Monday, September 30, 2019

മോഹൻദാസിൽ നിന്ന് മഹാത്മയിലേക്കുള്ള വളർച്ചയും ജീവിത സമരങ്ങളും.

മോഹൻദാസ് കരംചന്ദ് ഗാന്ധിയെ നമ്മൾ വിളിക്കുന്നത് 'മഹാത്മാ' എന്നാണ്. ദീര്‍ഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോട് പോരാടാൻ അദ്ദേഹം ഇന്ത്യൻ ജനതയ്ക്ക് പ്രചോദനമേകി. മുന്നിൽ നിന്ന് നയിച്ചു. പാവപ്പെട്ടവരുടെ അവകാശങ്ങൾക്കായി പോരാടി. അദ്ദേഹം മുന്നോട്ടുവെച്ച അഹിംസ എന്ന സമരായുധം ലോകമെങ്ങും പ്രസിദ്ധിനേടി. സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ച് സുഖലോലുപതയിൽ വളർന്ന അദ്ദേഹം എങ്ങനെയാണ് പിൽക്കാലത്ത് ഏറ്റവും ദരിദ്രമായ ചുറ്റുപാടുകളിൽ കഴിയാനും പാവങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനും ഒക്കെ തീരുമാനിക്കുന്നത്? എന്തിനാണ് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടി ദുരിതങ്ങൾ ഏറ്റുവാങ്ങുന്നത്? ചെറുപ്പത്തിൽ തികഞ്ഞ വിപ്ലവകാരിയായിരുന്ന മോഹൻദാസ് കരംചന്ദ് പിന്നീടെങ്ങനെയാണ് അഹിംസ പോലെ പ്രയോഗികകമാക്കാൻ ഏറെ പ്രയാസമുള്ള ഒരു കർമ്മപദ്ധതിയിലേക്ക് എത്തിപ്പെടുന്നത്?
1869 ഒക്ടോബർ രണ്ടിന് ഉത്തരഭാരതത്തിലെ പോർബന്ദറിൽ ആയിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം. അതിസമ്പന്നമായിരുന്നു ഗാന്ധിയുടെ കുടുംബം. പോര്‍ബന്തർ രാജാവിന്റെ ദിവാനായിരുന്നു അച്ഛൻ കരംചന്ദ് ഗാന്ധി. അദ്ദേഹത്തിന്റെ ആദ്യ രണ്ടു ഭാര്യമാരും അകാലത്തിൽ അന്തരിച്ചു. രണ്ടിലും ഓരോ പെൺകുഞ്ഞു വച്ച് ഉണ്ടായിരുന്നു. മൂന്നാമത്തെ വിവാഹത്തിൽ സന്താനയോഗമുണ്ടായില്ല ഏറെക്കാലം. ഒടുവിൽ മൂന്നാമത്തെ ഭാര്യയുടെ സമ്മതത്തോടെ 1844 -ൽ അദ്ദേഹം നാലാമത് ഒരു വിവാഹം കഴിക്കുന്നു. അവരാണ് ഗാന്ധിജിയുടെ അമ്മ പുത്‌ലി ബായ്. ആദ്യത്തെ ഇരുപത്തഞ്ചു വർഷത്തിനുള്ളിൽ പുത്‌ലി ബായ്-കരംചന്ദ് ദമ്പതിമാര്‍ക്ക് ലക്ഷ്മിദാസ്, റാലിയെത്ബെഹൻ, കർസൺദാസ് എന്നിങ്ങനെ മൂന്ന് കുഞ്ഞുങ്ങളുണ്ടാകുന്നു. വിവാഹത്തിന്റെ ഇരുപത്തഞ്ചാം വർഷം പുത്‌ലി ബായ്ക്ക് അവസാനമായി ഒരു ആൺകുട്ടി കൂടി ജനിക്കുന്നു. അവനെ അവർ മോഹൻ ദാസ് എന്ന് പേരിട്ടുവിളിക്കുന്നു.
ചെറുപ്പത്തിൽ വെരുകിന്റെ സ്വഭാവമായിരുന്നു മോഹൻദാസിന് എന്നാണ് സഹോദരങ്ങളുടെ ഓർമ. വളർത്തുനായ്ക്കളുടെ ചെവി പിടിച്ച് വലിക്കലായിരുന്നു അന്നത്തെ ഒരു പ്രധാന വിനോദം. അമ്മയിൽ നിന്നുകേട്ട രാജാ ഹരിശ്ചന്ദ്രയുടെയും ശ്രാവണന്റെയുമൊക്കെ കഥകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. ഹരിശ്ചന്ദ്രനായി വേഷം കെട്ടി പലവുരു അദ്ദേഹം തന്റെ ബാല്യത്തിൽ കണ്ണാടിക്കുമുന്നിൽ പകർന്നാടി. സത്യത്തോടും മനുഷ്യസ്നേഹത്തോടുമൊക്കെയുള്ള ആദ്യപരിചയങ്ങൾ ഈ കഥകളാവും. അദ്ദേഹത്തിന്റെ ബാല്യത്തിലെ മറ്റൊരു സ്വാധീനം അച്ഛനമ്മമാരുടെ ജാതിയായിരുന്നു. അമ്മ ഒരു വൈഷ്ണവ ഹിന്ദുവായിരുന്നു. തികഞ്ഞ വിശ്വാസിയും ആചാരങ്ങളിൽ ജീവിക്കുന്നവരുമായിരുന്നു അവർ. അച്ഛൻ ജാത്യാൽ ഒരു ബനിയ ആയിരുന്നു. കച്ചവടമാണ് ഗുജറാത്തിലെ ബനിയകളുടെ പരമ്പരാഗത തൊഴിലായി കണക്കാക്കപ്പെടുന്നത്.
ആയിടയ്ക്കാണ് അച്ഛന് പോർബന്തറിൽ നിന്ന് രാജ്കോട്ടിലെക്ക് മാറ്റമുണ്ടാകുന്നത്. അവിടെ ഒരു പ്രാദേശിക സ്‌കൂളിൽ അദ്ദേഹത്തെ ചേർക്കുന്നു. പതിനൊന്നാം വയസ്സിൽ രാജ്‌കോട്ടിലെ ഒരു ഹൈസ്‌കൂളിൽ ചേരുന്നു. പുസ്തകപ്പുഴുവായ ഒരു അന്തർമുഖനായിരുന്നു മോഹൻദാസ് സ്‌കൂളിൽ. ജ്യേഷ്ഠസഹോദരനാണ് സ്‌കൂളിൽ വെച്ച് ആദ്യമായി ഷെയ്ഖ് മെഹ്താബ് എന്നൊരു മുസ്ലിമിനെ മോഹൻദാസിന് പരിചയപ്പെടുത്തുന്നത്. ശുദ്ധ വെജിറ്റേറിയനായിരുന്ന മോഹൻദാസ് പുതിയ സുഹൃത്തിന്റെ പ്രേരണയിൽ, ഉയരം കൂടുമെന്ന പ്രതീക്ഷയിന്മേൽ, മാംസഭോജനം വരെ നടത്തുന്നതായി അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങളിൽ വെളിപ്പെടുത്തുന്നുണ്ട്. മോഹൻദാസിനെ ഒരു ദിവസം ഷെയ്ഖ് നഗരത്തിലെ ഒരു വേശ്യാലയത്തിലേക്കുവരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. അവിചാരിതമായി ലൈംഗികതയ്ക്ക് മുന്നിൽ കൊണ്ടു നിർത്തപ്പെട്ടപ്പോൾ പകച്ചുനിന്നുപോയി മോഹൻദാസ്. വളരെ വിചിത്രമായി പ്രതികരിച്ച മോഹൻദാസിന്റെ വേശ്യാലയത്തിന്റെ നടത്തിപ്പുകാർ അടിച്ചു വെളിയിലാക്കുന്നു. അതോടെ ഷെയ്‌ഖുമായുള്ള കൂട്ടും മോഹൻദാസ് വെട്ടുന്നു.
1883 മെയ് മാസത്തിൽ 13 -കാരനായ മോഹൻദാസിന്റെ വിവാഹം 14 -കാരിയായ കസ്തൂർബയുമായി നടക്കുന്നു. കസ്തൂർബയുമായുള്ള ബന്ധത്തിന്റെ ആദ്യനാളുകളെപ്പറ്റി അദ്ദേഹം തന്റെ ആത്മകഥയിൽ വിശദമായി വർണിക്കുന്നുണ്ട്. കൗമാരത്തിന്റെ രതികൗതുകങ്ങൾ അദ്ദേഹത്തിന് സ്‌കൂളിലെ ശ്രദ്ധയ്ക്ക് പോലും ഭംഗമുണ്ടാക്കിയിരുന്നു. അങ്ങനെയും വീട്ടിലേക്ക് തിരിച്ചെത്തി കസ്തൂർബയെ കാണുന്നതിനെപ്പറ്റിയും, രാത്രിസംഗമങ്ങളെപ്പറ്റിയും ഒക്കെയായിരുന്നു മോഹൻദാസിന്റെ ചിന്തകൾ. അച്ഛൻ കരംചന്ദ് ഗാന്ധിക്ക് തീരെ സുഖമില്ലാതെ കിടന്നിരുന്ന അവസാന നാളുകളിൽ കസ്തൂർബയും ഗർഭിണിയായിരുന്നു. അച്ഛന് കൂട്ടിരിക്കാനുള്ള ഉത്തരവാദിത്തം മോഹൻദാസിന് കിട്ടിയ നാളുകളിലൊന്നിൽ രാത്രി തീവ്രമായ രതിചിന്തയാൽ ഒടുവിൽ അച്ഛൻ ഉറങ്ങി എന്നുറപ്പിച്ച് കിടപ്പുമുറിയിലേക്ക് ചെന്ന് കസ്തൂർബയുമായി ബന്ധപ്പെടുന്നുണ്ട് മോഹൻദാസ്. രാത്രിയിൽ അച്ഛന് അസുഖം കൂടിയതും മരിച്ചതും ഒന്നും മോഹൻദാസ് അറിയുന്നില്ല. മരണവിവരമറിയിച്ച് കിടപ്പുമുറിയുടെ കുറ്റിയിട്ടു വാതിലിൽ ബന്ധുക്കളാരോ തട്ടുമ്പോൾ മാത്രമാണ് അദ്ദേഹം വിവരമറിയുന്നത്. ഇക്കാര്യത്തിൽ, അച്ഛന്റെ അവസാന നിമിഷങ്ങളിൽ അടുത്തില്ലാതെ പോയതിന്റെ പേരിൽ, ആജീവനാന്തം അവനവന് മാപ്പുകൊടുക്കാൻ മോഹൻദാസിന് കഴിഞ്ഞിട്ടില്ല. തന്റെ കാമവാസനയ്ക്കു പിന്നാലെ താൻ പോയിരുന്നില്ലെങ്കിൽ അച്ഛന്റെ അവസാന നിമിഷങ്ങൾ തന്റെ മടിയിൽ കിടന്നായിരുന്നേനെ എന്നദ്ദേഹം പിന്നീട് പശ്ചാത്താപവിവശതയോടെ പറഞ്ഞിട്ടുണ്ട്.
ഉന്നത പഠനത്തിന്റെ ആദ്യഘട്ടം മുംബയിലെ ഭാവ് നഗർ കോളേജിലായിരുന്നു. എന്നാൽ, അവിടത്തെ പഠനസാഹചര്യങ്ങളിൽ അദ്ദേഹം തൃപ്തനല്ലായിരുന്നു. അത് പാതിവഴിയിലെത്തിനിൽക്കേയാണ് അദ്ദേഹത്തിന് ലണ്ടനിലെ വിഖ്യാതമായ ഇന്നർ ടെംപിളിൽ പഠനത്തിനുള്ള അവസരം കിട്ടുന്നത്. എന്നാൽ, കടുത്ത യാഥാസ്ഥിതികരായ അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ കടൽ കടന്നു യാത്രചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. ജാതിയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി. എന്നാലും അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് അദ്ദേഹം ലണ്ടനിലെത്തി. അവിടെ ചെലവിട്ട ആദ്യകാലങ്ങളിൽ അദ്ദേഹം തിയോസഫിക്കൽ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
ലണ്ടനിലെ ബാരിസ്റ്റർ പഠനം വിജയകരമായി പൂർത്തിയാക്കി നാട്ടിലേക്ക് തിരിച്ചെത്തിയ ഗാന്ധി ആദ്യമായി ഏറ്റെടുത്ത വക്കാലത്ത് തന്നെ തോൽക്കുകയാണ്. ഒരു ഇംഗ്ലീഷുകാരന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കപ്പെടുന്ന ദുരവസ്ഥയും ഇക്കാലത്തുണ്ടാകുന്നു. അതോടെ ഇന്ത്യയിൽ തുടരാനുള്ള മാനസികാവസ്ഥ അദ്ദേഹത്തിന് നഷ്ടപ്പെടുന്നു. അതിനിടെയാണ് ദക്ഷിണാഫ്രിക്കയിൽ ഒരു തൊഴിലവസരം കൈവരുന്നത്. അത് അദ്ദേഹം സ്വീകരിക്കുകയും അങ്ങോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു. 'പടപേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട' എന്നുപറഞ്ഞപോലായി കാര്യങ്ങൾ. അവിടെ ഫസ്റ്റ് ക്‌ളാസ് റെയിൽവേ കമ്പാർട്ടുമെന്റിൽ യാത്രചെയ്യുകയായിരുന്ന ഗാന്ധിയെ ഒരു ബ്രിട്ടീഷുകാരന്‍ പ്ലാറ്റ്ഫോമിലേക്ക് കഴുത്തിന് പിടിച്ച് തള്ളുന്നു.
ഇത്തരം ദുരനുഭവങ്ങൾ തുടർക്കഥയായതോടെയാണ് പ്രവാസി ഇന്ത്യക്കാർക്കെതിരെ വെള്ളക്കാർ നടത്തുന്ന വിവേചനങ്ങളെ ചെറുത്തുതോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജി നേറ്റാൾ പ്രവിശ്യയിൽ ഇന്ത്യൻ കോൺഗ്രസ് എന്ന പേരിൽ ആദ്യമായി ഒരു സംഘടന തുടങ്ങുന്നത്. ഈ സമരകാലയളവിലാണ് ആത്മശുദ്ധീകരണം, സത്യഗ്രഹം തുടങ്ങിയ ആശയങ്ങൾ വിഭാവനം ചെയ്യുന്നതും പരീക്ഷിച്ചു പാകപ്പെടുത്തുന്നതും. അതിൽ നിന്നാണ് അഹിംസ എന്ന ആശയത്തിലേക്ക് അദ്ദേഹം വരുന്നത്. ബ്രഹ്മചര്യം ഒരു നിഷ്ഠയായി അദ്ദേഹം സ്വീകരിക്കുന്നതും ഇവിടെ നിന്നുതന്നെയാണ്.

1913 -ൽ ഭാരതീയർക്കുമേൽ ചുമത്തപ്പെട്ട മൂന്നു പൗണ്ട് നികുതിക്കെതിരെ ആദ്യസമരം. ഈ സമരത്തിൽ ദക്ഷിണാഫ്രിക്കയിൽ വിവേചനങ്ങൾ നേരിട്ടുകൊണ്ടിരുന്ന ജോലിക്കാരും, ഖനിത്തൊഴിലാളികളും, കർഷകരും ഒക്കെ അദ്ദേഹത്തോടൊപ്പം ചേരുന്നു. രണ്ടായിരത്തോളം പേരെയാണ് അന്ന് ഗാന്ധിജി പ്രതിഷേധത്തിനായി സംഘടിപ്പിക്കുന്നത്. സമരത്തെത്തുടർന്ന് അറസ്റ്റു ചെയ്യപ്പെട്ട ഗാന്ധിക്ക് ഒമ്പതുമാസത്തെ തടവുശിക്ഷ വിധിക്കപ്പെടുന്നു. പക്ഷേ, ആ സമരം വ്യാപിച്ചതോടെ സർക്കാരിന് മുട്ടുകുത്തേണ്ടി വരികയും ഒടുവിൽ മൂന്നുപൗണ്ടിന്റെ വിവേചനനികുതി പിൻവലിക്കേണ്ടിയും വന്നു.
ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടനെതിരെ ഗാന്ധിജി നേടിയ ഈ വിജയത്തെ പ്രകീർത്തിച്ചുകൊണ്ട് ബ്രിട്ടീഷ് പത്രങ്ങൾ മുഖപ്രസംഗമെഴുതി. അതോടെ അദ്ദേഹത്തിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. ഇനി തന്റെ നിയോഗം ഇന്ത്യയുടെ മണ്ണിലാണ് എന്ന തിരിച്ചറിവ് അപ്പോഴാണ് ഗാന്ധിജിക്ക് ഉണ്ടാകുന്നത്. ദക്ഷിണാഫ്രിക്കയിലെ സമരവിജയത്തിനു ശേഷം ഒരു വിജേതാവിന്റെ പരിവേഷത്തോടെയാണ് 1915 -ൽ ഗാന്ധിജി ഇന്ത്യയിലേക്ക് വന്നിറങ്ങുന്നത്. ഇന്ത്യയിൽ വന്ന ഗാന്ധിജി ആദ്യം എടുത്ത തീരുമാനം, റെയിൽവേയുടെ മൂന്നാം ക്ലാസ് കംപാർട്ട്‌മെന്റിൽ ഇന്ത്യമുഴുവൻ ചുറ്റിസഞ്ചരിച്ച് ജനങ്ങളെ അടുത്തറിയണം എന്നതാണ്. ഈ ഭാരതപര്യടനമാണ് ഗാന്ധിജിയുടെ ജീവിതത്തോടുള്ള സമീപനം തന്നെ മാറ്റിമറിച്ചത്. ഈ യാത്രയ്ക്കിടെയാണ് അദ്ദേഹം റൗലറ്റ് നിയമം എന്ന ബ്രിട്ടീഷ് കരിനിയമത്തിനെതിരെ തുറന്ന പ്രക്ഷോഭത്തിനിറങ്ങാൻ തീരുമാനിക്കുന്നത്


എന്തായിരുന്നു റൗലറ്റ് നിയമം.

ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ കരിനിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act). ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടൻ യുദ്ധത്തിന്റെ സൗകര്യത്തിനായി ചില മുൻകരുതലുകൾ നടപ്പിലാക്കിയിരുന്നു. ഒരർത്ഥത്തിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയമങ്ങളായിരുന്നു യുദ്ധകാലത്ത് രാജ്യത്ത്. ആ യുദ്ധകാല മുൻകരുതൽ നിയമങ്ങൾ അനന്തമായി ദീർഘിപ്പിക്കുന്നതായിരുന്നു ഈ നിയമം. പ്രസ്തുത നിയമപ്രകാരം, ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടുവർഷം വരെ തടവിലിടാൻ സർക്കാരിന് അധികാരമുണ്ടായിരുന്നു. ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സർ സിഡ്നി റൗലറ്റിന്റെ അധ്യക്ഷതയിലുള്ള റൗലറ്റ് കമ്മറ്റിയുടെ നിർദ്ദേശങ്ങളായിരുന്നു ഈ നിയമത്തിന് അടിസ്ഥാനമായത്. സ്വാതന്ത്ര്യസമരത്തിന് മുന്നിട്ടിറങ്ങുന്നവരെ അടിച്ചമർത്താനുള്ള ഉരുക്കുമുഷ്ടിയായി ബ്രിട്ടീഷ് ഭരണകൂടം ഈ നിയമത്തെ എടുത്തുപയോഗിച്ചു.
ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് പതിനായിരക്കണക്കിന് ആളുകൾ റൗലറ്റ് നിയമത്തിനെതിരെ തെരുവുകളിലിറങ്ങി. ഇന്ത്യയിലെ ഏതാണ്ട് എല്ലാ നഗരങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി. ഏതാണ്ട് എല്ലായിടത്തും പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നു എങ്കിലും അതിനെ ബ്രിട്ടീഷ് പട്ടാളം നേരിട്ടത് ക്രൂരമായ അക്രമങ്ങളിലൂടെയായിരുന്നു. ജാലിയൻ വാലാബാഗിൽ ജനറൽ ഡയർ ആയിരക്കണക്കിന് നിരപരാധികളെ നിർദാക്ഷിണ്യം വെടിവെച്ചുകൊന്നു. ഈ സംഭവമാണ് ഇനി സ്വാതന്ത്ര്യം നേടിയിട്ടേ സമരങ്ങൾ അവസാനിപ്പിക്കൂ എന്ന നിലപാടിലേക്ക് ഗാന്ധിജിയെ എത്തിക്കുന്നത്.
ജനപ്രിയനായ ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഒരു പ്രധാന വക്താവായി അന്ന് കണക്കാക്കപ്പെട്ടു. ഗാന്ധി എന്ന പ്രഭാവശാലിയായ വ്യക്തിത്വത്തിന്റെ സാന്നിധ്യമാണ്, മുമ്പ് ധനികരുടെ കൂട്ടം മാത്രമായിരുന്ന കോൺഗ്രസിന്, ഒരു പാർട്ടി എന്ന നിലയിൽ ജനഹൃദയങ്ങളിൽ ഇടം നേടിക്കൊടുത്തത്. ഗാന്ധിജിയുടെ പോരാട്ടങ്ങൾ മതനിരപേക്ഷതയ്ക്കും എല്ലാമതങ്ങളും ഒരുപോലെ ആചരിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിക്കൂടിയായിരുന്നു. അഹിംസയിൽ അധിഷ്ഠിതമായ ഗാന്ധിജിയുടെ സമരമാര്‍ഗം സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുമുള്ളവരെ ഒരുപോലെ ആകർഷിച്ചു. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഇന്ത്യൻ സമൂഹം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിസ്സഹകരണപ്രസ്ഥാനത്തിന് തുടക്കമിട്ടു. വിദേശി ഉത്പന്നങ്ങൾ ഒന്നടങ്കം ബഹിഷ്കരിക്കാനും ഗാന്ധിജി ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത് രണ്ടും തന്നെ ബ്രിട്ടീഷുകാർക്ക് വലിയ നഷ്ടങ്ങളുണ്ടാക്കുന്ന സമരമുറകളായിരുന്നു.
താമസിയാതെ ബ്രിട്ടീഷ് ഭരണകൂടം ഗാന്ധിജിയെ ദേശദ്രോഹകുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നു. രണ്ടുവർഷത്തോളം ജയിൽവാസമാണ് പിന്നെ. ഗാന്ധിജിയുടെ അല്പവസ്ത്ര ധാരണരീതിയെ ചില പത്രങ്ങൾ ഇരട്ടത്താപ്പെന്നു വിശേഷിപ്പിച്ചപ്പോൾ ഗാന്ധിജി തന്റെ വസ്ത്രധാരണത്തെപ്പറ്റി പറഞ്ഞത് ഭാരതീയനാകാനുള്ള ഏറ്റവും എളുപ്പമുള്ള, നൈസർഗികമായ വഴി നാടൻ വസ്ത്രം ധരിക്കുക എന്നതാണ് എന്നായിരുന്നു.
ഗാന്ധിജി എന്ന വ്യക്തിയെ, അല്ല പ്രസ്ഥാനത്തെ അവഗണിക്കുക എന്നത് ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം അസാധ്യമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാവും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാവി ചർച്ചചെയ്യാൻ വേണ്ടി അവർ ലണ്ടനിൽ ഒരു വട്ടമേശ സമ്മേളനം നടത്തി. അന്നത്തെ സ്വാതന്ത്ര്യസമരത്തിന് ചുക്കാൻ പിടിച്ചിരുന്ന ഒരുവിധം നേതാക്കളെ ഒക്കെ മാറ്റിനിർത്തിയുള്ള ഒരു പ്രഹസനമായി ഒടുവിൽ ആ ചർച്ച മാറി. അതോടെ സമരം കടുപ്പിക്കാൻ ഗാന്ധിജി തീരുമാനിച്ചു.1930 -ൽ ദണ്ഡിയാത്ര നടക്കുന്നു. അക്കാലത്ത് ഇന്ത്യൻ പൗരന്മാർക്ക് വലിയ വിലകൊടുത്ത് ബ്രിട്ടീഷുകാരിൽ നിന്ന് ഉപ്പ് വാങ്ങേണ്ടി വന്നിരുന്നു. അതിൽ ഒരു കുത്തക തന്നെ ബ്രിട്ടീഷുകാർ നിലനിർത്തിപ്പോന്നു. ഈ കുത്തക എളുപ്പം തകർക്കാവുന്ന ഒന്നാണ് എന്ന് തെളിയിക്കാനാണ് ഗാന്ധിജി ദണ്ഡിയിൽ ഉപ്പു കുറുക്കി ജനങ്ങളെ പുതിയൊരു സമരമാർഗ്ഗത്തിലേക്ക് കൈപിടിച്ചു നടത്തിയത്. ദണ്ഡിയിൽ കുറുക്കിയെടുത്ത ഒരുപിടി ഉപ്പ് കയ്യിലെടുത്തുകൊണ്ട് ഗാന്ധിജി പറഞ്ഞത്, ഈ ഒരു പിടി ഉപ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിവേരറുക്കും എന്നാണ്.
ഗാന്ധിമാർഗ്ഗത്തിലെ സമരങ്ങൾ ദിനം പ്രതി കടുത്തുവന്നു. ജനങ്ങൾ നികുതി ഒടുക്കാതെയായി. ഒടുവിൽ ഗാന്ധിജിയെ കോൺഗ്രസിന്റെ പ്രതിനിധിയായി ക്ഷണിച്ചുകൊണ്ട് വട്ടമേശസമ്മേളനം നടത്തപ്പെട്ടു. തങ്ങളുടെ ഏറ്റവും വിഭവസമൃദ്ധമായ കോളനി അങ്ങനെ എളുപ്പത്തിൽ കൈവിടാൻ ബ്രിട്ടീഷുകാർക്ക് മനസ്സില്ലായിരുന്നു. മതത്തിന്റെ പേരും പറഞ്ഞുകൊണ്ട് ഇന്ത്യൻ ജനതയെ തമ്മിൽ തല്ലിക്കാനായി അടുത്ത ശ്രമം. വട്ടമേശ സമ്മേളനത്തിന് കോൺഗ്രസിനെ പ്രതിനിധീകരിച്ചുവന്ന ഗാന്ധിജി ഹിന്ദുക്കളുടെ മാത്രം പ്രതിനിധിയാണ്. ഇസ്‌ലാം, സിഖ് മതസ്ഥരുടെ പ്രതിനിധികളും ചർച്ചകളിൽ വന്നാൽ മാത്രമേ യഥാർത്ഥത്തിലുള്ള അഭിപ്രായ സമന്വയമുണ്ടാകൂ എന്നായി അവരുടെ നയം. അതോടെ തീരുമാനമൊന്നും എടുക്കാതെ വട്ടമേശ സമ്മേളനം പിരിഞ്ഞു.
തുടർന്ന് രണ്ടാം ലോകമഹായുദ്ധം വരുന്നു. നാസികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ബ്രിട്ടനൊപ്പം നിൽക്കണം എന്ന് ചർച്ചിൽ ആവശ്യപ്പെട്ടു. സ്വന്തം രാജ്യത്ത് അനുഭവിക്കുന്ന അടിമത്തത്തിനെതിരെ നടക്കുന്ന പോരാട്ടങ്ങൾ വിജയം കണ്ടിട്ടുപോരെ അങ്ങനെ എന്നായി ഗാന്ധിജി. 1942 -ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം തുടങ്ങുന്നതോടെ സ്വാതന്ത്ര്യസമരത്തിന് വീണ്ടും വീറുകൂടുന്നു. ഗാന്ധിജിയെയും കസ്തൂർബയെയും വീണ്ടും തുറുങ്കിലടക്കുന്നു. ജയിലിൽ വെച്ച് കസ്തൂർബായുടെ ആരോഗ്യം മോശമാകുന്നു, അവർ മരിക്കുന്നു. കസ്തൂർബ മരണപ്പെട്ട് പിന്നെയും മാസങ്ങൾ കഴിഞ്ഞ് 1944 -ലാണ് ഗാന്ധിജി ജയിൽ മോചിതനാകുന്നത്. ഇറങ്ങിയപാടെ ഗാന്ധിജി വീണ്ടും സമരമുഖത്തെത്തുന്നു. ഇക്കാലത്താണ് ഗാന്ധിയിൽ നിന്ന്, "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" പോലുള്ള ആഹ്വാനങ്ങൾ ഉണ്ടാകുന്നത്.
സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾക്കൊടുവിൽ ബ്രിട്ടീഷുകാർക്ക് അതേപ്പറ്റിയുള്ള ചർച്ചകൾ തുടങ്ങേണ്ടി വന്നു. പോകുന്ന പോക്കിന് ഇന്ത്യക്ക് കനത്ത ഒരു പ്രഹരമേല്പിച്ചിട്ടാണ് ബ്രിട്ടീഷുകാർ മടങ്ങുന്നത്. സർ സയ്യിദ് അഹമ്മദ് ഖാന്റെ ദ്വിരാഷ്ട്ര സിദ്ധാന്തം ജിന്നയെക്കൊണ്ട് മുന്നോട്ട് വെപ്പിച്ച് മൗണ്ട് ബാറ്റൻറെ കാർമികത്വത്തിൽ അവർ വിഭജനം നടപ്പിലാക്കി. ഇരു രാജ്യങ്ങളെയും വേർതിരിച്ചുകൊണ്ട് റാഡ്ക്ലിഫ് രേഖ നിലവിൽ വന്നു.
1947 -ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യൻ മാത്രം തന്റെ തകർന്നുപോയ സ്വപ്നത്തിന്റെ കഷ്ണങ്ങൾ പെറുക്കിക്കൂട്ടുകയായിരുന്നു. മതേതര ഇന്ത്യ എന്ന ഗാന്ധിയുടെ സ്വപ്നത്തിന്റെ കടക്കാണ് അവർ കത്തിവെച്ചുകളഞ്ഞത്. വിഭജനത്തുടർന്ന് മുപ്പത്തേഴുകോടി പേർ ഇന്ത്യയിലും പതിനേഴുകോടി പേര് പാകിസ്താനിലും മൂന്നുകോടി പേർ ബംഗ്ലാദേശിലും പെട്ടു. ഇന്ത്യക്കും പാകിസ്താനുമിടയിൽ പലായനങ്ങൾ ഉണ്ടായി. കലാപങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടു.
ദുഖിതനായ ഗാന്ധിജി ദില്ലി വിട്ട് കൊൽക്കത്തയ്ക്ക് പോയി. ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ ശാന്തിയും സമാധാനവും നിലനിർത്താനുള്ള ശ്രമങ്ങളാണ് പിന്നെ ഗാന്ധിജി നടത്തിയത്. പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച മുസ്ലിംകളുടെ സുരക്ഷിതത്വത്തിലായിരുന്നു ഗാന്ധിജിക്ക് പ്രധാനമായും ആശങ്കയുണ്ടായിരുന്നത്. അവരുടെ സമാധാനം ഉറപ്പിക്കാൻ വേണ്ടി ഗാന്ധി സത്യഗ്രഹം തുടങ്ങി.
ഇതിനിടയിൽ ഒരു ദിവസം, അതായത് 1948 ജനുവരി 30-ന് ദില്ലിയിലെ ബിർളാ ഹൌസിൽ ഒരു പ്രാർത്ഥനായോഗത്തിൽ സംബന്ധിക്കാൻ പോവുന്നതിനിടെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഒരു ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് ഗാന്ധിജി മരണപ്പെടുന്നു. അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. ദില്ലിയിൽ ഗാന്ധിജിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തു. യമുനയുടെ തീരത്ത് അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടത്തി.
തന്റെ ആയുഷ്കാലത്ത് ഗാന്ധിജിക്ക് 'അഖണ്ഡഭാരതം' എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചുകാണാനുള്ള യോഗമുണ്ടായില്ല. മരണത്തെപ്പറ്റി ഗാന്ധിജി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, "മരണം കഴിഞ്ഞാലും ജീവിതസംഘർഷം തുടരും. അസത്യങ്ങൾക്കിടയിലും സത്യം നെഞ്ചും വിരിച്ചു തന്നെ നിൽക്കും. നാലുപാടും ഇരുൾ പരക്കുമ്പോഴും, ഒരു ചെരാതിന്റെ നാളം പോലെ അത് തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും."



കടപ്പാട് ;ബാബു രാമചന്ദ്രൻ.

ഗാന്ധിജിയുടെ ബ്രഹ്മചാര്യ പരീക്ഷണങ്ങൾ : വിവാദവും യാഥാർഥ്യവും.
  ഗാന്ധിജിയെ സദാചാരത്തോടും ധാർമികതയോടും കൂട്ടിക്കെട്ടാൻ ഏറെ ഉത്സുകരാണ് പലരും. ഗാന്ധിജിയുടെ ജീവിതത്തിലെ ലൈംഗികതയെപ്പറ്റി സത്യവും അസത്യവും അപവാദവും അഭ്യൂഹവും ഒക്കെയായി പലരും എഴുതിയിട്ടുണ്ട്. ഗാന്ധിജിയുടെ അടുത്ത അനുയായികളായിരുന്ന മനുവിനെയും ആഭയെയും ചേർത്തും പല അപവാദങ്ങളും ഗാന്ധിവിരുദ്ധർ പ്രചരിപ്പിച്ചു പോന്നിട്ടുണ്ട്. അതിന്റെയൊക്കെ പിന്നിലുള്ള വാസ്തവം എന്താണ്? എന്തൊക്കെയായിരുന്നു ഗാന്ധിജി നടത്തിയിരുന്ന ബ്രഹ്മചര്യപരീക്ഷണങ്ങൾ?

'കസ്തൂർബ എന്റെ അമ്മയാണ്' എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടോ?
എന്തൊക്കെ പാഠങ്ങളാണ് ഗാന്ധിയുടെ ജീവിതത്തിൽ നിന്ന് ലൈംഗികതയെപ്പറ്റി നമുക്ക് പഠിക്കാനാവുക? തന്റെ ലൈംഗികമായ ഊർജത്തെ ആത്മീയമായി, സാമൂഹികമായി പ്രയോജനപ്പെടുത്താൻ ഗാന്ധിജിയ്ക്കായിരുന്നോ? 'കസ്തൂർബ എന്റെ അമ്മയാണ്' എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടോ? വിശ്വസ്തനായ ഒരു ഭർത്താവായിരുന്നുവോ ഗാന്ധി? ഗാന്ധിജിയ്ക്ക് ജനങ്ങൾക്കിടെ ഇത്രയും സ്വാധീനവും ശക്തിയും എങ്ങനെ കിട്ടി?
ലൈംഗികത ഗാന്ധിജിയുടെ ജീവിതത്തിലേക്ക് കടന്നുവന്നതിനെപ്പറ്റി തന്റെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളി'ൽ ഗാന്ധിജി വിശദമായി പരാമർശിക്കുന്നുണ്ട്.
ഞാൻ ഇനി വിവരിക്കാൻ പോകുന്നത് എനിക്ക് പതിനാറുവയസ്സു പ്രായമുള്ളപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ്. അച്ഛനെ ബാധിച്ചിരുന്ന ഫിസ്റ്റുല മൂർച്ഛിച്ച് ആകെ അവശനായി അദ്ദേഹം കിടപ്പായിരുന്നു. അമ്മയും, വീട്ടിലെ ഒരു ജോലിക്കാരനും ഞാനുമായിരുന്നു അച്ഛനെ പരിചരിച്ചുകൊണ്ടിരുന്നത്. അച്ഛന്റെ മുറിവുകളിൽ മരുന്നുവെച്ച് കെട്ടുക, മരുന്നുകൾ സമയാസമയത്ത് നൽകുക, ചില മരുന്നുകൾ തയ്യാർ ചെയ്യുക തുടങ്ങിയവയായിരുന്നു ചെയ്യേണ്ടിയിരുന്നത്.
രാത്രിയാകുമ്പോൾ അച്ഛന് കാൽമുട്ട് വേദനിക്കും. അച്ഛന്റെ കാൽ തിരുമ്മിക്കൊടുത്തിരുന്നത് ഞാനായിരുന്നു. ഏറെനേരം തിരുമ്മി ഒടുവിൽ അച്ഛൻ ഉറങ്ങിക്കഴിഞ്ഞതിനു ശേഷം മാത്രമാണ് ഞാൻ ഉറങ്ങാൻ പോയിരുന്നത്. അച്ഛനെ അങ്ങനെ പരിചരിക്കാൻ അവസരം കിട്ടിയതിൽ എനിക്ക് ഏറെ സന്തോഷമുണ്ടായിരുന്നു. എന്റെ ജീവിതം അങ്ങനെ രണ്ടു ഭാഗങ്ങളായി പകുക്കപ്പെട്ടിരുന്നു. സ്‌കൂളിൽ ചെലവിട്ടിരുന്ന സമയം, സ്‌കൂൾ വിട്ടുവന്നാൽ മുഴുവൻ സമയവും അച്ഛനെ പരിചരിക്കൽ. അച്ഛൻ അനുവദിച്ചാൽ മാത്രമാണ് ഞാൻ പുറത്ത് നടക്കാൻ പോലും പോയിരുന്നത്.
അന്ന് എന്റെ ഭാര്യ ഗർഭിണിയായിരുന്നു എന്നത് എന്റെ ജാള്യത ഇരട്ടിപ്പിക്കുന്നു. അച്ഛന്റെ കാലുതടവിക്കൊണ്ടിരുന്നപ്പോഴും എന്റെ മനസ്സ് കിടപ്പുമുറിയിലെ കേളികളിൽ വ്യാപരിച്ചുകൊണ്ടിരുന്നു. ആ സമയത്ത് അത്തരത്തിലുള്ള ബന്ധങ്ങൾ പാടില്ല എന്ന് വിലക്കുപോലും ഞങ്ങൾക്കിടയിൽ ഉണ്ട്.
എന്റെ അമ്മാവനും അന്ന് രാജ്‌കോട്ടിലെ ഉണ്ടായിരുന്നു. അച്ഛന്റെ ആരോഗ്യസ്ഥിതി വഷളായി എന്ന വിവരം കിട്ടിയാണ് അദ്ദേഹം വന്നതെന്നാണ് ഓർമ്മ. അച്ഛന്റെ മരണം അടുത്തടുത്ത് വന്നുകൊണ്ടിരുന്ന കാലമായിരുന്നു. അതിനിടയിലാണ് ആ നശിച്ച രാത്രി. പത്തുപത്തരയായിക്കാണണം. ഞാൻ അച്ഛന്റെ കാൽമുട്ട് തടവിക്കൊണ്ടിരിക്കുകയായിരുന്നു.
ഇടക്ക് അമ്മാവൻ വന്ന് എനിക്കുപകരം തടവിത്തുടങ്ങി. ഞാൻ നേരെ കിടപ്പുമുറിയിലേക്ക് പോയി. എന്റെ ഭാര്യ, അവൾ ഉറക്കം പിടിച്ചിരുന്നു. ഞാനുള്ളപ്പോൾ അവൾ അങ്ങനെ ഉറങ്ങുന്നതെങ്ങനെ. ഞാൻ അവളെ ഉണർത്തി. നാലഞ്ച് മിനിട്ടു കഴിഞ്ഞപ്പോഴേക്കും വാതിൽക്കൽ മുട്ടുകേട്ടു. കിടക്കയിൽ നിന്ന് പിടഞ്ഞെണീറ്റ് വാതിൽ തുറന്നു. അത് വീട്ടിലെ പരിചാരകനായിരുന്നു. "എന്തുപറ്റി..?" ഞാൻ ചോദിച്ചു. വിറയാർന്ന സ്വരത്തിൽ അദ്ദേഹം പറഞ്ഞു, "അച്ഛൻ, മരിച്ചു മോനെ..!"
ഗാന്ധിജി ഒരേസമയം ലൈംഗികതയുടെ ഇരയും, അതിനെ ജയിച്ചവനുമായിരുന്നു. 1906 -ൽ ഗാന്ധിജി തന്റെ ഭാര്യയുടെ സമ്മതത്തോടെ തന്നെ ബ്രഹ്മചര്യത്തെ തന്റെ ജീവിതവ്രതമാക്കി. അമ്മ എന്നർത്ഥം വരുന്ന 'ബാ' എന്നാണ് അദ്ദേഹം തുടർന്ന് തന്റെ ഭാര്യയെ വിളിച്ചിരുന്നത്. പ്രത്യുത്പാദനത്തിനു വേണ്ടിയല്ലാതെ ലൈംഗികത മൃഗതൃഷ്ണയാണെന്നും അത് മനുഷ്യനിൽ അക്രമപ്രവണത നിറയ്ക്കുമെന്നും കരുതിയിരുന്ന ആളാണ് ഗാന്ധിജി.
മാർഗററ് സാംഗർ 
1935 -ൽ ഗാന്ധിജിയെക്കാണാൻ വേണ്ടി ഇന്ത്യയിലേക്ക് വന്ന ഒരു അമേരിക്കൻ കുടുംബാസൂത്രണ വിദഗ്ധയാണ് മാർഗരറ്റ് സാംഗർ. ഇന്ത്യയിലെ പതിനെട്ടോളം നഗരങ്ങൾ ചുറ്റിക്കറങ്ങി ഡോക്ടർമാരോടും ആക്ടിവിസ്റ്റുകളോടും സംസാരിച്ച് കുടുംബാസൂത്രണത്തെപ്പറ്റിയും സ്ത്രീവിമോചനത്തെപ്പറ്റിയും അവരെ ബോധവാന്മാരാക്കാൻ വേണ്ടിയായിരുന്നു അവർ വന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ വീരനായകനായ ഗാന്ധിജിയെ കാണാൻ വേണ്ടിയും അവർ ചെന്നിരുന്നു. അതേപ്പറ്റിയുള്ള വിശദമായ വിവരണങ്ങൾ രാമചന്ദ്രഗുഹയുടെ 'Gandhi: The years that changed the world, 1914-1948' എന്ന 1129 -പേജുള്ള ജീവചരിത്ര പുസ്തകത്തിലുണ്ട്. ഗാന്ധിജിയുടെ സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റിയും, ലൈംഗികതയെപ്പറ്റിയും, ആത്മനിയന്ത്രണത്തെപ്പറ്റിയുമൊക്കെയുള്ള കാഴ്ചപ്പാടുകൾ ആ വിവരണങ്ങളിൽ ദർശിക്കാനാകും.
ഗാന്ധിജി മിസ് സാംഗറുമായി വിശദമായ ചർച്ചകളിൽ ഏർപ്പെടുന്നുണ്ട്. സ്ത്രീകൾ ഭർത്താക്കന്മാരുടെ പ്രലോഭനങ്ങളെ അതിജീവിക്കണമെന്നും, പുരുഷന്മാർ തങ്ങളുടെ മൃഗതൃഷ്ണകളെ അതിജീവിക്കാൻ ശീലിക്കണം എന്നും. രതി പ്രത്യുത്പാദനത്തിനു വേണ്ടിമാത്രമായി ചുരുക്കണം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗാന്ധിജിയോട് മിസ് സാംഗർ തന്റെ നിലപാടുകളും വ്യക്തമാക്കി, "പുരുഷന്മാരെപ്പലെ തന്നെ ഗാഢമായ തൃഷ്ണകളുള്ളവരാണ് സ്ത്രീകളും. ലൈംഗികബന്ധങ്ങളിലൂടെ ആനന്ദം കണ്ടെത്താൻ പുരുഷന്മാർക്കുണ്ടാകുന്ന അതേ ആന്തൽ സ്ത്രീകൾക്കുമുണ്ടാകാറുണ്ട്. പരസ്പരം സ്നേഹിക്കുന്ന, ഭാര്യാഭർത്താക്കന്മാരായി ജീവിക്കുന്ന രണ്ടു പേർക്ക് എങ്ങനെയാണ് വർഷത്തിൽ ഒരിക്കലോ അല്ലെങ്കിൽ കുഞ്ഞുണ്ടാകാൻ വേണ്ടി മാത്രമായോ ഒക്കെ അവരുടെ ലൈംഗിക ബന്ധങ്ങൾ ചുരുക്കാനാവുക?" അവർ ഗാന്ധിജിയോട് ചോദിച്ചു. ഗർഭനിരോധനത്തിന്റെയും കുടുംബാസൂത്രണത്തിന്റെയും ഒക്കെ പുതിയ ശാസ്ത്രീയമാർഗ്ഗങ്ങളെപ്പറ്റി അവർ അന്ന് ഗാന്ധിജിയോട് ചർച്ച ചെയ്തു. എന്നാൽ, ഗാന്ധിജി തന്റെ നിലപാടിൽ നിന്നും ഒട്ടും അയഞ്ഞില്ലത്രേ..!
ലൈംഗികത 'കാമാസക്തി' മാത്രമാണെന്നാണ് താൻ കരുതുന്നത് എന്ന് ഗാന്ധിജി അവരോട് തുറന്നു പറഞ്ഞു. കസ്തൂർബയുമായുള്ള തന്റെ ബന്ധത്തിന് ആധ്യാത്മികതയുടെ പവിത്രത കൈവന്നത് കാമത്തോടുള്ള ആസക്തി താൻ പാടെ ത്യജിച്ച ശേഷം മാത്രമായിരുന്നു എന്നദ്ദേഹം പറഞ്ഞു. പതിമൂന്നാം വയസ്സിൽ വിവാഹത്തെ കഴിച്ച് മുപ്പത്തെട്ടാം വയസ്സിൽ ബ്രഹ്‌മചര്യത്തെ ജീവിതവ്രതമാക്കിയ ആളാണ് ഗാന്ധിജി. റായ്‌ചന്ദ് ഭായ് എന്ന ജൈനസന്യാസിയും ലിയോ ടോൾസ്റ്റോയിയുമായിരുന്നു അങ്ങനെയൊരു തീരുമാനത്തിന് വേണ്ട താത്വികമായ നിലപാടുതറയൊരുക്കാൻ അദ്ദേഹത്തെ സഹായിച്ചത്.
മിസ് സാംഗറുമായുള്ള ചർച്ചകളുടെ ഒടുവിൽ ഗാന്ധിജി ചെറുതായി ഒന്നയയുന്നുണ്ട്. ഗർഭനിരോധമാകാം, എന്നാൽ കൂടുതൽ കാമാസക്തി പ്രകടിപ്പിക്കുന്നത് പുരുഷന്മാരാകയാൽ അവർ വേണം വന്ധ്യംകരണത്തിന് വിധേയമാകാൻ, സ്ത്രീകളല്ല, എന്നദ്ദേഹം തറപ്പിച്ചു പറയുന്നുണ്ട്. അത് നടപ്പിലാക്കിയ ശേഷമുള്ള ലൈംഗികബന്ധങ്ങളോട് അദ്ദേഹം ആ അവസരത്തിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. താത്കാലികമായുള്ള ഗർഭനിയന്ത്രണോപാധികളോട് ഗാന്ധിജിക്ക് എതിർപ്പുണ്ടായിരുന്നു. അവ സ്ത്രീപുരുഷന്മാരുടെ ശ്രദ്ധ കാമത്തിൽ കുരുക്കിയിടും എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
വർഷങ്ങൾക്കു ശേഷം ദക്ഷിണ നവഖാലിയിൽ ഹിന്ദു-മുസ്‌ലീം ലഹളകളുണ്ടായപ്പോൾ ഗാന്ധിജി ഏറെ വിചിത്രമായ ഒരു പരീക്ഷണം നടത്തി. തന്റെ കൊച്ചുമകളുടെ പ്രായമുള്ള, അടുത്ത ബന്ധുവായ മനുവിനോട് തന്റെ കിടക്കയിൽ തന്നോടൊപ്പം ഉറങ്ങാൻ അദ്ദേഹം പറഞ്ഞു. 'തന്റെ ലൈംഗിക നിയന്ത്രണത്തിന്റെ അന്തിമപരീക്ഷയാണ് അദ്ദേഹം അന്നവിടെ നടത്തിയത്' എന്ന് ഗുഹ തന്റെ പുസ്തകത്തിൽ എഴുതുന്നു. "മതങ്ങൾക്കിടയിലെ സ്പർദ്ധയ്ക്കും, തന്റെ ഉള്ളിലെ ബ്രഹ്മചാരിത്വം കാത്തുസൂക്ഷിക്കാനുള്ള നിഷ്ഠയിലുള്ള നേരിയ ഭംഗത്തിനും തമ്മിൽ ബന്ധമുണ്ട് എന്നുള്ള പാപബോധമായിരുന്നു ആദ്ദേഹത്തിന്റെ ഈ പ്രവൃത്തിക്ക് പിന്നിൽ" എന്നാണ് ഗുഹ എഴുതിയിട്ടുള്ളത്.
"മനുഷ്യർ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന രീതികളെപ്പറ്റിയുള്ള പരമ്പരാഗതരീതികളിൽ നിന്ന് മാറിചിന്തിച്ചാൽ മാത്രമേ ഈ പരീക്ഷണം എന്തെന്ന് മനസ്സിലാക്കാനാകൂ" എന്നാണ് ഗുഹ ഈ വിമർശനങ്ങൾക്ക് മറുപടിയായി തന്റെ ജീവചരിത്ര പുസ്തകത്തിൽ കുറിച്ചത്. ആഭയോടും മനുവിനോടുമുള്ള ഗാന്ധിജിയുടെ ബന്ധത്തിൽ തെല്ലും കളങ്കമുണ്ടായിരുന്നില്ല. 1906 -മുതൽ താൻ തുടരുന്ന ബ്രഹ്മചര്യവ്രതത്തിന്റെ ശക്തി പരീക്ഷിക്കുക എന്നതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. സ്വന്തം ലൈംഗികതയിന്മേൽ പൂർണനിയന്ത്രണം ആർജ്ജിച്ച ശേഷം മാത്രമേ അത് ശീലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടാനാകൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. തന്റെ ഈ പരീക്ഷണത്തെപ്പറ്റി അനുയായികളോട് ഗാന്ധിജി അന്നുതന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്നുതന്നെ ഗാന്ധിജിയെ അടുത്തറിയുന്നവർ പലരും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ തുടർന്നും നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. അടുത്തറിയാത്തവർ ചിലപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവശുദ്ധിക്കുമേൽ ആക്ഷേപങ്ങൾ ഉന്നയിക്കും എന്നുള്ളതായിരുന്നു അവർ ചൂണ്ടിക്കാണിച്ച കാരണം. ഈ പരീക്ഷണം ചില അനുയായികൾ ഗാന്ധിജിയെ വിട്ടുപോകുന്നതിലേക്ക് വരെ നയിച്ചിരുന്നു.
ഈ പരീക്ഷണം നടത്തുമ്പോൾ ഗാന്ധിജി തന്റെ ബ്രഹ്മചര്യത്തിന്റെ നാല്പതാമാണ്ടിലേക്ക് കടന്നിട്ടുണ്ടായിരുന്നു. ഏറെ കഠിനമായിരുന്നു അതിലുള്ള അദ്ദേഹത്തിന്റെ നിഷ്ഠ. ആ നിഷ്ഠയിലും, ഇനി തന്റെ ബ്രഹ്മചര്യത്തിലുള്ള ചാഞ്ചല്യം കൊണ്ടാണോ, അത് രാജ്യത്തിൻറെ സാമൂഹികാരോഗ്യത്തിൽ പ്രതിഫലിക്കുന്നത് എന്നുള്ള സന്ദേഹങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു അവസാനകാലത്ത്. ഗാന്ധിജിയുടെ ജീവിതത്തെയും എഴുത്തുകളെയും അടുത്തറിഞ്ഞിട്ടുള്ള, പഠിക്കാൻ ശ്രമിച്ചിട്ടുളളവർ ഒക്കെയും ഒരേസ്വരത്തിൽ പറഞ്ഞിട്ടുള്ളത്, വ്യക്തിജീവിതത്തിൽ ഗാന്ധിജിയെപ്പോലെ അച്ചടക്കവും സംയമവും പാലിക്കാൻ സാധിക്കുക ഒരു പക്ഷേ, സർവ്വസംഗപരിത്യാഗികളായ സന്യാസിമാർക്ക് മാത്രമാവും എന്നാണ്. വിക്ടോറിയൻ സദാചാര സങ്കല്പങ്ങളിൽ അല്ലായിരുന്നു, വേദിക് ഹൈന്ദവ തത്വശാസ്ത്രങ്ങളിലായിരുന്നു ഗാന്ധിജിയുടെ സദാചാരസംഹിതകൾ അടിവേരുറപ്പിച്ചിരുന്നത്.
സ്ത്രീകളുടെ ഫാഷൻ ഭ്രമത്തെയും, അവരെ അടിച്ചമർത്തുന്ന മതപരമായ വസ്ത്രനിയന്ത്രണങ്ങളെയും ഒരുപോലെ എതിർത്തിരുന്നു ഗാന്ധിജി. വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ആദ്യപരിഗണന നൽകേണ്ടത് ഫാഷനോ, മതനിഷ്ഠകൾക്കോ അല്ല അവരുടെ ആരോഗ്യത്തിനാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. പാശ്ചാത്യ രാഷ്ട്രീയലോകത്തു പോലും സ്ത്രീകളുടെ സാന്നിധ്യം പേരിനുമാത്രമായിരുന്ന കാലത്താണ് അദ്ദേഹം സരോജിനി നായിഡുവിനെ കോൺഗ്രസിനെ നേതൃത്വം ഏൽപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സമരങ്ങളുടെയെല്ലാം മുൻനിരയിൽ തന്നെ സ്ത്രീകൾ നിരവധിയുണ്ടായിരുന്നു. ഇന്നത്തെക്കാലത്ത് ഒരുപക്ഷേ, ഗാന്ധിജി സ്ത്രീകളെപ്പറ്റി പറഞ്ഞതും എഴുതിയതുമൊക്കെ ഒരല്പം സ്ത്രീവിരുദ്ധം എന്നുതന്നെ തോന്നാമെങ്കിലും, അന്നത്തെ കാലത്ത് ഗാന്ധിജി എന്നും പ്രവർത്തിച്ചിട്ടുള്ളത് സ്ത്രീകളുടെ ശാക്തീകരണത്തിനുവേണ്ടി മാത്രമാണ്.
മനുവും ആഭയും 
ഗാന്ധിജി തീർച്ചയായും ഏറെ സങ്കീർണ്ണമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു. "സത്യം എന്റെയുള്ളിൽ ജന്മനായുണ്ടായിരുന്നു. അഹിംസ ഞാൻ ഏറെ പണിപ്പെട്ട് സ്വായത്തമാക്കിയ ഒന്നാണ്. ബ്രഹ്മചര്യം ജീവിതവ്രതമാക്കാൻ ഞാൻ ഇന്നും പണിപ്പെടുകയാണ്..." എന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്. അദ്ദേഹം ഒരിക്കലും എല്ലാം തികഞ്ഞ ഒരു ബിംബമായിരുന്നില്ല. ഏറെ ന്യൂനതകളുള്ള ഒരു സാധാരണമനുഷ്യനായിരുന്നു. പക്ഷേ, അതേസമയം അക്ഷരാർത്ഥത്തിൽ ഒരു ആചാര്യൻ തന്നെയായിരുന്നു ഗാന്ധിജി. പറഞ്ഞതൊക്കെയും പ്രവർത്തിച്ചു കാട്ടി, പ്രവർത്തിക്കാനാകുന്നത് മാത്രം പറയാൻ ശ്രമിച്ചു. "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന് അദ്ദേഹം വളരെ ആത്മാർത്ഥമായിട്ടാണ് പറഞ്ഞത്.
ഗാന്ധിജി അന്നത്തെ സാഹചര്യത്തിൽ പറഞ്ഞതിനെയും, എഴുതിവെച്ചതിനെയും, പ്രവർത്തിച്ചതിനെയും ഇന്നത്തെ സദാചാരത്തിന്റെ മുഴക്കോലുകൾ കൊണ്ട് അളന്നുകൊണ്ട് ഗാന്ധിജിയെ ഒരു ലൈംഗിക അരാജകവാദി എന്നു വിളിക്കുന്നതും, അദ്ദേഹത്തിന്റെ സാന്മാർഗ്ഗികതയ്ക്ക് നേരെ ആരോപണങ്ങൾ ഉയർത്തിവിടുന്നതുമൊക്കെ തീർത്തും അനുചിതമായിരിക്കും എന്നുതന്നെ പറയേണ്ടി വരും.

References :
1. Gandhi and Celibacy- Stanzin Dawa.
2. Gandhi 1914-1948: The Years That Changed the World - Ramachandra Guha
3. My experiments with truth - M K Gandhi.

കടപ്പാട് ;ബാബു രാമാചന്ദ്രൻ

ഗാന്ധിക്ക് നേരെ വെടിയുതിർത്ത തോക്കിന്റെ ഉടമ ആര്..?
 ഗാന്ധിവധത്തിനു പിന്നിലുള്ള ഗൂഢാലോചനയെപ്പറ്റി നടന്ന അന്വേഷണത്തിന്റെ ഫലസിദ്ധിയെക്കുറിച്ച് കുറ്റം ആരോപിക്കപ്പെട്ടവരുടെ ബന്ധുക്കൾക്കുപോലും ആശങ്കകൾ ഇന്നുമുണ്ട്. ഗാന്ധിജിയുടെ കൊലപാതകം നടന്ന് 71 വർഷങ്ങൾ കഴിഞ്ഞിട്ടും, അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് മൂന്നു വെടിയുണ്ടകൾ പായിക്കാനുപയോഗിച്ച ആ ഇറ്റാലിയൻ പിസ്റ്റളിനെപ്പറ്റിയോ, അന്ന് അതിൽ ആരോപിക്കപ്പെട്ടിരുന്ന ഗ്വാളിയോർ ബന്ധത്തെപ്പറ്റിയോ ഒന്നും ഇന്നും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

അത് ഒരു 9mm ബെറെറ്റാ 1934 സെമി ഓട്ടോമാറ്റിക് ഹാൻഡ് പിസ്റ്റൾ ആയിരുന്നു. തോക്കുവ്യാപാരികൾക്കിടയിൽ അതറിയപ്പെട്ടിരുന്നത് 'M1934' എന്ന പേരിലായിരുന്നു. '606824' ആയിരുന്നു ആ പീസിന്റെ സീരിയൽ നമ്പർ. അക്കാലത്തെ ഏറ്റവും ആധുനികമായ കൈത്തോക്കുകളിൽ ഒന്നായിരുന്നു അത്. 1934 എന്നത് അതിന്റെ നിർമാണവർഷമാണ്. എത്യോപ്യയിൽ നിന്ന് ബ്രിട്ടീഷ് റെജിമെന്റിലെ ഒരു മിലിട്ടറി കേണലിന്റെ കയ്യിലൂടെയാണ് അത് ഇന്ത്യയിൽ എത്തുന്നത്. ആ തോക്ക് ഒരു ഇറ്റാലിയൻ കമാൻഡറിൽ നിന്ന് കേവലം കൗതുകത്തിന്റെ പുറത്താണ് ആ കേണൽ സ്വന്തമാക്കി കൂടെ ഗ്വാളിയോറിലേക്ക് കൊണ്ടുപോന്നത്. അതേ കേണൽ പിന്നീട് ഗ്വാളിയോർ രാജാവിന്റെ എഡിസി(അടുത്ത അനുചരൻ) ആയി.
പ്രസ്തുത കേണലിൽ നിന്ന് ഗ്വാളിയോറിലെ തോക്കുകളുടെ മാർക്കറ്റിലേക്കുള്ള ആ തോക്കിന്റെ പ്രയാണം ഏതുവഴിക്കായിരുന്നു എന്നതിനെ സൂചിപ്പിക്കുന്ന തെളിവുകളൊന്നും തന്നെ ലഭ്യമല്ല. എന്തായാലും, ഗാന്ധിജിയെ വധിക്കണം എന്ന് മനസ്സിലുറപ്പിച്ച്, പ്രസ്തുത കർമത്തിനുള്ള ആയുധം സംഘടിപ്പിക്കാൻ വേണ്ടി 1948 ജനുവരി 28 -ന് നാഥുറാം വിനായക് ഗോഡ്സെയും ഡോ. ദത്താത്രേയ പർച്ചുരെയും കൂടി ഗ്വാളിയോറിലേക്ക് വെച്ചുപിടിക്കുമ്പോൾ അവിടെ ജഗദീഷ്പ്രസാദ് ഗോയൽ എന്ന ആയുധവ്യാപാരിയുടെ കടയിൽ ഈ റിവോൾവറും വിശ്രമിക്കുന്നുണ്ടായിരുന്നു. പോയന്റ് ബ്ലാങ്കിൽ നിന്നുകൊണ്ട് ഒരാളെ ആക്രമിക്കണമെങ്കിൽ അതിന് ഏറ്റവും ഫലപ്രദമായ ഒരു ആയുധം അങ്ങനെ നാഥുറാം ഗോഡ്സേക്ക് സ്വന്തമായി.
ഗാന്ധിജിയും ജിന്നയും 
1947-ൽ തന്നെ വിഭജനാനന്തരം പഞ്ചാബ് പ്രവിശ്യയിൽ നടക്കുന്ന അക്രമങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി ഗാന്ധി ദില്ലിയിലേക്ക് താമസം മാറ്റിയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഹിന്ദുക്കൾ വിവേചനം നേരിടുന്നു എന്ന പക്ഷക്കാരനായിരുന്നു ഗോഡ്സേ. ഹൈദരാബാദിൽ വച്ചുനടന്ന ഒരു ഹിന്ദുറാലിയിൽ പങ്കെടുത്ത് അറസ്റ്റു ചെയ്യപ്പെടുന്നുണ്ട് ഗോഡ്സേ 1938 -ൽ. പിന്നീടങ്ങോട്ട് ജയിലിൽ സ്ഥിരം വിരുന്നുകാരനായിരുന്നു, പല കാരണങ്ങളാലും.
ഗാന്ധിജിയാണ് വിഭജനത്തിന് കാരണക്കാരൻ എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഗോഡ്സേ. 1948 -ൽ പാകിസ്ഥാന് അന്നത്തെ 55 കോടി രൂപ ഇന്ത്യ വിട്ടുകൊടുക്കണം എന്ന് ഗാന്ധി വാദിച്ചതായിരുന്നു അവസാനത്തെ പ്രകോപനം. ഗാന്ധിജി അവസാനമായി ഉപവാസം തുടങ്ങിയ അന്നുതന്നെ ഗോഡ്സെയും കൂട്ടരും ഗാന്ധിയെ വധിക്കാനുള്ള പദ്ധതിക്കും തുടക്കമിട്ടു. മേല്പറഞ്ഞ പിസ്റ്റൾ വാങ്ങിയ ശേഷം ആ സംഘം ഗാന്ധിജിയെ പിന്തുടരാൻ തുടങ്ങി.
ഗാന്ധി ദില്ലിയിൽ ആദ്യം താമസിച്ചിരുന്നത് ഗോയൽ മാർക്കറ്റിനടുത്തുള്ള, വാല്മീകി സമുദായക്കാരുടെ അമ്പലത്തിലായിരുന്നു. അവിടെത്തന്നെയായിരുന്നു അദ്ദേഹം പ്രാർത്ഥനായോഗങ്ങളും സംഘടിപ്പിച്ചിരുന്നത്. അമ്പലത്തെ ഒരു അഭയാർഥിക്യാമ്പാക്കി മാറ്റാനുള്ള തീരുമാനം വന്നതോടെ ഗാന്ധിജി താമസം അൽബക്കെർക്ക് റോഡിലുള്ള ബിർളാ ഹൗസിലേക്ക് മാറ്റി. ബിർളാ ഹൗസ്സിലെ ഒരു മുറിയിൽ താമസിച്ചുകൊണ്ട്, ആ ബംഗ്ലാവിന്റെ പുൽത്തകിടിയിൽ അദ്ദേഹം പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിച്ചു.

ജീവനെടുത്തത് അഞ്ചു വിഫലശ്രമങ്ങൾക്കൊടുവിൽ.

ഗാന്ധിയുടെ ജീവൻ അപഹരിക്കാൻ ആദ്യമായി ഒരു പരിശ്രമം നടക്കുന്നത് 1934 ജൂൺ 25 -ന് പുണെയിൽ വെച്ചാണ്. കസ്തൂർബയോടൊപ്പം കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ ഒരു പ്രഭാഷണത്തിനായി പോവുകയായിരുന്നു ഗാന്ധിജി. രണ്ടു കാറുകളാണ് ആ യാത്രയിൽ ഉണ്ടായിരുന്നത്. ഗാന്ധിയും കസ്തൂർബയും സഞ്ചരിച്ചിരുന്ന കാർ അവിചാരിതമായി ഒരല്പം വൈകിയാണ് ഓഡിറ്റോറിയത്തിലെത്തുന്നത്. അപ്പോഴേക്കും ആദ്യകാർ അവിടെ എത്തുകയും, അതിനു നേർക്ക് ഒരു ബോംബ് എറിയപ്പെടുകയുമുണ്ടായി. ആ സ്‌ഫോടനത്തിൽ പുണെ മുനിസിപ്പൽ കോർപ്പറേഷന്റെ ചീഫ് ഓഫിസർ, രണ്ടു പൊലീസുകാർ എന്നിവരടക്കം പത്തുപേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റി.
രണ്ടാമത്തെ ശ്രമം പത്തുവർഷം കഴിഞ്ഞ് 1944 ജൂലൈ മാസത്തിലാണ് നടക്കുന്നത്. ആഗാ ഖാൻ പാലസിലെ വീട്ടുതടങ്കലിനു ശേഷം മോചിതനായ ഗാന്ധിജി മലേറിയാ ബാധയാൽ അവശനായിരുന്നു. ഡോക്ടർമാർ വിശ്രമം അത്യാവശ്യം എന്നറിയിച്ചപ്പോൾ ഗാന്ധിജി പുണെയ്ക്കടുത്തുള്ള പഞ്ച്ഗനിയിലേക്ക് വിശ്രമിക്കാൻ പോയി. പത്തിരുപതുപേരടങ്ങുന്ന ഒരു സംഘം ഗാന്ധിവിരുദ്ധ മുദ്രാവാക്യങ്ങളുമുയർത്തിക്കൊണ്ട് ഒരു ബസ്സിൽ അവിടേക്ക് കടന്നുവന്നു. ആ പകൽ മുഴുവൻ അവർ അവിടെയിരുന്ന് ഗാന്ധിജിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ഒടുവിൽ ഗാന്ധിജി അവരുടെ നേതാവിനെ ചർച്ചയ്ക്ക് ക്ഷണിച്ചു. അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സേ എന്നായിരുന്നു. എന്നാൽ, അയാൾ ആ ക്ഷണം നിരസിച്ചു. വൈകുന്നേരത്തെ പ്രാർത്ഥനായോഗത്തിനായി ഗാന്ധിജി പുറത്തിറങ്ങിയപ്പോൾ കയ്യിൽ ഒരു കഠാരയുമായി ഗാന്ധിവിരുദ്ധ മുദ്രാവാക്യങ്ങളുമായി പാഞ്ഞുചെന്നു ഗോഡ്സേ. എന്നാൽ, അവിടെ സന്നിഹിതരായിരുന്ന മണിശങ്കർ പുരോഹിത്, ഭില്ലാരെ ഗുരുജി എന്നിവർ ചേർന്ന് ഗോഡ്സേയെ കീഴടക്കി. കൂടെവന്നവരൊക്കെ ഗോഡ്‌സെയെ ഒറ്റയ്ക്കാക്കി സ്ഥലം വിട്ടെങ്കിലും, ബാപ്പു തന്നെ കൊല്ലാൻ ഒരുമ്പെട്ടുവന്ന ആ ചെറുപ്പക്കാരനോട് തന്നോടൊപ്പം ഒരാഴ്ച തങ്ങാനും, തന്റെ ആശയങ്ങൾ അടുത്തറിയാൻ ശ്രമിക്കാനും ക്ഷണിച്ചു. അതും നിരസിച്ച ഗോഡ്സേയെ ഗാന്ധിജി പോകാൻ അനുവദിച്ചു.
മൂന്നാമത്തെ വധശ്രമം നടന്നതും 1944 -ൽ തന്നെ. ഗാന്ധിയും ജിന്നയുമായുള്ള ചർച്ചകൾ അലസിപ്പിക്കാൻ വേണ്ടി അന്നത് നടത്തിയത് ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലായിരുന്നു. ആ ശ്രമവും പരാജയപ്പെട്ടു. നാലാമത്തെ പരിശ്രമം 1946 -ൽ പുണെയിലേക്ക് ഗാന്ധിജി സഞ്ചരിച്ചുകൊണ്ടിരുന്ന തീവണ്ടി തന്നെ പാളം തെറ്റിച്ചുകൊണ്ടായിരുന്നു. പാളത്തിലേക്ക് വലിച്ചിട്ടിരുന്ന വലിയ പാറക്കഷ്ണങ്ങളിൽ തട്ടി തീവണ്ടിയുടെ എഞ്ചിന് കാര്യമായ തകരാറുകൾ ഉണ്ടായെങ്കിലും, മിടുക്കനായ ലോക്കോപൈലറ്റിന്റെ അവസാന നിമിഷത്തെ ഇടപെടലുകൾ തീവണ്ടി നിർത്താനും, അതുവഴി വലിയ ഒരു അപകടമുണ്ടാവുന്നത് തടയാനും സഹായിച്ചു.
അഞ്ചാമത്തെ ശ്രമം നടക്കുന്നത് 1948 ജനുവരി 20 -നാണ്. ഗാന്ധിജി പ്രസംഗിച്ചുകൊണ്ടിരുന്ന മൈതാനിയിൽ അദ്ദേഹത്തെ പിന്തുടർന്നെത്തിയ ഗോഡ്സെയും സംഘവും ജനക്കൂട്ടത്തിനുനേർക്ക് ഗ്രനേഡെറിഞ്ഞു. ആദ്യഗ്രനേഡിൽ ജനക്കൂട്ടം പിരിഞ്ഞു പോകുമ്പോൾ പ്ലാറ്റ്‌ഫോമിൽ ഒറ്റയ്ക്കാവുന്ന ഗാന്ധിജിക്ക് നേരെ രണ്ടാമത്തെ ഗ്രനേഡ് എറിയാം എന്നതായിരുന്നു പ്ലാൻ. എന്നാൽ, ആദ്യത്തെ സ്‌ഫോടനത്തിൽ, രണ്ടാമത്തെ ഗ്രനേഡ് എറിയാൻ ചുമതലയുണ്ടായിരുന്ന ദിഗംബർ ബാഡ്ജെയ്ക്ക് മനസ്സാന്നിദ്ധ്യം നഷ്ടമായി. ആകെ പേടിച്ചുപോയി അയാൾ. ആദ്യസ്‌ഫോടനത്തിൽ നാലുവഴി പാഞ്ഞ ജനങ്ങൾക്കൊപ്പം അയാളും ഓടിരക്ഷപ്പെട്ടു കളഞ്ഞു. അതോടെ ആ ശ്രമം പാളി. ഗൂഢാലോചനാ സംഘത്തിലെ എല്ലാവരും രക്ഷപ്പെട്ടു. ഒരാൾ ഒഴികെ. ആയിടെ പഞ്ചാബിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥിയായെത്തിയ മദൻലാൽ പഹ്‌വ മാത്രം പിടിയിലായി.
1948 ജനുവരി 30 -ന് നടന്ന ആറാമത്തെ ശ്രമത്തിലാണ് ഗാന്ധിജി വധിക്കപെടുന്നത്. അന്ന് ബിർളാ ഹൗസിലെ തന്റെ മുറിയിൽ നിന്ന്, മനുബെൻ ഗാന്ധിയോടും, ആഭ ചാറ്റർജിയോടും ഒപ്പം തോട്ടത്തിലൂടെ പുൽത്തകിടിയിലേക്ക് നടന്നു വരികയായിരുന്നു ഗാന്ധിജി. ഇടത്ത് ആഭ, വലത്ത് മനു.
വൈകുന്നേരത്തെ പ്രാർത്ഥനായോഗത്തിന് ഗാന്ധി പത്തുമിനിറ്റ് വൈകിയിരുന്നു. സമയനിഷ്ഠയുടെ കാര്യത്തിൽ അത്രക്ക് നിർബന്ധബുദ്ധിയായിരുന്ന ഗാന്ധിജി തന്റെ അലസതയിൽ തന്നോടുതന്നെ പരിഭവിച്ചിരിക്കുകയായിരുന്നു. ആ നടത്തത്തിനിടെ ഒരു യുവാവ്, നാഥുറാം വിനായക് ഗോഡ്സേ, കൂപ്പിയ കൈകളോടെ ഗാന്ധിജിയുടെ നേർക്കടുത്തു. മനുബെൻ കരുതിയത് അയാൾ ഗാന്ധിജിയുടെ കാൽക്കൽ നമസ്കരിക്കാൻ പോവുകയാണെന്നാണ്. അവർ വിലക്കി,"ബാപ്പു ഇപ്പോൾ തന്നെ പത്തു മിനിറ്റ് വൈകിയിട്ടുണ്ട്. അദ്ദേഹത്തെ കൂടുതൽ പരിഹാസ്യനാക്കരുത്. മാറൂ..."
ആ വിലക്ക് ചെവിക്കൊള്ളാതെ ഗോഡ്സേ മനുവിനെ തള്ളിമാറ്റി. മനുവിന്റെ കയ്യിൽ നിന്ന് നോട്ടുബുക്കും രുദ്രാക്ഷമാലയും മറ്റും താഴെവീണു. അത് എടുക്കാൻ കുനിഞ്ഞ മനു ബെൻ കണ്ടത് കൈകൾ കൂപ്പിക്കൊണ്ട്, 'ഹേ റാം... ഹേ റാം...' എന്ന് മന്ത്രിച്ചുകൊണ്ട് താഴെവീഴുന്ന ബാപ്പുവിനെയാണ്. പിസ്റ്റളിന്റെ വെടിയൊച്ചയിൽ എല്ലാവരുടെയും ചെവിടുപൊട്ടി. കടുത്ത പുക അവിടെങ്ങും പരന്നു. മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിജിയുടെ വയറ്റിൽ തുളച്ചുകയറിയത്. ചോര വാർന്നൊഴുകി. അവിടെ ആഭാബെന്നിന്റെ മടിയിൽ കിടന്ന് ഗാന്ധിജി തന്റെ അന്ത്യശ്വാസം വലിച്ചു. ഗോഡ്സേ രക്ഷപ്പെടാൻ ശ്രമിച്ചില്ല. ഓടിക്കൂടിയവർക്കുമുന്നിൽ കീഴടങ്ങിയ അയാൾ പൊലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു.
ഗാന്ധിജിയുടെ കൊലപാതകം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. ദില്ലിയിൽ ഗാന്ധിജിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തു. യമുനയുടെ തീരത്ത് അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടത്തി.

അന്വേഷണം, അറസ്റ്റുകൾ, വിചാരണ ഒടുവിൽ ശിക്ഷയും.


ഗാന്ധിജിയുടെ വധം കഴിഞ്ഞ് ഗോഡ്‌സെ പിടിക്കപ്പെട്ട്, പിന്നെയും ഒരു മാസത്തിനു ശേഷം ഫെബ്രുവരി 3 -നാണ് ഗ്വാളിയോറിലെ ഷിൻഡെ ദി ചൗക്ക് നിവാസിയായിരുന്ന ഡോ. പർച്ചുരെയെ ഗാന്ധിവധത്തിലെ ഗൂഢാലോചന ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാരായൺ ആപ്‌തെ,ഗംഗാധർ ജാധവ്, സൂര്യദേവ് ശർമ്മ തുടങ്ങി പിന്നീട് എട്ടുപേര്‍ കൂടി ഗൂഢാലോചനയിൽ പ്രതികളായി. രണ്ടാഴ്ച കഴിഞ്ഞ് അറസ്റ്റ് ഔപചാരികമായി രേഖപ്പെടുത്തുമ്പോഴേക്കും ഗൂഢാലോചനയിലെ പങ്കിനെപ്പറ്റി ഗ്വാളിയോർ ഫസ്റ്റ് കേസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഡോ.പർച്ചുരെ കുറ്റസമ്മതം നടത്തിക്കഴിഞ്ഞിരുന്നു. പിന്നീട് ആ കുറ്റസമ്മതമൊഴി അയാൾ തന്നെ നിഷേധിച്ചു എങ്കിലും. ഗോയലിൽ നിന്ന് ദന്തവതെ വഴി ഡോ. പർച്ചുരെയിലേക്ക്, അവിടെ നിന്ന് ഗോഡ്സേയിലേക്ക്. എന്നാൽ, തനിക്ക് ആ തോക്ക് എവിടുന്ന് കിട്ടി എന്നതിനെപ്പറ്റി ഗോയൽ ഒരക്ഷരം വെളിപ്പെടുത്തിയിട്ടില്ല. 149 പേരെ വിസ്തരിച്ച് നടത്തിയ വിചാരണ ഒരുവർഷത്തിനുളളിൽ തന്നെ പൂർത്തിയാക്കപ്പെട്ടു. 1949 നവംബർ 8 -ന് നാഥുറാം ഗോഡ്സേയ്ക്കും നാരായൺ ആപ്തെയ്ക്കും വധശിക്ഷ വിധിച്ചു. മറ്റ് എട്ടുപേരെ തടവുശിക്ഷയ്ക്ക് വിധിച്ചു.
അച്ഛനെക്കൊന്നവർക്ക് മാപ്പുനൽകണം എന്നാവശ്യപ്പെട്ട് ഗാന്ധിപുത്രന്മാരായ മണിലാലും രാംദാസും തന്നെ ദയാഹരജി നൽകിയെങ്കിലും നെഹ്‌റുവും പട്ടേലും രാജഗോപാലാചാരിയും ചേർന്ന് അത് നിരാകരിച്ചു. 1949 നവംബർ 15 -ന് അംബാല ജയിലിൽ ഇരുവരും തൂക്കിലേറ്റപ്പെട്ടു. ആപ്‌തെയുടെ മരണം ഏതാണ്ട് തൽക്ഷണം തന്നെ ആയിരുന്നെങ്കിലും, ഗോഡ്‌സെ മരിച്ചത് പതിനഞ്ചു മിനിറ്റോളം കഴുമരത്തിൽ കിടന്നുപിടഞ്ഞുകൊണ്ടാണ്.
നാഥുറാം വിനായക് ഗോഡ്സേ തന്റെ മൂന്നു വെടിയുണ്ടകൾ കൊണ്ട് അവസാനിപ്പിച്ചത് ജീവിതകാലം മുഴുവൻ അഹിംസയ്ക്കായി ഉഴിഞ്ഞുവെച്ച ഒരു മനുഷ്യന്റെ ജീവിതമാണ്. ഒരുപക്ഷേ, വഴിതിരിച്ചു വിട്ടത് ഇന്ത്യയുടെ ചരിത്രത്തിന്റെ ഗതി തന്നെയും. ആ തോക്കിന്റെ യഥാർത്ഥ ഉടമ ആര് എന്ന സത്യം മാത്രം, ഇന്നും ഒരു സമസ്യയായിത്തന്നെ തുടരുന്നു.

കടപ്പാട് :ബാബു രാമചന്ദ്രൻ.

Tuesday, September 17, 2019

കടലിനടിയിൽ അത്ഭുതപ്പെടുത്തുന്ന മറ്റൊരു ലോകം..

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭനാളുകളിൽ പ്രശസ്ത ഫ്രഞ്ച് പുരാവസ്തു ഗവേഷകനായ ഡോ.ഫ്രാങ്ക് ഗോഡിയോയുടെ നേതൃത്വത്തിൽ ഈജിപ്ഷ്യൻ തീരത്തു പര്യവേക്ഷണം നടക്കുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന നൈൽ യുദ്ധത്തിൽ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ കണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ കടലിന്റെ ആഴങ്ങളിലേക്ക് ഡൈവ് ചെയ്തെത്തിയ സംഘത്തിനു മുന്നിൽ തെളിഞ്ഞുവന്നത് അത്ഭുതപ്പെടുത്തുന്ന മറ്റൊരു ലോകം. ഒപ്പം ആ ലോകത്ത് ഒളിപ്പിച്ചു വച്ച ഒട്ടേറെ നിധികളും.
ആദ്യം ചില കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങളാണു പര്യവേക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. കെട്ടിക്കിടന്നിരുന്ന മണലും ചെളിയുമെല്ലാം നീക്കിയപ്പോഴാണ് ഇനിയും മൂല്യം നിർണയിക്കാനാകാത്തത്ര വിലയേറിയ നിധിയാണു കടലിനടിയിലെന്നു മനസ്സിലായത്. ഒരു കാലത്ത് മെഡിറ്ററേനിയൻ കടൽ വഴിയുള്ള വ്യാപാരത്തിന്റെ മുഖ്യ കേന്ദ്രമായിരുന്ന ഹെറാക്ലിയൺ നഗരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു അത്. ഏറെ പ്രശസ്തമായ ഈജിപ്ഷ്യൻ നഗരം അലക്സാണ്ട്രിയ സ്ഥാപിക്കപ്പെടും മുൻപ് ഹെറാക്ലിയണിലൂടെയായിരുന്നു ഈജിപ്ത് അറിയപ്പെട്ടിരുന്നത്. ഗ്രീക്ക് കപ്പലുകളെല്ലാം ഈ നഗരത്തിനോടു ചേർന്നുള്ള തുറമുഖത്തിലൂടെ മാത്രമേ ഈജിപ്തിലേക്കു
 പ്രവേശിപ്പിച്ചിരുന്നുള്ളൂ. അതിനാൽതന്നെ തിരക്കേറിയ, സമൃദ്ധമായ നഗരമായും ഹെറാക്ലിയൺ മാറി.



രാജവംശത്തിന്റെ പ്രധാന ചടങ്ങുകളെല്ലാം നടന്നിരുന്ന അമുൺ ദേവന്റെ ക്ഷേത്രവും ഈ നഗരത്തിലായിരുന്നു. ബിസി എട്ടാം നൂറ്റാണ്ടിലാണ് ഹെറാക്ലിയൺ നഗരം സ്ഥാപിക്കപ്പെട്ടതെന്നാണു കരുതുന്നത്. എഡി എട്ടാം നൂറ്റാണ്ടോടെ മെഡിറ്ററേനിയൻ കടലിന്റെ ആഴങ്ങളിൽ മറയുകയും ചെയ്തു.
ആയിരത്തിലേറെ വർഷം പഴക്കമുള്ള ആ നഗരത്തെപ്പറ്റി അന്നേവരെ പുരാതനകാല ഫലകങ്ങളിലും മറ്റു രേഖകളിലും മാത്രമാണു പരാമർശമുണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ അബു ഖിർ ഉൾക്കടലിൽ മറഞ്ഞുകിടക്കുകയായിരുന്നു ആ പുരാതന നഗരം. അവിടെയായിരുന്നു 4 വർഷക്കാലം ഗോഡിയോയും സംഘവും. അതിനോടകം കടലിനടിയിലെ നഗരത്തിന്റെ ഒരു ഏകദേശരൂപം അവർ മാപ് ചെയ്തെടുത്തു. പിന്നീട് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളും മുങ്ങിക്കിടന്നിരുന്ന കപ്പലുകളുമൊക്കെ പരിശോധിക്കാൻ ആരംഭിച്ചു. ഗോഡിയോയുടെ വാക്കുകളിൽ പറഞ്ഞാൽ ഇനിയും 200 വർഷത്തേക്കുള്ള ഗവേഷണം ബാക്കിവച്ചിട്ടുണ്ട് ഈ നഗരം.

Sunday, September 15, 2019

കാഴ്‍ചകളുടെ ലോകം തുറന്ന ദൂരദര്‍ശന് 60 വയസ്സ് തികയുമ്പോള്‍...

1982 -ല്‍ ദൂരദര്‍ശന്‍ ദേശീയ പ്രക്ഷേപണം തുടങ്ങി. ആ വര്‍ഷം സ്വാതന്ത്ര്യദിന പരേഡും ഏഷ്യാഡും ദൂരദര്‍ശന്‍ ലൈവായി കാണിക്കുകയും ചെയ്‍തു. കളറിലുള്ള ഈ ലൈവ്, നമുക്ക് അതുവരെയില്ലാതിരുന്ന അനുഭവമായിരുന്നു.
ആകാശവാണിയില്‍ വാര്‍ത്തയും പാട്ടും മറ്റുപരിപാടികളും കേട്ടുമാത്രം ശീലിച്ചവര്‍ക്കിടയിലേക്ക് 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാഴ്ചകളുമായി ദൂരദര്‍ശനെത്തുന്നത്. 1959 സപ്‍തംബര്‍ 15 -ന്. യുനെസ്കോയുടെ സഹായമായി ലഭിച്ച 20,000 ഡോളറും സൗജന്യമായി ലഭിച്ച 180 ഫിലിപ്‍സ് ടെലവിഷന്‍ സെറ്റുകളുമുപയോഗിച്ചായിരുന്നു ആദ്യ സിഗ്നലുകളെ രാജ്യത്തിന് നല്‍കിയത്. അതൊരു തുടക്കമായിരുന്നു, കാഴ്ചകളിലേക്കുള്ള മലയാളി യാത്രയുടെ തുടക്കം. പുതിയൊരു ദൃശ്യ സംസ്‍കാരത്തിന്‍റെ തുടക്കം. അന്ന്, ആകാശവാണി കെട്ടിടത്തില്‍ താല്‍ക്കാലികമായി തട്ടിക്കൂട്ടിയ ഒരു സ്റ്റുഡിയോയും ഒരു ചെറിയ ട്രാന്‍സ്‍മിറ്ററും ഉപയോഗിച്ചായിരുന്നു പ്രക്ഷേപണം. വളരെ ചെറിയ ഒരു തുടക്കമായിരുന്നു അത്. അന്ന്, ദില്ലിയില്‍ വളരെ ചെറിയ പരിധിയില്‍ മാത്രമാണ് ദൂരദര്‍ശന്‍ ലഭിച്ചിരുന്നത്. ട്രാന്‍സ്‍മിറ്ററിന്‍റെ ശേഷി കുറവായിരുന്നല്ലോ...
1965 -ല്‍ മാത്രമാണ് ഓള്‍ ഇന്ത്യ റേഡിയോയുടെ ഭാഗമായി ദൂരദര്‍ശന്‍ ദില്ലിയില്‍ നിന്ന് ദൈനംദിന പ്രക്ഷേപണം ആരംഭിക്കുന്നത്. 1965 -ലാണ് പരീക്ഷണഘട്ടം കടന്നപ്പോള്‍ വിനോദവിജ്ഞാന പരിപാടികള്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങുന്നത്. എങ്കിലും, 75 വരെ ഇന്ത്യയിലെ ഏഴ് നഗരങ്ങളില്‍ മാത്രമാണ് ദൂരദര്‍ശന്‍ ലഭ്യമായിരുന്നത്. 76- ല്‍ ദൂരദര്‍ശന്‍ ആകാശവാണിയില്‍ നിന്നും വേര്‍പ്പെടുത്തുകയും രണ്ടും രണ്ടാവുകയും ചെയ്തു. സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷം കഴിഞ്ഞപ്പോള്‍ അതുവരെ ബ്ലാക്ക് ആന്‍ഡ് വൈറ്റായിരുന്ന ദൂരദര്‍ശന്‍ അങ്ങ് കളറായി...
1982 -ല്‍ ദൂരദര്‍ശന്‍ ദേശീയ പ്രക്ഷേപണം തുടങ്ങി. ആ വര്‍ഷം സ്വാതന്ത്ര്യദിന പരേഡും ഏഷ്യാഡും ദൂരദര്‍ശന്‍ ലൈവായി കാണിക്കുകയും ചെയ്‍തു. കളറിലുള്ള ഈ ലൈവ്, നമുക്ക് അതുവരെയില്ലാതിരുന്ന അനുഭവമായിരുന്നു. ആളുകള്‍ രോമാഞ്ചത്തോടെയാണ് അവ കണ്ടിരുന്നത്. അപ്പോഴേക്കും കളര്‍ ടി വികള്‍ ഇന്ത്യന്‍ വിപണിയിലെത്തിയിരുന്നു. എണ്‍പതുകളിലാണ് രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ് തുടങ്ങിയ പരമ്പരകള്‍ ഇന്ത്യയിലാകെ ജനങ്ങളെ കീഴടക്കുന്നത്. അന്ന്, വളരെ കുറച്ച് വീട്ടില്‍ മാത്രമാണ് ടിവിയുള്ളത്. ഒരുപക്ഷേ, ഒരു ഗ്രാമത്തില്‍ ഒന്നൊക്കെ. അന്ന്, ആ നാട്ടിലെ മനുഷ്യരെല്ലാം ആ ടി വി-ക്ക് മുന്നിലെത്തി. കണ്ണിമ ചിമ്മാതെ ഈ പരമ്പരകള്‍ വീക്ഷിച്ചു. അന്ന്, ഏറെ ആളുകള്‍ കണ്ടിരുന്ന പരമ്പര രാമായണമായിരുന്നു. രാമയണം അന്ന് ഒരു വികാരമായിരുന്നു ആളുകള്‍ക്ക്. അന്ന് ആളുകള്‍ ടിവിയെ പുഷ്‍പാര്‍ച്ചന നടത്താറുണ്ടായിരുന്നത്രെ. അന്ന് സീതയായി അഭിനയിച്ച നടി ദീപിക ചിഖാലിയ ഒരു സോപ്പിന്‍റെ പരസ്യത്തിലഭിനയിച്ചപ്പോള്‍ ജനങ്ങള്‍ക്കത് സഹിക്കാനായില്ല. അത്രയേറെ വൈകാരികമായിട്ടാണ് അവരന്ന് ദൂരദര്‍ശനെ സ്വീകരിച്ചിരുന്നത്. രംഗോളി, ചിത്രഹാര്‍ എന്നീ പരിപാടികളും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു 80 -കളില്‍.
ദൂരദര്‍ശന്‍ ആദ്യ മലയാളകേന്ദ്രം തുടങ്ങുന്നത് 1985 -ല്‍ തിരുവനന്തപുരത്താണ്. 85 ജനുവരി ഒന്നിന് ആദ്യത്തെ മലയാള വാര്‍ത്താബുള്ളറ്റിന്‍ തുടങ്ങി. ചിത്രഗീതമടക്കമുള്ള ജനകീയ പരിപാടികളും പ്രക്ഷേപണം ചെയ്തു തുടങ്ങി. ഇന്ത്യയിലാകെ മനുഷ്യരെ ദൃശ്യസംസ്‍കാരത്തിലേക്ക് കൊണ്ടുവന്ന എന്നതിനുമപ്പുറം ഒരു തലമുറയുടെ തന്നെ വൈകാരികമായ അനുഭവമായിരുന്നു ദൂരദര്‍ശന്‍. പുതിയ പുതിയ ദൃശ്യാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും അതുകൊണ്ടാണ് നൊസ്റ്റാള്‍ജിയ ആയിട്ടെങ്കിലും നാം ദൂരദര്‍ശനെ ചേര്‍ത്തുപിടിക്കുന്നത്.


Friday, September 6, 2019

മായൻ ജനതയെ കൊന്നൊടുക്കിയത് യുദ്ധമോ, കൊടും വരൾച്ചയോ...?




ശാസ്ത്രം എപ്പോഴും നവീകരിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ്. ചരിത്രവും അതുപോലെ തന്നെ. പുതിയ അന്വേഷണങ്ങൾ പുതിയ നിഗമനങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും മനുഷ്യനെ കൊണ്ട് ചെന്നെത്തിക്കുന്നു. ചരിത്ര സാമഗ്രികളുടെ തെളിവുകൾ മുൻനിർത്തി വസ്തുതാപരമായി സുതാര്യവും നീതിയുക്തമായ ചരിത്രം നിർമ്മാണമാണ് ഉണ്ടാവേണ്ടത്. സിന്ധുനദിതട സംസ്കാരം തകരാൻ ഇടയായ കാരണം പോലെ ആഞ്ജാതമാണ് മായൻ സംസ്കാരം തകരാൻ ഇടയാക്കിയ കാരണങ്ങളും. വ്യത്യസ്ത അഭിപ്രായങ്ങൾ രണ്ട് സംസ്കാരങ്ങളുടെയും തകർച്ചയ്ക്ക് നിദാനമായി നിലനിൽക്കുന്നു. അടുത്തിടെ പ്രസിദ്ധികരിച്ച "പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ്" ജേർണൽ, മായൻ സംസ്കാരം അധഃപതിക്കാൻ കാരണമായ പുതിയൊരു നിഗമനം കൂടി ചില തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് വെച്ചിരിക്കുകയാണ്.
ഒരുകാലത്ത് ലോകത്തെ അതിശയിപ്പിച്ച ജനതയായിരുന്നു മായന്മാർ. സ്വന്തമായി ഭാഷ, കലണ്ടർ, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, വനശാസ്ത്രം, ചിത്രംവര, കൃഷി തുടങ്ങിയവയിൽ അഗാധമായ അറിവ്. കെട്ടിടനിർമ്മാണത്തിൽ അഗ്രഗണ്യർ. മായൻ വംശജർ കൈവെക്കാത്ത മേഖലകളുണ്ടായിരുന്നില്ല. "മീസോ അമേരിക്ക" (mesoamerica ) എന്ന് വിളിക്കുന്ന പ്രദേശത്ത് 2000 BCE മുതൽ ഏതാണ്ട് 1000 CE വരെ മായന്മാരുടെ പ്രാചീന നാഗരികത നിലനിന്നു. പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് പുരാവസ്തു ഗവേഷകർ ഇവരുടെ സംസ്കൃതിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. 2000 BCE മുതൽ CE 250 വരെ പ്രീ ക്ലാസിക്, CE 250 മുതൽ CE 900 വരെ ക്ലാസിക് (സുവർണ കാലഘട്ടം ), CE 900 മുതൽ CE 1519 വരെ പോസ്റ്റ്‌ ക്ലാസിക് കാലഘട്ടം എന്നിങ്ങനെയാണ്. വടക്കൻ മെക്സിക്കോ മുതൽ തെക്ക് മധ്യ അമേരിക്ക വരെ പടർന്നു കിടന്നിരുന്ന പ്രദേശങ്ങളിൽ എല്ലാം മായൻ സാന്നിധ്യമുണ്ടായിരുന്നു. ഒരു കാലത്ത് ഉഗ്രപ്രതാപത്തോടെ ജീവിച്ചിരുന്ന മായന്മാർ ക്ലാസിക് കാലഘട്ടത്തിന്റെ അവസാനമായതോടെ പെട്ടന്ന് ചീട്ടു കൊട്ടാരം പോലെ തകർന്ന് ഇല്ലാതാവുകയായിരുന്നു. ഒൻപതാം നൂറ്റാണ്ടിലാണ് മായൻ മേഖലയിൽ വലിയ രാഷ്ട്രീയ പതനം സംഭവിച്ചത്. അധികാര കേന്ദ്രങ്ങൾ അപ്രത്യക്ഷമായതോടെ നഗരങ്ങൾ ഉപേക്ഷിക്കപ്പെട്ടു. മായൻ ജനതയിൽ ചെറിയൊരു പങ്ക് അതിജീവിച്ചെങ്കിലും നഷ്ടപ്രതാപം വീണ്ടെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. ആ മഹാസംസ്കാരം അപ്രത്യക്ഷമായതിന്റെ കാരണങ്ങൾ ഇന്നും നിഗൂഢമാണ്. എങ്കിലും അതിനെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.
മായന്മാരെ ആരെങ്കിലും ആക്രമിച്ചു നശിപ്പിച്ചതോ? അല്ലെങ്കിൽ ഏതെങ്കിലും മാരകരോഗമോ? വരൾച്ചയോ? അവരുടെ നാശത്തിന് പിന്നിലെ കാരണമെന്താണെന്ന് പുരാവസ്തു ഗവേഷകർക്ക് ഇനിയും പിടികിട്ടിയിട്ടില്ല. എങ്കിലും 3000 വർഷങ്ങൾക്ക് മുൻപ് മായന്മാർ കെട്ടിപ്പൊക്കിയ കരിങ്കൽ സൗധങ്ങൾ ഉൾപ്പെടെ ഇന്നും ലോകത്തെ ഞെട്ടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മായന്മാരുടെ ചരിത്രം തേടിയുള്ള യാത്രയ്ക്കിടെ മധ്യ അമേരിക്കയിലെ ബെലീസ് കാട്ടിൽ നിന്നും ലഭിച്ച രണ്ട് തലയോട്ടികളാണ് ഗവേഷകരെ പുതിയ നിഗമനത്തിലെത്താൻ പ്രേരിപ്പിച്ചത്. രണ്ട് തലയോട്ടിയിലും നടത്തിയ നിരീക്ഷണത്തിൽ ഒരു കാര്യം അവർക്ക് വ്യക്തമായി മനുഷ്യ മാംസം വലിച്ചു പറിച്ചു കളഞ്ഞു രണ്ടിലും പെയിന്റ് അടിച്ചിരുന്നു.

മായന്മാർ പൊതുവെ ശാന്ത സ്വഭാവം ഉള്ളവർ ആയിരുന്നില്ല, മറിച്ച് പ്രശനക്കാർ ആയിരുന്നു. രണ്ട് തലയോട്ടികളും ആ വസ്തുത ശെരി വയ്ക്കുന്നതും ആയിരുന്നു. യുദ്ധത്തിൽ ജയിക്കുമ്പോൾ എതിരാളിയുടെ തലയറുത്ത് തയ്യാറാക്കുന്നതാണത്രേ ആ തലയോട്ടികൾ. അത് യുദ്ധചിഹ്നമായി കഴുത്തിൽ ചാർത്തുകയും ചെയ്യും. ഒരു യുദ്ധവീരന്റെ കല്ലറയെന്ന് കരുതുന്നതിൽ നിന്നും ലഭിച്ച തലയോട്ടികൾ ഗവേഷകരെ അത്തരമൊരു നിഗമനത്തിലെത്തിക്കാൻ കാരണമുണ്ട്. മായൻ നഗരങ്ങളിൽ പലയിടത്തു നിന്നായി കണ്ടെത്തിയ പാറകളിലും, പാത്രങ്ങളിലുമെല്ലാം തലയോട്ടിയണിഞ്ഞ യുദ്ധവീരന്മാരുടെ ചിത്രം വരച്ചിട്ടിരിക്കുന്നത് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
കണ്ടെടുക്കപ്പെട്ട തലയോട്ടികൾ പലയിടത്തും തുളച്ച നിലയിലായിരുന്നു. ഇത് ഭാഗികമായി തൂവലുകൾ വെയ്ക്കാനും തുകൽ കൊണ്ടുള്ള വള്ളി തലയോട്ടികളിലേക്ക് കടത്താനും വേണ്ടിയുള്ളതാണെന്ന് കരുതുന്നത്. തലയോട്ടിയുടെ പുറകുവശം ചെത്തി നിരപ്പാക്കിയിരുന്നു. യോദ്ധാക്കളുടെ നെഞ്ചിനോട്‌ ചേർന്ന് നിൽക്കുന്നതിന് വേണ്ടിയായിരുന്നു അത്. കൂടാതെ താടിയെല്ലുകളും മറ്റും ഊർന്ന് പോകാതിരിക്കാനുമുള്ള സംവിധാനവും ഉണ്ടായിരുന്നു. ചില അജ്ഞാത ഭാഷയിലുള്ള എഴുത്തും തലയോട്ടിയിൽ കോറി വരച്ചിരുന്നു. ചുവന്ന പെയിന്റാണ് ഭംഗി വരുത്താൻ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ യുദ്ധത്തിൽ ജയിക്കുന്നവരെ കൊന്ന് തലയെടുക്കുന്ന മായൻ രീതി ആദ്യമായാണ് തിരിച്ചറിയുന്നതെന്ന് മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആന്ത്രപ്പോളജി ഗവേഷകനായ ഗബ്രിയേൽ റോബൻ പറയുന്നത്.
ഒരുപക്ഷെ മായന്മാരുടെ നാശത്തിന് കാരണമായതും അവർക്കിടയിൽ തന്നെ അധികാരത്തിന് വേണ്ടി നടന്ന യുദ്ധവുമായിരിക്കാം. ബെലീസിൽ നിന്നും ഒൻപതാം നൂറ്റാണ്ടോടെ മായന്മാർ കൂട്ടപലായനം ചെയ്തിരുന്നെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രാജകുടുംബത്തെ കൊന്നൊടുക്കിയതിന്റെയും കെട്ടിടങ്ങളും ശവക്കല്ലറകളും തകർന്നതിന്റെയും തെളിവുകളും ലഭിച്ചിരുന്നു.
1995 മുതൽ കേബ്രിഡ്ജ് സർവ്വകലാശാലയിലെ ഡേവിഡ് ഹോഡലും സംഘവും ഇരുപത്തിമൂന്ന് വർഷത്തോളം നടത്തിയ നീണ്ട പഠനത്തിനൊടുവിൽ മായന്മാരുടെ നാശത്തിന് കാരണമായി തീർന്നത് കൊടും വരൾച്ചയായിരുന്നു എന്നാണ് അഭിപ്രായംപ്പെട്ടിരുന്നത്. അക്കാലത്ത് മായൻ മേഖലയിൽ പതിറ്റാണ്ടോളം 70% മഴ വരെ കുറഞ്ഞിരുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ (സയൻസ് ജേർണൽ Aug-3, 2018). ഇത്ര കഠിനമായ വരൾച്ചയെ അതിജീവിക്കുകയെന്നത് ഇന്നത്തെ കാലത്ത് പോലും പ്രയാസമാണ്. കാർഷിക വിളകളെ (ചോളം, ബീൻസ്, ക്വാഷ് ) ആശ്രയിച്ചിരുന്ന സമൂഹമാണ് മയന്മാരുടേത്. മായൻ സുവർണ്ണയുഗത്തിന്റെ അന്ത്യമാകുമ്പോഴേക്കും ആ പ്രദേശത്തിന് താങ്ങാവുന്നതിലധികം ജനപ്പെരുപ്പം ഉണ്ടായി. മായൻ എൻജിനിയർമാർ കൂടുതൽ സ്ഥലങ്ങൾ കൃഷിക്ക് യോഗ്യമാക്കി. അതിനായി കൂടുതൽ കനാലുകളും ജലസംഭരണികളും ഉണ്ടാക്കി. കൊടും വരൾച്ച പതിറ്റാണ്ടുകളോളം തുടർന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു. വിളനാശവും ക്ഷാമവും ഉണ്ടാക്കിയ വറുതിക്കൊപ്പം യുദ്ധവും രാഷ്ട്രീയ അനിശ്ചിതത്വവും അണിചേർന്നപ്പോൾ മായൻ സംസ്കാരം തകരാൻ അത് കാരണമായി തീർന്നിട്ടുണ്ടാകാം.
ആയിരം വർഷങ്ങൾക്ക് മുൻപ് ഒരിടത്ത് മഴ കുറഞ്ഞതിന്റെ കണക്ക് എങ്ങനെ മനസിലാക്കാം? ഇത് തെളിയിക്കാൻ വേണ്ടി മായന്മാർ താമസിച്ചിരുന്ന തെക്കൻ മെക്സിക്കോയിലെ യുക്കാറ്റൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ചിച്ചാൻകനാവ് തടാകം (Lake chichancanab ) ത്തെ ഉപയോഗിച്ചു. ഈ തടാകത്തിന്റെ പ്രത്യേകത, അതിന്റെ അടിത്തട്ട് കളിമണ്ണിനാൽ ദൃഢീകരിക്കപ്പെട്ടിരുന്നതിനാൽ മഴയിലൂടെ മാത്രമേ തടാകത്തിൽ വെള്ളമെത്തു എന്നതാണ്. ബാഷ്‌പീകരണത്തിലൂടെ മാത്രമേ തടാകത്തിൽ നിന്നും ജലം പുറത്തേക്ക് പോകുകയുള്ളു. ഈ പ്രത്യേകതകൾ മൂലം കടൽജലം പോലെ ലവണരസമുള്ളതാണ് ഈ തടാകത്തിലെ വെള്ളത്തിന്‌. അക്കാരണം കൊണ്ട് കൂടിയാണ് മായൻഭാഷയിൽ "ചെറുസമുദ്രം" എന്നർത്ഥമുള്ള "ചിച്ചാൻകനാവ് " എന്ന പേരിൽ അറിയപ്പെടുന്നത്.
ചിച്ചാൻകനാവ് തടാകം 
മഴ കൊണ്ട് മാത്രം നിലനിൽക്കുന്നതിനാൽ, കുറേകാലം മഴ കിട്ടാതെ വന്നാൽ തടാകം വറ്റി അടിത്തട്ടിലെ ചെളിയിൽ മഞ്ഞുകട്ടകൾ പോലുള്ള ജിപ്സം പരലുകൾ രൂപപ്പെടും. മൃദുവായ സൾഫേറ്റ് ധാതു (കാൽസ്യം സൾഫേറ്റ് ഡൈഹൈഡ്രേടറ്റ് ) ആണ് ജിപ്സം. ഗവേഷകരുടെ പരിശോധനയിൽ ചിച്ചാൻകനാവ് തടാകത്തിൽ കഴിഞ്ഞ അയ്യായിരം വർഷത്തിനിടെ ജിപ്സം രൂപപ്പെട്ടത് ഒരു കാലഘട്ടത്തിൽ മാത്രമാണെന്ന് കണ്ടെത്താൻ കഴിഞ്ഞു. അത് മായൻ സംസ്കാരം തകരുന്ന ഘട്ടത്തിൽ ആയിരുന്നു. അതിനർത്ഥം മായൻ ജനത തകർച്ച നേരിടുന്ന ഘട്ടത്തിൽ തടാകം വറ്റുന്ന തരത്തിൽ വരൾച്ച ആ പ്രദേശത്തെ ബാധിച്ചിരുന്നു എന്നാണ്.
"ചിച്ചാൻകനാവ് തടാകം ഒരർത്ഥത്തിൽ സ്വർണഖനി പോലെയാണ്. എന്നാലിവിടെ സ്വർണത്തിന് പകരം ജിപ്സമാണുള്ളത്"- ഫ്ലോറിഡ സർവ്വകലാശാലയിലെ ഗവേഷകൻ മാർക്ക് ബ്രണ്ണർ പറയുന്നു. ജിപ്സം രൂപപ്പെടുന്നവേളയിൽ അതിന്റെ പരൽഘടനയ്ക്കുള്ളിൽ ജലകണങ്ങൾ കുടുക്കിലാകും. ആ പ്രാചീന ജലതന്മാത്രകളെ ജിപ്സം സൂക്ഷിച്ചു വെക്കുന്നു. 'അതിനെ ഫോസിൽ ജലം' എന്ന് വിളിക്കാം - പഠനത്തിൽ പങ്കാളിയായ കാംബ്രിഡ്ജ് സർവകലാശാലയിലെ നിക്ക് ഇവാൻസ് പറയുന്നു.
കഠിന വരൾച്ചയിൽ തടാകത്തിൽ നിന്ന് ഭാരം കുറഞ്ഞ ആറ്റങ്ങളാണ് ആദ്യം ബാഷ്‌പീകരിച്ചു പോകുക. ഭാരമേറിയ ആറ്റങ്ങൾ ബാഷ്‌പീകരിക്കപ്പെടാതെ ജിപ്സം പരലുകളിൽ അവശേഷിക്കും. ഭാരമേറിയ ആറ്റങ്ങളാണ് ജിപ്സത്തിൽ അവശേഷിപ്പിക്കുന്നത് എന്നതും ആ കാലഘട്ടത്തിൽ വരൾച്ച ഉണ്ടായി എന്നതിന് തെളിവാണ്. ജിപ്സത്തിൽ കുടുങ്ങിയ വ്യത്യസ്‍ത ഐസോടോപുകളെ വിശകലനം ചെയ്താണ്, ഏതാണ്ട് ആയിരം വർഷം മുൻപ് പതിറ്റാണ്ടുകൾ നീണ്ട രണ്ട് കൊടിയ വരൾച്ചയ്ക്ക് മായൻ മേഖല ഇരയായി എന്ന നിഗമനത്തിൽ ഗവേഷകരെത്തിയത്. ആദ്യ വരൾച്ചക്കാലം 750 മുതൽ 850 CE വരെയും, അടുത്തത് 950 മുതൽ 1050 CE വരെയും ആയിരുന്നു.
രണ്ടാമത്തെ വരൾച്ചയോടെ, മായൻ സംസ്കാരം ഏതാണ്ട് അന്ത്യത്തിൽ എത്തിയിരുന്നു. ഭക്ഷ്യലഭ്യത കുറഞ്ഞു , തമ്മിലടി കൂടി, ജനങ്ങൾ വൻതോതിൽ നഗരങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞു. കൂടാതെ ജനസംഖ്യ വൻതോതിൽ കുറയുകയും ചെയ്തു. ജനസംഖ്യ കുറവ് 90% വരെ ചുരുങ്ങിയെന്ന് കണക്കാക്കുന്നു. ചിച്ചെൻ ഇറ്റ്സ (chichen Itza ), മായപാൻ (mayapan ) തുടങ്ങിയ ചുരുക്കം പ്രദേശങ്ങളിലേക്ക് മാത്രമായി മായന്മാരുടെ ആവാസമേഖല ചുരുങ്ങി. മായൻ സംസ്കാരം തകരാൻ കാരണം വരൾച്ച മാത്രമാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല എന്നാണ് ഗവേഷകൻ ബ്രണ്ണർ പറയുന്നത്. എന്നാൽ നീണ്ടുനിന്ന വിനാശകാരിയായ വരൾച്ച ഒരു പ്രധാന കാരണമായി തീർന്നു.
"ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പത്തെ മഴയുടെ തോതും അന്തരീക്ഷ ബാഷ്പവും നിർണ്ണയിക്കാൻ കഴിയുന്നത് അത്ഭുതകരമെന്നാണ് " പഠനത്തിന് നേതൃത്വം നൽകിയ ഡേവിഡ് ഹോഡൽ പറയുന്നത്. ജിപ്സത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ, ഏത് തടാകത്തിലും, എന്തിന് ചൊവ്വയിലെ തടാകത്തിൽ പോലും, തങ്ങൾ അവലംബിച്ച മാർഗം പ്രസക്തമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മായന്മാരിലെ ഒരു വിഭാഗം യുദ്ധം കാരണവും മറുവിഭാഗം കൊടും വരൾച്ച കാരണവും ഇല്ലാതായതെന്ന നിഗമനത്തിലാണ് ഇപ്പോൾ ഗവേഷകർ വിശ്വസിക്കുന്നത്.
അമർന ശിൽപകലയിലെ ആധുനികത.

ഒരു കാര്യം എനിക്ക് വ്യക്തമായി പറയാൻ കഴിയും. പ്രാചീന ഈജിപ്ഷ്യൻ സംസ്കാരത്തെക്കുറിച്ച്, അതിന്റെ ഉപരിപ്ലവമായ വായനയിൽ നിന്ന് വ്യത്യസ്‍തമായി അതിന്റെ ചരിത്രപരതയിൽ ഗൗരവമായ സമീപനം സ്വീകരിക്കുന്നവർ ഒരുപാട് പേർ ഉണ്ടെന്ന കാര്യം. അത്തരം വായനയിൽ കൂടി സ്വയമേവ ഉരുത്തിരിഞ്ഞു വന്ന അനുഭൂതിയിൽ ഈജിപ്ത് സന്ദർശിക്കാനുള്ള ആഗ്രഹം പലരും എന്നോട് പങ്ക് വെക്കപ്പെടുകയുണ്ടായി. അവരോട് എനിക്ക് പറയാനുള്ള കാര്യം അവിടുത്തെ മ്യൂസിയങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ പ്രദർശിപ്പിച്ചിട്ടുള്ള ഓരോ പുരാവസ്തുക്കളും അവ വെറും പ്രദർശനവസ്തു എന്നതിലുപരി അതിന്റെതായ പ്രാധാന്യവും ആ കാലഘട്ടത്തിന്റെ ചരിത്രവും ഉൾക്കൊള്ളുന്നവയാണ്. നിങ്ങളെ സഹായിക്കാൻ ഗൈഡുകൾ ഉണ്ടാകുമെങ്കിലും അവർക്ക് എത്രത്തോളം ആ ചരിത്രവസ്തുതകളോടെ നീതി പുലർത്താൻ കഴിയുമെന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്. അതുകൊണ്ട് കയ്‌റോ അന്താരാഷ്ട്ര മ്യൂസിയം സന്ദർശിക്കുന്നവരോടും ചരിത്രവിദ്യാർത്ഥികളോടും അവിടെ പ്രദർശിപ്പിച്ചിട്ടുള്ള ഒരു ചുണ്ണാമ്പ് ശില്പത്തെ (ശിൽപം എന്ന് പറയാൻ പാടില്ലാത്തതാണ് ) കുറിച്ച് സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ കാഴ്ചബംഗ്ലാവുകളിൽ ഒന്നായി അറിയപ്പെടുന്ന കയ്‌റോ അന്താരാഷ്ട്ര മ്യൂസിയം പ്രസിദ്ധമായ തഹ്റീർ ചത്വരത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. കയ്‌റോയുടെ ഹൃദയം എന്ന് തന്നെ പറയാവുന്ന ചരിത്രപ്രാധന്യമുള്ള പ്രധാന കവലയാണ് തഹ്റീർ ചത്വരം. പലപ്പോഴും പ്രധാനപ്പെട്ട പ്രക്ഷോഭങ്ങൾക്കെല്ലാം വേദിയാവുന്ന സ്ഥലം എന്നും വേണമെങ്കിൽ പറയാം. മ്യൂസിയത്തിൽ 1,20,000-ത്തിലധികം പൗരാണിക വസ്തുക്കളാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്. അവിടെയാണ് തൂത്തന്ഖാമന്റെ നിധിശേഖരവും, മമ്മിയും റോസറ്റശിലയും (ഒറിജിനൽ അല്ല. പകർപ്പ് ആണ്. റോസറ്റശിലയുടെ ഒറിജിനൽ ലണ്ടനിലാണ് ഉള്ളത് ) തുടങ്ങിയവയൊക്കെ ഉള്ളത്. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന വലിയൊരു ചുണ്ണാമ്പ് പാളിയിൽ കൊത്തിയെടുത്ത ഒരു റിലീഫ് ചിത്രമുണ്ട്. ആ റിലീഫ് ചിത്രം അതിന്റെ മനോഹാരിത കൊണ്ടല്ല ചരിത്ര പ്രാധാന്യം കൊണ്ടാണ് പ്രസിദ്ധമായത്.
അമർന റിലീഫ് 
ലോകത്തിലെ ഏറ്റവും വലിയ രാജശക്തിയായി വിരാജിച്ചിരുന്ന കെമത് സംസ്കാരത്തിന്റെ സുവർണകാലത്ത് ആ മഹാസാമ്ര്യാജ്യത്തെ അപ്പാടെ പിടിച്ചുകുലുക്കിയ മഹാവിപ്ലവത്തെ കുറിച്ചും, ആ വിപ്ലവത്തിന് നേതൃത്വം കൊടുത്ത വിപ്ലവകാരിയായ ഫറവോ അഖ്‌നാതേനെയും (തൂതൻഖാമന്റെ പിതാവ് ) കുടുംബത്തെയും ഓർമിപ്പിക്കുന്നതാണ് ആ റിലീഫ് ചിത്രം. ഈജിപ്തിന്റെ ചരിത്രത്തിൽ നിന്ന് തന്നെ ആ വിപ്ലവം തിരസ്കരിക്കപ്പെട്ടെങ്കിലും അക്കാലത്തെക്കുറിച്ച് വിലപ്പെട്ട പല കാര്യങ്ങളും കണ്ടെടുക്കപ്പെട്ട റിലീഫിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു.
ഈജിപ്തിലെ ചരിത്രാവശിഷ്ടങ്ങളിൽ ചിത്രികരിക്കപ്പെട്ടിട്ടുള്ള ഫറവോമാരിൽ നിന്നെല്ലാം വ്യത്യസ്തമായി, സ്വസൗന്ദര്യത്തിൽ ഒട്ടുംതന്നെ വശംവദനാവാതെ തന്റെ ശരീരത്തിലെ എല്ലാ അഭംഗിയെയും കൂടുതൽ എടുത്തുകാണിക്കുകയല്ലാതെ മറച്ചുവെയ്ക്കാൻ യാതൊരു ശ്രമവും നടത്താതിരുന്ന ഫറവോയായിരുന്നു അഖ്‌നാതേൻ. തന്റെ ഇഷ്ടദേവതായ ആതേന് (ഡിസ്ക് രൂപത്തിലുള്ള സൂര്യദേവൻ ) അഖ്‌നാതേനും രാഞ്ജി നെഫെർതിതിയും വഴിപാടായി താമരപ്പൂക്കൾ അർപ്പിക്കുന്ന നിലയിലായിലാണ് റിലീഫിലെ ചിത്രീകരണം. കൂർത്ത മുഖവും, തടിച്ചുവീർത്ത ചുണ്ടും, അലോസരപ്പെടുത്തുന്ന വക്രത സമ്മാനിച്ചുകൊണ്ട് താഴേക്ക് തൂങ്ങി നിൽക്കുന്ന വയറും, കണങ്കാലുകളെ അപേഷിച്ച്‌ വീർത്തുതടിച്ച തുടകളും കൊണ്ട്, ഒരു ചക്രവർത്തിക്ക് സങ്കല്പിച്ചെടുക്കാൻ പറ്റാത്ത രൂപത്തിൽ അഖ്‌നാതേനെ അത്ഭുതപ്പെടുത്തുന്ന രൂപത്തിൽ കാണുന്നത് ഏവരെയും അമ്പരപ്പിക്കും. ചിത്രത്തിൽ അഖ്‌നാതെന്റെ തൊട്ടു പിന്നിൽ പൂർണരാജകീയ അലങ്കാരങ്ങളോടെ നെഫെർതിതി രാഞ്ജിയെ കാണാം. നെഫെർതിതിയുടെ സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ ഒരു സൗന്ദര്യാരാധകനെ സംബന്ധിച്ചിടത്തോളം നിരാശയായിരിക്കും ഫലം. കാരണം അതി സുന്ദരിയെന്ന് പുകൾപെറ്റ സ്ത്രീരത്നമായിരുന്നു നെഫെർതിതി. നെഫെർ എന്ന വാക്കിന് സൗന്ദര്യം എന്നും, തിതി എന്നാൽ ആഗതയായി എന്നാണല്ലോ. അതായത് "സൗന്ദര്യം ഇതാ വന്നിരിക്കുന്നു " എന്ന പ്രഖ്യാപനമായിരുന്നു നെഫെർതിതിയുടെ നാമധേയം. അതുകൊണ്ട് ശില്പങ്ങളിലും, ചിത്രകലയിൽ കൂടിയും പരിചയപ്പെട്ട സൗന്ദര്യവതിയായ നെഫെർതിതിയെ ചുണ്ണാമ്പിൽ കൊത്തിയെടുത്ത റിലീഫിൽ കണ്ടെത്താൻ കഴിയില്ല. ഈ ചിത്രത്തിലാവട്ടെ സൗന്ദര്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിരൂപയായ സ്ത്രീരൂപമായി രാഞ്ജിയെ ചിത്രീകരിച്ചിരിക്കുന്നത് അമ്പരപ്പോടെയല്ലാതെ കാണാൻ കഴിയില്ല. അവിടെയാണ് മറ്റുള്ള ഫറവോമാരിൽ നിന്നും അഖ്‌നതെൻനെ വ്യത്യസ്തനാക്കുന്നത്.
അമർന റിലീഫ് കയ്റോ മ്യൂസിയത്തിൽ 
അഖ്‌നാതെന്റെ ഭരണകാലത്ത് (1353- 1337 BCE ) സൃഷ്ടിക്കപ്പെട്ട ശില്പകലാരൂപങ്ങളെ പൊതുവെ അമർന ശില്പകലഘട്ടമെന്ന പേര് ചേർത്താണ് വിളിക്കാറുള്ളത്. അഖ്‌നതെൻ പുതുതായി നിർമ്മിച്ച തലസ്ഥാന നഗരമായിരുന്ന അഖതാതേന്റെ ഇപ്പോഴത്തെ പേരാണ് അമർന (എൽ - അമർന ). ആൾരൂപങ്ങളെ അവർ ചക്രവർത്തിയോ, രാഞ്ജിയോ ആയാൽ പോലും, വളരെ വിചിത്രവും വിലക്ഷണവുമായ രീതിയിൽ വരയ്ക്കുകയും, കൊത്തിവെയ്ക്കുകയും ചെയ്യുന്നത് ആദ്യകാല അമർന
കാലഘട്ടത്തിന്റെ രീതിയായിരുന്നു.
ആതേൻദേവൻ സൂര്യഭഗവാൻ തന്നെയായിരുന്നെങ്കിലും മനുഷ്യരൂപത്തിൽ നിന്നും മാറി സൂര്യനക്ഷത്രത്തിന്റെ ദ്വീതല രൂപമായ സുവർണ്ണ തളികയായിട്ടാണ് റിലീഫിൽ ചിത്രീകരിച്ചിട്ടുള്ളത്. അതായത് ആദ്യത്യഭഗവാന്റെ ആരാധനസങ്കല്പങ്ങളിൽ ഏറ്റവും യാഥാർഥ്യമായിട്ടുള്ള ദേവതയായി ആതേൻ ദേവനെ കാണാം. തന്റെ ഭക്തരായിട്ടുള്ള രാജകീയ കുടുംബത്തെ തന്റെ തളികരൂപത്തിൽ നിന്നും അനുസ്യൂതം ഉതിരുന്ന കാഞ്ചനകിരണങ്ങളിലൂടെ അനുഗ്രഹിക്കുന്നതും, ആ അനുഗ്രഹവായ്‌പിന്റെ നിറവിൽ സ്വയം മറന്നിരിക്കുന്ന രാജദമ്പതികളായ അഖ്‌നാതേനെയും നെഫെർതിതിയെയും ആ റിലീഫിൽ സൂക്ഷിച്ചു നോക്കിയാൽ കാണാം. കൂടാതെ അഖ്‌നതെൻ, ആഖതതേനു (ടൌൺഷിപ് ) വേണ്ടി നടത്തിയ ഒരു വലിയ സമർപ്പണത്തെയും ആ റിലീഫ് സൂചിപ്പിക്കുന്നണ്ടത്രേ. ആ ആത്മസമർപ്പണത്തിൽ പ്രീതിപ്പെട്ട ദേവശ്രഷ്ഠൻ തന്റെ സുവർണരശ്മികളാൽ അഖ്‌നതെൻനെ തഴുകിയത്രെ. എന്തായാലും പ്രാചീന ഈജിപ്തിനെ അപ്പാടെ പിടിച്ചു കുലുക്കിയ വിപ്ലവത്തെയും ഒരു സുപ്രധാന കാലഘട്ടത്തെയും കുറിച്ച് വിലപ്പെട്ട തെളിവുകളാണ് അമർന റിലീഫ് നൽകുന്നത്.
സിസ്ട്രം 

മറ്റൊരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കുകയാണ്. ആ റിലീഫിലേക്ക് ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാൽ മറ്റൊരു കാര്യം കൂടി നിങ്ങൾക്ക് കാണാൻ കഴിയും. നെഫെർതിഥിയുടെ തൊട്ടുപുറകിൽ രണ്ടുപേർ നിൽക്കുന്നത്. അഖ്‌നാതേൻ - നെഫെർതിതി ദമ്പതികളുടെ പുത്രിമാരാണ്. അവർക്ക് ആറ് പെൺമക്കളായിരുന്നു ഉണ്ടായിരുന്നത്. അതിലെ മൂത്തപുത്രിയായ മെരെതാതേൻ ആണ് മുന്നിൽ നിൽക്കുന്നത്. അനക്സെനമൂൺ (തൂത്തൻഖാമോന്റെ ഭാര്യ ) മൂന്നാമത്തെ മകളായിരുന്നു. മെരെതാതേൻ ഒരു കയ്യിൽ തന്റെ ഇളയ സഹോദരിയുടെ കൈയിൽ പിടിച്ചിരിക്കുന്നു. മറുകയ്യിൽ ഉയർത്തിപിടിച്ചിരിക്കുന്നത് അക്കാലത്ത് ഉപയോഗിച്ചിരുന്ന ഒരു പ്രധാനപ്പെട്ട സംഗീതോപകരണമാണ്. സിസ്ട്രം എന്നാണ് അതിന്റെ ആധുനിക നാമം. പുരാതന ഈജിപ്തുകാർ അതിനെ സെഷെഷെത് അല്ലെങ്കിൽ സെഖം എന്നാണ് വിളിച്ചിരുന്നത്. അല്പം വീതിയുള്ള ചെറിയൊരു ലോഹഫ്രെയിമിൽ കുറുകെ ഘടിപ്പിച്ച കൊളുത്തു പോലിരിക്കുന്ന ലോഹക്കമ്പികൾ കറക്കിയും വീശിയുമാണ് ഇതിൽ നിന്നും ശബ്ദം പുറപ്പെടിവിക്കുന്നത്. പണ്ട് കാലത്ത് ഈജിപ്തുകാർ പരിപാവനമായി കരുതിയിരുന്ന സംഗീതോപകരണമായിരുന്നു സിസ്ട്രം. ചില പ്രാചീനനൃത്തനൃത്യങ്ങളിലും മതപരമായ ചടങ്ങുകളിലും സിസ്ട്രത്തിന്റെ സംഗീതം മുഴങ്ങിയിരുന്നു. ഹാത്തോർ ദേവിയുടെ പ്രീതിക്ക് വേണ്ടിയും മാർജ്ജാര ദേവിയായിരുന്ന ബാസ്തേതിനും വേണ്ടിയും സിസ്ട്രം മുഴക്കിയിരുന്നു. ഹൈന്ദവ ആചാരവുമായി ബന്ധപ്പെടുത്തി പറഞ്ഞാൽ ക്ഷേത്രങ്ങളിൽ പൂജാസമയത്ത് ഉപയോഗിക്കുന്ന മണിക്ക് സമാനം തന്നെയായിരുന്നു അവർക്ക് സിസ്ട്രവും എന്ന് കാണാൻ കഴിയും.