മായൻ ജനതയെ കൊന്നൊടുക്കിയത് യുദ്ധമോ, കൊടും വരൾച്ചയോ...?
ശാസ്ത്രം എപ്പോഴും നവീകരിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ്. ചരിത്രവും അതുപോലെ തന്നെ. പുതിയ അന്വേഷണങ്ങൾ പുതിയ നിഗമനങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും മനുഷ്യനെ കൊണ്ട് ചെന്നെത്തിക്കുന്നു. ചരിത്ര സാമഗ്രികളുടെ തെളിവുകൾ മുൻനിർത്തി വസ്തുതാപരമായി സുതാര്യവും നീതിയുക്തമായ ചരിത്രം നിർമ്മാണമാണ് ഉണ്ടാവേണ്ടത്. സിന്ധുനദിതട സംസ്കാരം തകരാൻ ഇടയായ കാരണം പോലെ ആഞ്ജാതമാണ് മായൻ സംസ്കാരം തകരാൻ ഇടയാക്കിയ കാരണങ്ങളും. വ്യത്യസ്ത അഭിപ്രായങ്ങൾ രണ്ട് സംസ്കാരങ്ങളുടെയും തകർച്ചയ്ക്ക് നിദാനമായി നിലനിൽക്കുന്നു. അടുത്തിടെ പ്രസിദ്ധികരിച്ച "പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ്" ജേർണൽ, മായൻ സംസ്കാരം അധഃപതിക്കാൻ കാരണമായ പുതിയൊരു നിഗമനം കൂടി ചില തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് വെച്ചിരിക്കുകയാണ്.
ഒരുകാലത്ത് ലോകത്തെ അതിശയിപ്പിച്ച ജനതയായിരുന്നു മായന്മാർ. സ്വന്തമായി ഭാഷ, കലണ്ടർ, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, വനശാസ്ത്രം, ചിത്രംവര, കൃഷി തുടങ്ങിയവയിൽ അഗാധമായ അറിവ്. കെട്ടിടനിർമ്മാണത്തിൽ അഗ്രഗണ്യർ. മായൻ വംശജർ കൈവെക്കാത്ത മേഖലകളുണ്ടായിരുന്നില്ല. "മീസോ അമേരിക്ക" (mesoamerica ) എന്ന് വിളിക്കുന്ന പ്രദേശത്ത് 2000 BCE മുതൽ ഏതാണ്ട് 1000 CE വരെ മായന്മാരുടെ പ്രാചീന നാഗരികത നിലനിന്നു. പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് പുരാവസ്തു ഗവേഷകർ ഇവരുടെ സംസ്കൃതിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. 2000 BCE മുതൽ CE 250 വരെ പ്രീ ക്ലാസിക്, CE 250 മുതൽ CE 900 വരെ ക്ലാസിക് (സുവർണ കാലഘട്ടം ), CE 900 മുതൽ CE 1519 വരെ പോസ്റ്റ് ക്ലാസിക് കാലഘട്ടം എന്നിങ്ങനെയാണ്. വടക്കൻ മെക്സിക്കോ മുതൽ തെക്ക് മധ്യ അമേരിക്ക വരെ പടർന്നു കിടന്നിരുന്ന പ്രദേശങ്ങളിൽ എല്ലാം മായൻ സാന്നിധ്യമുണ്ടായിരുന്നു. ഒരു കാലത്ത് ഉഗ്രപ്രതാപത്തോടെ ജീവിച്ചിരുന്ന മായന്മാർ ക്ലാസിക് കാലഘട്ടത്തിന്റെ അവസാനമായതോടെ പെട്ടന്ന് ചീട്ടു കൊട്ടാരം പോലെ തകർന്ന് ഇല്ലാതാവുകയായിരുന്നു. ഒൻപതാം നൂറ്റാണ്ടിലാണ് മായൻ മേഖലയിൽ വലിയ രാഷ്ട്രീയ പതനം സംഭവിച്ചത്. അധികാര കേന്ദ്രങ്ങൾ അപ്രത്യക്ഷമായതോടെ നഗരങ്ങൾ ഉപേക്ഷിക്കപ്പെട്ടു. മായൻ ജനതയിൽ ചെറിയൊരു പങ്ക് അതിജീവിച്ചെങ്കിലും നഷ്ടപ്രതാപം വീണ്ടെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. ആ മഹാസംസ്കാരം അപ്രത്യക്ഷമായതിന്റെ കാരണങ്ങൾ ഇന്നും നിഗൂഢമാണ്. എങ്കിലും അതിനെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.
മായന്മാരെ ആരെങ്കിലും ആക്രമിച്ചു നശിപ്പിച്ചതോ? അല്ലെങ്കിൽ ഏതെങ്കിലും മാരകരോഗമോ? വരൾച്ചയോ? അവരുടെ നാശത്തിന് പിന്നിലെ കാരണമെന്താണെന്ന് പുരാവസ്തു ഗവേഷകർക്ക് ഇനിയും പിടികിട്ടിയിട്ടില്ല. എങ്കിലും 3000 വർഷങ്ങൾക്ക് മുൻപ് മായന്മാർ കെട്ടിപ്പൊക്കിയ കരിങ്കൽ സൗധങ്ങൾ ഉൾപ്പെടെ ഇന്നും ലോകത്തെ ഞെട്ടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മായന്മാരുടെ ചരിത്രം തേടിയുള്ള യാത്രയ്ക്കിടെ മധ്യ അമേരിക്കയിലെ ബെലീസ് കാട്ടിൽ നിന്നും ലഭിച്ച രണ്ട് തലയോട്ടികളാണ് ഗവേഷകരെ പുതിയ നിഗമനത്തിലെത്താൻ പ്രേരിപ്പിച്ചത്. രണ്ട് തലയോട്ടിയിലും നടത്തിയ നിരീക്ഷണത്തിൽ ഒരു കാര്യം അവർക്ക് വ്യക്തമായി മനുഷ്യ മാംസം വലിച്ചു പറിച്ചു കളഞ്ഞു രണ്ടിലും പെയിന്റ് അടിച്ചിരുന്നു.
മായന്മാർ പൊതുവെ ശാന്ത സ്വഭാവം ഉള്ളവർ ആയിരുന്നില്ല, മറിച്ച് പ്രശനക്കാർ ആയിരുന്നു. രണ്ട് തലയോട്ടികളും ആ വസ്തുത ശെരി വയ്ക്കുന്നതും ആയിരുന്നു. യുദ്ധത്തിൽ ജയിക്കുമ്പോൾ എതിരാളിയുടെ തലയറുത്ത് തയ്യാറാക്കുന്നതാണത്രേ ആ തലയോട്ടികൾ. അത് യുദ്ധചിഹ്നമായി കഴുത്തിൽ ചാർത്തുകയും ചെയ്യും. ഒരു യുദ്ധവീരന്റെ കല്ലറയെന്ന് കരുതുന്നതിൽ നിന്നും ലഭിച്ച തലയോട്ടികൾ ഗവേഷകരെ അത്തരമൊരു നിഗമനത്തിലെത്തിക്കാൻ കാരണമുണ്ട്. മായൻ നഗരങ്ങളിൽ പലയിടത്തു നിന്നായി കണ്ടെത്തിയ പാറകളിലും, പാത്രങ്ങളിലുമെല്ലാം തലയോട്ടിയണിഞ്ഞ യുദ്ധവീരന്മാരുടെ ചിത്രം വരച്ചിട്ടിരിക്കുന്നത് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
കണ്ടെടുക്കപ്പെട്ട തലയോട്ടികൾ പലയിടത്തും തുളച്ച നിലയിലായിരുന്നു. ഇത് ഭാഗികമായി തൂവലുകൾ വെയ്ക്കാനും തുകൽ കൊണ്ടുള്ള വള്ളി തലയോട്ടികളിലേക്ക് കടത്താനും വേണ്ടിയുള്ളതാണെന്ന് കരുതുന്നത്. തലയോട്ടിയുടെ പുറകുവശം ചെത്തി നിരപ്പാക്കിയിരുന്നു. യോദ്ധാക്കളുടെ നെഞ്ചിനോട് ചേർന്ന് നിൽക്കുന്നതിന് വേണ്ടിയായിരുന്നു അത്. കൂടാതെ താടിയെല്ലുകളും മറ്റും ഊർന്ന് പോകാതിരിക്കാനുമുള്ള സംവിധാനവും ഉണ്ടായിരുന്നു. ചില അജ്ഞാത ഭാഷയിലുള്ള എഴുത്തും തലയോട്ടിയിൽ കോറി വരച്ചിരുന്നു. ചുവന്ന പെയിന്റാണ് ഭംഗി വരുത്താൻ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ യുദ്ധത്തിൽ ജയിക്കുന്നവരെ കൊന്ന് തലയെടുക്കുന്ന മായൻ രീതി ആദ്യമായാണ് തിരിച്ചറിയുന്നതെന്ന് മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആന്ത്രപ്പോളജി ഗവേഷകനായ ഗബ്രിയേൽ റോബൻ പറയുന്നത്.
ഒരുപക്ഷെ മായന്മാരുടെ നാശത്തിന് കാരണമായതും അവർക്കിടയിൽ തന്നെ അധികാരത്തിന് വേണ്ടി നടന്ന യുദ്ധവുമായിരിക്കാം. ബെലീസിൽ നിന്നും ഒൻപതാം നൂറ്റാണ്ടോടെ മായന്മാർ കൂട്ടപലായനം ചെയ്തിരുന്നെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രാജകുടുംബത്തെ കൊന്നൊടുക്കിയതിന്റെയും കെട്ടിടങ്ങളും ശവക്കല്ലറകളും തകർന്നതിന്റെയും തെളിവുകളും ലഭിച്ചിരുന്നു.
1995 മുതൽ കേബ്രിഡ്ജ് സർവ്വകലാശാലയിലെ ഡേവിഡ് ഹോഡലും സംഘവും ഇരുപത്തിമൂന്ന് വർഷത്തോളം നടത്തിയ നീണ്ട പഠനത്തിനൊടുവിൽ മായന്മാരുടെ നാശത്തിന് കാരണമായി തീർന്നത് കൊടും വരൾച്ചയായിരുന്നു എന്നാണ് അഭിപ്രായംപ്പെട്ടിരുന്നത്. അക്കാലത്ത് മായൻ മേഖലയിൽ പതിറ്റാണ്ടോളം 70% മഴ വരെ കുറഞ്ഞിരുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ (സയൻസ് ജേർണൽ Aug-3, 2018). ഇത്ര കഠിനമായ വരൾച്ചയെ അതിജീവിക്കുകയെന്നത് ഇന്നത്തെ കാലത്ത് പോലും പ്രയാസമാണ്. കാർഷിക വിളകളെ (ചോളം, ബീൻസ്, ക്വാഷ് ) ആശ്രയിച്ചിരുന്ന സമൂഹമാണ് മയന്മാരുടേത്. മായൻ സുവർണ്ണയുഗത്തിന്റെ അന്ത്യമാകുമ്പോഴേക്കും ആ പ്രദേശത്തിന് താങ്ങാവുന്നതിലധികം ജനപ്പെരുപ്പം ഉണ്ടായി. മായൻ എൻജിനിയർമാർ കൂടുതൽ സ്ഥലങ്ങൾ കൃഷിക്ക് യോഗ്യമാക്കി. അതിനായി കൂടുതൽ കനാലുകളും ജലസംഭരണികളും ഉണ്ടാക്കി. കൊടും വരൾച്ച പതിറ്റാണ്ടുകളോളം തുടർന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു. വിളനാശവും ക്ഷാമവും ഉണ്ടാക്കിയ വറുതിക്കൊപ്പം യുദ്ധവും രാഷ്ട്രീയ അനിശ്ചിതത്വവും അണിചേർന്നപ്പോൾ മായൻ സംസ്കാരം തകരാൻ അത് കാരണമായി തീർന്നിട്ടുണ്ടാകാം.
ആയിരം വർഷങ്ങൾക്ക് മുൻപ് ഒരിടത്ത് മഴ കുറഞ്ഞതിന്റെ കണക്ക് എങ്ങനെ മനസിലാക്കാം? ഇത് തെളിയിക്കാൻ വേണ്ടി മായന്മാർ താമസിച്ചിരുന്ന തെക്കൻ മെക്സിക്കോയിലെ യുക്കാറ്റൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ചിച്ചാൻകനാവ് തടാകം (Lake chichancanab ) ത്തെ ഉപയോഗിച്ചു. ഈ തടാകത്തിന്റെ പ്രത്യേകത, അതിന്റെ അടിത്തട്ട് കളിമണ്ണിനാൽ ദൃഢീകരിക്കപ്പെട്ടിരുന്നതിനാൽ മഴയിലൂടെ മാത്രമേ തടാകത്തിൽ വെള്ളമെത്തു എന്നതാണ്. ബാഷ്‌പീകരണത്തിലൂടെ മാത്രമേ തടാകത്തിൽ നിന്നും ജലം പുറത്തേക്ക് പോകുകയുള്ളു. ഈ പ്രത്യേകതകൾ മൂലം കടൽജലം പോലെ ലവണരസമുള്ളതാണ് ഈ തടാകത്തിലെ വെള്ളത്തിന്. അക്കാരണം കൊണ്ട് കൂടിയാണ് മായൻഭാഷയിൽ "ചെറുസമുദ്രം" എന്നർത്ഥമുള്ള "ചിച്ചാൻകനാവ് " എന്ന പേരിൽ അറിയപ്പെടുന്നത്.
![]() |
| ചിച്ചാൻകനാവ് തടാകം |
മഴ കൊണ്ട് മാത്രം നിലനിൽക്കുന്നതിനാൽ, കുറേകാലം മഴ കിട്ടാതെ വന്നാൽ തടാകം വറ്റി അടിത്തട്ടിലെ ചെളിയിൽ മഞ്ഞുകട്ടകൾ പോലുള്ള ജിപ്സം പരലുകൾ രൂപപ്പെടും. മൃദുവായ സൾഫേറ്റ് ധാതു (കാൽസ്യം സൾഫേറ്റ് ഡൈഹൈഡ്രേടറ്റ് ) ആണ് ജിപ്സം. ഗവേഷകരുടെ പരിശോധനയിൽ ചിച്ചാൻകനാവ് തടാകത്തിൽ കഴിഞ്ഞ അയ്യായിരം വർഷത്തിനിടെ ജിപ്സം രൂപപ്പെട്ടത് ഒരു കാലഘട്ടത്തിൽ മാത്രമാണെന്ന് കണ്ടെത്താൻ കഴിഞ്ഞു. അത് മായൻ സംസ്കാരം തകരുന്ന ഘട്ടത്തിൽ ആയിരുന്നു. അതിനർത്ഥം മായൻ ജനത തകർച്ച നേരിടുന്ന ഘട്ടത്തിൽ തടാകം വറ്റുന്ന തരത്തിൽ വരൾച്ച ആ പ്രദേശത്തെ ബാധിച്ചിരുന്നു എന്നാണ്.
"ചിച്ചാൻകനാവ് തടാകം ഒരർത്ഥത്തിൽ സ്വർണഖനി പോലെയാണ്. എന്നാലിവിടെ സ്വർണത്തിന് പകരം ജിപ്സമാണുള്ളത്"- ഫ്ലോറിഡ സർവ്വകലാശാലയിലെ ഗവേഷകൻ മാർക്ക് ബ്രണ്ണർ പറയുന്നു. ജിപ്സം രൂപപ്പെടുന്നവേളയിൽ അതിന്റെ പരൽഘടനയ്ക്കുള്ളിൽ ജലകണങ്ങൾ കുടുക്കിലാകും. ആ പ്രാചീന ജലതന്മാത്രകളെ ജിപ്സം സൂക്ഷിച്ചു വെക്കുന്നു. 'അതിനെ ഫോസിൽ ജലം' എന്ന് വിളിക്കാം - പഠനത്തിൽ പങ്കാളിയായ കാംബ്രിഡ്ജ് സർവകലാശാലയിലെ നിക്ക് ഇവാൻസ് പറയുന്നു.
കഠിന വരൾച്ചയിൽ തടാകത്തിൽ നിന്ന് ഭാരം കുറഞ്ഞ ആറ്റങ്ങളാണ് ആദ്യം ബാഷ്‌പീകരിച്ചു പോകുക. ഭാരമേറിയ ആറ്റങ്ങൾ ബാഷ്‌പീകരിക്കപ്പെടാതെ ജിപ്സം പരലുകളിൽ അവശേഷിക്കും. ഭാരമേറിയ ആറ്റങ്ങളാണ് ജിപ്സത്തിൽ അവശേഷിപ്പിക്കുന്നത് എന്നതും ആ കാലഘട്ടത്തിൽ വരൾച്ച ഉണ്ടായി എന്നതിന് തെളിവാണ്. ജിപ്സത്തിൽ കുടുങ്ങിയ വ്യത്യസ്‍ത ഐസോടോപുകളെ വിശകലനം ചെയ്താണ്, ഏതാണ്ട് ആയിരം വർഷം മുൻപ് പതിറ്റാണ്ടുകൾ നീണ്ട രണ്ട് കൊടിയ വരൾച്ചയ്ക്ക് മായൻ മേഖല ഇരയായി എന്ന നിഗമനത്തിൽ ഗവേഷകരെത്തിയത്. ആദ്യ വരൾച്ചക്കാലം 750 മുതൽ 850 CE വരെയും, അടുത്തത് 950 മുതൽ 1050 CE വരെയും ആയിരുന്നു.
രണ്ടാമത്തെ വരൾച്ചയോടെ, മായൻ സംസ്കാരം ഏതാണ്ട് അന്ത്യത്തിൽ എത്തിയിരുന്നു. ഭക്ഷ്യലഭ്യത കുറഞ്ഞു , തമ്മിലടി കൂടി, ജനങ്ങൾ വൻതോതിൽ നഗരങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞു. കൂടാതെ ജനസംഖ്യ വൻതോതിൽ കുറയുകയും ചെയ്തു. ജനസംഖ്യ കുറവ് 90% വരെ ചുരുങ്ങിയെന്ന് കണക്കാക്കുന്നു. ചിച്ചെൻ ഇറ്റ്സ (chichen Itza ), മായപാൻ (mayapan ) തുടങ്ങിയ ചുരുക്കം പ്രദേശങ്ങളിലേക്ക് മാത്രമായി മായന്മാരുടെ ആവാസമേഖല ചുരുങ്ങി. മായൻ സംസ്കാരം തകരാൻ കാരണം വരൾച്ച മാത്രമാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല എന്നാണ് ഗവേഷകൻ ബ്രണ്ണർ പറയുന്നത്. എന്നാൽ നീണ്ടുനിന്ന വിനാശകാരിയായ വരൾച്ച ഒരു പ്രധാന കാരണമായി തീർന്നു.
"ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പത്തെ മഴയുടെ തോതും അന്തരീക്ഷ ബാഷ്പവും നിർണ്ണയിക്കാൻ കഴിയുന്നത് അത്ഭുതകരമെന്നാണ് " പഠനത്തിന് നേതൃത്വം നൽകിയ ഡേവിഡ് ഹോഡൽ പറയുന്നത്. ജിപ്സത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ, ഏത് തടാകത്തിലും, എന്തിന് ചൊവ്വയിലെ തടാകത്തിൽ പോലും, തങ്ങൾ അവലംബിച്ച മാർഗം പ്രസക്തമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മായന്മാരിലെ ഒരു വിഭാഗം യുദ്ധം കാരണവും മറുവിഭാഗം കൊടും വരൾച്ച കാരണവും ഇല്ലാതായതെന്ന നിഗമനത്തിലാണ് ഇപ്പോൾ ഗവേഷകർ വിശ്വസിക്കുന്നത്.





No comments:
Post a Comment