതെ മറ്റൊരു മാർഗം പീറ്ററിന് മുന്നിൽ ഉണ്ടായിരുന്നില്ല.
സെർബിയയിലെ ജനങ്ങൾ രണ്ട് തട്ടായി മാറി കഴിഞ്ഞിരുന്നു. രാജാവിന്റെ ദുർവിധിക്ക് കാരണം അലക്‌സാണ്ടർ മാത്രമെന്ന് വിശ്വസിക്കുന്നവരും രാജ്യത്തെ ജനായത്തവൽക്കരിക്കാൻ ശ്രമിച്ച രാജാവിനെ വധിച്ചവർ ശിക്ഷിക്കപ്പെടണമെന്ന് വാദിക്കുന്നവർ മറുഭാഗത്തും. രാജാവ് വധിക്കപ്പെടുന്നതിന് തൊട്ട് മുൻപ് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചവരെല്ലാം അലക്‌സാണ്ടറിനെ വധിച്ചവരെ ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. ഭരണം ഒരിക്കലും സുഖമമായിരിക്കില്ലെന്ന് പീറ്ററിന് തോന്നിത്തുടങ്ങി. അതിന്റെ പ്രതിഫലനമെന്നോണം നീഷ് നഗരത്തിൽ തന്റെ സർക്കാരിനെതിരെ കലാപം തുടങ്ങി കഴിഞ്ഞു. അവർ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. സൈന്യത്തിൽ ഇപ്പോഴും അലക്‌സാണ്ടറിനോട് വിധേയത്വം പുലർത്തുന്നവരുടെ എണ്ണം കുറവല്ലെന്ന് നീഷിലെ സംഭവം തെളിയിക്കുന്നു.
സൈന്യത്തിലെ ഒബ്രനോവിച്ച് അനുകൂലികൾ ഉയർത്തുന്ന വെല്ലുവിളികൾ മാത്രമായിരുന്നില്ല പ്രശ്നം. സെർബിയൻ സൈന്യം നടത്തിയ പട്ടാള അട്ടിമറിയിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര സമൂഹം സെർബിയക്കെതിരെ തിരിഞ്ഞിരിക്കുന്നു. സെർബിയൻ ദേശീയവാദികൾ നടത്തിയ പട്ടാള അട്ടിമറി തങ്ങൾക്കെതിരെയുള്ള യുദ്ധത്തിന്റെ തുടക്കമാണെന്ന് ഓസ്ട്രിയ - ഹംഗറി ഭരണകൂടങ്ങൾ ഭയപ്പെട്ടു. തങ്ങളുടെ രാജ്യത്തെ സെർബ് ഭൂരിപക്ഷ പ്രദേശങ്ങളിൽ വിഘടനവാദ പ്രവർത്തനങ്ങൾ കൊട്ടാര വിപ്ലവം നടത്തിയവരുടെ സഹായത്തോടെ ശക്തമാകുമെന്ന് അവർക്കറിയാം. അതിനെ ചെറുക്കാനുള്ള വഴികളാണ് അവർ ആലോചിച്ചത്.
സെർബിയയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ച ഓസ്ട്രിയ തങ്ങളുടെ അധീനതയിൽ ഉണ്ടായിരുന്ന ബോസ്നിയയിലും, ഹെർസിഗോവിനയിലും അപ്രഖ്യാപിത അടിയന്തിരാവസ്ഥ ഏർപ്പെടുത്തി. സെർബുകളുടെ ചെറുചലനങ്ങൾ പോലും നിരീക്ഷിക്കാൻ കഴിയും വിധം ഇവിടങ്ങളിൽ ഓസ്ട്രിയൻ സൈന്യത്തിന്റെ കാവൽപ്പുരകൾ ഉയർന്നു. ഓസ്ട്രിയൻ സൈന്യത്തിന്റെ തടവറയിൽ ബോസ്നിയ - ഹെർസിഗോവിനയിലെ നിരപരാധികളായ സെർബ് യുവത്വങ്ങൾ പോലും വേട്ടയാടപ്പെട്ടു.
![]() |
| Peeter I |
സെർബ് ദേശീയവാദികളോടപ്പം ചേർന്ന് അലക്‌സാണ്ടർ ഒബ്രമോവിച്ചിന്റെ ഭരണകൂടത്തെ അട്ടിമറിക്കാൻ സഹായിച്ചതിന്റെ പേരിൽ ദിമിത്രിയെവിച്ചിന്റെ സംഘം വെച്ചു നീട്ടിയ മന്ത്രിസ്ഥാനം ഒരു മുൾകിരീടമാണെന്ന് ഡോർഡോ ജൻസിച്ചിന് തോന്നി തുടങ്ങി. ഓസ്ട്രിയ - ഹംഗാറിക്കൊപ്പം , ബ്രിട്ടനും നെതർലാൻഡും, റഷ്യയുമെല്ലാം തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ബെൽഗ്രേഡിൽ നിന്നും തിരികെ വിളിച്ചിരിക്കുകയാണ്. സെർബിയൻ പ്രതിനിധികളോട് തങ്ങളുടെ രാജ്യത്തു നിന്ന് മടങ്ങാനും അവരാവശ്യപ്പെട്ടു. അവർ അടിച്ചേൽപ്പിക്കുന്ന ഉപരോധങ്ങൾ കൂടിയായപ്പോൾ സെർബിയയ്ക്ക് ഒരു ധനമന്ത്രിയുടെ ആവശ്യം തന്നെ വേണ്ടിവരില്ലെന്ന് ജെൻസിച്ചിന് തോന്നി. രാജഹത്യ നടത്തിയ സൈനിക നേതൃത്വം സൈന്യത്തിലും അധികാരത്തിലും വിഹരിക്കുകയാണെന്നും, അവർ ശിക്ഷിക്കും വരെ സെർബിയയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചിരുന്നു എന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായ ബ്രിട്ടനും സെർബിയൻ രാജാവായിരുന്ന അലസാണ്ടറുമായി നല്ല ബന്ധം തുടർന്ന് പോന്നിരുന്ന റഷ്യയും അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
സെർബിയയുടെ അധികാരം തന്നെ ഏൽപ്പിച്ചവരെ ശിക്ഷിക്കണം എന്നാണ് അന്താരാഷ്ട്ര സമൂഹം തന്നോട് ആവശ്യപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ വീണ്ടുമൊരു കൊട്ടാര വിപ്ലവത്തിന് സെർബിയ വേദിയാകേണ്ടി വരും. അത് പീറ്ററിന് നന്നായി അറിയാം. അന്താരാഷ്ട്ര സമൂഹത്തെ പൂർണ്ണമായും പിണക്കിയാൽ സാമ്പത്തികമായി തകരുകയും രാഷ്ട്രീയമായും ഒറ്റപെട്ടു പോകുകയും ചെയ്യും. അങ്ങനെ സംഭവിച്ചാൽ ആഭ്യന്തര കലാപത്തിലൂടെ സെർബുകളുടെ രാജ്യം ഒരു പക്ഷെ ഭൂപടത്തിൽ നിന്നും മാഞ്ഞുപോയേക്കാം. താൻ അകപ്പെട്ടിരിക്കുന്ന അപകടകരമായ സാഹചര്യം പീറ്റർ കാരാജോർജിനെ ധർമ്മ സങ്കടത്തിലാക്കി.
രാഷ്ട്രീയമായി അസ്ഥിരപ്പെടുന്ന സെർബിയയെ അയൽ രാജ്യങ്ങൾ അക്രമിച്ച് കീഴ്പ്പെടുത്തി വീതം വെക്കുമെന്നും, പൂർവികർ നൂറ്റാണ്ടുകളായി തുർക്കികളിൽ നിന്നും മോചിപ്പിക്കപ്പെട്ട പിതൃരാജ്യം തങ്ങളുടെ മുന്നിൽ ശിഥിലമാക്കപ്പെടുമെന്നും പീറ്റർക്കും ജെൻസിച്ചിനും തോന്നി. കടലിനും ചെകുത്താനുമിടയിൽ അകപ്പെട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും പീറ്റർ രാജാവ് ഇതിനൊരു പരിഹാരമാർഗം തന്നിൽ നിന്നും പ്രതീക്ഷിക്കുന്നതായി ജെൻസിച്ചിന് മനസ്സിലായി.
ജൻസിച്ചിന്റെ നിർദേശപ്രകാരം ദുർബലമായ ഒരു വിചാരണയ്ക്ക് ശേഷം സൈന്യത്തിലെ ചില വ്യക്തികളെ രാജാവ് പിരിച്ചുവിട്ടു. അട്ടിമറിക്ക് നേതൃത്വം നൽകിയ മറ്റുചിലരെ പ്രധാന പദവികളിൽ നിന്നും ഒഴിവാക്കപ്പെട്ടു. പകരം അവർ വഹിച്ചിരുന്നതിനേക്കാൾ ഉന്നതമായ പദവികൾ നൽകി അത്തരക്കാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കുകയാണ് ഉണ്ടായത്. അതെ സമയം കൊട്ടാര വിപ്ലവത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച ദിമിത്രിയെവിച്ച് കേണൽ പദവിയിലേക്ക് ഉയർന്നു. സെർബിയൻ പട്ടാളത്തിന്റെ ഇന്റലിജൻസ് വിഭാഗത്തിൽ ജോലി നോക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ വിശാല സെർബിയ സ്ഥാപിക്കുന്നതിനെ കുറിച്ചായിരുന്നു. അതിന് വേണ്ടി ബ്ലാക്ക് ഹാൻഡ് സീക്രട്ട് സൊസൈറ്റി എന്ന സംഘടന സ്ഥാപിക്കാൻ തീരുമാനിച്ചു. അതിനായി തന്റെ പഴയ സുഹൃത്തുക്കളെ അദ്ദേഹം ഒരിക്കൽ കൂടി വിളിച്ചു ചേർത്തു.
⬑⬑⬑ ⭅⭅⭅ 🔀🔁🔂 🔂🔂🔂
സെർബിയൻ വംശീയ വിദ്വേഷത്തിന്റെ കനലുകൾ ആളിക്കത്തിയ സമയത്ത്, സാമ്പത്തിക ഉപരോധങ്ങളിൽ അവർ തകർന്ന് നിന്ന കാലത്ത്, യൂറോപ്പിന്റ മറ്റൊരു ഭാഗത്ത് ജർമ്മനി എന്ന രാജ്യം അസൂയവകമായ നേട്ടങ്ങൾ കയ്യെത്തി പിടിക്കുകയായിരുന്നു. കീർഷൻ, ഡെസൽഡോർഫ്, എസ്സൽ, ഡ്യൂസ്ബെർഗ് തുടങ്ങി ജർമ്മനിയിലെ ചെറുനഗരങ്ങൾ പോലും വ്യവസായിക കുതിച്ചു ചാട്ടമാണ് നടത്തി കൊണ്ടിരിക്കുന്നത്. നഗര പ്രദേശങ്ങളിലെ ഫാക്ടറികൾ രാവും പകലും ഇല്ലാതെ ഉണർന്നിരിക്കുകയാണ്. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്‌ത് ലോകത്തിലെ പ്രധാന കമ്പോള ശക്തിയായി കഴിഞ്ഞിരുന്നു ബ്രിട്ടന്റെയും, ഫ്രാൻസിന്റെയും പുരോഗതി ജർമ്മനിയിലെ ജനങ്ങളെയും ഭരണകൂടത്തെയും ഒരുപോലെ സ്വാധീനിച്ചിരുന്നു. കൽക്കരിയുടെയും ഇരുമ്പുരുക്ക് വ്യവസായത്തിനാവശ്യമായ വിഭവങ്ങളുടെയും കാര്യത്തിൽ യൂറോപ്പിലെ മറ്റേതൊരു രാജ്യത്തെക്കാളും ഒരുപിടി മുന്നിലായിരുന്നു ജർമ്മനി. അതായിരുന്നു അവരുടെ ശക്തിയും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും കയ്യടക്കി വെച്ചിരുന്ന അന്താരാഷ്ട്ര വിപണിയിൽ വളരെ കുറച്ച് സ്വാധീനം മാത്രമേ ജർമനിക്ക് ഉണ്ടായിരുന്നുള്ളു. യൂറോപ്പിന്റെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കി അന്താരാഷ്ട്ര വിപണിയിൽ ചുവടുറപ്പിക്കുക എന്ന തന്ത്രം പരീക്ഷിക്കാൻ ജർമൻ ചക്രവർത്തി കൈസർ വില്ല്യം രണ്ടാമൻ തീരുമാനിച്ചതും അതുകൊണ്ടാണ്.
ജർമൻ നാവിക മേധാവിയായിരുന്ന അഡ്മിറൽ ഓൺ ട്രിപ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചു വരുത്തി തന്റെ മനസിലുള്ള കാര്യം കൈസർ ചക്രവർത്തി മുഖവുരയില്ലാതെ തന്നെ വെളിപ്പെടുത്തി. "ജർമ്മനി വളരുകയാണ്. സൂര്യന് താഴെ നമുക്കൊരിടം വേണം ". ചക്രവർത്തി എന്താണ് ഉദ്ദേശിക്കുന്നതെന്ന് അഡ്മിറൽ ട്രിപ്സിന് ആദ്യം മനസിലായില്ല. അദ്ദേഹം തുടരുകയാണ്, കോളനികളും കമ്പോളങ്ങളും സ്ഥാപിക്കുന്നതിൽ ജർമനിയുടെ പൂർവികർ ആംഗ്ലോ - ഫ്രഞ്ച് ശക്തികൾക്ക് മുൻപിൽ പരാജയപ്പെട്ടു എന്നത് സത്യമാണ്. പക്ഷെ യൂറോപ്പിലെ പ്രമുഖ വ്യാവസായിക രാജ്യങ്ങൾക്കൊപ്പമാണ് നമ്മളിപ്പോൾ. ആൾശേഷിയിലും ആയുധ ശേഷിയിലും ജർമ്മൻ കരസേനയോട് കിടപിടിക്കുന്ന മറ്റൊരു ശക്തി ലോകരാജ്യങ്ങൾക്കിടയിൽ ഇല്ല. പക്ഷെ നാവികസേനയുടെ കാര്യം അങ്ങനെയല്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നാവികശേഷിയുമായി തട്ടിച്ചു നോക്കുമ്പോൾ നാം തീരെ ദുർബലർ. കൈസറുടെ കണ്ണുകൾ ഒന്ന് കുറുകി. 'ഈ അവസ്ഥ മാറിയേ മതിയാവു ' അത് പറയുമ്പോൾ കൈസറുടെ സ്വരമുയർന്നിരുന്നു. നമ്മുടെ ഉരുക്കു മുഷ്ടിയെ ശത്രു രാജ്യങ്ങൾ ഭയക്കണം. നിങ്ങളിൽ എനിക്ക് പൂർണ വിശ്വാസം ഉണ്ട്.കുറച്ച് നേരം കൈസർ ട്രിപ്സിന്റെ കണ്ണുകളിലേക്ക് തന്നെ തുറിച്ചു നോക്കി. ചക്രവർത്തി ഒരു മറുപടി തന്നിൽ നിന്നും പ്രതീക്ഷിക്കുന്നതായി ട്രിപ്സിന് തോന്നി.
കൊട്ടാരത്തിൽ നിന്നും മടങ്ങുമ്പോൾ അഡ്മിറൽ ട്രിപ്സിന്റെ മനസ് മുഴുവൻ ചക്രവർത്തിയുടെ വാക്കുകൾ തന്നെയായിരുന്നു. ജർമ്മൻ നാവിക സേനയെ ഏതൊരു രാജ്യത്തോടും കിടപിടിക്കുന്ന രീതിയിൽ ശക്തമാക്കാൻ രാജാവ് ആഗ്രഹിക്കുന്നു. ആ ഉത്തരവാദിത്തം തന്നെ ഏല്പിച്ചിരിക്കുന്നു. വ്യവസായങ്ങൾ കൊണ്ട് സമ്പന്നമാണ് ജർമ്മനി, അതുകൊണ്ട് പണം ഒരിക്കലും തടസ്സമാവില്ലെന്ന് ട്രിപ്സിനറിയാം. പാർലമെന്റ് ഉണ്ടെങ്കിലും ചക്രവർത്തി തന്നെയാണ് പരമാധികാരി. രാജാവും സൈനിക നേതൃത്വവും ചേർന്നെടുക്കുന്ന തീരുമാനങ്ങളെ എതിർക്കാൻ പാർലമെന്റ് അശക്തം. കോളനികൾക്കും, വിപണികൾക്കും വേണ്ടി ജർമ്മനി സജ്ജമാക്കണമെന്ന് ചക്രവർത്തി പറഞ്ഞതിന്റെ പൊരുൾ നാവിക സേനയെ നവീകരിക്കുന്നതിനോടപ്പം ചക്രവർത്തി ആഗ്രഹിക്കുന്ന യുദ്ധത്തിനുള്ള തന്ത്രങ്ങൾ കൂടി ട്രിപ്സിന്റെ തലച്ചോറിൽ രൂപപ്പെട്ടു തുടങ്ങി.
ജർമ്മനി കോളനികൾക്കും വിപണികൾക്കും വേണ്ടിയുള്ള ശക്തി സംഭരിക്കുന്നതിനിടയിൽ ആ രാജ്യത്തിന്റെയും ലോകത്തിന്റെയും ചരിത്രം മാറ്റിയെഴുതാൻ വിധിക്കപ്പെട്ട ഒരു മനുഷ്യൻ ഓസ്ട്രിയയിലെ ഇൻ നദിതീരത്തുള്ള ബ്രോണം എന്ന ചെറു പട്ടണത്തിൽ നിന്നും വിയന്നയിൽ എത്തിച്ചേർന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചിരുന്ന അയാൾ ബ്രഷുകളും നിറക്കൂട്ടുകളും ഉണ്ടായിരുന്ന മാറാപ്പ് തോളിലേറി മനസ്സിൽ ഒരുപാട് നിറമുള്ള സ്വപ്നങ്ങളുമായി വിയന്ന നഗരത്തിന്റെ തിരക്കുകളിലേക്ക് അലിഞ്ഞു ചേർന്നു. ഷിക്കിൾ ഗബ്ബർ എന്ന ഓമനപേരിലായിരുന്നു ആ യുവാവ് അറിയപ്പെട്ടിരുന്നത്. പക്ഷെ ലോകം അവനെ തിരിച്ചറിഞ്ഞത് മറ്റൊരു പേരിലായിരുന്നു.., അഡോൾഫ് ഹിറ്റ്ലർ !...




No comments:
Post a Comment